ഗര്‍ഗ്ഗഭാഗവതസുധ – മഹാരാസം

March 27, 2013 സനാതനം

ചെങ്കല്‍ സുധാകരന്‍
22. മഹാരാസം
വിശേഷാര്‍ത്ഥപ്രധാനമായ ഒരു ഭാഗവതകഥയാണ് രാസലീല. വ്യാസമഹര്‍ഷി ഈ കഥ വിശദമായി വിവരിച്ചിട്ടുണ്ട്. ഭാഗവതം ദശസ്‌കന്ധത്തിലെ ഇരുപത്തൊന്‍പതു മുതല്‍ മുപ്പത്തിമൂന്നുവരെ അഞ്ചധ്യായങ്ങളിലാണ് രാസം വര്‍ണിതമായിരിക്കുന്നത്. ഗര്‍ഗ്ഗാചാര്യരുടെ വിവരമവും വ്യാസാന്റേതില്‍നിന്ന് വളരെ വ്യത്യസ്തമല്ല. ഗര്‍ഗ്ഗഭാഗവതം വൃന്ദാവനഖണ്ഡത്തിലെ 20 മുതല്‍ 23 വരെയുള്ള മൂന്ന് അദ്ധ്യായങ്ങളിലായി രാസലീല വര്‍ണ്ണിച്ചിരിക്കുന്നു. അദ്ധ്യായങ്ങള്‍ കുറവാണെങ്കിലും, ശ്രീഗര്‍ഗ്ഗന്‍, സുദീര്‍ഘമായാണ് കഥാവതരണം നടത്തിയിരിക്കുന്നത്.

കൃഷ്ണകഥാലോലനായ ബഹുലാശ്വമഹാരാജാവിന്റെ ആവശ്യപ്രകാരം നാരദമുനി കഥ തുടര്‍ന്നു.

‘മാധവോ മാധവേ മാസി
മാധവീഭിഃ സമാകുലേ
വൃന്ദാവനേ സമാരേഭോ
രാസം രാസേശ്വരാ) സ്വയം”

(രാസേശ്വരനായ ശ്രീമാധവന്‍ മാധവിമാരുമൊത്ത് – ഗോപികമാരുമൊത്ത് – വൃന്ദാവനത്തില്‍ രാസലീലകളാടി.) ശ്രീകൃഷ്ണന്‍, ചാന്ദ്രപ്രഭനിറഞ്ഞ യമുനാതടത്തില്‍ രാധയുമായെത്തി, വൃന്ദാവനം ദിവ്യരൂപം കൈക്കൊണ്ടു. വല്ലീതരുക്കളെല്ലാം പൂത്തും തളിര്‍ത്തും മനോരമങ്ങളായി. യമുന വിടര്‍ന്നുവിലസിയ താമരപ്പൂക്കളാല്‍ പ്രശോഭിതമായി. അതിലെ രത്‌നങ്ങള്‍ പതിച്ച സോപാനങ്ങള്‍ അതീവ പാവനങ്ങളായി. ഗോവര്‍ദ്ധനം സ്വതഃസിദ്ധമായ ഗരിമയാലും മനോഹര നിര്‍ഝരങ്ങളാലും ആവിര്‍ഭവിച്ചു. മയിലുകളാടി. കുയിലുകള്‍ കൂകി. വണ്ടുകള്‍ മൂളിപ്പറന്നു. സരസിജരേണുവാര്‍ന്ന കുളിര്‍കാറ്റ് മന്ദമായി വീശി. ശ്രീ കൃഷ്ണനും രാധയുമെത്തിയപ്പോള്‍ പരിസേവനതത്പരരായ ഗോപികമാര്‍ – പല പല യൂഥങ്ങള്‍ –  എത്തിച്ചേര്‍ന്നു. യമുനയും ഗംഗയും ദിവ്യവേഷമണിഞ്ഞ് രാസമണ്ഡലിയിലെത്തി. ഭഗവത് ഭക്തകളായ ഗോപീയുഥങ്ങളാല്‍ യമുനാതടം നിറഞ്ഞു. അവര്‍ വേണുഗാനത്തിലാകൃഷ്ടരായി, കൈമെയ്മറന്നെത്തിയപ്പോള്‍, ശ്രീകൃഷ്ണന്‍ അവരോട് സ്വസ്വഗൃഹങ്ങളിലേക്കു തിരിച്ചുപോകാന്‍ ഉപദേശിച്ചു. ഗാര്‍ഹികകടമകളുമോര്‍മ്മിച്ചു. പക്ഷേ, അവര്‍ കൂട്ടാക്കിയില്ല. ശ്രീകൃഷ്ണനുമൊത്ത് സുലളിതസംഗീതമാലപിച്ചു. കൃഷ്ണന്‍ രാധാകരം പിടിച്ചുകൊണ്ട് അവരുടെ മദ്ധ്യത്തില്‍ വിളങ്ങി. താളലയമാര്‍ന്ന ഗാനത്തിനൊത്ത് ഭാവഭംഗിയാര്‍ന്ന നൃത്തവുമാരംഭിച്ചു. മൃദംഗതാളാന്വിതം പാടിയും ശ്രീകൃഷ്ണസ്തുതി ചെയ്തും ഭഗവാനൊപ്പം നൃത്തം ചെയ്ത ഗോപികമാര്‍ പൂര്‍ണ്ണമനോരഥരായി. എല്ലാ ദുഃഖവും മറന്ന് ആനന്ദപരവശരായി. രാസരംഗം കണ്ടാനന്ദഭരിതരായ ദേവന്മാരും ഗന്ധര്‍വ്വവിദ്യാധരാദികളും പുഷ്പവൃഷ്ടിചെയ്തും വൃന്ദാവാദ്യം മുഴക്കിയും പരമാനന്ദമഗ്നരായി. ഹര്‍ഷപുളകിതരായ ദേവന്മാര്‍ ഒരു അനവദ്യഭാവത്തില്‍ മുഴക്കി.

