ജനാധിപത്യ കേരളത്തിന് നാണക്കേട്

April 3, 2013 എഡിറ്റോറിയല്‍,പ്രധാന വാര്‍ത്തകള്‍

വനംമന്ത്രിയായിരുന്ന ഗണേഷ്‌കുമാറും ഭാര്യ ഡോ.യാമിനിതങ്കച്ചിയുമായുണ്ടായ കുടുംബവഴക്ക് ഇന്ന് കേരളത്തിലെ ജനാധിപത്യത്തിന്റെ ശ്രീകോവിലായ നിയമസഭയില്‍ മലയാളികള്‍ക്കാകമാനം നാണക്കേടുണ്ടാക്കുന്നവിധത്തില്‍ വിഴുപ്പലക്കായിമാറിയിരിക്കുന്നു. ഇതിന്റെ പേരില്‍ ഇന്നലെയും ഇന്നും നിയമസഭ സ്തംഭിച്ചു. ജനാധിപത്യത്തില്‍ എന്താണോ സംഭവിക്കാന്‍പാടില്ലാത്തത് അതാണ് ഈ സംഭവത്തിന്റെ പേരില്‍ നടക്കുന്നത്.

സ്ത്രീ വിഷയവുമായി ബന്ധപ്പെട്ട് കേരളത്തില്‍ ഇതിനുമുമ്പ് മൂന്നു മന്ത്രിമാര്‍ രാജിവച്ചിട്ടുണ്ട്. അതിശക്തനും ആഭ്യന്തരമന്ത്രിയുമായിരുന്ന പി.റ്റി.ചാക്കോയാണ് ആദ്യം രാജിവച്ചത്. അദ്ദേഹം സഞ്ചരിച്ചകാറില്‍ ഒരു സ്ത്രീ കൂടെയുണ്ടായിരുന്നു എന്നതായിരുന്നു അന്നുണ്ടായ വിഷയം. ഇതിന്റെ പേരില്‍ അദ്ദേഹം രാജിവച്ചു. കേരളാകോണ്‍ഗ്രസിന്റെ പിറവിക്കുകാരണമായത് ഈ സംഭവമാണ്. പിന്നീട് ഇതേ വിഷയത്തില്‍ പി.കെ.കുഞ്ഞാലിക്കുട്ടിയും, പി.ജെ.ജോസഫും രാജിവച്ചു. എന്നാല്‍ അതില്‍നിന്നെല്ലാം തികച്ചും വ്യത്യസ്തമായ തലത്തിലാണ് ഗണേഷ്‌കുമാറിന്റെ രാജിയിലേക്ക് നയിച്ച സംഭവങ്ങളും തുടര്‍ന്ന് നിയമസഭയില്‍ അരങ്ങേറിക്കൊണ്ടിരിക്കുന്ന രംഗങ്ങളെയും കാണേണ്ടത്.

ഒരു മന്ത്രിയെ മന്ത്രിമന്ദിരത്തില്‍വച്ച് കാമുകിയുടെ ഭര്‍ത്താവ് മര്‍ദ്ദിച്ചു എന്നുപറഞ്ഞുകൊണ്ട് ഒരു ദിനപത്രത്തില്‍വന്ന വാര്‍ത്തയാണ് പിന്നീട് കേരളത്തില്‍ രാഷ്ട്രീയഭൂകമ്പത്തിന് കാരണമായത്. വാര്‍ത്തവന്നദിവസംതന്നെ യു.ഡി.എഫ് ചീഫ് വിപ്പ് പി.സി.ജോര്‍ജ് കോട്ടയത്ത് വാര്‍ത്താസമ്മേളനത്തില്‍ ആ മന്ത്രി ഗണേഷ്‌കുമാറാണെന്നും പി.കെ.കുഞ്ഞാലിക്കുട്ടിയേയും പി.ജെ.ജോസഫിനെയും സംശയിക്കാതിരിക്കാനാണ് താനിത് വെളിപ്പെടുത്തുന്നതെന്നും അദ്ദേഹം പറഞ്ഞു. ഇത് അന്ന് കേരളരാഷ്ട്രീയത്തില്‍ ചലനങ്ങള്‍ ഉണ്ടാക്കിയെങ്കിലും പരാതിക്കാര്‍ ഇല്ലാത്തതിനാല്‍ ഈ വിഷയം കൂടുതല്‍ ചൂടേറിയ വിവാദങ്ങളിലേക്ക് പോയില്ല. മാത്രമല്ല നെല്ലിയാംപതി വിഷയത്തില്‍ വനംമന്ത്രി എന്നനിലയില്‍ കുടിയേറ്റമാഫിയയ്‌ക്കെതിരെ താന്‍ സ്വീകരിച്ച ശക്തമായ നിലപാടാണ് പി.സി.ജോര്‍ജിനെകൊണ്ട് ഇത്തരം ആരോപണം ഉന്നയിക്കുന്നതിന് ഇടയാക്കിയതെന്നും ഗണേഷ്‌കുമാര്‍ വെളിപ്പെടുത്തി. എന്നാല്‍ ഗണേഷ്‌കുമാറിന്റെ ഭാര്യ യാമിനിതങ്കച്ചി മന്ത്രി തന്നെ മര്‍ദ്ദിച്ചുവെന്നും ഇനിയും പീഡനം സഹിക്കാനാവില്ലെന്നും ബന്ധം വേര്‍പിരിയണമെന്നും ആഗ്രഹം പ്രകടിപ്പിച്ചുകൊണ്ട് മുഖ്യമന്ത്രിയെ കണ്ടിരുന്നു. അന്ന് അവര്‍ പരാതിയുമായാണ് പോയതെന്നും എന്നാല്‍ മുഖ്യമന്ത്രി പരാതിസ്വീകരിക്കാതെ പ്രശ്‌നം ഒത്തുതീര്‍പ്പിലെത്തിക്കാമെന്നു വാഗ്ദാനം നല്‍കിയെന്നുമാണ് യാമിനി പറയുന്നത്. പിന്നീട് നടന്ന ഒത്തുതീര്‍പ്പ് ചര്‍ച്ചയില്‍ ഗണേഷിന്റെ സ്വത്ത് ഭാഗംവച്ച് മാന്യമായി പിരിയാന്‍ വഴിയൊരുങ്ങിയതാണ്. എന്നാല്‍ കരാറിലെ ചില വ്യവസ്ഥകളോട് യാമിനി അവസാനനിമിഷം വിയോജിച്ചതാണ് പ്രശ്‌നം വഷളാക്കിയതെന്ന് ഗണേഷ്‌കുമാര്‍ പറയുമ്പോള്‍ മറിച്ചാണ് യാമിനിപറയുന്നത്.

