കര്‍ണാടക: തെരഞ്ഞെടുപ്പ് മെയ് 5ന്

March 20, 2013 ദേശീയം

ന്യൂഡല്‍ഹി: കര്‍ണാടകയില്‍ നിയമസഭാ തെരഞ്ഞെടുപ്പ് മെയ് അഞ്ചിന് നടക്കും. മെയ് എട്ടിനായിരിക്കും  വോട്ടെണ്ണല്‍ നടക്കുക. ഒറ്റഘട്ടത്തിലാകും തെരഞ്ഞെടുപ്പ് നടക്കുക. ഏപ്രില്‍ 10 ന് തെരഞ്ഞെടുപ്പ് വിജ്ഞാപനം പുറപ്പെടുവിക്കും.

സംസ്ഥാനത്ത് നിയമസഭാ പെരുമാറ്റച്ചട്ടം നിലവില്‍ വന്നതായി മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ വി.എസ് സമ്പത്ത് പറഞ്ഞു.  17 നകം നാമനിര്‍ദേശപത്രിക സമര്‍പ്പിക്കണം. 18ന് സൂക്ഷ്മപരിശോധന നടക്കും. ഏപ്രില്‍ 20 ആണ് പത്രിക പിന്‍വലിക്കാനുള്ള അവസാന തീയതി.

തെരഞ്ഞെടുപ്പ് നടപടികള്‍ മുഴുവന്‍ വീഡിയോയില്‍ ചിത്രീകരിക്കും.മൂന്നോ നാലോ ദിവസങ്ങള്‍ക്ക് മുന്‍പ് വോട്ടര്‍മാര്‍ക്ക് സ്ളിപ്പുകള്‍ എത്തിക്കാന്‍ ശ്രമിക്കും. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പരാതികള്‍ സമയബന്ധിതമായി പരിഹരിക്കും. ഇതിനായി 1950 എന്ന നമ്പറും പ്രാബല്യത്തില്‍ വരുമെന്ന് കമ്മീഷന്‍ അറിയിച്ചു.

ജൂണ്‍ മൂന്നിനാണ്  നിലവിലെ നിയമസഭയുടെ കാലാവധി അവസാനിക്കുന്നത്.

കൂടുതല്‍ വാര്‍ത്തകള്‍ - ദേശീയം