കേളീവിനോദമേളം കൊണ്ടു മതിമറന്ന കൃഷ്ണനും ഗോപികമാരും ജലക്രീഡക്കുശേഷം ഗോവര്‍ദ്ധനപ്രാന്തങ്ങളില്‍ വഹരിച്ചു. രാസേശ്വരനായ കൃഷ്ണനും രാസേശ്വരി രാധയും ഒരുമിച്ച് ഉല്ലാസനൃത്തം ചെയ്തു. രാധാകൃഷ്ണന്മാര്‍, ഗോവര്‍ദ്ധനത്തില്‍, സൗരഭ്യമാര്‍ന്ന പുഷ്പങ്ങള്‍ വിരിച്ച സിംഹാസനത്തില്‍, മേഘവും മിന്നലുംപോലെ പ്രശോഭിച്ചു. ആ ജഗത്പിതാക്കളെ യമുനയും ഗംഗയും ആഭരണങ്ങള്‍ അണിയിച്ചു. വിരജയും ചന്ദ്രാനനയും ഒപ്പം ചേര്‍ന്നു. അനവധി സഖിമാര്‍ പലതരം ആഭരണങ്ങളും കുറിക്കൂട്ടുകളുമായി എത്തി. രാധയെ അണിയിച്ചു. രാധയും കൃഷ്ണനും ഗോപീയൂഥങ്ങളുമൊത്തം വനഭംഗികളാസ്വദിഛ്ചാസ്വദിച്ച് പലേടം ചുറ്റി. നടന്നും നൃത്തം ചെയ്തും ഏവരും ക്ഷീച്ചു. ഭക്തപാരായണനായ ഭഗവാന്‍ മേഘമല്ലാരം പാടി മഴപെയ്യിച്ചു. കുളിര്‍വായുവേറ്റ് എല്ലാവരും പൂര്‍വ്വാധികം ആനന്ദമനുഭവിച്ചു. സര്‍വ്വരും ഭഗവല്ലീലകള്‍ വാഴ്ത്തി. ശ്രീകൃഷ്ണന്‍ വീണ്ടും ആനന്ദഗാനം മുഴക്കി. അവരൊന്നിച്ചു നൃത്തം ചെയ്തു. ക്ഷീണിച്ചും ദാഹിച്ചും വലഞ്ഞുപോയ ഗോപികള്‍ ദാഹം ശമിപ്പിക്കണേയെന്ന് ഭഗവാനോട് അഭ്യര്‍ത്ഥിച്ചു. ശുദ്ധജലം കിട്ടാന്‍ സമീപത്തായി ഒരു ജലാശയംതന്നെ സൃഷ്ടിക്കണമെന്നാവശ്യപ്പെട്ടു. ഭഗവാന്‍ തന്റെ കൈയിലുണ്ടായിരുന്ന ചൂരല്‍ക്കോല്‍ ഭൂമിയിലാഞ്ഞടിച്ചു. അടിയേറ്റ സ്ഥാനത്തുനിന്ന് ജലപ്രവാഹമുണ്ടായി. അത് വേത്രഗംഗ എന്നറിയപ്പെട്ടു. ആ ജലം സ്പര്‍ശിച്ചാല്‍ ബ്രഹ്മഹത്യാദിപാപങ്ങള്‍പ്പോലും നശിക്കും. സ്‌നാനം ചെയ്താല്‍ ഗോലോകം പൂകും.

വേത്രഗംഗയിലെ ജലപ്രഭാവത്തില്‍ ക്ഷതക്ഷീണരായ ഗോപീയുഥം രാധാകൃഷ്ണസമേതം മധുവനത്തിലെത്തി. അവിടെ ഗോപികമാരുമൊത്ത് കൃഷ്ണന്‍ രാസലീലകളാടി. കേതകീകദളീവനങ്ങളിലും കാമവനത്തിലും വ്രജവധുക്കളുമൊത്ത് ഭഗവാന്‍ രമിച്ചു. പൗര്‍ണ്ണമൂര്‍ച്ഛിതരാക്കി. സര്‍മാനജീവികളും വേണുസ്വനശ്രവണത്താല്‍ നിര്‍വൃതരായി. ഗിരികള്‍ ആര്‍ദ്രങ്ങളാകാന്‍ തുടങ്ങി. ആര്‍ദ്രസ്ഥലികളില്‍ ശ്രീകൃഷ്ണന്റെ പാദമുദ്രകള്‍ പതിഞ്ഞുകാണായി. അതുകാണാന്‍ ഭാഗ്യം കിട്ടുന്നവര്‍ ധന്യചരിതരാണ്.
ഈവിധം ഭഗവത്സാന്നിധ്യം ലഭിച്ചപ്പോള്‍ ഗോപികമാരില്‍ അല്പംമദമുണ്ടായി. അതു മനസ്സിലാക്കിയ ശ്രീഹരി,

‘താംസ്ത്യക്ത്വാ രാധയാ സാര്‍ദ്ധം
തത്രൈവാന്തര്‍ദധേ ഹരിഃ’
(ഹരി അവരെ ഉപേക്ഷിച്ച് രാസാസമേതം അവിടെ നിന്ന പ്രതൃക്ഷനായി.) അമ്പരന്നുപോയ ഗോപികമാര്‍, ആ കൊടുങ്കാട്ടില്‍ കണ്ണീരൊഴുക്കി കരഞ്ഞുകൊണ്ട് കൃഷ്ണനെത്തേടി നടന്നു.

