ഉരോദര്‍ശനം

April 3, 2013 സനാതനം

തിരുമാന്ധാംകുന്ന് കേശാദിപാദം (ഭാഗം -20)

ജഗദ്ഗുരു സ്വാമി സത്യാനന്ദസരസ്വതി തൃപ്പാദങ്ങള്‍

സത്യാനന്ദസുധാ വ്യാഖ്യാനം : ഡോ.പൂജപ്പുര കൃഷ്ണന്‍ നായര്‍

അതലതല വിതലസുതലങ്ങളും ലോകങ്ങള്‍
അതുല ഗുണ നിര്‍ഗ്ഗുണോരസ്സും തൊഴുന്നേന്‍

ലോകങ്ങള്‍ പതിന്നാലെന്നു പ്രസിദ്ധമാണ്. ഭൂമിമുതല്‍ സത്യലോകംവരെ മുകളിലോട്ടുള്ളവയാണ് യഥാര്‍ത്ഥത്തില്‍ ലോകങ്ങള്‍. ഭൂമിയ്ക്കുതാഴെയുള്ളവ തലങ്ങള്‍ മാത്രമാകുന്നു. ഇവയെല്ലാം ഉണ്ടാകുന്നതും നിലനില്ക്കുന്നതും ശിവനിലാണെന്നറിഞ്ഞുകൊള്ളണം. പ്രകൃതിയുടെ ഗുണങ്ങളായ സത്വം, രജസ്സ്, തമസ്സ് എന്നിവയുടെ ഏറ്റക്കുറച്ചിലനുസരിച്ചാണ് ലോകങ്ങള്‍ വ്യത്യാസപ്പെട്ടിരിക്കുന്നത്. ഭൂലോകത്തിനു മുകളിലേക്കു പോകുന്തോറും സാത്വികഗുണം അനുക്രമം ഏറിവരുന്നു. അതിനാല്‍ രജസ്സും തമസ്സും ആനുപാതികമായി കുറഞ്ഞുപോകുന്നു. സാത്വികഗുണം കണ്ണാടിപോലെ നിര്‍മ്മലമാണ്. അതു ആത്മപ്രകാശത്തിനു ഒരിക്കലും തടസ്സമുണ്ടാക്കുകയില്ല. അതിനാല്‍ ഉപരിലോകങ്ങളിലേക്കു കടക്കുന്തോറും ജ്ഞാനാനന്ദങ്ങള്‍ ഏറിവരുന്നു. ഇതിനുവിപരീതമാണ് തലങ്ങളുടെ അവസ്ഥ. തമോഗുണ പ്രധാനമായ വസ്തുപരതയിലേക്ക് ജീവന്റെ ഇറങ്ങിവരലാണ് അതല വിതല സുതല തലാതല രസാതല മഹാതല പാതാളങ്ങള്‍. തമസ്സ് ഏറിവരുന്നതിനനുസരിച്ച് ജീവന്‍ താഴേക്കുതാഴേക്കു പതിക്കുന്നു. ആലസ്യം, ജഡത, ഭയം, അജ്ഞാനം മുതലായവ തമോഗുണത്തിന്റെ പ്രകൃതങ്ങളാകുന്നു. അതിനാല്‍ തമസ്സ് ഏറിവരുന്തോറും ഈ വകയെല്ലാം വര്‍ദ്ധിച്ചുവരും. അങ്ങനെ വസ്തുപരത പെരുകി ജീവന്റെ സ്ഫുരണം ഉള്ളിലുണ്ടെന്നുപോലും അറിയാന്‍ കഴിയാത്ത അവസ്ഥവന്നു ചേരും. നമുക്കുചുറ്റും കാണുന്ന ജഡപദാര്‍ത്ഥങ്ങളില്‍ ആത്മസ്ഫുരണമുണ്ട്. പക്ഷേ വസ്തുപരതയുടെ ആധിക്യംമൂലം അതുമറഞ്ഞുപോയിരിക്കുന്നു എന്നുമാത്രം.

