സര്‍വവുമാത്മാവില്‍

March 21, 2013 ഗുരുവാരം,പാദപൂജ

ഗുരുനാഥനായ ബ്രഹ്മശ്രീ നീലകണ്ഠഗുരുപാദരെക്കുറിച്ച് ജഗദ്ഗുരു സ്വാമി സത്യാനന്ദ സരസ്വതി തൃപ്പാദങ്ങള്‍ രചിച്ച പാദപൂജ എന്ന ഗ്രന്ഥത്തില്‍ നിന്ന്.

തന്നില്‍തന്നെ നിക്ഷിപ്തമായിരുന്ന ജന്മാന്തരദുഃഖകാരണങ്ങളെ ജീവന്റെ അധീശത്വംകൊണ്ട് നിവാരണം ചെയ്യുകയാണു ദുഃഖപരിഹാരത്തിന് ഏകമാര്‍ഗ്ഗമെന്ന് ഇതിനാല്‍ ശാസ്ത്രം വിധിക്കുന്നു. പ്രപഞ്ചത്തില്‍ പരിണാമപ്പെട്ടുകൊണ്ടിരിക്കുന്ന വസ്തുസ്വഭാവത്തിന്റെ തുടക്കവും അന്ത്യവും കണ്ടുപിടിക്കുന്നതിന് യോഗിക്കു കഴിയുന്നു. ഇത് അദ്ദേഹം അനുവര്‍ത്തിക്കുന്ന അനുഷ്ഠാനങ്ങളും തപസും മൂലമാണ് സംഭവിക്കുന്നത്. ഭൂതകാലമെന്നും ഭാവികാലമെന്നും തോന്നുന്ന വ്യത്യാസം യോഗിക്കുണ്ടാകുന്നില്ല. കാരണം വസ്തുപരത, യോഗിയെ സംബന്ധിച്ച് ഒരു ദര്‍നനംകൊണ്ട് വര്‍ത്തമാനസങ്കല്പത്തില്‍ അനുഭവിക്കുകയാണ് ചെയ്യുന്നത്. ഒരു വസ്തു നാം കാണുമ്പോള്‍ അത് വര്‍ത്തമാനകാലമാണ്. അതേ വസ്തുതന്നെ കാണുന്നതിനു മുമ്പുണ്ടായിരുന്നത് ഭൂതവും, ആ വസ്തുവിനു സംഭവിക്കാന്‍പോകുന്ന വ്യത്യാസം ഭാവിയുമാണ്.സാധാരണക്കാര്‍ക്ക് മേല്പറഞ്ഞ ഭൂതവും ഭാവിയും അറിയാന്‍ സാദ്ധ്യമല്ല. എന്നാല്‍ യോഗിക്ക് ഈ മൂന്നവസ്ഥകളും ഒരേ രീതിയിലറിയാന്‍ കഴിയുമ്പോള്‍ വര്‍ത്തമാനമെന്ന അവസ്ഥയല്ലാതെ ഭൂതവും ഭാവിയും നിലനില്‍ക്കുന്നില്ല. ശ്രേയസ്‌കരമായ ഇത്തരമൊരു വ്യക്തിത്വമുണ്ടാക്കിയെടുക്കുന്നതിനുള്ള പരിശ്രമത്തില്‍ യോഗിക്കു ശാരീരികമായും മാനസികമായും ബുദ്ധിപരമായുമുണ്ടാകുന്ന അനുഭവങ്ങള്‍ പ്രജ്ഞാവികാസംകൊണ്ട് ഒന്നായിത്തീരുകയാണ് ചെയ്യുന്നത്.

പ്രപഞ്ചത്തില്‍ വസ്തു സങ്കല്പങ്ങള്‍കൊണ്ട് വ്യത്യസ്തമായി തോന്നുന്ന സര്‍വ്വവും എവിടെനിന്നെങ്ങോട്ടെന്ന് അറിയാന്‍ കഴിയുന്നതുമൂലം യോഗിക്കു തന്റെ അറിവില്‍ പ്രപഞ്ചം ത്രസരേണു സമാനമായിത്തീരുന്നു. യോഗവാസിഷ്ഠം (പൂര്‍വരാമായണം) മേല്പറഞ്ഞ അഭിപ്രായത്തെ സാധൂകരിക്കുന്നു. താഴെ കാണുന്ന വരികളിലടങ്ങിയിട്ടുള്ള പ്രപഞ്ചദര്‍ശനരഹസ്യം പരമാണുസിദ്ധാന്തത്തിലും പ്രപഞ്ചവ്യാപ്തിയിലും തുല്യതവരിക്കുന്നു.

”പരമാര്‍ക്ക പ്രകാശാന്തസ്ത്രിജഗത് ത്രസരേണവഃ
ഉല്‍പത്യോല്‍പത്യ ലീനാ യേ ന സംഖ്യാമുപയാന്തി തേ”

– ‘പരമമായ അര്‍ക്കന്റെ മുന്നില്‍ ത്രസരേണുക്കള്‍ക്കു സമാനമായ ഈ ബ്രഹ്മാണ്ഡങ്ങളുടെ ഉല്‍പത്തിയും ലയനവും അസംഖ്യവും അനവരതവുമാണ്.’

എത്രത്തോളം ബ്രഹ്മാണ്ഡങ്ങള്‍ എത്രസമയം കൊണ്ടുണ്ടാകുമെന്നു പറയുക സാദ്ധ്യമല്ല. ഇങ്ങനെയുള്ള പ്രപഞ്ചത്തിന്റെ അനന്തതയിലേക്കുവളര്‍ന്നെത്താന്‍ കഴിയുന്ന മനുഷ്യത്വത്തിന്റെ അവകാശം ശാസ്ത്രപരിമിതിയിലൂടെയോ പരിഷ്‌കാരവികാരത്തിലൂടെയോ കണ്ടെത്താവുന്നതല്ല. ബ്രഹ്മശ്രീ നീലകണ്ഠഗുരുപാദരുടെ ജീവിതാഖ്യാനം ഇതിനു മതിയായ തെളിവാണ്. ഒരു ചെറിയ ഉദാഹരണംകൊണ്ടിത് വ്യക്തമാക്കാം.

ഒരു ദിവസം ഒരുചെറിയ കുട്ടിയെ കാണാതെപോയ മാതാപിതാക്കള്‍ സ്വാമിജിയെ സമീപിച്ചു. എവിടെയാണ് കുട്ടിയുള്ളതെന്നറിയാനായിരുന്നു അവര്‍ വന്നത്. സങ്കടത്തോടെ ഈ വികാരം സ്വാമിജിയെ അറിയിച്ചു. കാണാതെപോയ വസ്തുക്കളുടെ വിവരം സ്വാമിജിയെ അറിയിച്ചു. കാണാതെപോയ വസ്തുക്കളുടെ വിവരം നല്‍കുന്നതുകൊണ്ടുള്ള അനുഭവങ്ങള്‍ മിക്കതും മാത്സര്യവും വിദ്വേഷവുമായിരുന്നു. യോഗിയുടെ വാക്ക് മത്സരത്തിനോ വിദ്വേഷത്തിനോ വഴിതെളിക്കേണ്ടതല്ല. മറിച്ച് അവയെ ഒഴിവാക്കാനുള്ളതാണ്. അതുകൊണ്ട് ഈ സംഭവത്തിനു മുമ്പു തന്നെ, കാണാതെപോകുന്നത് പറഞ്ഞുകൊടുക്കില്ലെന്ന് സ്വാമിജി ശപഥം ചെയ്തിരുന്നു. കുട്ടിയെ സംബന്ധിച്ച കാര്യം അല്പം വ്യത്യസ്തമാണെന്നു വാദിക്കാമെങ്കിലും കാണാതെപോയ കാര്യം വ്യത്യസ്തമല്ല. മാതാപിതാക്കളുടെ ദുഃഖപരിഹാരത്തിനായി സ്വാമിജി പറഞ്ഞ വാക്യം ശ്രദ്ധേയമാണ്. ”എടോ മൂന്ന് ദിവസത്തിനുള്ളില്‍ കുട്ടി അങ്ങു വീട്ടില് വരും. സമാധാനമായിട്ടു പൊക്കോളൂ.” ചെയ്തസത്യത്തിന് ലംഘനമായിട്ടാണ് സ്വാമിജി ഈ വാക്കുകള്‍ ഉപയോഗിച്ചത്. അസമാധാനംകൊണ്ട് മനസ്സിന്റെ സ്വസ്ഥത നഷ്ടപ്പെട്ട പിതാവ് എത്ര അകലെയാണ് കുട്ടി നില്‍ക്കുന്നതെന്ന് ചോദിച്ചു. അധ്യാത്മശാസ്ത്രത്തിന്റെ നിഗൂഢതയും ഭൗതിക ശാസ്ത്രത്തിന്റെ പരിമിതിയും ഒത്തുചേര്‍ന്നതായിരുന്നു സ്വാമിജിയുടെ മറുപടി. ‘ദൂരം എങ്ങനെയാടോ പറയുന്നത്. ഒരു കാലുറപ്പിച്ച് മറുകാല്‍ കറക്കിയാല്‍ വെള്ളത്തില്‍ തൊടും” ഇവിടെ കാലുകള്‍. വെള്ളം, ദൂരം. ഇവ ശ്രദ്ധേയങ്ങളായ സംജ്ഞകളാണ്.