‘ശ്രീകൃഷ്ണകൃഷ്‌ണേതിഗിരാവന്തി
ശ്രീകൃഷ്ണപാദാംബുജ-ലഗ്നമാനസാഃ
ശ്രീകൃഷ്ണരൂപാസ്തു ബഭൂവുരംഗനാ-
ശ്ചിത്രം ന പേശസ്‌കൃതമേത്യ കീടവത്’
(കൃഷ്ണനാമം ഉച്ചരിച്ചുകൊണ്ടും കൃഷ്ണനെത്തന്നെ ധ്യാനിച്ചു കൊണ്ടും നടന്ന ഗോപികമാര്‍ കൃഷ്ണരൂപികളായ മാറി. വേട്ടാളനെ ധ്യാനിച്ചു പുഴു വേട്ടാളനായിത്തീരുന്നതുപോലെ.) നടന്നുനടന്നു ക്ഷീണിച്ച ആ ഗോപികന്മാര്‍ ഭൂമിയില്‍ ശ്രീകൃഷ്ണപാദങ്ങല്‍ പതിഞ്ഞ പാട് കണ്ടു. ഒപ്പം മറ്റൊരാളുടെ കാല്പാടുകൂടി കണ്ടപ്പോള്‍ അത്, രാധികയുടേതാണെന്നവര്‍ ഉറച്ചു. ആ കാല്പാടുകളെ പിന്തുടര്‍ന്ന് ഗോപികമാര്‍ കോകിലവനത്തിലെത്തി.

വ്രജാംഗനമാരുടെ വരവ് ശബ്ദങ്ങളിലൂടെ മനസ്സിലാക്കിയ ശ്രീകൃഷ്ണന്‍, രാധയോട് വേഗം നടക്കുവാന്‍ പ്രേരിപ്പിച്ചു. പക്ഷേ, തനിക്കു നടക്കുവാന്‍ കഴിയുന്നില്ലെന്നും തന്നെ ചുമന്നുകൊണ്ടു പോകണമെന്നും രാധ, കൃഷ്ണനെ അറിയിച്ചു. ഭഗവാന്‍ സമ്മതഭാവത്തില്‍, രാധക്കു മുതുകില്‍ കയറുവാന്‍ പാകത്തില്‍, നിന്നു. അവള്‍ കയറുവാന്‍ ഒരുമ്പെട്ടപ്പോള്‍ അദ്ദേഹം പെട്ടെന്ന പ്രതൃക്ഷനായി. രാധ അന്ധാളിച്ചു നിന്നുപോയി. അവള്‍ ഉറക്കെ കരഞ്ഞു. കരച്ചില്‍കേട്ട് മറ്റു ഗോപികമാര്‍ അവിടേക്കോടിയെത്തി. അവര്‍ രാധയെ പരിചരിച്ച് സാന്ത്വനിപ്പിച്ച് വാസ്തവം തിരക്കി. തന്റെ അഹങ്കാരം കൊണ്ടാണ് ഭഗവാന്‍ തന്നെ ഉപേക്ഷിക്കാനിടയാതെന്ന് രാധ വേദനയോടെ കൂട്ടുകാരെ അറിയിച്ചു.