ഉപരിലോകങ്ങളിലേക്കും അധോലകങ്ങള്‍ അഥവാ തലങ്ങളിലേക്കുമുള്ള ജീവന്റെ ഗതാഗതം ഭൗതികജഗത്തിലെ യാത്രപോലെ ദേശബദ്ധമല്ല. മേല്പറഞ്ഞവിധം ത്രിഗുണങ്ങള്‍ക്കുണ്ടാകുന്ന ഏറ്റക്കുറച്ചിലനുസരിച്ച് ബോധമണ്ഡലത്തില്‍ സംജാതമാകുന്ന അവസ്ഥാവിശേഷങ്ങളാകുന്നു. മുകളിലേക്ക് താഴേക്ക് തുടങ്ങിയപരാമര്‍ശങ്ങളും യഥാക്രമം ഉദാത്തം അഥവാ സാത്വികം അനുദാത്തം അഥവാ രജസ്തമോ ഭൂഷിതം എന്നീ അര്‍ത്ഥങ്ങളെയാണു ആവഹിക്കുന്നത്. അതിനാല്‍ വിവിധ ലോകങ്ങളിലേക്കു ജീവനെ നയിക്കുന്നത് ജീവന്‍ സമാഹരിക്കുന്ന സംസ്‌കാരമാണന്നു വ്യക്തമാണ്. ഭൗതികമായ ജടിലമായ പ്രവൃത്തികള്‍ രജസ്തമസ്സുകളെ വര്‍ദ്ധിപ്പിച്ച് വസ്തുപരതേറ്റി വസ്തുസ്വഭാവ പ്രധാനമായ അധോലോകങ്ങളിലേക്ക് ജീവിനോക്കൂട്ടികൊണ്ടുപോകുന്നു. എന്നാല്‍ ലോകകല്യാണകരമായ നിസ്വാര്‍ത്ഥകര്‍മ്മങ്ങള്‍, നിലവിലുള്ള രജസ്സിനെയും തമസ്സിനെയും ദുര്‍ബലമാക്കി സാത്വികഭാവംകൊണ്ടു ജീവനെ നിറയ്ക്കുന്നു. സാത്വികത ഏറുന്നതിനനുസരിച്ച് ഭാവപ്രധാനമായ ഉപരിലോകങ്ങളിലേക്ക് ജീവന് കടന്നുചെല്ലാനാകുന്നു. ഇക്കൂട്ടത്തില്‍ ഭൂര്‍ഭുവ സ്വര്‍ല്ലോകങ്ങള്‍ ഒരു സമൂഹമാണ്. സ്വര്‍ഗ്ഗലോകംവരെ ഉയര്‍ന്നുചെന്നാലും വീണുപോകാനുള്ള സാദ്ധ്യത കുറയുന്നില്ല. ജീവന്മാര്‍ സ്വര്‍ഗ്ഗാനുഭവം നേടി പുണ്യം ക്ഷയിക്കുമ്പോള്‍ മര്‍ത്ത്യലോകത്തിലേക്കു വീഴുന്നു എന്നു ഉപനിഷത്ത് വ്യക്തമാക്കിയിരിക്കുന്നു. അതിനാല്‍ മഹര്‍ഷിമാര്‍ സ്വര്‍ഗ്ഗലോകംപോലും ആഗ്രഹിക്കുന്നില്ല. സ്വര്‍ഗ്ഗത്തിനപ്പുറം കടന്നാല്‍ മഹര്‍ലോകമായി അവിടെ എത്തിയാല്‍ പിന്നെ താഴത്തേക്കുവരലില്ല അതിനാല്‍ മഹര്‍ലോകമെത്തിയാലേ ഉയര്‍ച്ചക്കു സ്ഥിരതയുണ്ടായെന്നു കരുതാനാകൂ.

