കടല്‍ക്കൊലക്കേസിന്റെ അന്വേഷണം എന്‍ഐഎക്ക് വിട്ടു

April 1, 2013 പ്രധാന വാര്‍ത്തകള്‍

ന്യൂഡല്‍ഹി: ഇറ്റാലിയന്‍ നാവികര്‍ പ്രതികളായ കടല്‍ക്കൊലക്കേസിന്റെ അന്വേഷണം എന്‍ഐഎക്ക് വിട്ടു. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റേതാണ് തീരുമാനം. പ്രത്യേക കോടതിയില്‍ എന്‍ഐഎയായിരിക്കും അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കുക. അതേസമയം കേസില്‍ വിചാരണ നടക്കേണ്ടത് അന്താരാഷ്ട്ര കോടതിയിലാണെന്നും ഇന്ത്യക്ക് ഇക്കാര്യത്തില്‍ അധികാരമില്ലെന്നുമാണ് ഇറ്റലിയുടെ നിലപാട്.

മത്സ്യത്തൊഴിലാളികളെ ഇറ്റാലിയന്‍ നാവികര്‍ വെടിവെച്ചുകൊന്ന സംഭവത്തില്‍ കേസെടുക്കാന്‍ കേരളത്തിന് അധികാരമില്ലെന്ന് നേരത്തെ സുപ്രീംകോടതി വ്യക്തമാക്കിയിരുന്നു. കേസിന്റെ വിചാരണ സംബന്ധിച്ച ആശയക്കുഴപ്പം നിലനില്‍ക്കെയാണ് പുതിയ തീരുമാനം. കടല്‍ക്കൊല കേസ് രാജ്യം ഗൗരവമായി കാണുന്നുവെന്ന ധാരണ ഉണ്ടാക്കാന്‍ ഈ നടപടി സഹായകമാകുമെന്ന് പ്രതീക്ഷിക്കുന്നു. നാളെ കേസ് സുപ്രീംകോടതി പരിഗണിക്കുമ്പോള്‍ കേന്ദ്രസര്‍ക്കാര്‍ ഇക്കാര്യം കോടതിയെ അറിയിക്കും.

കടല്‍ക്കൊല കേസിന്റെ വിചാരണ എന്‍ഐഎ കോടതിയില്‍ നടന്നേക്കുമെന്നാണ് വിവരം. ഇക്കാര്യം കേന്ദ്ര സര്‍ക്കാര്‍ സുപ്രീകോടതിയെ അറിയിക്കും. ഇതുസംബന്ധിച്ച് അറ്റോര്‍ണി ജനറല്‍ ഉന്നത ഉദ്യോഗസ്ഥരുമായി വൈകീട്ട് ചര്‍ച്ച നടത്തും. നേരത്തെ ഡല്‍ഹി പട്യാല കോടതിയില്‍ വിചാരണ നടത്താനാണ് തീരുമാനിച്ചിരുന്നത്.

കേരള പോലീസാണ് നേരത്തെ കടല്‍ക്കൊലകേസ് അന്വേഷിച്ചത്. അന്വേഷണം പൂര്‍ത്തിയാക്കി സംഘം ഇക്കാര്യത്തില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുണ്ട്. കൊലപാതകം അടക്കമുള്ള കുറ്റങ്ങളാണ് നാവികര്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്.

കൂടുതല്‍ വാര്‍ത്തകള്‍ - പ്രധാന വാര്‍ത്തകള്‍