രാധ നിര്‍ദ്ദേശിച്ചതനുസരിച്ച് എല്ലാവരും യമുനാതീരത്തെത്തി. ശ്രീകൃഷ്ണദര്‍സനത്തിനായി യാചിച്ചു. ഭഗവാന്റെ വിവിധഗുണങ്ങളെ പ്രകീര്‍ത്തിച്ച് ഉള്ളുരുകി പ്രാര്‍ത്ഥിച്ചു. ഭക്തരെ രക്ഷിച്ച ഭഗവാനെ വാഴ്ത്തി സ്തുതിച്ച് അവര്‍ തളര്‍ന്നു. വിരഹാര്‍ത്തിയാല്‍ വാടി. അവസാനം ഗോപീസ്തുതികളില്‍ മനസ്സലിഞ്ഞ് ശ്രീകൃഷ്ണഭഗവാന്‍ അവരുടെ മുന്നില്‍ പ്രതൃക്ഷനായി. കിരീടകേയൂരകുണ്ഡലാംഗദഭൂഷണങ്ങളോടു
കൂടിയ കൃഷ്ണനെ മുന്നില്‍ കണ്ട് അവര്‍ കൃതാര്‍ത്ഥരായി. ജീവന്‍ തിരിയെ കിട്ടിയ ഇന്ദ്രിയങ്ങളെന്ന
പോലെ, ഭഗവാനെക്കണ്ട ഗോപികമാര്‍ ഒന്നൊന്നായെഴുന്നേറ്റ് ആദരിച്ചു. രാധാസമേതനായ കൃഷ്ണന്‍ ഗോപികമാരുമായി ചേര്‍ന്നു. തുടര്‍ന്ന് ആനന്ദനൃത്തമാരംഭിച്ചു. അനേകം കൃഷ്ണന്മാരായി മാറിയ ഭഗവാന്‍ ഓരോ ഗോപികയോടും ലാസ്യമാടി. അവര്‍ ആനന്ദനിര്‍ഭരരായി. തങ്ങള്‍ സേഷപര്യങ്കശായിയായി ഭഗവാനെ കാണാനാഗ്രഹിക്കുന്നുവെന്ന് അറിയിച്ചു. അപേക്ഷ സ്വീകരിച്ച ഭഗവാന്, തന്റെ അനന്തശയീരൂപം കാട്ടിക്കൊടുത്ത് വ്രജാംഗനമാരെ സംതൃപ്തിതരാക്കി. അനേകസൂര്യസമപ്രഭയുള്ള ആ രൂപം കണ്ട ഗോപികമാര്‍ വിസ്മിതരായി. അമന്ദാനന്ദത്തില്‍ മുഴുകിയ എണ്ണമറ്റ ഗോപികമാര്‍, ഭഗവത്‌സ്വരൂപം കണ്ട് കാലപരിഭ്രമണംപോലും മറന്ന് ഭാവമൂര്‍ച്ഛയിലാണ്ടു. ശ്രീകൃഷ്ണനാകട്ടെ, വേണു നാദാമൃതം തളിച്ച് അവരെ ഹര്‍ഷപുളകിതരാക്കുകയും ചെയ്തു.

ഭഗവാന്റെ രാസലീല വെറും രതിലീലയായി വ്യാഖ്യാനിക്കുന്നവരുണ്ട്. ഇക്കഥ വായിക്കുന്ന സാധാരണക്കാര്‍ കൃഷ്ണന്‍ സ്ത്രീകളുമൊത്ത് ശൃംഗാരലീലകളാടി എന്നാണ് മനസ്സിലാക്കുന്നത്. കേവലംകിശോരപ്രായം കടന്നിട്ടില്ലാത്ത കുട്ടിയാണ് രാസമാടിയ കൃഷ്ണന്‍. ഈ സത്യം പലരും ഓര്‍ക്കാറില്ല. അദ്ദേഹത്തിന്റെ മധുരമധുരമായ വേണുഗാനത്താലാകൃഷ്ടരായവരില്‍ ഭര്‍ത്തൃമതികലും സന്താനവതികളുമായ കുലാംഗനമാരുമുള്‍പ്പെടുന്നു. ഒപ്പം യുവതികളും ബാലികമാരുമുണ്ടായിരുന്നു. ഗോപാലന്മാരും, രാസലീലയില്‍ പങ്കാളികളായവരില്‍ മനുഷ്യര്‍ മാത്രമല്ല. വൃക്ഷലതാദികളും പക്ഷിമൃഗാദികളും എന്നു വേണ്ട, സ്ഥാവരജംഗമങ്ങളായ സര്‍വവും ഉള്‍പ്പെട്ടിരുന്നു എന്നകാര്യം പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്.

ഇത്തരമൊരു ദൃശ്യം മറ്റെങ്ങും കാണാനാവുകയില്ല. ഭക്തിയുടെ നിറവാര്‍ന്ന ഭാവമാണ് ആര്‍ജ്ജവബുദ്ധിയുള്ള ആര്‍ക്കും, ഇതില്‍ കാണാന്‍ കഴിയുന്നത്. പരിപൂര്‍ണ്ണസമര്‍പ്പണമെന്ന ഭക്തിരഹസ്യം അറിയാത്തൊരാള്‍ക്ക് രാസലീല വെറുമൊരു കാമലീലയായിത്തോണാം. അത്തരക്കാര്‍ സത്യഗ്രാഹികളല്ല. കേവലം ബാലനായ കൃഷ്ണനും കുലസ്ത്രീകളും തമ്മില്‍ രതിലീലകളില്‍ മുഴുകിയെന്നു ചിന്തിക്കണമെങ്കില്‍ വികലബുദ്ധി തന്നെ വേണം.

‘ശ്രീകൃഷ്ണസ്തുപരംബ്രഹ്മഃ’ എന്ന തത്ത്വമാണ് ഇവിടെ വിശദമാക്കുന്നത്. എല്ലാറ്റിലും നിറഞ്ഞുനില്‍ക്കുന്ന ആ ബ്രഹ്മസ്വരൂപത്തെ സാക്ഷാത്കരിച്ച് നിര്‍വൃതി കൊള്ളുന്ന ഗോപികമാരെയാണ് രാസലീലയില്‍ ചിത്രീകരിച്ചിട്ടുള്ളത്. ഗോപിശബ്ദം തന്നെ ആ അര്‍ത്ഥത്തെ പ്രതിനിധീകരിക്കുന്നു. ഗോക്കളിലൂടെ – ഇന്ദ്രിയങ്ങളിലൂടെ പാനം ചെയ്യുന്നവര്‍. ഈശ്വരാമൃതം നുകരുന്നവര്‍ എന്ന വിശേഷാര്‍ത്ഥം ഇവിടെ കാണാന്‍ കഴിയണം! അപ്പോഴാണ് യമുനാതീരത്തെ രാസമണ്ഡലിയില്‍ ഗോപികമാരും ഭഗവാനും മാത്രമേ ഉണ്ടായിരുന്നുള്ളു എന്നതിലെ പൊരുള്‍ വിശമാവുകയുള്ളൂ. അവിടെയെത്തിയ സ്ത്രീകളെല്ലാം – സത്വഃരജതമോ ഗുണമിസ്രിതരായ സര്‍വ്വവും ഗോപികകളായി മാറി! നാദബ്രഹ്മാമൃതം  നുകര്‍ന്ന സര്‍വ്വചരാചരങ്ങളും ഹര്‍ഷൈകവികാരരായി മാറി. ജഡാവസ്ഥ വെടിഞ്ഞ് ചേതനാസംയുക്തരായി. അവര്‍ ത്രിഗുണസ്വഭാവം വെടിഞ്ഞ് പരമപുരുഷനില്‍ – പരബ്രഹ്മത്തില്‍ – ലയിച്ച മനസ്സോടുകൂടി പരസരം മറന്നു. ഈ ഉദാത്തമായ ആവിഷ്‌കാരരഹ്‌സയം മനസ്സിലാക്കുകയാണ് ഭാഗവതന്മാര്‍ ചെയ്യേണ്ടത്! ഗര്‍ഗ്ഗാചാര്യര്‍ അതിനുള്ള, മേല്‍പറഞ്ഞ സത്യം മനസ്സിലാക്കാനുള്ള, സൗകര്യങ്ങള്‍ കഥാവിവരണത്തില്‍, അവിടെവിടെ ചേര്‍ത്തിട്ടുമുണ്ട്. വേണുനാദത്താലാകൃഷ്ണരായി ഗോപികമാര്‍ ഭഗവാന്റെ ചറ്റും വന്നു പല യൂഥങ്ങളാണ്. സഹസ്രാനുസഹസ്രം ഗോപികമാര്‍! സര്‍വ്വജീവജാലങ്ങളുടേയും പ്രാതിനിധ്യമാണ് ഗോപീയൂഥങ്ങല്‍ ! ജഡചിന്തയാല്‍ പ്രേരിതരായല്ല അവര്‍ വന്നിട്ടുള്ളത്. അവരോട് വീട്ടിലേക്കു തിരിച്ചു പോകാന്‍ ശ്രീകൃഷ്ണന്‍ നിര്‍ബന്ധിച്ചതായും ഗാര്‍ഹികമായ ഉത്തരവാദിത്വങ്ങള്‍ ഓര്‍മ്മിപ്പിച്ചതായും ഗര്‍ഗ്ഗന്‍ പറയുന്നു. എന്നിട്ടുമവര്‍ ചെയ്തും, അവര്‍ ആനന്ദമനുഭവിക്കുന്ന വ്യക്തികളെയാണ് ഗോപികമാരില്‍ കാണേണ്ടത്. അപ്രകാരം പരിണമിച്ച മനസ്സിനെ ലൗകികപ്രേരണയിലൂടെ ദുര്‍ബലമാക്കാന്‍ സാധിക്കുകയില്ല. യുവകാമുകനോട് യുവതിക്കുള്ള രതിയല്ല, ഭഗവാനോട് ഭക്തര്‍ക്കുള്ള മതിയാണ് ഗോപികമാരുടെ പ്രേമത്തില്‍ വെളിവാക്കുന്നത്. നോക്കുന്നവരുടെ ദൃഷ്ടിദോഷം വികൃതാര്‍ത്ഥമുണ്ടാക്കുന്നെങ്കില്‍ സാക്ഷാല്‍ വ്യാസനോ ആചാര്യഗര്‍ഗ്ഗനോ എന്താണു ചെയ്യാനാവുക?

രാസകേളീദര്‍ശനലോലരായ ദേവന്മാര്‍ പുഷ്പവൃഷ്ടി ചെയ്തു. ദുന്ദുഭിഘോഷം മുഴക്കി. അവര്‍ അവാച്യമായ ആനനന്ദലഹരിയില്‍ മുഴുകി. ഇത്, രതികേളീവിലാസം ഒളിഞ്ഞുപാര്‍ത്തുണ്ടായ വികൃതവികാരമല്ല. പ്രകൃതിപുരുഷമേളനത്തിലെ ലയമുണ്ടാക്കിയ ആനന്ദമാണ്. ദേവന്മാര്‍, ദിവ്യത്വത്തിന്റെ ഉദാത്തതയുടെ, പ്രതീകങ്ങളാണ്. അത്തരക്കാര്‍ തുച്ഛമായവയില്‍ ആനന്ദിക്കാറില്ല. ഗോപികമാരാകുന്ന ജീവാത്മാക്കളും ഭഗവാനാകുന്ന പരമാത്മാവും അഭിന്നമായിത്തീര്‍ന്നതിലെ രസമാണ് അവരില്‍ ആനന്ദമനുഭവിപ്പിച്ചത്. അതിന്റെ ബഹിഃസ്ഫുരണങ്ങളാണ് ആനന്ദക്കണ്ണീര്‍ക്കണങ്ങളായ പുഷ്പവൃഷ്ടിയും സന്തോഷത്തുടിപ്പുകളായ ദുന്ദുഭിഘോഷങ്ങളും!

