പൈങ്കുനി ഉത്സവം കൊടിയിറങ്ങി

March 28, 2013 ക്ഷേത്രവിശേഷങ്ങള്‍

തിരുവനന്തപുരം: ശ്രീപദ്മനാഭസ്വാമിക്ഷേത്രത്തിലെ പൈങ്കുനി ഉത്സവം കൊടിയിറങ്ങി. വൈകീട്ട് അഞ്ചിന് ആരംഭിച്ച ആറാട്ടുചടങ്ങുകള്‍ രാത്രി പത്തോടെയാണ് അവസാനിച്ചത്.

ശ്രീകോവിലില്‍ ദീപാരാധന കഴിഞ്ഞ് ഗരുഡവാഹനത്തില്‍ ശ്രീപദ്മനാഭസ്വാമിയെയും നരസിംഹമൂര്‍ത്തിയെയും ശ്രീകൃഷ്ണസ്വാമിയെയും പുറത്തെഴുന്നള്ളിച്ചു. പടിഞ്ഞാറെനട വഴി ആറാട്ടുയാത്ര പുറത്തിറങ്ങി. ഉത്രാടം തിരുനാള്‍ മാര്‍ത്താണ്ഡവര്‍മ്മ ഉടവാളുമേന്തി വിഗ്രഹങ്ങള്‍ക്ക് അകമ്പടിസേവിച്ചു. അശ്വാരൂഡസേന, കോല്‍ക്കാര്‍, കുന്തക്കാര്‍, ആയുധധാരികളായ പോലീസ്, താലപ്പൊലിയേന്തിയ സ്ത്രീകള്‍, പഞ്ചവാദ്യം എന്നിവ അകമ്പടിയായി.

ശംഖുംമുഖം കടല്‍ത്തീരത്ത് ക്ഷേത്ര തന്ത്രി നെടുമ്പിള്ളി തരണനല്ലൂര്‍ പരമേശ്വരന്‍ നമ്പൂതിരിയുടെ കാര്‍മ്മികത്വത്തിലാണ് ആറാട്ട് ചടങ്ങുകള്‍ നടന്നത്. കല്‍മണ്ഡപത്തിന് സമീപം പ്രത്യേകം തയാറാക്കിയ മണല്‍തിട്ടയിലെ വെള്ളിത്തട്ടങ്ങളിലേക്ക് മാറ്റിയ വിഗ്രഹങ്ങള്‍ പൂജകള്‍ക്ക് ശേഷം മൂന്ന് തവണ വിഗ്രഹങ്ങള്‍ സമുദ്രത്തിലാറാടിച്ചു.

തന്ത്രിയുടെ നേതൃത്വത്തില്‍ കൊടിയിറക്ക് പൂജയും നടന്നു. ആറാട്ട് ഘോഷയാത്രയില്‍ ക്ഷേത്രം എക്‌സിക്യൂട്ടീവ് ഓഫീസര്‍ എസ്.ആര്‍. ഭുവനേന്ദ്രന്‍ നായര്‍, അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ ജി. ജയശേഖരന്‍ നായര്‍, മാനേജര്‍ വേണുഗോപാല്‍, ശ്രീകാര്യക്കാര്‍ എസ്. നാരായണയ്യര്‍ എന്നിവര്‍ നേതൃത്വം നല്‍കി.

കൂടുതല്‍ വാര്‍ത്തകള്‍ - ക്ഷേത്രവിശേഷങ്ങള്‍