പ്രകോപനമുണ്ടായാല്‍ ആക്രമിക്കുമെന്ന് ഉത്തരകൊറിയ മുന്നറിയിപ്പ്

March 31, 2013 രാഷ്ട്രാന്തരീയം

പ്യോഗ്‌യാംഗ്: കൊറിയകള്‍ക്കിടയില്‍ സംഘര്‍ഷം രൂക്ഷമാകുന്നു. ഇനി പ്രകോപനമുണ്ടായാല്‍ ആക്രമിക്കുമെന്ന് ഉത്തരകൊറിയ മുന്നറിയിപ്പ് നല്‍കി. യുദ്ധസമാന സാഹചര്യമാണ് നിലനില്‍ക്കുന്നതെന്നും ഉത്തരകൊറിയ വ്യക്തമാക്കി. കൊറിയന്‍ സെന്‍ട്രല്‍ ന്യൂസ് ഏജന്‍സിയിലൂടെയാണ് ഉത്തരകൊറിയ ഔദ്യോഗിക പ്രഖ്യാപനം നടത്തിയത്.

ദക്ഷിണ കൊറിയയുമായി നടത്തുന്ന വ്യവസായ കോപ്ലക്‌സ് അടച്ചുപൂട്ടുമെന്നും ഉത്തര കൊറിയ മുന്നറിയിപ്പ് നല്‍കി. ഉത്തരകൊറിയയുടെ അതിര്‍ത്തികത്തുള്ള വ്യവസായ കോപ്ലക്‌സ് 2004ല്‍ ഉഭയകക്ഷി സഹകരണത്തോടെ ആരംഭിച്ചതാണ്. മേഖലയിലെ യുഎസ് സൈനിക താവളങ്ങള്‍ക്കും ദക്ഷിണ കൊറിയക്കും നേരെ പ്യോഗ്യാംഗില്‍ മിസൈല്‍ യൂണിറ്റുകള്‍ സജീവമാക്കിയിട്ടുണ്ട്. വ്യവസായ കോപ്ലക്‌സ് അടച്ചുപൂട്ടുന്നതോടെ ഉത്തര കൊറിയയും ദക്ഷിണ കൊറിയയും തമ്മിലുള്ള ബന്ധം ആശങ്കാജനകമാകുമെന്ന് നിരീക്ഷകര്‍ ചൂണ്ടിക്കാട്ടുന്നു. ഇതോടെ കൊറിയന്‍ അതിര്‍ത്തി കൂടുതല്‍ സംഘര്‍ഷഭരിതമാകും.

എന്നാല്‍ പ്രകോപന നടപടികളുമായി മുന്നോട്ട് പോകുകയാണെങ്കില്‍ ഉത്തരകൊറിയ കൂടുതല്‍ ഒറ്റപ്പെടുമെന്ന് അമേരിക്ക മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.ഉത്തരകൊറിയ തങ്ങള്‍ക്കെതിരെ യുദ്ധാവസ്ഥ പ്രഖ്യാപിച്ചത് കാര്യമാക്കേണ്ടെന്ന് ദക്ഷിണ കൊറിയ പറയുമ്പോഴും അങ്ങേയറ്റം ജാഗ്രത പുലര്‍ത്താന്‍ സ്വന്തം സൈന്യത്തിന് നിര്‍ദേശം നല്‍കിയിരിക്കുകയാണ്.

ആയുധമെടുക്കാന്‍ ഉത്തര കൊറിയന്‍ പ്രസിഡന്റ് കിം ജെന്‍ യുന്‍ ആഹ്വാനം ചെയ്തതിന്റെ തുടര്‍ച്ചയായി വെള്ളിയാഴ്ച്ച പ്യോംഗ്‌യാഗ് പ്രധാന സ്‌ക്വയറില്‍ ജനങ്ങള്‍ ഒത്തുകൂടി തങ്ങളുടെ നേതാവിന് പിന്തുണ പ്രഖ്യാപിച്ചു. എന്നാല്‍ ദക്ഷിണ കൊറിയയ്‌ക്കെതിരെയും അമേരിക്കക്കെതിരെയുമുള്ള വിദ്വേഷം നിലനിര്‍ത്തി ജനങ്ങളെ ഒറ്റക്കെട്ടായി തനിക്ക് പിന്നില്‍ അണിനിരത്താന്‍ കിം ശ്രമിക്കുന്നുണ്ടെന്നതിന്റെ പുതിയ ആഹ്വാനമാണ് ഇതെന്നാണ് നിരീക്ഷകര്‍ വിലയിരുത്തുന്നത്.

കൂടുതല്‍ വാര്‍ത്തകള്‍ - രാഷ്ട്രാന്തരീയം