എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ലഹരിവിരുദ്ധ ക്ളബ്ബുകള്‍ തുടങ്ങും

March 25, 2013 മറ്റുവാര്‍ത്തകള്‍

പത്തനംതിട്ട: പത്തനംതിട്ട ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ലഹരിവിരുദ്ധ ക്ളബ്ബുകള്‍ തുടങ്ങുമെന്ന് അഡീഷണല്‍ ജില്ലാ മജിസ്ട്രേറ്റ് എച്ച്.സലിംരാജ്. വ്യാജമദ്യ നിയന്ത്രണ സമിതി ജില്ലാതല യോഗത്തില്‍ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്കൂളുകള്‍ക്ക് 400 മീറ്റര്‍ ചുറ്റളവില്‍ പുകയില ഉത്പന്നങ്ങള്‍ വില്‍ക്കുന്നവര്‍ക്കെതിരെ നടപടി എടുക്കും.

വ്യാജമദ്യ നിയന്ത്രണവുമായി ബന്ധപ്പെട്ട പഞ്ചായത്ത്തല സമിതികള്‍ കൃത്യമായി ചേരണം. വ്യാജമദ്യ വില്‍പ്പന തടയുന്നതിന് സ്ഥിരമായി റെയ്ഡുകള്‍ നടത്തണമെന്നും അദ്ദേഹം പറഞ്ഞു. അനധികൃത ലഹരിവില്‍പ്പന സംബന്ധിച്ച് മദ്യനിരോധന സമിതി പ്രവര്‍ത്തകര്‍ യോഗത്തില്‍ വിവരങ്ങള്‍ കൈമാറി. ലഹരിയുടെ ദൂഷ്യവശങ്ങള്‍ വ്യക്തമാക്കുന്ന ബോര്‍ഡുകള്‍ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ എക്സൈസ് വകുപ്പ് സ്ഥാപിച്ചു. കഴിഞ്ഞ ഒരു മാസത്തിനിടെ ജില്ലയില്‍ 703 റെയ്ഡുകള്‍ നടത്തി. 74 കേസുകളിലായി 74 പ്രതികളെ അറസ്റ് ചെയ്തു. 3.5 ലിറ്റര്‍ സ്പിരിറ്റ്, 4.5 ലിറ്റര്‍ ചാരായം, 148 ലിറ്റര്‍ വിദേശമദ്യം, 1022 ലിറ്റര്‍ കള്ള്, 108 ലിറ്റര്‍ അരിഷ്ടം, 20 ലിറ്റര്‍ കോട, 235 ഗ്രാം ഗഞ്ചാവ് എന്നിവ പിടിച്ചെടുത്തു. 1741 വാഹനങ്ങള്‍ പരിശോധിച്ചു. ഒരു വാഹനം പിടിച്ചെടുത്തു. വിദേശമദ്യശാലകളില്‍ 13ഉം ബാര്‍ ഹോട്ടലുകളില്‍ 34ഉം കള്ളുഷാപ്പുകളില്‍ 317ഉം പരിശോധനകള്‍ നടത്തി.

ഡെപ്യൂട്ടി എക്സൈസ് കമ്മീഷണര്‍ സി.സി.തോമസ്, കോന്നി ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലീല രാജന്‍, അസിസ്റന്റ് എക്സൈസ് കമ്മീഷണര്‍ കെ.വി.ലാല്‍കുമാര്‍, മദ്യനിരോധന സമിതി പ്രവര്‍ത്തകരായ പി.കെ.ഗോപി, ഭേഷജം പ്രസന്നകുമാര്‍, വാളകം ജോണ്‍, രാജന്‍ പടിയറ, ഫാ.ഗീവര്‍ഗീസ് ബ്ളാഹേത്ത്, ജോര്‍ജ്ജ് മാത്യു കൊടുമണ്‍, പി.വി.എബ്രഹാം തുടങ്ങിയവര്‍ പ്രസംഗിച്ചു.

കൂടുതല്‍ വാര്‍ത്തകള്‍ - മറ്റുവാര്‍ത്തകള്‍