വന്യജീവി ഫോട്ടോഗ്രാഫര്‍മാര്‍ക്ക് ഗ്രീന്‍ പാസ്പോര്‍ട്ട് നല്‍കും – വനം മന്ത്രി

March 25, 2013 കേരളം

തിരുവനന്തപുരം: വനം-വന്യജീവി ചിത്രീകരണം സത്യസന്ധമായി നിര്‍വഹിക്കുന്ന ഫോട്ടോഗ്രാഫര്‍മാര്‍ക്ക് വനത്തിനുള്ളില്‍ പ്രവേശിക്കാന്‍ പ്രത്യേക അനുമതിയും, ഗ്രീന്‍ പാസ്പോര്‍ട്ടും നല്‍കുമെന്ന് വനം, സിനിമ, സ്പോര്‍ട്സ് വകുപ്പ് മന്ത്രി കെ.ബി. ഗണേഷ്കുമാര്‍. നിയമസഭാസമുച്ചയത്തില്‍ ചേര്‍ന്ന ജനപ്രതിനിധികളുടെയും വനം വകുപ്പുദ്യോഗസ്ഥരുടെയും ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷന്‍ പ്രതിനിധികളുടെയും യോഗത്തിലാണ് തീരുമാനം.

വനം-വന്യജീവി ഫോട്ടോഗ്രാഫിയില്‍ കഴിവുതെളിയിച്ചിട്ടുള്ളവരേയും സത്യസന്ധമായി ഇക്കാര്യത്തില്‍ ഇടപെട്ടിട്ടുള്ളവരെയും താല്പര്യമുള്ള പുതുതലമുറയെയും നിശ്ചിതമായ മാനദണ്ഡങ്ങളോടെ ആയിരിക്കും വനം മേഖലയില്‍ ഫോട്ടോഗ്രാഫി/വീഡിയോ റെക്കാര്‍ഡിങ് എന്നിവയ്ക്ക് അനുമതി നല്‍കുക. ഇതിനുള്ള മാനദണ്ഡങ്ങള്‍ക്ക് രൂപം നല്‍കാന്‍ ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡനെ ചുമതലപ്പെടുത്തിയതായും മന്ത്രി പറഞ്ഞു.

എം.എല്‍.എ. മാരായ ടി.എന്‍. പ്രതാപന്‍, പി. ശ്രീരാമകൃഷ്ണന്‍, എ. പ്രദീപ് കുമാര്‍, ചീഫ് വൈല്‍ഡ്ലൈഫ് വാര്‍ഡന്‍ വി. ഗോപിനാഥന്‍, ആള്‍ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷന്‍ പ്രസിഡന്റ് ടി.ജെ. വര്‍ഗീസ്, വിജയന്‍ മാറഞ്ചേരി, വിജയരാഘവന്‍പിള്ള തുടങ്ങിയവര്‍ സംബന്ധിച്ചു.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം