സുകുമാരി അന്തരിച്ചു

March 26, 2013 പ്രധാന വാര്‍ത്തകള്‍

ചെന്നൈ: പ്രശസ്ത ചലച്ചിത്ര  നടി സുകുമാരി (73)  അന്തരിച്ചു.  ഹൃദയാഘാതത്തെ തുടര്‍ന്ന് ചെന്നൈയില്‍ ആയിരുന്നു അന്ത്യം. വീട്ടിലെ പൂജാമുറിയില്‍ നിലവിളക്ക് തെളിക്കുന്നതിനിടയ്ക്ക് തീ പടര്‍ന്നുപിടിച്ചു പൊള്ളലേറ്റതിനെ തുടര്‍ന്ന് ചെന്നൈയിലെ ആസ്പത്രിയില്‍ ചികിത്സയില്‍ ആയിരുന്നു.

കൈകകളിലും ശരീരത്തിലും പൊള്ളലേറ്റിതിനെത്തുടര്‍ന്ന് സുകുമാരി പ്ലാസ്റ്റിക് സര്‍ജറിക്ക് വിധേയയായിരുന്നു. കഴിഞ്ഞ ദിവസം അവരെ ഡയാലിസിസിന് വിധേയയാക്കിയിരുന്നു.  40 ശതമാനത്തോളം പൊള്ളലേറ്റ സുകുമാരി അപകടനില തരണം ചെയ്തുവെന്ന് ആസ്പത്രി അധികൃതര്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

1940 ഒക്ടോബര്‍ ആറിന് നാഗര്‍കോവിലിലാണ് സുകുമാരിയുടെ  ജനനം. ബാങ്ക്  മാനേജരായിരുന്ന മാധവന്‍നായരും സത്യഭാമയുമാണ് മാതാപിതാക്കള്‍. എട്ടാം വയസ്സില്‍ ലളിത, രാഗിണി, പത്മിനിമാരുടെ നൃത്ത ട്രൂപ്പില്‍ സുകുമാരി അരങ്ങേറ്റം കുറിച്ചു. ഒരു ഇരവ് എന്ന തമിഴ്ചിത്രത്തിലെ ഒരു ഗാനരംഗത്തിലൂടെയാണ് അവര്‍ ആദ്യമായി സിനിമയിലെത്തുന്നത്.  സത്യനും രാഗിണിയും നായികാനായകന്മാരായി അഭിനയിച്ച  തസ്‌ക്കരവീരന്‍ എന്ന മലയാള ചിത്രത്തിലാണ് സുകുമാരി ആദ്യമായി അഭിനയിച്ചത്.

സഹനടിക്കുള്ള സംസ്ഥാന പുരസ്‌ക്കാരം 1974 ,1979, 1983, 1985 ലും സുകുമാരിക്കാണ് ലഭിച്ചത്. 2003 ല്‍ രാജ്യം പത്മശ്രീ നല്‍കി സുകുമാരിയെ ആദരിച്ചു.

2012ല്‍ അഭിനയിച്ച 3ജി ആണ് അവസാന ചിത്രം.

ഭര്‍ത്താവ് അന്തരിച്ച മഹാരാഷ്ട്രക്കാരനും ചലച്ചിത്ര  സംവിധായകനുമായ  ഭീംസിങ്. ചെന്നൈ മെഡിക്കല്‍ കോളേജില്‍ ഡോക്ടറായ സുരേഷാണ് മകന്‍. മരുമകള്‍ ഉമ.

കൂടുതല്‍ വാര്‍ത്തകള്‍ - പ്രധാന വാര്‍ത്തകള്‍