ശ്രീരാമനവമി രഥയാത്രയ്ക്ക് ഭക്തിനിര്‍ഭരമായ തുടക്കം

March 27, 2013 പ്രധാന വാര്‍ത്തകള്‍

സ്വാമി ബ്രഹ്മപാദാനന്ദ സരസ്വതി തൃപ്പാദങ്ങള്‍ ശ്രീരാമരഥത്തില്‍ പ്രതിഷ്ഠിക്കുന്നതിനുള്ള ജ്യോതിയുമായി മൂകാംബികാ ദേവീക്ഷേത്രത്തില്‍ നിന്നും പുറത്തേക്കു വരുന്നു.

കൊല്ലൂര്‍ :  ചേങ്കോട്ടുകോണം ശ്രീരാമദാസ ആശ്രമത്തിന്‍റെ ആഭിമുഖ്യത്തില്‍ നടക്കുന്ന ശ്രീരാമനവമി മഹോത്സവത്തിന്‍റെ ഭാഗമായ ശ്രീരാമനവമി രഥയാത്രയ്ക്ക് കൊല്ലൂര്‍ ശ്രീമൂകാംബികാ ദേവീക്ഷേത്ര സന്നിധിയില്‍ നിന്നും ഭക്തിനിര്‍ഭരമായ തുടക്കം. ഇന്നു രാവിലെ 9ന് മൂകാംബികാ ദേവിയുടെ ശ്രീകോവിലില്‍ നിന്നും മുഖ്യതന്ത്രി ഗോവിന്ദ അഡിഗ തെളിച്ച ജ്യോതി ചേങ്കോട്ടുകോണം ശ്രീരാമദാസ ആശ്രമം അദ്ധ്യക്ഷന്‍ സ്വാമി ബ്രഹ്മപാദാനന്ദ സരസ്വതി തൃപ്പാദങ്ങള്‍ ഏറ്റുവാങ്ങി രഥത്തില്‍ പ്രതിഷ്ഠിച്ചതോടെ ഇക്കൊല്ലത്തെ ശ്രീരാമനവമി രഥയാത്രയ്ക്ക് തുടക്കമായി. ശ്രീരാമനവമി മഹോത്സവം ജനറല്‍ കണ്‍‌വീനര്‍ ബ്രഹ്മചാരി പ്രവിത്കുമാറും അന്‍പതോളം ശ്രീരാമസേവകരും രഥയാത്രയെ അനുഗമിക്കും.

ക്ഷേത്രമാതൃകയിലുള്ള രഥത്തില്‍ ശ്രീമൂകാംബികാദേവിയുടെ തിരുസന്നിധിയില്‍ നിന്നുതെളിച്ച ജ്യോതിയും ശ്രീരാമസീതാ ആഞ്ജനേയ വിഗ്രഹങ്ങളും, ശ്രീരാമപാദുകം, ചൂഡാരത്നം, ശ്രീരാമദാസ ആശ്രമം സ്ഥാപകാചാര്യനായ ബ്രഹ്മശ്രീ നീലകണ്ഠഗുരുപാദരുടെയും ജഗദ്ഗുരു സ്വാമി സത്യാനന്ദസരസ്വതി തൃപ്പാദങ്ങളുടെയും ഛായാചിത്രങ്ങള്‍ എന്നിവ നിത്യാരാധനയ്ക്കായി ഉണ്ടാകും. കേരളത്തിലേക്ക് തിരിക്കുന്ന രഥം മംഗലാപുരത്ത് വിവിധ സ്ഥലങ്ങളില്‍ പര്യടനം നടത്തി 28ന് കാസര്‍കോഡ് ജില്ലയില്‍ പ്രവേശിക്കും.

അതേസമയം മുംബൈ ശ്രീരാമദാസ ആശ്രമത്തിലേക്ക് തിരിച്ച ശ്രീരാമരഥത്തില്‍ സ്വാമി കൃഷ്ണാനന്ദ സരസ്വതി തൃപ്പാദങ്ങള്‍ ജ്യോതി പ്രതിഷ്ഠ നടത്തി.

കൂടുതല്‍ വാര്‍ത്തകള്‍ - പ്രധാന വാര്‍ത്തകള്‍