ഗോവര്‍ദ്ധനപ്രാന്തത്തില്‍, ഗോപീജനമധ്യത്തില്‍, രാധാകൃഷ്ണന്മാര്‍ തടിദ്ഘനങ്ങള്‍പ്പോലെ ശോഭിച്ചു എന്ന ഗര്‍ഗ്ഗവചനവും ശ്രദ്ധേയമാണ്. കാളമേഘനിറമാര്‍ന്ന കൃഷ്ണന്‍ മേഘസമാനന്‍! സുവര്‍ണ്ണമേനിയാര്‍ന്ന രാധ സൗദാമിനീവിഭ്രമംപ്പോലെ! മേഘവും മിന്നലും പോലെ അവര്‍ വിളങ്ങി. അനന്തതയെ പ്രതിനിധീകരിക്കുന്ന മേഘമാണ് ഭഗവാന്‍. അനന്തബ്രഹ്മത്തില്‍ വിലയംകൊള്ളുന്ന ഭക്തിയാണ് രാധ! അവരുടെ മേളനമാകട്ടെ, ബ്രഹ്മാമൃതം പാനം ചെയ്യുന്ന ഋഷികല്പരായ ഗോപികമാരുടെ മധ്യത്തില്‍! അനവദ്യമായ ഈ ആവിഷ്‌കാരംമാത്രം മതി രാസലീലയിലെ പൊരുളറിയാന്‍. ‘ബ്രഹ്മവിത് ബ്രഹ്മൈവ ഭവതി’ എന്ന തത്ത്വമറിയണം. ബ്രഹ്മത്തെ അറിഞ്ഞവന്‍ ബ്രഹ്മം തന്നെയായിത്തീരുന്നു. അതിന്‍ ഭാഗ്യമുണ്ടായ ഭക്താഗ്രണികളാണ് ഗോപികമാര്‍!.

ആചാര്യഗര്‍ഗ്ഗന്റെ വിശിഷ്ടമായ ചില വിവരങ്ങള്‍ കൂടി ശ്രദ്ധിക്കേണ്ടതുണ്ട്. രോമാഞ്ചദായകമായ ഒന്ന് വേത്രഗംഗയെ സംബന്ധിച്ചിട്ടുള്ളതാണ്. ഇതരകൃതികളില്‍ ഇല്ലാത്ത പ്രസ്തുത കഥ ഈ ലേഖനത്തിന്റെ ആദ്യഭാഗത്തുണ്ട്. ഗോപികമാര്‍ തങ്ങളുടെ ദാഹം പോക്കാന്‍ ഒരു സരസ്സ് സൃഷ്ടിക്കണമെന്നാവശ്യപ്പെട്ടപ്പോള്‍, ഭഗവാന്‍ തന്റെ ചൂരല്‍ക്കോല്‍ നിലത്താഞ്ഞടിച്ച് ഒരു ശുദ്ധജലപ്രവാഹമുണ്ടാക്കി. വേത്രത്തിന്റെ – ചൂരലിന്റെ അടിയേറ്റുണ്ടായതിനാല്‍ വേത്രഗംഗ എന്നറിയപ്പെട്ടു. അതിനെ ദര്‍ശിക്കുന്നതും സ്പര്‍ശിക്കുന്നതും പുണ്യം മുഴുവകുന്നതോ – പരമസായൂജ്യം! ഇതിലെ പൊരുളെന്താണെന്നു നോക്കാം. ഭഗവത്കൃപ ലഭിക്കാനാണ് ഭക്തന്റെ ദാഹം. ഭക്തപരായണനായ നാരായണന് ഭക്തന്റെ ദാഹം ശമിപ്പിക്കാതിരിക്കാന്‍ കഴിയില്ലല്ലോ? യമുനാസാമീപ്യമുണ്ടായിട്ടും മറ്റൊരു ജലാശയമുണ്ടാക്കിയെന്ന അയുക്തികാര്‍ത്ഥം ബാധിതമാവുകയാണിതിലൂടെ.

മറ്റൊരു ഘട്ടത്തില്‍ ശ്രീഗര്‍ഗ്ഗന്‍ ഭഗവല്ലീലാരഹസ്യം വ്യക്തമാക്കുകതന്നെ ചെയ്തു. മുന്നുദ്ധരിച്ച ‘ശ്രീകൃഷ്ണ കൃഷ്‌ണേതി ഗിരാവദന്ത്യ’ എന്നു തുടങ്ങുന്ന ശ്ലോകത്തില്‍ കൃഷ്ണനാമമുച്ചരിച്ചും അദ്ദേഹത്തെത്തന്നെ ധ്യാനിച്ചും ഗോപികമാര്‍ കൃഷ്ണരൂപികളായി മാറിയെന്ന് ആചാര്യന്‍ പറഞ്ഞു. ‘അതൊന്നു കാണ്മാര്‍ മിഴികല്‍ തുറന്നാല്‍’ മാത്രം മതി രാസരഹസ്യമറിയാന്‍! വേട്ടാളനെത്തന്നെ ചിന്തിച്ചുചിന്തിച്ച് പുഴു വേട്ടാളനായിത്തീരുന്നതുപോലെ എന്ന ഉപമാനം ഏറെ ശ്രദ്ധേയം! അതു വ്യക്തമാക്കുന്നതാകട്ടെ ‘ധ്യാനാവസ്ഥിതതത്ഗതേന മനസാ പശ്യന്തിയം യോഗിനോ’ എന്ന തത്ത്വവും. ഗോപികമാര്‍ ആ യോഗികള്‍ക്കൊപ്പം വളര്‍ന്ന ഭക്തോത്തംസങ്ങളാണ്. അവര്‍ കൃഷ്ണഗീതികള്‍ പാടിപ്പാടി കൃഷ്ണരൂപം ധരിക്കാറുണ്ടായിരുന്നത്രേ! മഹാരാസകഥയിലെ ഗോപികമാരുടെ യഥാര്‍ത്ഥ പിന്മുറക്കാരിതന്നെയാകാം ഭക്തമീര!