ആദ്ധ്യാത്മികസാധന ഓരോരുത്തര്‍ക്കും ആവശ്യമായിത്തീരുന്നത് അതിനാലാകുന്നു. കര്‍മ്മയോഗം, ഭക്തിയോഗം, രാജയോഗം, ജ്ഞാനയോഗം എന്നിങ്ങനെ സാധനാമാര്‍ഗ്ഗങ്ങള്‍ പലതുണ്ട്. ജീവനില്‍ നിക്ഷിപ്തമായിരിക്കുന്ന വസ്തുപരതയുടെ അംശങ്ങളെ പരിഹരിച്ച് ഭാവപരതവളര്‍ത്താന്‍ അവ ഉപയുക്തമാക്കുന്നു.

* കൂടുതല്‍ വിവരങ്ങള്‍ക്ക് പാദപൂജ നോക്കുക.

ബ്രഹ്മചര്യം, ഗാര്‍ഹസ്ഥ്യം, വാനപ്രസ്ഥം, സന്യാസം എന്ന ചതുരാശ്രമവ്യവസ്ഥ ആചാര്യന്മാര്‍ ഏര്‍പ്പെടുത്തിയത് ഇതിനുവേണ്ടിയാണ്. ബാല്യത്തില്‍ ഉപനയനാനന്തരം ബ്രഹ്മചര്യാശ്രമത്തില്‍ പ്രവേശിക്കുന്നു. ജീവിതമെന്തെന്നും എന്തിനെന്നും എങ്ങനെ ജീവിക്കണമെന്നും പഠിക്കുന്നത് അവിടെയാണ്. ഈശ്വരാഭിമുഖമായ ജീവിതമാണ് ബ്രഹ്മചര്യം. അതു കേവലമായ പുസ്തകജ്ഞാനമല്ല. ആചാര്യനോടൊപ്പം പ്രവര്‍ത്തിച്ചും ജീവിച്ചും പഠിക്കലാണ്. അതാണു ഗുരുകുലസമ്പ്രദായം. ജീവിക്കാന്‍ ആരംഭിക്കുന്നതിനുമുമ്പേ ബ്രഹ്മചര്യാശ്രമം പകരുന്ന ജീവിതവിജ്ഞാനം നേടണം. ബ്രഹ്മചര്യാശ്രമം ബാല്യത്തില്‍തന്നെയാകണമെന്നു നിശ്ചയിച്ചത് അതുകൊണ്ടാണ്. പത്തിരുപതുവര്‍ഷക്കാലം ഗുരുവിനോടൊപ്പം ഇങ്ങനെ ജീവിച്ചു വേദശാസ്ത്രാദികള്‍ പഠിച്ച ഒരു യുവാവ് ഒരിക്കലും പ്രസ്തുത സംസ്‌കൃതിയില്‍ നിന്ന് വഴുതിപ്പോവുകയില്ല. അതിനാല്‍ ഗാര്‍ഹസ്ഥ്യവും വാനപ്രസ്ഥവും സന്യാസവും ഈശ്വരാഭിമുഖമായ പ്രവൃത്തിയായിത്തന്നെ മുന്നേറുന്നു. അതിന്റെ ഫലമാണ് ഉപരിലോകപ്രാപ്തി. ഇങ്ങനെ സമ്പൂര്‍ണ്ണമായ പ്രപഞ്ച ദര്‍ശനവും വ്യക്തമായ ജീവിതലക്ഷ്യവും അതുനേടാന്‍ ജീവന്മാരെ പ്രാപ്തരാക്കുന്ന കര്‍മ്മപദ്ധതിയും ഭാരതത്തിനുണ്ടായി. ഇതാണു ഭാരതീയസംസ്‌കാരത്തിന്റെ ആധാരം. സംസ്‌കാരമെന്ന പദത്തിന്റെ അര്‍ത്ഥംതന്നെ ശുദ്ധീകരണമെന്നാണ്. വസ്തുപരതയെ കഴുകിക്കളയുന്നതാണ് ജീവന്റെ ശുദ്ധീകരണം. അതിനുപയോഗപ്പെടുന്നത് പുത്തന്‍ പരിഷ്‌ക്കാരങ്ങളില്‍പ്പെട്ട കള്‍ച്ചറല്ലെന്നും മറക്കാതിരിക്കുക.

നിര്‍ഗ്ഗുണോരസ്സ് പരമാത്മഭാവമാകുന്നു. സത്വരജസ്തമസ്സുകളുടെ സ്പര്‍ശംപോലുമില്ലാത്തതാണു നിര്‍ഗ്ഗുണമായ പരമാത്മാവ്. ഇതിനു വിപരീതമായി സഗുണമാണ് മേല്പറഞ്ഞ പതിന്നാലു ലോകങ്ങള്‍. നിര്‍ഗ്ഗുണമായ പരമാത്മാവില്‍ നിന്നാണ് സഗുണമായ ലോകങ്ങളുണ്ടാകുന്നത്. പക്ഷേ അത് പാലില്‍നിന്നു തൈരുണ്ടാകുന്നത്‌പോലെയുള്ള പരിണാമമല്ല. മറിച്ച് രജ്ജുവില്‍ സര്‍പ്പം കാണപ്പെടുന്നവിധമുള്ളതാണ്. കയറിലെസര്‍പ്പം കാണുന്നയാളിന്റെ മനസ്സിലെ രജോഗുണം പ്രവര്‍ത്തിക്കകൊണ്ടുതോന്നുന്നതാണ്. സമ്പൂര്‍ണ്ണമായ ഇരുട്ടിലും തികഞ്ഞ പകല്‍വെളിച്ചത്തിലും ഈ വിധമൊരു ഭ്രമം ഉണ്ടാവുക സാദ്ധ്യമല്ല. പൂര്‍ണ്ണമായ ഇരുട്ടില്‍ യാതൊന്നും കാണാനാകായ്കകൊണ്ടും പകല്‍വെളിച്ചത്തില്‍ കയറിന്റെ യാഥാര്‍ത്ഥ്യം പ്രകടമായിപ്പോകുന്നതുകൊണ്ടുമാണ് പാമ്പിനെ ആരോപിക്കാന്‍ കഴിയാത്തത്. അതിനാല്‍ തമസ്സുമാത്രമോ സത്വം മാത്രമോ ആയാല്‍ രജസ്സിനു പതിന്നാലു ലോകങ്ങളെ സൃഷ്ടിക്കാനാവുകയില്ലെന്നു നേരത്തേ ഉപപാദിച്ചു. അങ്ങനെ ശിവന്റെ പരമാത്മഭാവത്തിനു യാതൊരു ഭേദവും വരാതിരിക്കേ അതലാദികളായ തലങ്ങളും ഭൂമിതുടങ്ങിയ ലോകങ്ങളും ജീവന് അനുഭവപ്പെടുന്നു. ഉരസ്സ് ഓരോ സമയവും അതുലഗുണവും നിര്‍ഗ്ഗുണവുമാണെന്നു പ്രതിപാദിച്ചിരിക്കുന്നത് അതുകൊണ്ടാണ്. അതുലഗുണമെന്ന വിശേഷണത്തിനു മഹനീയം എന്നും അര്‍ത്ഥം പറയാം. അതും ഇവിടെ യോജിക്കുന്നു. ഉള്ളതെന്നോ ഇല്ലാത്തതെന്നോ രണ്ടും കൂടിച്ചേര്‍ന്നതെന്നോ പറയാന്‍ കഴിയാത്ത അനിര്‍വചനീയമായ മായയാണ് ഇതിനെല്ലാമാസ്പദം. ശിവന്റെ തന്നെ ചൈതന്യമാണു മായയെന്നു നേരത്തേ വിശദീകരിച്ചു. ആചാര്യസ്വാമികള്‍ ഭാഷ്യങ്ങളിലൂടെ സ്ഥാപിച്ചമായാതത്ത്വം ഇവിടെ പ്രകടമായി പ്രകാശിക്കുന്നു.

കൂടുതല്‍ വാര്‍ത്തകള്‍ - സനാതനം