ഗര്‍ഗ്ഗഭാഗവതസുധ – ശംഖചൂഡവധം

April 4, 2013 സനാതനം

ചെങ്കല്‍ സുധാകരന്‍
23. ശംഖചൂഡവധം
മഹാരാസകഥയ്ക്ക് അനുബന്ധമായി ഒന്നുരണ്ടു കഥകള്‍ കൂടി ശ്രദ്ധേയമായുണ്ട്. അതിലൊന്നാണ് ശംഖചൂഡവധം! മഹാഭാഗവതം ദശമസ്‌കന്ധത്തിലെ 34-ാം അദ്ധ്യായത്തില്‍, അതിന്റെ അവസാനഭാഗത്തുമാത്രം, സൂചിതമായിട്ടുള്ള ശംഖചൂഡകഥ, ഗര്‍ഗ്ഗഭാഗവതം 24-ാം അധ്യായത്തില്‍ (വൃന്ദാവന ഖണ്ഡത്തിലെ 24-ാം അദ്ധ്യായത്തില്‍) സവിസ്തരം പ്രതിപാദിച്ചിരിക്കുന്നു.

KK1-SLIDERരാസലീലാമഗ്നരായ ശ്രീകൃഷ്ണഭഗവാനും ഗോപികമാരും വസന്തകോമളിമ നിറഞ്ഞ താലജംഘവനത്തിലേക്കു പോയി. കുസുമഫലസഹിതങ്ങളായ വൃക്ഷലതാജാലങ്ങല്‍ നിറഞ്ഞ താലജംഘവനത്തില്‍ ഉല്ലസിച്ചശേഷം അവര്‍, മഹാപുണ്യവനത്തിലേക്കു പോയി. അവിടെയും ഭഗവാന്‍ രാധാസമേതം, ഗോപികമാരുമൊത്ത് ലീലകളില്‍ മുഴുകി. ആ സന്ദര്‍ഭത്തില്‍ ‘ശംഖചൂഡോ നാമ ധനദാനുചരോബലി’ (കുബേരാനുചരനായ ശംഖചൂഡനെന്ന ബലവാന്‍) അവിടെയെത്തി.

ഈ യക്ഷന്‍ ദുര്‍മദവീര്യവാന്‍ ആയിരുന്നു. ഗദായുദ്ധത്തില്‍ തനിക്കു സമനനായാരുമില്ലെന്ന് ഊറ്റം കൊണ്ടിരുന്നു. യുദ്ധവീരനും ഗദായുദ്ധവിദഗ്ധനുമായ കംസനെപ്പറ്റി കേട്ടറിഞ്ഞ് ശംഖചൂഡന്‍, മധുരയിലെത്തി. കംസനെ ഗദായുദ്ധത്തിനായി ക്ഷണിച്ചു. പരസ്പരയുദ്ധത്തില്‍ തോല്ക്കുന്ന ആള്‍ ജേതാവിന്റെ ദാസനാകണമെന്ന കരാറിന്മേല്‍ യുദ്ധമാരംഭിച്ചു. ഇരുവരും അക്ഷീണം യുദ്ധം തുടര്‍ന്നു. ആരും തോല്ക്കുന്നമട്ടില്ല. ഗദാഘട്ടനശബ്ദം ദിഗന്തങ്ങളില്‍ മുഴങ്ങി. മല്ലന്മാരുടെ ഗര്‍ജ്ജനം ഇടിനാദംപോലെ കേള്ക്കായി. ഗദകള്‍ കൂട്ടിയിടിച്ച് തീ പാറി. ശത്രു ക്ഷീണിക്കാത്തതില്‍ ഇരുവര്‍ക്കും അത്ഭുതമായി. തുടര്‍ന്ന, മുഷ്ടിയുദ്ധമാരംഭിച്ചു. കംസന്‍ ശംഖചൂഡനെ നൂറുയോജന മേല്‌പോട്ടെറിഞ്ഞു. സ്വനില വീണ്ടെടുത്ത യക്ഷന്‍ കംസനെ പതിനായിരം യോജന ദൂരേക്കെറിഞ്ഞു. ഭൂമിയെത്തന്നെ കിടിലം കൊള്ളിച്ച ഈ മല്ലയുദ്ധം കലാശിക്കുന്നില്ലെന്നു കണ്ട് ഗര്‍ഗ്ഗാചര്യര്‍ അവിടെ ചെന്നു. മാമുനിയെ രണ്ടുപേരും വണങ്ങി. അദ്ദേഹം കംസ-ശംഖചൂഡന്മാരെ സമാധാനിപ്പിച്ചു.

ശ്രീഭഗവാനല്ലാതെ മറ്റാര്‍ക്കും അവരെ കൊല്ലാനാകില്ലെന്ന സത്യം അറിയിച്ചു. തമ്മില്‍ സൗഹൃദപൂര്‍വ്വം കഴിയാനുപദേശിച്ചു. സമ്മതിച്ച യക്ഷനും കംസനും അന്നുമുതല്‍ സുഹൃത്തുക്കളായി. ശംഖചൂഡന്‍, കംസന്റെ അനുമതിയോടെ സ്വസ്ഥാനത്തേക്കു മടങ്ങി. ആ മടക്കയാത്രയില്‍ യക്ഷന്‍ വൃന്ദാവനത്തിലെ രാസഗാനം കേട്ടു. താളമേളാന്വിതഗാനം കേട്ടിലത്തേക്ക് – രാസമണ്ഡലിയിലേക്ക് – യക്ഷേന്ദ്രന്‍ എത്തി.
നന്ദകിശോരനായ കൃഷ്ണന്റെ ചുറ്റും നിന്ന് ഗാനമാലപിക്കുന്ന, നൃത്തം ചെയ്യുന്ന, ഗോപികമാരുടെ സൗന്ദര്യം സംഖനെ ആകര്‍ഷിച്ചു.

കരിമ്പുലിയുടെ മുഖവും നീട്ടിയ നാവും നെടും പനയ്‌ക്കൊത്ത ഉയരവുമുള്ള ആകൃതി പൂണ്ട്, അവന്‍ ഗോപികമാരുടെ അടുക്കലെത്തി. ഭീതരായ ഗോപികമാര്‍ നാലുഭാഗത്തേക്കും ചിതറിയോടി. ആ നീചാഗ്രണി ഹാ! ഹാ! എന്നു നിലവിളിക്കുന്ന ഗോപവനിതകളെ കൂടുതല്‍ ഭയചകിതരാക്കി. അവന്‍ ശതചന്ദ്രാനന എന്ന ഗോപികയേയും എടുത്തുകൊണ്ട് ഉത്തരദിക്കിലേക്കു ഓടി.

‘രുദന്തിം കൃഷ്ണ കൃഷ്‌ണേതി
ക്രോശന്തീം ഭയവിഹ്വലാം
തമധ്വധാവന്‍ ശ്രീകൃഷ്ണഃ
ശാലഹസ്‌തോ രുഷാ ഭൃശം’
(ഭയപ്പെട്ട് കൃഷ്ണ കൃഷ്‌ണേതി വിലപിക്കുന്ന ഗോപികയേയും കൊണ്ടോടുന്ന ശംഖന്റെ പിന്നാലെ, ഒരു വലിയ പനയേയും പിഴുതെടുത്തുകൊണ്ട് ശ്രീകൃഷ്ണനും ഓടിചെന്നു). ജീവനില്‍ കൊതിയുള്ള ആ യക്ഷന്‍ പാഞ്ഞെത്തുന്ന ശ്രീകൃഷ്ണനെക്കണ്ടു ഭയന്നു. അയാള്‍ ഗോപികയേയും ഉപേക്ഷിച്ച് അതിവേഗം ഓടി. അവന്‍, എങ്ങോട്ടെല്ലാം പോയോ അവിടെയെല്ലാം പനയും കൈയിലെടുത്തു കൊണ്ടു കൊല്ലാനടുക്കുന്ന കൃഷ്ണനെക്കണ്ടു. ശംഖചൂഡന്‍ ഭയന്നു വിറച്ചുപോയി.