മറ്റൊരു സന്ദര്‍ഭം കൂടി ഇവിടെ ചൂണ്ടിക്കാട്ടേണ്ടിയിരിക്കുന്നു. വേത്രഗംഗാസൃഷ്ടിക്കുശേഷം ഭഗവാനും രാധയും ഗോപികമാരും വേണുനാദത്തിനൊത്ത് പാടി ആടി. അപ്പോള്‍ പ്രകൃതിപ്പോലും മാറിപ്പോയി. നദികള്‍ നിശ്ചലങ്ങളായി. പര്‍വ്വതം ആര്‍ദ്രമായി. ജീവജാലങ്ങള്‍ സഹജചേഷ്ടകള്‍ മറന്നു. ആജന്മവൈരികളായ മൃഗങ്ങള്‍ തോളുരുമ്മി നിന്നു. വേണുഗാനത്താല്‍ സര്‍വ്വചരാചരങ്ങളും മൂര്‍ച്ഛിതങ്ങളായി. ആര്‍ദ്രമായ ഗോവര്‍ദ്ധനത്തില്‍ നിന്ന് ജലമൊഴുകി. ആര്‍ദ്രഭൂമിയില്‍ ശ്രീകൃഷ്ണപാദങ്ങള്‍ പതിഞ്ഞ പാടുകള്‍ മായാതെ കാണപ്പെട്ടു. അവദേവന്മാരാലും പൂജിതങ്ങളായി. ഈ കഥ ഭക്തിമാഹാത്മ്യത്തിന്റെ യശഃകിരീടമാണ്. നാദബ്രഹ്മാമൃതമാസ്വദിക്കയാലാണ് പ്രകൃതി മൂര്‍ച്ഛിതമായത്. ഗോവര്‍ദ്ധനവും ആര്‍ദ്രമായി എന്നത് ഭക്തിവിലീനമനസ്സിനെ പ്രകടമാക്കുനനു. ആര്‍ദ്രസ്ഥലികളില്‍ ഭഗവത്പാദങ്ങളുടെ പാട് മായാതെ നിന്നു എന്നതാകട്ടെ, ഭക്തഹൃദയങ്ങളില്‍ ഈസ്വരപാദാംബുജസ്മരണ നിതാന്തമായി എന്ന വിശേഷാര്‍ത്ഥം വ്യക്തമാക്കുന്നു. കല്ലിനേയും അലിയിക്കുന്ന ഭക്തിമാഹാത്മ്യമാണ് ശ്രീഗര്‍ഗ്ഗന്‍ ഇക്കഥയിലൂടെ വിശദമാക്കുന്നത്.

കൃഷ്ണനുമൊത്താടിത്തിമിര്‍ത്തഗോപസ്ത്രീകള്‍ കുറഞ്ഞൊന്നുമദിച്ചു. തല്‍ക്ഷണം ശ്രീകൃഷ്ണന്‍ അന്തര്‍ദ്ധാനം ചെയ്തു. രാധ മാനവതിയായി, തന്നെ ചുമന്നുകൊണ്ടുപോകണമെന്ന് കൃഷ്ണനോടാവശ്യപ്പെട്ടു. അപ്പോള്‍ത്തന്നെ ഭഗവാന്‍ അപ്രതൃക്ഷനായി. ഈ രണ്ടും ഒരേ സത്യം വെളിവാക്കുന്നു. പരബ്രഹ്മലയം പൂണ്ട് ഏകാഗ്രമാകുന്ന മനസ്സ് അഭൗമാനന്ദത്തില്‍ മുഴുകുമ്പോഴും ഏതെങ്കിലും പൂര്‍വ്വവാസന ഉണര്‍ന്നാല്‍, കയറിയ പടി വഴുതി താഴത്തേക്കു പോരുമെന്ന സത്യം! അത്തരക്കാര്‍ക്ക് ചിദാനന്ദം നഷ്ടമാകും. ഭഗവദ്ദര്‍ശനം തടസ്സപ്പെടും. പിന്നെ വേര്‍പാടിന്റെ ദുഃഖമാണ്. മദമാര്‍ന്നതിലെ പശ്ചാത്താപമാണ്. ഗോപികാദുഃഖം ആ വിധത്തിലെ കാണാവൂ! ‘കരഗതമൊരമലമണി
വരമുടനുപേക്ഷിച്ച’തിലെ പശ്ചാത്താപവും പുനരതുലഭിപ്പാനുള്ള തപസ്സുമാണത്. ഊണുറക്കങ്ങളൊഴി
വാക്കിക്കൊണ്ടുള്ള നിരന്തര തപസ്സ്! അത് ലക്ഷ്യത്തിലെത്തി അമന്ദാനന്ദമനുഭവിച്ച് ‘രസോവൈ സഃ’ എന്ന ചിന്ത നിറച്ച്, എല്ലാറ്റിലും പരത്മാത്മാവിനെ ദര്‍ശിച്ച് ‘ബ്രഹ്മോ ജീവൈവ നാപര’ എന്ന അദൈ്വതഭാവനയില്‍ അഭിരമിക്കുന്ന സായൂജ്യഭക്തിയാണ് രാസലീലയിലെ പൊരുള്‍! തത്ത്വമസീ വാക്യത്തിന്റെ സവിശദവ്യാഖ്യാനമാണ് മഹാരാസം. കണ്‍തുറന്നു കാണണമെന്നു മാത്രം!
—————————————————————————————————————————-
ഗ്രന്ഥകര്‍ത്താവിനെക്കുറിച്ച്:-

