അര്‍ബുദമരുന്നിന് പേറ്റന്റ്: മരുന്നുകമ്പനിയുടെ ഹര്‍ജി സുപ്രീംകോടതി തള്ളി

April 1, 2013 ദേശീയം

ന്യൂഡല്‍ഹി: അര്‍ബുദ മരുന്നിന് പേറ്റന്റ് ആവശ്യപ്പെട്ട് സ്വിസ് മരുന്നു നിര്‍മാണ ഭീമന്‍മാരായ നൊവാട്ടീസ് നല്‍കിയ ഹര്‍ജി സുപ്രീംകോടതി പിഴയോടുകൂടി തള്ളി. രക്താര്‍ബുദത്തിനും കുടലിലെ കാന്‍സറിനും ഉപയോഗിക്കുന്ന ഗ്ളൈവിക് എന്ന മരുന്നിന് പേറ്റന്റ് നല്‍കണമെന്ന് ആവശ്യപ്പെട്ടായിരുന്നു കമ്പനി കോടതിയെ സമീപിച്ചത്. മെഡിക്കല്‍ ഗവേഷണ രംഗത്ത് ലക്ഷങ്ങള്‍ ചെലവഴിച്ചാണ് പുതിയ മരുന്നുകള്‍ വികസിപ്പിക്കുന്നതെന്നും ഈ നിക്ഷേപം പാഴായി പോകാന്‍ അനുവദിക്കരുതെന്നും ആയിരുന്നു കമ്പനിയുടെ പ്രധാനവാദം. രണ്ടര മാസത്തോളം വാദം കേട്ട ശേഷമാണ് സുപ്രീംകോടതി വിധി പ്രഖ്യാപിച്ചത്. 2006 മുതല്‍ കമ്പനി ഇതിനായി നിയമപോരാട്ടം ആരംഭിച്ചിരുന്നു. എന്നാല്‍ സുപ്രീംകോടതിയുടെ വിധി അന്തിമ തീരുമാനമാണെന്നിരിക്കെ അന്താരാഷ്ട്ര മരുന്നുനിര്‍മാണ കമ്പനികള്‍ ആകാംക്ഷയോടെയാണ് വിധി കാത്തിരുന്നത്. ജസ്റീസുമാരായ അഫ്താബ് ആലവും രഞ്ജനാ പ്രകാശ് ദേശായിയുമാണ് കേസ് പരിഗണിച്ചത്. ഗ്ളൈവിക്കിന്റെ പേറ്റന്റിനായി 2006 ല്‍ കമ്പനി പേറ്റന്റ് ഡിപ്പാര്‍ട്ട്മെന്റിനെ സമീപിച്ചെങ്കിലും അപേക്ഷ തള്ളുകയായിരുന്നു. പേറ്റന്റ് നിയമത്തിലെ 3(ഡി), 3(ബി) വകുപ്പുകള്‍ ചൂണ്ടിക്കാട്ടിയായിരുന്നു അപേക്ഷ നിരസിച്ചത്. ഇതിനെതിരേ ചെന്നൈയിലെ ബൌദ്ധിക സ്വത്തവകാശ അപ്പലേറ്റ് അഥോറിറ്റിയെയും നൊവാട്ടീസ് സമീപിച്ചെങ്കിലും ഇവിടെയും അപ്പീല്‍ തള്ളപ്പെട്ടു. തുടര്‍ന്നാണ് കമ്പനി സുപ്രീംകോടതിയെ സമീപിച്ചത്. മരുന്നുകളുടെ ഫോര്‍മുലയില്‍ ചെറിയ മാറ്റം വരുത്തി പേറ്റന്റ് നേടുന്നത് തടയാന്‍ ലക്ഷ്യമിട്ടുള്ളതാണ് പേറ്റന്റ് നിയമത്തിലെ 3(ഡി) വകുപ്പ്. പൊതുജനതാല്‍പര്യത്തിന് വിരുദ്ധമായുള്ള ഉല്‍പ്പന്നങ്ങള്‍ക്ക് പേറ്റന്റ് നല്‍കുന്നത് തടയാന്‍ ലക്ഷ്യമിട്ടുള്ളതാണ് 3 (ബി) വകുപ്പ്. എന്നാല്‍ നിലവിലുള്ള ഫോര്‍മുലയേക്കാള്‍ മെച്ചപ്പെട്ടതാണ് തങ്ങളുടേതെന്നും നിലവിലുള്ള മരുന്നുകള്‍ നല്‍കുന്നതിന്റെ 30 ശതമാനത്തോളം അധികഫലം ഗ്ളൈവിക്ക് നല്‍കുന്നുണ്ടെന്നും ആയിരുന്നു കമ്പനിയുടെ വാദം. കേസിന്റെ വാദത്തിനിടെ മരുന്നിന് അമിത വില ഈടാക്കുന്ന കമ്പനിയുടെ നടപടിയെയും സുപ്രീംകോടതി ചോദ്യം ചെയ്തിരുന്നു.

കൂടുതല്‍ വാര്‍ത്തകള്‍ - ദേശീയം