മോഡി ബിജെപി ദേശീയ നേതൃത്വത്തിലേക്ക്

March 31, 2013 പ്രധാന വാര്‍ത്തകള്‍

Narendra-Modiന്യൂഡല്‍ഹി: ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോഡിയെ പാര്‍ലമെന്ററി ബോര്‍ഡില്‍ ഉള്‍പ്പെടുത്തി ബിജെപി ദേശീയ ഭാരവാഹികളുടെ പട്ടിക പ്രഖ്യാപിച്ചു. പാര്‍ട്ടി പ്രസിഡന്റ് രാജ്നാഥ് സിംഗ് മുതിര്‍ന്ന നേതാവ് എല്‍.കെ. അദ്വാനിയെ സന്ദര്‍ശിച്ചതിനു ശേഷമാണ് ഭാരവാഹികളുടെ പട്ടിക പ്രഖ്യാപിച്ചത്. ആറു വര്‍ഷത്തിനു ശേഷമാണ് മോഡി വീണ്ടും ദേശീയ രാഷ്ട്രീയത്തിലേക്ക് എത്തുന്നത്. ബിജെപിയുടെ ഏറ്റവും ഉയര്‍ന്ന പാര്‍ട്ടി സംവിധാനമാണ് പാര്‍ലമെന്ററി ബോര്‍ഡ്. പാര്‍ലമെന്ററി ബോര്‍ഡില്‍ ഉള്‍പ്പെട്ടിട്ടുള്ള ഏക മുഖ്യമന്ത്രിയും നരേന്ദ്ര മോഡിയാണ്. സ്മൃതി ഇറാനി ദേശീയ വൈസ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു.

കേരളത്തില്‍നിന്ന് പി.കെ. കൃഷ്ണദാസിനെ ജനറല്‍ സെക്രട്ടറിയായും പാര്‍ട്ടി അധ്യക്ഷന്‍ രാജ്നാഥ് സിംഗ് നാമനിര്‍ദേശം ചെയ്തു. യശ്വന്ത് സിംഗും മധ്യപ്രദേശ് മുഖ്യമന്ത്രി ശിവ്രാജ് സിംഗ് യാദവും പാര്‍ലമെന്ററി ബോര്‍ഡില്‍ ഇടംപിടിച്ചില്ല. രാവിലെ രാജ്നാഥ് സിംഗ് മുതിര്‍ന്ന നേതാവ് എല്‍.കെ. അദ്വാനിയെ സന്ദര്‍ശിച്ചു. അദ്വാനിയുടെ വസതിയിലെത്തിയാണ് കൂടിക്കാഴ്ച നടത്തിയത്. പൊതുതെരഞ്ഞെടുപ്പ് അടുക്കുന്ന സാഹചര്യത്തില്‍ ദേശീയ ഭാരവാഹികളെ ഏകകണ്ഠമായി തെരഞ്ഞെടുക്കാനാണ് പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാക്കള്‍ ശ്രമിച്ചത്. വരുണ്‍ ഗാന്ധിയെ ജനറല്‍ സെക്രട്ടറിയായും നിയമിച്ചിട്ടുണ്ട്. ഒപ്പം മോഡിയുടെ വിശ്വസ്തനായ അമിത് ഷായും രാജീവ് പ്രതാപ് റൂഡിയും ദേശീയ ജനറല്‍ സെക്രട്ടറിയായി.

കൂടുതല്‍ വാര്‍ത്തകള്‍ - പ്രധാന വാര്‍ത്തകള്‍