തിങ്കാളാഴ്ചരാവിലെ ഗണേഷ്‌കുമാര്‍ ഹര്‍ജിയുമായി കുടുംബകോടതിയിലെത്തിയതോടെയാണ് കാര്യങ്ങള്‍ ആകെ തകിടംമറിഞ്ഞത്. ഉച്ചയ്ക്കുശേഷം യാമിനി വാര്‍ത്താസമ്മേളനത്തില്‍ പൊട്ടിക്കരഞ്ഞുകൊണ്ട് എല്ലാം തുറന്നടിച്ചതോടെ രാഷ്ട്രീയകേരളംമാത്രമല്ല മലയാളികളാകെതന്നെ തരിച്ചിരുന്നു. ഇതിനുപിന്നാലെ രാത്രി എട്ടുമണിയോടെ താന്‍ രാജിവയ്ക്കില്ലെന്നും  തന്നെ ബ്ലാക്‌മെയില്‍ ചെയ്യാനാണ് ശ്രമിക്കുന്നതെന്നും ഗണേഷ് വാര്‍ത്താമാധ്യമങ്ങളോട് പറഞ്ഞു. ഇത് യാമിനിതങ്കച്ചിയെ പ്രകോപിച്ചുവെന്നുവേണം കരുതാന്‍. തുടര്‍ന്ന് അവര്‍ ഗാര്‍ഹികപീഡനംസംബന്ധിച്ച പരാതിയുമായി മ്യൂസിയം പോലീസ് സ്റ്റേഷനില്‍ എത്തി. യാമിനിമര്‍ദ്ദിച്ചുവെന്നുപറഞ്ഞുകൊണ്ട് ഗണേഷും പരാതിനല്‍കി. ഒടുവില്‍ അര്‍ദ്ധരാത്രിയോടടുപ്പിച്ച് മന്ത്രി രാജിവിവരം പ്രഖ്യാപിച്ചു.

ഈ വിഷയത്തില്‍ ഇന്നലെ നിയമസഭയില്‍ പ്രക്ഷുബ്ദ്ധമായ രംഗങ്ങള്‍ അരങ്ങേറിയതിനെതുടര്‍ന്ന് സഭ നിര്‍ത്തിവച്ചെങ്കിലും പിന്നീടും സഭമുന്നോട്ടുകൊണ്ടുപോകാനാകാതെ സഭ പിരിയേണ്ടിവന്നു. ഇന്നും സഭ കുറേക്കൂടി സംഘര്‍ഷഭരിതമായി. സ്പീക്കറുടെ ഇരിപ്പിടത്തിനുചുറ്റുംവരെ പ്രതിപക്ഷാംഗങ്ങള്‍ അണിനിരന്നു. മുഖ്യമന്ത്രിയുടെ രാജി ആവശ്യമാണ് അവര്‍ ഉന്നയിക്കുന്നത്.