പ്രപഞ്ചത്തിനുള്ള രണ്ട് പാദങ്ങളില്‍ ഒന്ന് ദൃശ്യപ്രകൃതിയും മറ്റൊന്ന് എല്ലാറ്റിനേയും താങ്ങി നിര്‍ത്തുന്ന ബ്രഹ്മവുമാണ്. പ്രജ്ഞാവികാസം പൂര്‍ത്തിയായ യോഗിക്ക് പ്രകൃതി മുഴുവന്‍ തന്നില്‍തന്നെ കേന്ദ്രീകരിച്ചിരിക്കുന്നു. ആ പ്രകൃതി ബ്രഹ്മത്തില്‍ നിന്നന്യമല്ലതാനും. പ്രകൃതിസ്വരൂപമായ ഏകപാദവും ബ്രഹ്മസ്വരൂപമായ പാദവും ജ്ഞാനിക്ക് ഒന്നായിത്തന്നെ അനുഭവപ്പെടുന്നു. അവിടെ ദൂരമുളവാക്കുന്ന വ്യത്യസ്തപ്രതീതി ഉണ്ടാകുന്നില്ല. രണ്ടു വസ്തുക്കള്‍ തമ്മിലുള്ള അന്തരമാണ് ദൂരത്തെ കാണിക്കുന്നത്. ഇവിടെ രണ്ടുപാദങ്ങളും അറിവെന്ന ഏകസ്വരൂപമായതിനാല്‍ ദൂരം സംഭവിക്കുന്നില്ലല്ലോ. രണ്ടെന്ന് തോന്നിയത് സാധാരണക്കാരായ അജ്ഞാനികള്‍ക്കാണ്. വന്നു നിന്ന മാതാപിതാക്കള്‍ പുത്രശോകത്താലുഴലുന്നവരായതുകൊണ്ട് അവിവേകകാരണമായ ദുഃഖം അവരനുഭവിക്കുന്നു. അക്കാരണംകൊണ്ടുതന്നെ അവര്‍ക്ക് ദൂരവ്യത്യാസം അനുഭവപ്പെടുന്നില്ല. അതുകൊണ്ടാണ് ”ദൂരമെങ്ങനെയാടോ പറയുന്നത്” എന്ന് ആദ്യമേ ചോദിച്ചത്.

”യസ്തു സര്‍വാണി ഭൂതാനി ആത്മന്യേവാനുപശ്യതി” – ‘എല്ലാ ഭൂതങ്ങളെയും തന്നില്‍ത്തന്നെ കാണുന്നവന്‍…..’ എന്ന ഉപനിഷദ് വാക്യം ഇവിടെ ശ്രദ്ധേയമാണ്. ഭൗതികവസ്തുക്കളെല്ലാം തന്നില്‍തന്നെ അഥവാ താനെന്ന അറിവില്‍തന്നെ വ്യാപരിക്കുമ്പോള്‍ അതില്‍ പുറത്തേയ്ക്ക് സഞ്ചരിക്കാന്‍ വേറെ ദൂരം ഉണ്ടാകുന്നില്ല. ഈ പരമരഹസ്യമാണ് ലളിതഭാഷയില്‍ മേല്പറഞ്ഞ വാക്യങ്ങളില്‍ സൂചിപ്പിച്ചത്.
‘മഹാവഷ്‌ണോരേകൈകരോമകൂപാന്തരേഷു അനന്തകോടി ബ്രഹ്മാണ്ഡാനി സാവരണാനി ഭ്രമന്തി ” – ‘മഹാവിഷ്ണുവിന്റെ ഓരോ രോമകൂപത്തിന്റെയും മധ്യത്തിലായി അനേകകോടി ബ്രഹ്മാണ്ഡങ്ങള്‍ കറങ്ങുന്നു.’ ”സമസ്ത ബ്രഹ്മാണ്ഡാന്തര്‍ബഹി: പ്രപഞ്ചരഹസ്യം ബ്രഹ്മജ്ഞാനേന അവബുദ്ധ്യാ വിവിധവിചിത്രാനന്ദപരമവിഭൂതി സമഷ്ട

വിശേഷാത് സമവലോക്യ അത്യാശ്ചര്യാമൃതസാഗരേ
നിമജ്യ നിരതിശയാനന്ദ പാരാ വാരോ ഭൂത്വാ……”
എന്ന് തുടങ്ങി ‘മഹാ വിരാട് പദം പ്രാപഎന്നുവരെയുള്ള മന്ത്രഭാഗം അത്യാശ്ചര്യമായ അമൃതസാഗരത്തെയും നിരതിശയാനന്ദ സ്വരൂപമായ സമുദ്രത്തേയും അവതരിപ്പിച്ചിരിക്കുന്നു. മഹാജ്ഞാനികള്‍ക്ക് മാത്രം അനുഭവവേദ്യമാകുന്ന ഈ പാരാവാരജാലത്തെപ്പറ്റിയാണ് നേരത്തെ സ്വാമിജി ”വെള്ളത്തില്‍ തൊടുമെടോ” എന്ന് പറഞ്ഞത്. മേല്‍പറഞ്ഞ ഉപനിഷദ്‌വാക്യത്തില്‍ ”സമസ്ത ബ്രഹ്മണാണ്ഡാന്തന്തര്‍ ബഹിഃ പ്രപഞ്ചരഹസ്യം…..സമവലോക്യ” എന്ന് സ്പഷ്ടമായി പ്രതിപാദിക്കുന്ന ഭാഗം ശ്രദ്ധിക്കുക. സകല ബ്രഹ്മാണ്ഡങ്ങളുടെയും ആന്തരികവും ബാഹ്യവുമായ പ്രപഞ്ചരഹസ്യം തന്റെ ബ്രഹ്മജ്ഞാനം കൊണ്ട് മനസ്സിലാക്കി, വൈവിദ്ധ്യം നിറഞ്ഞതും വിചിത്രങ്ങളും അനന്തവുമായ പ്രപഞ്ചവിശേഷങ്ങളെ യോഗി തന്നില്‍തന്നെ കണ്ടെത്തുന്നു. പ്രപഞ്ചത്തിന്റെ സകല വൈവിധ്യങ്ങളും നിരതിശയാനന്ദമയമായ സമുദ്രമായി പരിണമിച്ചിരിക്കുന്നുവെന്ന യോഗിയുടെ പ്രസ്താവം എത്രത്തോളം ആത്മനിഷ്ഠമാണതെന്ന് സ്ഥാപിക്കുന്നു.

സ്വാമിജി പറഞ്ഞ ‘ഒരു കാലും മറുകാലും ” എന്താണെന്നിതില്‍നിന്നു മനസ്സിലാക്കാം. മാത്രമല്ല കറക്കിയാല്‍ എന്ന പ്രയോഗത്താല്‍ ബ്രഹ്മസാന്നിധ്യം കൊണ്ട് ചലിച്ചുകൊണ്ടിരിക്കുന്ന അഥവാ കറങ്ങുന്ന പ്രപഞ്ചം എന്ന അര്‍ത്ഥവും നിക്ഷിപ്തമാണ്. കറക്കണമെങ്കില്‍ കറക്കുന്ന ഒന്ന് ആവശ്യമാണ്. ഇവിടെ കറക്കുന്നത് ജ്ഞാനസമുദ്രമായ ബ്രഹ്മം തന്നെയാണ്. ബ്രഹ്മസാന്നിധ്യമില്ലെങ്കില്‍ പ്രപഞ്ചം ജഡവും നിശ്ചലവുമാണെന്ന് ഉപനിഷത്ത് (കേനോപനിഷത്ത്-തൃതീയ ഖണ്ഡം) വിശദമാക്കുന്നുണ്ട്.

കൂടുതല്‍ വാര്‍ത്തകള്‍ - ഗുരുവാരം