പൊതുമരാമത്ത് ഓഫീസുകളില്‍ വിജിലന്‍സ് റെയ്ഡ്: വന്‍ ക്രമക്കേടു കണ്െടത്തി

March 28, 2013 കേരളം

തിരുവനന്തപുരം: സംസ്ഥാനത്തെ പൊതുമരാമത്ത് റോഡ്സ് ആന്‍ഡ് ബ്രിഡ്ജസ് വിഭാഗം ഓഫീസുകളില്‍ വിജിലന്‍സ് ഉദ്യോഗസ്ഥര്‍ നടത്തിയ മിന്നല്‍പരിശോധനയില്‍ വ്യാപകമായ ക്രമക്കേടും കണക്കില്‍പ്പെടുത്താതെ സൂക്ഷിച്ച പതിനായിരക്കണക്കിനു രൂപയും കണ്ടെത്തി.

സാമ്പത്തിക വര്‍ഷം അവസാനിക്കുന്നതിനു മുമ്പുള്ള പ്രവര്‍ത്തി ദിനമായ ഇന്നലെ ബില്ലുകള്‍ പാസാക്കാന്‍ ഉദ്യോഗസ്ഥര്‍ വന്‍തുക കൈക്കൂലിയായി ആവശ്യപ്പെടുന്നുവെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് വൈകുന്നേരത്തോടെ വിജിലന്‍സ് ഉദ്യോഗസ്ഥര്‍ പരിശോധന നടത്തിയത്. വിജിലന്‍സ് ഡയറക്ടര്‍ മഹേഷ്കുമാര്‍ സിംഗ്ളയുടെ നിര്‍ദേശാനുസരണം എഡിജിപി ആര്‍. ശ്രീലേഖയുടെ മേല്‍നോട്ടത്തിലാണ് ‘ഓപറേഷന്‍ നിര്‍മാണ്‍’ എന്ന പേരില്‍ മിന്നല്‍ പരിശോധന നടന്നത്. പരിശോധന പലയിടങ്ങളിലും രാത്രി വൈകിയും തുടര്‍ന്നു.

തിരുവനന്തപുരം ഡിവിഷനല്‍ ഓഫീസിലെ ഒരു ജൂനിയര്‍ സൂപ്രണ്ടില്‍ നിന്നും കണക്കില്‍പ്പെടാതെ സൂക്ഷിച്ചിരുന്ന 34,000 രൂപ കണ്ടെടുത്തു. എന്നാല്‍ ഇത് മകന് ഫീസടക്കുന്നതിനായി കൊണ്ടുവന്ന തുകയാണെന്നാണ് ഉദ്യോഗസ്ഥന്‍ വിജിലന്‍സ് ഉദ്യോഗസ്ഥരോടു വിശദീകരിച്ചത്. ഇതിനു പുറമെ ഇവിടെ നിന്നും കണക്കില്‍പ്പെടാത്ത 12,000 രൂപയും കണ്ടെടുത്തു.നെയ്യാറ്റിന്‍കരയിലെ ഓഫീസില്‍ നിന്നും കണക്കില്‍പ്പെടാതെ സൂക്ഷിച്ച 16,000 രൂപയും ഇടുക്കി കട്ടപ്പനയിലെ ഒരു എന്‍ജിനിയറുടെ പക്കല്‍ നിന്നും 50,000 രൂപയും കണക്കില്‍പ്പെടുത്താതെ സൂക്ഷിച്ചിരുന്നതായി കണ്ടെത്തിയെന്ന് വിജിലന്‍സ് അധികൃതര്‍ വിശദീകരിച്ചു. കരുനാഗപ്പള്ളിയില്‍ നിന്നും 17,000 രൂപയും തൃശൂരില്‍ നിന്ന് പതിനായിരം രൂപയും കണക്കില്‍പ്പെടാതെ സൂക്ഷിച്ചതായി കണ്ടെത്തി. ഓഫീസ് ഇടപാടുകളിലെ തുക സംബന്ധിച്ച വിശദാംശങ്ങള്‍ ഓഫീസിലെ രജിസ്ററില്‍ സൂക്ഷിക്കണമെന്നാണ് വ്യവസ്ഥ. എന്നാല്‍, ഇത് പാലിക്കപ്പെട്ടില്ലെന്ന് ഉദ്യോഗസ്ഥര്‍ വിശദീകരിച്ചു. രാത്രി വൈകിയും പരിശോധന നടന്നതിനാല്‍ വിവിധ ഓഫീസുകളില്‍നിന്നായി എത്ര രൂപ കണ്ടെടുത്തെന്ന കണക്കുകള്‍ വിജിലന്‍സില്‍ നിന്നു ലഭ്യമായിട്ടില്ല.

വിവിധ ഇടങ്ങളില്‍ നടത്തിയ പരിശോധനയുടെ വിശദാംശങ്ങള്‍ ഉള്‍പ്പെടുത്തി ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്കെതിരേ നടപടിയെടുക്കാന്‍ ശിപാര്‍ശ ചെയ്യുന്ന റിപ്പോര്‍ട്ട് വൈകാതെ സമര്‍പ്പിക്കുമെന്നു വിജിലന്‍സ് വൃത്തങ്ങള്‍ അറിയിച്ചു.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം