ജഗദ്‌ഗുരു സ്വാമി സത്യാനന്ദസരസ്വതിയുടെ നാലാം മഹാസമാധി വാര്‍ഷികാചരണം 24,25 തീയതികളില്‍

November 16, 2010 കേരളം,ദേശീയം,മറ്റുവാര്‍ത്തകള്‍,രാഷ്ട്രാന്തരീയം

തിരുവനന്തപുരം: വിശ്വവിശ്രുത സംന്യാസിശ്രേഷ്‌ഠനും പണ്ഡിതാഗ്രണിയും
ലോകഹിതകാമിയുമായിരുന്ന പരമപൂജനീയ ജഗദ്‌ഗുരു സ്വാമിസത്യാനന്ദസരസ്വതി തൃപ്പാദങ്ങളുടെ നാലാമത്‌ മഹാസമാധി വാര്‍ഷികാചരണം നവംബര്‍ 24, 25 തീയതികളില്‍ ഭക്തിനിര്‍ഭരമായ ചടങ്ങുകളോടെ ചേങ്കോട്ടുകോണം ശ്രീരാമദാസ ആശ്രമം, ശ്രീരാമദാസമിഷന്‍, ശ്രീരാമദാസമിഷന്‍ യൂണിവേഴ്‌സല്‍ സൊസൈറ്റി എന്നിവയുടെ നേതൃത്വത്തില്‍ ലോകമെമ്പാടും ആചരിക്കുന്നു.
ശ്രീരാമദാസ ആശ്രമത്തില്‍ 24ന്‌ രാവിലെ 5.30ന്‌ ആരാധനയ്‌ക്കുശേഷം അഹോരാത്ര രാമായണപാരായണം ആരംഭിക്കും. 8ന്‌ കഞ്ഞിസദ്യ, 11ന്‌ മഹാസമാധിപൂജ, ഉച്ചയ്‌ക്ക്‌ ഒന്നിന്‌ അമൃതഭോജനം, രാത്രി 8ന്‌ ഭജന, 8.30ന്‌ ആരാധന. വൈകുന്നേരം 5ന്‌ നടക്കുന്ന സ്വാമി സത്യാനന്ദഗുരുസമീക്ഷ ശിവഗിരിമഠം അധ്യക്ഷന്‍ സ്വാമി പ്രകാശാനന്ദ ഉദ്‌ഘാടനം ചെയ്യും. ശ്രീരാമദാസ ആശ്രമം പ്രസിഡന്റ്‌ സ്വാമി ബ്രഹ്മപാദാനന്ദസരസ്വതി അദ്ധ്യക്ഷത വഹിക്കും. മുഖ്യപ്രഭാഷകനായ മാര്‍ഗ്ഗദര്‍ശക മണ്‌ഡലം – കേരള വര്‍ക്കിംഗ്‌ പ്രസിഡന്റ്‌ സ്വാമി പ്രശാന്താനന്ദ സരസ്വതി `സ്വാമിജിയെ അറിയുക’ എന്ന ലഘുജീവ ചിത്രണത്തിന്റെ പ്രകാശനവും നിര്‍വഹിക്കും. ശ്രീരാമദാസ മിഷന്‍ വൈസ്‌ പ്രസിഡന്റ്‌ ബ്രഹ്മചാരി മധു സ്വാഗതം പറയും. മിഷന്‍ ജനറല്‍ സെക്രട്ടറി ബ്രഹ്മചാരി സായിസമ്പത്ത്‌ മംഗളാചരണം നടത്തും.
25ന്‌ വെളുപ്പിന്‌ 3.30ന്‌ ശ്രീരാമപട്ടാഭിഷേകത്തോടെ ചടങ്ങുകള്‍ സമാരംഭിക്കും. 4ന്‌
നിര്‍മ്മാല്യം, രാവിലെ 5.30ന്‌ ആരാധനയും അഹോരാത്ര രാമായണ പാരയണാരംഭവും, 7.30ന്‌ ലക്ഷാര്‍ച്ചന, 8ന്‌ കഞ്ഞിസദ്യ, 9ന്‌ ബ്രഹ്മസൂത്രത്തിലെ ആദ്യത്തെ നാലു സൂത്രങ്ങളെ അധികരിച്ച്‌ വാഴൂര്‍ തീര്‍ത്ഥപാദാശ്രമം മഠാധിപതി സ്വാമി പ്രജ്ഞാനാനന്ദ തീര്‍ത്ഥപാദരുടെ അധ്യക്ഷതയില്‍ നടക്കുന്ന ശാസ്‌ത്രാര്‍ത്ഥ സദസ്സില്‍ പ്രമുഖ വേദാന്ത പണ്‌ഡിതന്‍മാരും സന്യാസി ശ്രേഷ്‌ഠന്‍മാരും പങ്കെടുക്കും. ഉച്ചയ്‌ക്ക്‌ ഒന്നിന്‌ അമൃതഭോജനം, രാത്രി 8ന്‌ ഭജന. 8.30ന്‌  ആരാധനയോടെ സമാധിദിനാചരണം സമാപിക്കുമെന്ന്‌ ജനറല്‍ കണ്‍വീനര്‍ ബ്രഹ്മചാരി ഭാര്‍ഗവരാം അറിയിച്ചു.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം