മുംബൈ സ്ഫോടന പരമ്പര: യാക്കൂബ് മേമന്റെ വധശിക്ഷ സുപ്രീംകോടതി ശരിവെച്ചു

March 21, 2013 പ്രധാന വാര്‍ത്തകള്‍

ന്യൂഡല്‍ഹി: 1993 ലെ മുംബൈ സ്ഫോടനപരമ്പരയുമായി ബന്ധപ്പെട്ട് മുഖ്യപ്രതി യാക്കൂബ് മേമന്റെ വധശിക്ഷ സുപ്രീംകോടതി ശരിവെച്ചു. മറ്റ് 10 പ്രതികളുടെ വധശിക്ഷ ജീവപര്യന്തമാക്കി കുറച്ചിട്ടുണ്ട്. വിചാരണക്കോടതി വിധിച്ച 17 പേരുടെ ജീവപര്യന്തം കോടതി ശരിവെക്കുകയും ചെയ്തു. കേസില്‍ പ്രതിയായ സിനിമാതാരം സഞ്ജയ് ദത്തിന് ടാഡ കോടതി വിധിച്ച ആറു വര്‍ഷത്തെ തടവുശിക്ഷയും സുപ്രീംകോടതി ശരിവെച്ചു. സഞ്ജയ് ദത്ത് ജയില്‍ശിക്ഷ അനുഭവിക്കണമെന്നും ഒരു മാസത്തിനുള്ളില്‍ കീഴടങ്ങണമെന്നും കോടതി നിര്‍ദേശിച്ചു. സുപ്രീംകോടതി ഉത്തരവനുസരിച്ച് സഞ്ജയ് ദത്തിന് അഞ്ച് വര്‍ഷം ഇനിയും ശിക്ഷ അനുഭവിക്കേണ്ടിവരും. കേസുമായി ബന്ധപ്പെട്ട് ക്രിമിനല്‍ ഗൂഢാലോചന ഉള്‍പ്പെടെയുള്ള ഗുരുതരമായ കുറ്റകൃത്യങ്ങളില്‍ നിന്ന് സഞ്ജയ് ദത്ത് ഒഴിവാക്കപ്പെട്ടെങ്കിലും ആയുധം കൈവശം വെച്ചതിനാണ് ദത്തിനെ 2006 നവംബറില്‍ പ്രത്യേക ടാഡ കോടതി ശിക്ഷിച്ചത്. എകെ 56 തോക്കും 9 എംഎം പിസ്റളും കൈവശം വെച്ചുവെന്നായിരുന്നു സഞ്ജയ് ദത്തിനെതിരായ കുറ്റം. 18 മാസത്തോളം ജയിലില്‍ കഴിഞ്ഞ സഞ്ജയ് ദത്ത് ഇപ്പോള്‍ സുപ്രീംകോടതി നല്‍കിയ ജാമ്യത്തില്‍ പുറത്താണ്. സ്ഫോടനങ്ങളില്‍ പാക് രഹസ്യാന്വേഷണ വിഭാഗത്തിന് പങ്കുണ്ടെന്നും വിധിപ്രസ്താവത്തിന് മുന്‍പ് കോടതി നിരീക്ഷിച്ചു. സംഭവത്തിന്റെ ഗൂഢാലോചനയിലും ആസൂത്രണത്തിലും അധോലോകനായകകന്‍ ദാവൂദ് ഇബ്രാഹിമിന് പങ്കുണ്ടെന്നും പ്രതികളിലെ 10 പേര്‍ ബോംബ് വെച്ചതില്‍ കുറ്റക്കാരാണെങ്കിലും ഇവര്‍ മറ്റാരുടെയോ താല്‍പര്യത്തിന്‍മേലാണ് കൃത്യം നിര്‍വഹിച്ചതെന്നും കോടതി പറഞ്ഞു. 2006 ഡിസംബറിലാണ് കേസില്‍ ആര്‍തര്‍ റോഡ് ജയിലിലെ പ്രത്യേക ടാഡ കോടതി കേസിലെ പ്രതികളില്‍ 100 പേരെ കുറ്റക്കാരായി കണ്ടെത്തിയത്. 23 പേരെ വെറുതെ വിടുകയും ചെയ്തിരുന്നു. കുറ്റക്കാരായി കണ്ടെത്തിയ 12 പേര്‍ക്ക് വധശിക്ഷയും 20 പേര്‍ക്ക് ജീവപര്യന്തവുമാണ് ടാഡ കോടതി വിധിച്ചിരുന്നത്. 1993 മാര്‍ച്ച് 12 ന് ഉച്ചയ്ക്ക് 1.30 നും 3.30 നും ഇടയിലുണ്ടായ സ്ഫോടനപരമ്പരയില്‍ 257 പേര്‍ കൊല്ലപ്പെടുകയും എഴുന്നൂറിലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. 2011 നവംബറിലാണ് സുപ്രീംകോടതി പ്രതികളുടെ അപ്പീലില്‍ വാദം കേള്‍ക്കല്‍ ആരംഭിച്ചത്.

കൂടുതല്‍ വാര്‍ത്തകള്‍ - പ്രധാന വാര്‍ത്തകള്‍