ഒരു മന്ത്രിയുടെ വീട്ടുകാര്യം കോടിക്കണക്കിന് മനുഷ്യരുടെ പ്രശ്‌നങ്ങള്‍ ചര്‍ച്ചചെയ്യേണ്ട നിയമസഭക്കുള്ളില്‍ വിഴിപ്പലക്കുന്ന കാഴ്ചയില്‍ ജനാധിപത്യകേരളം ലജ്ജിക്കുകയാണ്. ഈ പ്രശ്‌നം തെരുവിലിട്ട് കടിച്ചുകീറാതെ മാന്യമായി പരിഹരിക്കാന്‍ അവസരങ്ങള്‍ ഉണ്ടായിരുന്നു. ഇതില്‍ ഗണേഷ്‌കുമാറും യാമിനിതങ്കച്ചിയും പ്രശ്‌നത്തില്‍ ഇടപെട്ട മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ളവരും തെറ്റുകാരാണ്. സദുദ്ദേശ്യത്തിന്റെ പേരിലാണെങ്കില്‍പോലും മുഖ്യമന്ത്രി എന്ന നിലയില്‍ തനിക്കുമുമ്പില്‍ എത്തിയ ഒരു പരാതി സ്വീകരിക്കാതെ അത് പരിഹരിക്കാന്‍ ശ്രമിച്ചത് ശരിയാണെന്ന് പറയാനാവില്ല. പരാതിസ്വീകരിച്ചുകൊണ്ടുതന്നെ പ്രശ്‌നത്തിന് മറ്റുതരത്തില്‍ പരിഹാരം ഉണ്ടാക്കാന്‍ ശ്രമിക്കാമായിരുന്നു. അങ്ങനെ ഉണ്ടായിരുന്നെങ്കില്‍ പ്രതിപക്ഷം ഈ വിഷയത്തില്‍ ഉന്നയിക്കുന്ന ആരോപണത്തില്‍ നിന്ന് അദ്ദേഹത്തിന് രക്ഷപ്പെടാന്‍ കഴിഞ്ഞേനെ.

പൊതു പ്രവര്‍ത്തകര്‍ പ്രത്യേകിച്ച് ജനപ്രതിനിധികളും മന്ത്രിമാരുമൊക്കെ വ്യക്തിജീവിതത്തില്‍ പുലര്‍ത്തേണ്ട സംശുദ്ധി ഓര്‍മ്മിപ്പിക്കുന്നതാണ് ഈ സംഭവം. അതുപോലെതന്നെ ഈ പ്രശ്‌നത്തില്‍ യാമിനിതങ്കച്ചി സ്വീകരിച്ച നിലപാടുകളോടും പൂര്‍ണ്ണമായും യോജിക്കാനാവില്ല. പൊതു ജനങ്ങളുടെ മുന്നിലേക്ക് കുടുംബകാര്യം വലിച്ചിടാതെ അവര്‍ക്ക് രമ്യമായ പരിഹാരം തേടാമായിരുന്നു. പതിനഞ്ച് വയസ്സ് പ്രായമുള്ള മകന്റെ മുന്നില്‍വച്ച് ഭര്‍ത്താവിന്റെ ബന്ധങ്ങളെക്കുറിച്ചൊക്കെ വാര്‍ത്താലേഖകര്‍ക്കുമുന്നില്‍ തുറന്നടിച്ചത് ഒരുപക്ഷേ പെട്ടെന്നുണ്ടായ വൈകാരിക ക്ഷോഭംമുലമായിരിക്കാം. പക്ഷേ ഈ സംഭവത്തോടെ യാമിനി സ്വന്തം ജീവിതത്തില്‍ വലിയൊരു ചതിക്കുഴി സ്വയം തീര്‍ക്കുകയായിരുന്നു. ഒരുപക്ഷേ പറഞ്ഞതുമുഴുവന്‍ സത്യമാണെങ്കില്‍ക്കൂടി അതു പൊതുസമൂഹത്തിനുമുമ്പില്‍ വിളമ്പരുതായിരുന്നു. ഭര്‍ത്താവിന്റെ എല്ലാ പീഡനവും സഹിച്ച് കഴിയണമെന്നല്ല ഇതിനര്‍ത്ഥം. ഭാരതീയ സ്ത്രീയടെ ഭാവശുദ്ധി എന്നത് വെറും വാക്കല്ല. ഇത്തരം സന്ദര്‍ഭങ്ങളില്‍ ഒരു സ്ത്രീ എങ്ങനെയാണ് പ്രശ്‌നങ്ങളോട് പ്രതികരിക്കുന്നത് എന്നതിനെ അടിസ്ഥാനമാക്കിയാണ് ഭാരതീയ സ്ത്രീകളുടെ ഭാവശുദ്ധി വെളിപ്പെടുന്നത്. അങ്ങനെയായിരുന്നു കേരളീയരുടെ മനസ്സിലും മക്കളുടെ മനസ്സിലുമൊക്കെ യാമിനിസ്ഥാനം നേടാന്‍. മറിച്ച് സംഭവിച്ചതൊക്കെ താല്‍ക്കാലിക വിജയങ്ങള്‍ക്കേ വഴിവയ്ക്കൂ. പൊതുപ്രവര്‍ത്തകരുടെ ഭാര്യമാര്‍ എങ്ങനെ പ്രതികരിക്കണമെന്നതിനും ഈ പ്രശ്‌നം വലിയൊരു പാഠമാണ്.

കൂടുതല്‍ വാര്‍ത്തകള്‍ - എഡിറ്റോറിയല്‍