കടുവയെ വെടിവെച്ച് കൊന്നവര്‍ക്കെതിരെ നടപടി എടുക്കണമെന്ന് കേന്ദ്രവനം പരിസ്ഥിതി മന്ത്രാലയം

March 30, 2013 കേരളം

കോഴിക്കോട്: വയനാട്ടില്‍ കടുവയെ വെടിവെച്ച് കൊന്നവര്‍ക്കെതിരെ നടപടി എടുക്കണമെന്ന് മുഖ്യമന്ത്രിയോട് കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയം ആവശ്യപ്പെട്ടു. കടുവയെ കൊല്ലേണ്ട സാഹചര്യം ഉണ്ടായിരുന്നില്ലെന്ന ദേശീയ കടുവ സംരക്ഷണ അതോറിറ്റിയുടെ റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് നടപടി എടുക്കാന്‍ കേന്ദ്രം നിര്‍ദ്ദേശിച്ചത്. സംഭവത്തിലെ മാധ്യമങ്ങളുടെ സമീപനവും രാഷ്ട്രീയ ഇടപെടലും സംബന്ധിച്ച് ജുഡീഷ്യല്‍ അന്വേഷണം നടത്താനും ദേശീയ കടുവാ സംരക്ഷണ അതോറിറ്റി ശുപാര്‍ശ ചെയ്തു. കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 12നായിരുന്നു വയനാട്ടില്‍ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ കടുവയെ വെടിവെച്ചു കൊന്നത്.

വളര്‍ത്തു മൃഗങ്ങളെ കടുവ വ്യാപകമായി ആക്രമിച്ച് കടുവ ജനവാസ കേന്ദ്രങ്ങളില്‍ ഭീതി വിതച്ചിരുന്നു. ജനങ്ങളുടെ പ്രതിഷേധത്തുടര്‍ന്ന് ഒരു മാസം നീണ്ട തിരച്ചിലിനൊടുവിലാണ് കടുവയെ കൊന്നത്. എന്നാല്‍ കടുവയെ കൊന്നതിനെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി സംഘടനകള്‍ രംഗത്തെത്തിയതോടെ കടുവാ സംരക്ഷണ അതോറിറ്റി അന്വേഷണമാരംഭിച്ചു. ഈ അന്വേഷണത്തില്‍ കടുവയെ കൊല്ലേണ്ട സാഹചര്യം വയനാട്ടില്‍ ഇല്ലെന്ന് അതോറിറ്റി കണ്ടെത്തി. ദേശീയ കടുവാ സംരക്ഷണ അതോറിറ്റിയുടെ റിപ്പോര്‍ട്ട് പരിഗണിച്ചാണ് കടുവയെ കൊന്നവര്‍ക്കെതിരെ നടപടിയെടുക്കാന്‍ വനം-പരിസ്ഥിതി മന്ത്രാലയം സര്‍ക്കാരിനോട് ആവശ്യപ്പെട്ടത്.

കടുവയെ വെടിവെക്കാന്‍ ഉത്തരവിട്ട വയനാട് ജില്ലാ കളക്ടറും കടുവാ തെരച്ചിലിന് നേതൃത്വം നല്‍കിയ വനംവകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരും മറ്റു ജീവനക്കാരുമാണ് ഇതോടെ പ്രതിക്കൂട്ടിലാവുന്നത്.

വളര്‍ത്തു മൃഗങ്ങളെ കടുവ ആക്രമിച്ചെന്നാരോപിച്ച് വയനാട്ടില്‍ നടന്ന പ്രക്ഷോഭങ്ങളെയും അതോറിറ്റിയുടെ റിപ്പോര്‍ട്ടില്‍ കുറ്റപ്പെടുത്തുന്നു.  സംഘടിതമായി നടത്തിയ പ്രക്ഷോഭങ്ങളില്‍ രാഷ്ട്രീയ താല്‍പ്പര്യങ്ങളാണെന്നാണ് കുറ്റപ്പെടുത്തിയിരിക്കുന്നത്. പ്രതിഷേധങ്ങള്‍ക്ക് നേതൃത്വം നല്‍കിയ രാഷ്ട്രീയക്കാര്‍ക്കെതിരെയും സംഭവം റിപ്പോര്‍ട്ട് ചെയ്ത മാധ്യമങ്ങള്‍ക്കെതിരെയും ജുഡീഷ്യല്‍ അന്വേഷണം വേണമെന്നും കേന്ദ്രത്തോട് അതോറിറ്റി ആവശ്യപ്പെട്ടിട്ടുണ്ട്.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം