അനശ്വരനായ സ്വാമിജി

March 26, 2013 സ്വാമിജിയെ അറിയുക

ജഗദ്ഗുരു സ്വാമി സത്യാനന്ദ സരസ്വതി തൃപ്പാദങ്ങളെക്കുറിച്ച് ശ്രീരാമദാസ ആശ്രമം പ്രസിദ്ധീകരിച്ച ശ്രീസത്യാനന്ദവിഭൂതി എന്ന ഗ്രന്ഥത്തില്‍ നിന്ന്.

ബ്രഹ്മചാരി ശിവശങ്കരന്‍
ഞാനാദ്യമായി സ്വാമിജിയെ കാണുന്നത്, 1973-ലായിരുന്നു. ആ വര്‍ഷത്തെ ശ്രീരാമ നവമിക്ക് ഞങ്ങള്‍ (ഞാനും അമ്മയും അച്ഛനും അച്ഛന്റെ സുഹൃത്തുക്കളും) ആശ്രമത്തില്‍ ചെല്ലുമ്പോള്‍ സ്വാമിജി ശ്രീകോവിലിനു മുന്നിലിരുന്ന് (വൈകുന്നേരം 5മണി) ഭസ്മം ഭക്തന്മാര്‍ക്ക് നല്‍കുകയായിരുന്നു. എനിക്കും കിട്ടി ഭസ്മവും ചെവിയിലൊരു മുറുക്കും, പിന്നെ എന്താവന്നതെന്നൊരു ചോദ്യവും. സ്വാമിജിയെയും ആശ്രമവും കാണാനാണെന്നു ഞാന്‍ പറഞ്ഞു. അഭിഷേകവും കഴിഞ്ഞ് പിറ്റേന്ന് പോയാല്‍ മതിയെന്ന് സ്വാമിജി നിര്‍ദ്ദേശിച്ചു.

Swamiji-Anaswaranayaസ്വാമിജി എന്റെ ശിരസ്സില്‍ കൈവച്ചനുഗ്രഹിച്ച സമയത്ത് എനിക്ക് എന്തെന്നില്ലാത്ത ഒരനുഭവമാണുണ്ടായത്. എന്റെ ശരീരത്തിലേക്ക് ഒരു ശക്തി പ്രവഹിക്കുന്നതായി എനിക്ക് തോന്നി. കാരണം, എന്റെ പതിന്നാലാമത്തെ വയസ്സിലെ അനുഭവം ഇപ്പോഴും നന്നായി ഓര്‍ക്കാന്‍ കഴിയുന്നുവെന്നതാണ് അതിന്റെ തെളിവ്. അന്നത്തെ ആശ്രമത്തിലെ ചടങ്ങുകളെല്ലാം കണ്ട എന്റെ ചെറിയ മനസ്സില്‍ അദ്ദേഹത്തോടുള്ള ആദരവും ഭക്തിയും കൂടിയെന്നുമാത്രമല്ല, അദ്ദേഹത്തെ സേവിച്ച് അദ്ദേഹത്തിന്റെ ശിഷ്യത്വം സ്വീകരിക്കാനുള്ള ആഗ്രഹവും മനസ്സില്‍ തോന്നി.

പിന്നീട് പല അവസരങ്ങളിലും എനിക്ക് ആശ്രമത്തില്‍ പോകാനിടവന്നുവെങ്കിലും എന്റെ ആഗ്രഹം ഏകദേശം പത്തുവര്‍ഷക്കാലം അടക്കി വയ്‌ക്കേണ്ടിവന്നു. അക്കാലത്താണ് (1983) എനിക്ക് കഠിനമായ ഒരു വയറുവേദന പിടിപെട്ടത്. ഇടത്തരത്തിലും താഴെയായിരുന്നു എന്റെ കുടുംബത്തിന്റെ സാമ്പത്തികസ്ഥിതി. എങ്കില്‍പോലും കലശലായ വയറുവേദന പല ആശുപത്രികളിലും പിന്നീട് മെഡിക്കല്‍കോളേജിലും എന്നെക്കൊണ്ടെത്തിച്ചു. പക്ഷേ ശമനമുണ്ടായില്ല. അവസാനം അച്ഛന്‍ നിര്‍ദ്ദേശിച്ചതനുസരിച്ച് ആശ്രമത്തിലേക്ക് വരികയുണ്ടായി. സ്വാമിജിയോട് വിവരം പറഞ്ഞു. അദ്ദേഹം പറഞ്ഞുതന്ന കൂട്ടനുസരിച്ച് ഞാന്‍ മരുന്നുണ്ടാക്കി കഴിച്ചു. ക്രമേണ എന്റെ വയറുവേദന മാറിത്തുടങ്ങി. രണ്ടുമാസത്തിനകം പൂര്‍ണമായും വയറുവേദന ശമിച്ചു. അദ്ദേഹത്തിന്റെ ആ ഉള്‍ക്കാഴ്ചയിലും അറിവിലും ഞാന്‍ ശിരസ്സാല്‍ നമസ്‌കരിച്ച സംഭവമായിരുന്നു അത്.

