ഭക്തിരേവ ഗരീയസി (ഭാഗം-2)

March 30, 2013 സനാതനം

എന്‍ .കെ .പദ്മപ്രഭ
ഭക്തി മോക്ഷകാരണസാമഗ്രിയാണെന്നു മാത്രമല്ല ഇതുകൊണ്ട് തെളിയുന്നത്. വേദോക്തമായ ദ്വിവിധ ധര്‍മ്മത്തെ (നിവൃത്തിലക്ഷണമായ ജ്ഞാനവും പ്രവൃത്തിലക്ഷണമായ കര്‍മ്മവും) കുറിച്ച് ഗീതാഭാഷ്യത്തില്‍നിന്ന് ശ്രീ പനോളി ഉദ്ധരിക്കുന്നുണ്ടല്ലോ.

ഈ രണ്ടു ധര്‍മ്മം അവലംബിക്കുന്നവര്‍ക്കും (യതിക്കും കര്‍മ്മിക്കും) ഭക്തിവേണമെന്നും പ്രസ്തുത ഗീതാഭാഷ്യഭാഗം അര്‍ത്ഥശങ്കയ്ക്കിടനല്‍കാതെ പ്രഖ്യാപിക്കുന്നു. ഇനി ഗീത 18-ാം അദ്ധ്യായം, 68-ാം ശ്ലോകത്തിന്റെ ഭാഷ്യത്തില്‍ ശ്രീ ശങ്കരന്‍ ഇപ്രകാരം പറയുന്നു. ‘തദ്ഭക്തി മാത്രേണ കേവലേന ശാസ്ത്രസമ്പ്രദാനേ പാത്രം ഭവതി ഇതി ശമ്യതേ. ‘ (…….. ഭഗവാനിലുള്ള കേവലഭക്തികൊണ്ടുമാത്രം ഈ ഗീതാ) ശാസ്ത്രം ഗുരുശിഷ്യപരമ്പരാഗതസമ്പ്രദായപ്രകാരം ഗ്രഹിക്കുവാന്‍ ഒരുവന്‍ പാത്രമായി ഭവിക്കുന്നുവെന്നു വരുന്നു.)

ഭക്തി മോക്ഷകാരണസാമഗ്രിയല്ലെങ്കില്‍ ജ്ഞാനകാരണസാമഗ്രിയെങ്കിലുമാണെന്ന് ചുരുക്കം! ‘ശാങ്കരഭാഷ്യത്തില്‍ ഭക്തിക്ക് ഒരു സ്ഥാനവും കല്‍പ്പിച്ചിട്ടില്ലെന്ന് ഇതിനുമുമ്പ് തെളിയിക്കയുണ്ടായല്ലോ’ എന്ന ലേഖകന്റെ അവകാശവാദത്തെക്കുറിച്ച് ഇനിയെന്തുപറയാന്‍! ‘അനന്യഭക്തി’ എന്നതിന് ‘ആത്മജ്ഞാനലക്ഷണയാ’ എന്ന് ആചാര്യര്‍ അര്‍ത്ഥം നല്‍കിയതിനെ ശ്രീ.പനോളി ചൂണ്ടിക്കാട്ടുകയുണ്ടാല്ലോ.

ഈ അനന്യഭക്തിയെക്കുറിച്ച് വിശ്വരൂപദര്‍ശനയോഗം 54-ാം ശ്ലോകത്തിന്റെ ഭാഷ്യത്തില്‍ ആചാര്യര്‍ ഇങ്ങനെ പറയുന്നു: ‘അനന്യയാ അപൃഥഗ്ഭൂതയാ ഭഗവതഃ അന്യത്ര പൃഥഗ്ന കദാചിദപി യാ ഭവതി സ തു അനന്യഭക്തിഃ സര്‍വ്വൈരപികരണൈഃ വാസുദേവാദ് അന്യദ്‌ന ഉപലഭ്യതേ യയാ സാ അനന്യഭക്തിഃ’ (ഭഗവാനിലല്ലാതെ മറ്റൊന്നിലും ഇല്ലാത്ത ഭക്തിയാണ് അനന്യഭക്തി. എല്ലാ ഇന്ദ്രിയങ്ങളെക്കൊണ്ടും വാസുദേവനല്ലാതെ മറ്റൊന്നില്ല എന്നു കാണുന്നതും അനന്യഭക്തി തന്നെ).

‘തയാ ഭക്ത്യാ ശക്യഃ അഹം ഏവം വിധോ വിശ്വരൂപപ്രകാരോ ഹേ അര്‍ജ്ജുനജ്ഞാതും ശാസ്ത്രതോ ദ്രഷ്ടുംച സാക്ഷാത്കര്‍ത്തും തത്ത്വേന തത്ത്വതഃ പ്രവേഷ്ടും ച മോക്ഷം ച ഗന്തും പരന്ത ദപ.’ (ഹേ പരന്തപനായ അര്‍ജ്ജുന, അങ്ങനെയുള്ള ഭക്തികൊണ്ട് മേല്‍പ്രകാരമുള്ള വിശ്വരൂപത്തെ ശാസ്‌ത്രോക്തമായ വിധിയില്‍ അറിയിക്കുക മാത്രമല്ല, പരമാര്‍ത്ഥത്തില്‍ സാക്ഷാത്കരിക്കാനും പ്രാപിക്കുവാനും അതായത് മോക്ഷം സിദ്ധിക്കുവാനുും സാധിക്കുന്നതാണ്.) നിര്‍ഗുണബ്രഹ്മോപാസന മാത്രമല്ല വിശ്വരൂപ-സഗുണേശ്വരോപാസനയും മോക്ഷം നല്‍കുമെന്ന ഗീതാതത്ത്വം ഓര്‍മിച്ചാല്‍ ഭക്തിയും ജ്ഞാനവും തമ്മിലുണ്ടെന്നു തോന്നുന്ന വൈരുദ്ധ്യം ആഭാസം മാത്രമെന്നു കാണാം. വിശ്വരൂപദര്‍ശനയോഗത്തെത്തുടര്‍ന്നാണ് ഭക്തിയോഗം.

ശ്രീനാരദഭക്തിസൂത്രം ആത്മജ്ഞാനം ലഭിക്കാത്തവന്റെ ‘കാടിവെള്ള’ മാണെന്നും അതിലെ ‘ഭക്തിരേവ ഗരീയസീ’ എന്ന ഭാഗമാണ് വിവേകചൂഡാമണിയെന്ന ‘അമൃതി’ല്‍ കലര്‍ത്തിയതെന്നുമുള്ള സങ്കടത്തിന് ഇനി സ്ഥാനമെവിടെ? ആത്മവേദിയായിക്കഴിഞ്ഞാലും ‘ഭക്തിസൂത്രം’ രചിക്കുന്നതില്‍ കുഴപ്പമില്ല. അല്ലെങ്കിലും ആത്മജ്ഞാനത്തിന്റെ നിലവാരത്തില്‍നിന്നു താഴെ വന്നാലെ ഏതു ഗ്രന്ഥവും (അദൈ്വതദര്‍ശനഗ്രന്ഥം പോലും) രചിക്കാനാവു എന്നതല്ലേ സത്യം? കാരണം വാക്കുകള്‍ മടങ്ങിപ്പോരുന്നിടത്താണല്ലോ ആത്മജ്ഞാനിയുടെ നില. (യതോ വാചോ നിവര്‍ത്തന്തേ..).

കൂടുതല്‍ വാര്‍ത്തകള്‍ - സനാതനം