ടോള്‍ പിരിവിന് സര്‍ക്കാര്‍ എതിരല്ല : മുഖ്യമന്ത്രി

March 31, 2013 പ്രധാന വാര്‍ത്തകള്‍

തിരുവനന്തപുരം: ടോള്‍ പിരിവിനെ സംസ്ഥാന സര്‍ക്കാര്‍ ഒരിക്കലും എതിര്‍ത്തിട്ടില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. ഇനിയങ്ങോട്ടുള്ള റോഡ് വികസനത്തിന് ടോള്‍ ആവശ്യമാണ്. സംസ്ഥാന ഹൈവേകളായിരുന്ന ബോഡിമേട്-കുണ്ടന്നൂര്‍, കൊല്ലം-കഴുതുരുട്ടി, കോഴിക്കോട്-മുത്തങ്ങ, കോഴിക്കോട്-പാലക്കാട്, കൊല്ലം-തേനി എന്നിവയില്‍ കാര്യമായ വികസനമൊന്നും കൊണ്ടുവരാതെ ടോള്‍ ഏര്‍പ്പെടുത്തുന്നതിനെയാണ് സര്‍ക്കാര്‍ എതിര്‍ക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. 

നിലവില്‍ രണ്ടുവരി പാതയായ ഇവയെ രണ്ടുവരിയായി തന്നെയാണ് വികസിപ്പിക്കുന്നത്. നിലവിലുള്ള സൌകര്യം ലഭ്യമാക്കുന്നതിന്റെ പേരില്‍ ടോള്‍ ഏര്‍പ്പെടുത്തിയാല്‍ ശക്തമായ എതിര്‍പ്പ് വരും. പുതുതായി പാലം നിര്‍മിക്കുക, രണ്ട് ലൈന്‍ നാല് ലൈനാക്കുക എന്നീ പണികള്‍ ചെയ്തിട്ടാണെങ്കില്‍ ടോള്‍ പിരിവ് സ്വാഭാവികമെന്ന് കരുതാമായിരുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു. അഞ്ച് നാഷണല്‍ ഹൈവേകളുടെ വികസനത്തിന് മാറ്റിവച്ച തുക സംസ്ഥാന സര്‍ക്കാരിന് നല്‍കിയാല്‍ ബാക്കി തുക സ്വന്തം നിലയ്ക്ക് ചേര്‍ത്ത് കേരളം തന്നെ പണി പൂര്‍ത്തിയാക്കും എന്നാണ് കേന്ദ്രത്തെ അറിയിച്ചത്. മറ്റ് റോഡുകളുടെ കാര്യത്തില്‍ ഇത് ബാധകമല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

കൂടുതല്‍ വാര്‍ത്തകള്‍ - പ്രധാന വാര്‍ത്തകള്‍