തുടര്‍ന്ന് ഞാന്‍ ആശ്രമത്തിലെ സ്ഥിരസന്ദര്‍ശകനായി മാറുകയും ഒരവസരത്തില്‍ സ്വാമിജിയോട് എന്റെ ആഗ്രഹം അറിയിക്കുകയും ചെയ്തു. സ്വാമിജിയുടെ പ്രതികരണം തികച്ചും ശാന്തമായിരുന്നു. വീട്ടില്‍ ആലോചിച്ച് ഒരു തീരുമാനം എടുക്കാനായിരുന്നു സ്വാമിജിയുടെ നിര്‍ദ്ദേശം. പിന്നീട് അച്ഛന്‍ സ്വാമിജിയെ കണ്ടപ്പോള്‍ എതിര്‍ക്കുന്നതില്‍ കാര്യമില്ലെന്നും, എതിര്‍ത്താല്‍ അവന്‍ നാടുവിടുമെന്നും ഇവിടെയായിരുന്നാല്‍ മകനെ വന്നു കാണാമല്ലോ, എന്നും സ്വാമിജി ആശ്വസിപ്പിച്ചു. സന്യാസം അവന്റെ ജീവിതത്തില്‍ പറഞ്ഞിട്ടുള്ളതാണെന്നും സ്വാമിജി പറഞ്ഞു.

അങ്ങനെ ഞാന്‍ സ്വാമിജിയുടെ ശിഷ്യനാവുന്നു. അദ്ദേഹത്തിന്റെ കൂടെ ആശ്രമത്തില്‍ കഴിയുമ്പോള്‍ ഓരോ ദിവസവും ഓരോരോ അനുഭവങ്ങളുണ്ടായിട്ടുണ്ടെങ്കിലും, ഏതാനും കാര്യങ്ങള്‍ ഞാനിവിടെ പറയാനാഗ്രഹിക്കുകയാണ്. ഒരിക്കല്‍ രാത്രി രാമായണം വായിച്ചിരിക്കുമ്പോള്‍ ഞാനുറങ്ങിപ്പോവുകയും പെട്ടെന്ന് ഉറക്കത്തില്‍ ആരോ എന്നെ തട്ടുകയും ചെയ്തു. ഞെട്ടിയുണരുമ്പോള്‍ ആരേയും കണ്ടില്ല. പിന്നീട് സ്വാമിജി എന്നോടായി ഇങ്ങനെ പറഞ്ഞു. രാമായണം വായിക്കുമ്പോള്‍ ഉറങ്ങരുത്, ഇത് എന്നില്‍ അത്ഭുതമുളവാക്കി. സ്വാമിജി തികച്ചും ഒരു ദിവ്യനാണെന്ന് ഒന്നു കൂടി ഞാന്‍ സ്വയം ബോദ്ധ്യപ്പെടുകയായിരുന്നു. മാത്രമല്ല എല്ലാകാര്യങ്ങളിലും സ്വാമിജിയുടെ സാന്നിദ്ധ്യം അദ്ദേഹം അടുത്തില്ലാത്തപ്പോഴും അനുഭവപ്പെടുമായിരുന്നു.

ഒരിക്കല്‍ തിരുവല്ലയില്‍ നിന്ന് ഒരു കുട്ടിയെ ആശ്രമത്തില്‍ ഏതോ ബാധോപദ്രവമായി കൊണ്ടു വരികയുണ്ടായി. ഒരു ദിവസം രാത്രിയില്‍ ഒരു സ്ത്രീരൂപം എന്റെ കഴുത്തുഞെരിക്കുന്ന പോലത്തെ അനുഭവമുണ്ടായി. ആദ്യം തോന്നലാണെന്നു വിചാരിച്ച ഞാന്‍ പലയാവര്‍ത്തിയായപ്പോള്‍ പുരുഷസൂക്തം ജപിച്ചു. അതിന്റെ ശക്തികൊണ്ടാവണം പിന്നീട് ആ ശല്യമുണ്ടായില്ല. പിറ്റേന്ന് സ്വാമിജിയോടായി ഈ കാര്യം പറയാന്‍ ചെല്ലുമ്പോള്‍ അദ്ദേഹം ഇങ്ങോട്ടായി, ഞാന്‍ നിന്നെ പരീക്ഷിക്കുകയായിരുന്നുവെന്നും ഇങ്ങനെയൊക്കെയായാലും മതിയെന്നും പറഞ്ഞു. ആബാധ ആ കുട്ടിയുടെ ഒരു ബന്ധുവായിരുന്നുവെന്നും സ്വാമിജി പരാമര്‍ശിച്ചു.

കോഴിക്കോട്ട് നിന്നും പിന്നൊരിക്കല്‍ ഒരു പെണ്‍കുട്ടിയെ എന്തോ അസുഖമായി കൊണ്ടുവന്നിരുന്നു. അവര്‍ വരുന്നതിനുമുമ്പായി സ്വാമിജി എന്നോട് കിണര്‍ അടച്ചിടാന്‍ പറഞ്ഞു. പെണ്‍കുട്ടിയെ കൊണ്ടുവന്ന് കുറച്ച് കഴിഞ്ഞപ്പോള്‍ അവളുടെ സ്വഭാവത്തിന് എന്തോവ്യത്യാസം വരികയും കിണറിന് മുകളില്‍ ഓടിക്കയറുകയും ചെയ്തു. അപ്പോഴാണ് എനിക്ക് സത്യത്തില്‍ സ്വാമിജി കിണര്‍ അടച്ചിടാന്‍ പറഞ്ഞതിന്റെ പൊരുള്‍ മനസ്സിലായത്. ആ പെണ്‍കുട്ടിയുടെ സഹോദരന്‍ ഒരു നിരീശ്വരവാദിയായിരുന്നു. ഈ സംഭവത്തിനുശേഷം അയാള്‍ സ്വാമിജിയുടെ ഭക്തനായി മാറി.

പിന്നീടൊരിക്കല്‍ രാത്രിയില്‍ ആശ്രമത്തില്‍ തംബുരു എടുത്ത് സമാധിക്ക് പ്രദിക്ഷണം വയ്ക്കുകയായിരുന്നു ഞാന്‍. ഏകദേശം ആറുമണിക്കുറായപ്പോഴും ആരും ഏറ്റുവാങ്ങാന്‍ വന്നില്ല. മൂത്രശങ്കകൊണ്ടാരെങ്കിലും വന്നിരുന്നുവെങ്കിലെന്ന് ഞാനാശിച്ചു. ഗുരുദേവന്റെ സമാധിക്ക് പിറകിലെത്തിയപ്പോള്‍ അദ്ദേഹം പുറത്തുനിന്ന് സമാധിക്കുള്ളിലേക്ക് വരുന്നതായി കണ്ടു. അത്ഭുതമെന്ന് പറയട്ടെ എന്റെ മൂത്രശങ്കമാറി. പിന്നെ സ്വാമിജിയെകാണുമ്പോള്‍ കഷ്ടപ്പെട്ടാലെന്താ ഫലം കിട്ടിയല്ലേ എന്ന് പറഞ്ഞു.

ഈ സംഭവങ്ങളില്‍ നിന്നെല്ലാം സ്വാമിജിയുടെ സാന്നിദ്ധ്യം എല്ലായിടത്തും നിറഞ്ഞുനില്ക്കുന്നതിനുള്ള ദിവ്യത്വവുമാണ് എനിക്ക് മനസ്സിലാക്കാന്‍ കഴിഞ്ഞത്. ഇതുപോലുള്ള അനേകം അനുഭവങ്ങള്‍ നേരിട്ടും എന്റെ സുഹൃത്തുക്കളാലും എന്നിലുണ്ടായിട്ടുണ്ട്.

ഹരിദ്വാര്‍, ഹൃഷികേശ്, ഗംഗോത്രി, യമുനോത്രി, കേദാര്‍നാഥ്, ബദരീനാഥ്, കാശി തുടങ്ങിയ സ്ഥലങ്ങളിലെല്ലാം പോകുമ്പോഴും പലപല സന്ദര്‍ഭങ്ങളിലും സംശയനിവാരണങ്ങള്‍ക്കും മറ്റുമായി സ്വാമിജിയുടെ ദര്‍ശനവും അനുഗ്രഹവും ഉണ്ടായിട്ടുള്ളത് വിസ്മരിച്ചുകൂടാ. ഈ സന്ദര്‍ഭങ്ങളിലെല്ലാം തന്നെ പല പല ഭാഷകളിലെയും സംസ്‌കാരങ്ങളിലെയും സന്യാസിമാരുമായി ഇടപഴകാനും സാധിച്ചിട്ടുണ്ടെങ്കില്‍ തന്നെയും സ്വാമിജിയോളം ദിവ്യനായ ഒരാളെ എങ്ങും കാണാന്‍ കഴിഞ്ഞില്ല, എന്നതാണ് വാസ്തവം.

സ്വാമിജി സമാധി ആകുന്നതിനു രണ്ടുമാസം മുമ്പ് ഒരു ദിവസം എന്നെ കണ്ടപ്പോള്‍ ഇങ്ങനെ പറഞ്ഞു. ‘നീ അവിടത്തന്നെ ഇരുന്ന് കളയരുത് പണ്ട് ചെയ്തിരുന്നപോലെ ഇവിടെവന്ന് (ഇടയ്ക്ക് ഇടയ്ക്ക്) നോക്കണം എനിക്ക് എന്നും ഇതുംവച്ചോണ്ട് ഇരിക്കാന്‍വയ്യ. സമാധിക്ക്‌ശേഷമാണ് എനിക്ക് അതിന്റെ ഗൗരവം മനസ്സിലായത്.

എന്തിനേറെ പറയുന്നു സ്വാമിജിയുടെ മഹാസമാധിക്ക്‌ശേഷം നാലാം ദിവസം ഞാന്‍ പൂജാമുറിയില്‍ പൂജിക്കുന്ന സമയത്ത് സ്വാമിജിയുടെ ദര്‍ശനസാമീപ്യം ഉണ്ടായി. അതോടെ സ്വാമിജിയുടെ ഇഹലോകവാസം വെടിഞ്ഞതിലുള്ള എന്റെ പ്രയാസവും മാറി. സ്വാമിജി അദ്ദേഹത്തിന്റെ ശിഷ്യരുടെയും ഭക്തരുടെയും മനസ്സില്‍ എന്നും മാര്‍ഗദര്‍ശിയായി ജഗദ്ഗുരുവായി നിലനില്ക്കുന്നു. നെയ്‌വിളക്കിന്റെ ഒളിപോലെ അദ്ദേഹം ഭക്തരുടെ മനസ്സില്‍ കെടാവിളക്കായി വര്‍ത്തിക്കും എന്നത് നിസ്സംശയമാണ്.

‘ഓം സഹനാവവതു
സഹനൗ ഭുനക്തു
സഹവീര്യം കരവാവഹൈ
തേജസ്വിനാവധീതമസ്തു
മാവിദ്വിഷാവഹൈ’
ഓം ശാന്തി ശാന്തി ശാന്തിഃ!’

ഗുരുപാദപത്മങ്ങളില്‍ പ്രാര്‍ത്ഥനയോടെ ദാസാനുദാസന്‍

കൂടുതല്‍ വാര്‍ത്തകള്‍ - സ്വാമിജിയെ അറിയുക