ധീരതാ അവാര്‍ഡ് ജേതാക്കളായ കുട്ടികളുടെ തുടര്‍ വിദ്യാഭ്യാസച്ചെലവ് സര്‍ക്കാര്‍ വഹിക്കും – മുഖ്യമന്ത്രി

March 27, 2013 പ്രധാന വാര്‍ത്തകള്‍

തിരുവനന്തപുരം: ദേശീയ അവാര്‍ഡ് നേടിയ കുട്ടികള്‍ ഉള്‍പ്പെടെ കുട്ടികളുടെ സംസ്ഥാനത്ത് ധീരതയ്ക്കുള്ള അവാര്‍ഡ് നേടിയവരുടെ തുടര്‍ വിദ്യാഭ്യാസ ചെലവ് സര്‍ക്കാര്‍ വഹിക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. സംസ്ഥാന ശിശുക്ഷേമ സമിതി ഏര്‍പ്പെടുത്തിയ കുട്ടികളുടെ ധീരതയ്ക്കുള്ള അവാര്‍ഡ് 2012-ന്റെ അവാര്‍ഡ് ദാനം തിരുവനന്തപുരത്ത് നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.

ധീരതയ്ക്കുള്ള അവാഡുകള്‍ ഇത്തവണ ആറ് കുട്ടികള്‍ക്കാണ് ലഭിച്ചത്. ഇവരില്‍ മൂന്നുപേര്‍ രാഷ്ട്രപതിയില്‍ നിന്നും ധീരതയ്ക്കുള്ള ദേശീയ അവാര്‍ഡിനര്‍ഹരായവരാണ്. ദേശീയ അവാര്‍ഡ് ജേതാക്കളുടെ തുടര്‍ വിദ്യാഭ്യാസച്ചെലവുകള്‍ കേന്ദ്രമാണ് വഹിക്കുന്നത്. അവരുടേതുള്‍പ്പെടെ സംസ്ഥാന അവാര്‍ഡ് നേടിയവരുടെ വിദ്യാഭ്യാസച്ചെലവുകള്‍ ഇനിമുതല്‍ സംസ്ഥാന സര്‍ക്കാരും വഹിക്കും. സ്വന്തം ജീവന്‍ തൃണവല്‍ഗണിച്ച് മറ്റുള്ളവരുടെ ജീവന്‍ രക്ഷിക്കാന്‍ ശ്രമിച്ച് വിജയികളായ ഇവരുടെ ശ്രമം നാടിന് ഏറ്റവും അഭിമാനകരമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. അപകടങ്ങളുടെ നേരേ പുറംതിരിഞ്ഞു പോകുന്നവര്‍ക്ക് ഇവരെപ്പോലുള്ളവരുടെ സമയോചിതമായ ഇടപെടലുകള്‍ മാതൃകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

അവാര്‍ഡിന് അര്‍ഹരായ നന്ദന എം (കൊല്ലം), അര്‍ഷദ് അഷറഫ് (മലപ്പുറം), ശാലിനി കെ.പി. (മലപ്പുറം) എന്നിവര്‍ക്കു പുറമേ ദേശീയ അവാര്‍ഡ് ജേതാക്കളായ രമിത്ത്. കെ (കൊല്ലം), മെബിന്‍ സിറിയക് (ആലപ്പുഴ), വിഷ്ണു എം.വി (തൃശ്ശൂര്‍) എന്നിവര്‍ക്ക് ഫലകവും പ്രശസ്തിപത്രവും പതിനായിരം രൂപ ക്യാഷ് അവാര്‍ഡും മുഖ്യമന്ത്രി സമ്മാനിച്ചു.

സംസ്ഥാന സാമൂഹ്യക്ഷേമ ഡയറക്ടര്‍ എം.എസ്. ജയ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. എ.ഡി.ജി.പി. ബി. സന്ധ്യ, ജില്ലാ കളക്ടര്‍ കെ.എന്‍. സതീഷ്, കൌണ്‍സിലര്‍ കെ. മാധവദാസ് എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.

കൂടുതല്‍ വാര്‍ത്തകള്‍ - പ്രധാന വാര്‍ത്തകള്‍