ചെങ്കല്‍ സുധാകരന്‍
1950 മാര്‍ച്ച് ഏഴാം തീയതി നെയ്യാറ്റിന്‍കര താലൂക്കിലെ ചെങ്കല്‍ ദേശത്ത് കുറ്ററക്കല്‍ വീട്ടില്‍ ജനനം. പരേതരായ ആര്‍.ഗോവിന്ദപ്പിള്ളയും വി.ഭാര്‍ഗവി അമ്മയും അച്ഛനമ്മമാര്‍. കേരള സര്‍വകലാശാലയില്‍ നിന്നും മലയാളസാഹിത്യത്തില്‍ എം.എ, എം.ഫില്‍, ബിഎഡ് ബിരുദങ്ങള്‍ നേടി. ചേര്‍ത്തല എന്‍.എന്‍.എസ് കോളേജിലും വിവിധ സര്‍ക്കാര്‍ കലാലയങ്ങളിലും ജോലി ചെയ്തു. 2005 മാര്‍ച്ചില്‍ തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജില്‍ അധ്യാപകനായി വിരമിച്ചു. ഇപ്പോള്‍ ഏറ്റുമാനൂരപ്പന്‍ കോളേജിലെ മലയാളവിഭാഗത്തില്‍ ജോലിചെയ്യുന്നു. അഗ്രപൂജ എന്നപേരില്‍ ഒരു കാവ്യം പ്രസിദ്ധീകരിച്ചിട്ടുണ്ട്. മലയാളത്തിലെ ആനുകാലികങ്ങളില്‍ കവിതകളും ലേഖനങ്ങളും പ്രസിദ്ധീകരിച്ചു വരുന്നു.

തിരുവനന്തപുരം സര്‍ക്കാര്‍ കോളേജിലെ ചരിത്രവിഭാഗം അധ്യാപികയായിരുന്ന ഡോ.ആര്‍ .അയിഷ ,ഭാര്യ. മക്കള്‍ : മാധവന്‍ , ഗായത്രി.

വിലാസം: ഗായത്രി, ടി.സി. 6/199 – 7, സൗപര്‍ണ്ണികാ ഗാര്‍ഡന്‍സ്, നേതാജി റോഡ്,വട്ടിയൂര്‍ക്കാവ്, തിരുവനന്തപുരം – 695 013,

മൊബൈല്‍: 9447089049

പ്രസാധകക്കുറിപ്പ്:-
വ്യാസമഹാഭാരതവും മഹാഭാഗവതവും പോലെ അത്ര പ്രചാരമുള്ള ഒരു കൃതിയല്ല ഗര്‍ഗ്ഗഭാഗവതം. ഈ കൃതി ഗര്‍ഗ്ഗാചാര്യനാല്‍ വിരചിതമായി എന്ന് വിശ്വസിക്കപ്പെടുന്നു. ഗര്‍ഗ്ഗഭാഗവതകഥകളും അവയ്ക്കുള്ള ശ്രീ.ചെങ്കല്‍ സുധാകരന്റെ നിരീക്ഷണവുമാണ് ഗര്‍ഗ്ഗഭാഗവതസുധ ഒന്നാംഭാഗം എ്ന്ന ഈ കൃതി. ഞങ്ങള്‍ പ്രസിദ്ധീകരിക്കുന്ന ശ്രീ.ചെങ്കല്‍ സുധാകരന്റെ ആദ്യ കൃതിയാണിത്. ഈ കൃതിയുടെ പാരായണത്താല്‍ ഓരോ ഭക്തന്റെയും മനസ്സ് ശ്രീകൃഷ്ണലീലകളിലൂടെ കടന്ന് അഷ്ടരാഗവിമുക്തനായി പരമാനന്ദമനുഭവിക്കട്ടെ എന്ന് ഞങ്ങള്‍ ആശിക്കുന്നു.

കൃഷ്ണഭക്തകേരളം ഈ കൃതിയേയും അതിന്റെ മൂല്യത്തെപ്രതി സ്വീകരിക്കുമെന്ന പ്രതീക്ഷയോടെ,

മാളുബന്‍ പബ്ലിക്കേഷന്‍സ്

ഗര്‍ഗ്ഗഭാഗവതസുധ -ഭാഗം 1 സമ്പൂര്‍ണ്ണ ഗ്രന്ഥത്തിന് എഴുതുക:-

MaluBen Publications
Arayoor P.O., (via) Amaravila
Thiruvananthapuram – 695 122
Mobile: 98469 98425
email: malubenpublications@gmail.com

കൂടുതല്‍ വാര്‍ത്തകള്‍ - സനാതനം