യക്ഷന്‍ ഓടിയോടി ഹിമാലയസാനുവിലെത്തി. ഒരു പന പുഴുക്കിയെടുത്തുകൊണ്ട് യക്ഷന്‍, കൃഷ്ണനുമായി ഏറ്റുമുട്ടി. ചീറിയടുക്കുന്ന ശംഖചൂഡനെ ഭഗവാന്‍, തന്റെ കൈയിലിരുന്ന പനകൊണ്ടെറിഞ്ഞു. ‘തേനാഘാതേന പതിതോവൃക്ഷോ വാതഹതോ യഥാ’ (കാറ്റടിയേറ്റു ചുവടറ്റ വന്മരം പോലെ അവന്‍ മറിഞ്ഞുവീണു.) എഴുന്നേറ്റ്, കൃഷ്ണനെ മുഷ്ടികളാല്‍ പ്രഹരിച്ചു. ദിക്കുകള്‍ നടുങ്ങുമാറ് ഉച്ചത്തിലലറി. ഉടന്‍ ശ്രീകൃഷ്മന്‍ അവനെ ചുഴറ്റിയെടുത്ത് ആകാശത്തേക്കുയര്‍ത്തി. എന്നിട്ട് ഭൂമിയിലാഞ്ഞടിച്ചു. ശംഖന്‍ തിരിച്ചും അതേ നാണയത്തില്‍ മറുപടി നല്‍കി. യുദ്ധം മുറുകി. ഭൂമണ്ഡലം വിറച്ചു. അപ്പോള്‍ ശ്രീകൃഷ്ണന്‍, ‘മുഷ്ടിനാ തച്ഛിരച്ഛിത്വ തസ്മാച്ചുഡാമണിം ഹരിഃ’ (ശംഖനെ നിലത്തുവീഴ്ത്തിയ ശ്രീകൃഷ്ണന്‍ തന്റെ കൈകൊണ്ട് അവന്റെ ശിരസ്സ് നുള്ളിയെടുത്തു).

അവന്റെ ശരീരത്തില്‍ നിന്ന് ഒരു ജ്യോതിസ്സ് പുറത്തേക്കുവന്ന് ശ്രീകൃഷ്ണനഭഗവാനില്‍ ലയിച്ചു. ഭഗവാന്‍ ചന്ദ്രാനനയുമൊത്ത് രാസമണ്ഡലത്തിലെത്തി. ശംഖിനില്‍ നിന്ന് കരസ്ഥമാക്കിയിരുന്ന ശിരോരത്‌നം ചന്ദാരനനയ്ക്കുതന്നെ നല്‍കി. തുടര്‍ന്നും ഗോപികളൊത്ത് രാസത്തില്‍ മുഴുകി.

ഭാഗവതകഥകളെല്ലാം ഭക്തിമാഹാത്മ്യം വിശദമാക്കുന്നവയാണ്. ഈശ്വരാദരം കൊണ്ട് സ്വയം സമര്‍പ്പിതരായിക്കഴിയുന്നവരാണ് ഭക്തന്മാര്‍! എന്നാല്‍ വിപരീതരീതിയില്‍ പ്രവര്‍ത്തിക്കുന്നവരും ഈശ്വരപദം പ്രാപിക്കാറുണ്ട്. അക്കൂട്ടത്തിലൊരാളാണ് ശംഖചൂഡന്‍! സദ്ഭാവത്തിലോ കുഭാവത്തിലോ എങ്ങനെയായാലും ഈശ്വരനെ പ്രാപിക്കുന്നയാള്‍ മുക്തനാകാതെ വരില്ല! ശിശുപാലന്‍, ദന്തവക്രതന്‍, കംസന്‍ തുടങ്ങിയവരുടെ കഥകള്‍ ഈ തത്ത്വം പ്രപഞ്ചനം ചെയ്യുന്നു.

ശരീരഭാവംകൊണ്ട് അഹംകൃതനായിരുന്നു ശംഖചൂഡന്‍! തനിക്കൊത്ത മല്ലന്മാരാരുമില്ലെന്ന ഭാവം അയാളെ മദോന്മത്തനാക്കി. ആരേയും വെല്ലുവിളിച്ച് ദ്വന്ദ്വയുദ്ധത്തിലേര്‍പ്പെടത്തക്കവിധം അതു വളര്‍ന്നു. ആ വഴിയിലൂടെയാണ് കംസനുമായി ബന്ധപ്പെട്ടത്. അവര്‍ പരസ്പരം ബലം പരീക്ഷിച്ചറിഞ്ഞ് സൗഹൃദത്തിലായി.

ശരീരമദത്തിന്റെ പര്യായമാണ് ശംഖചൂഡന്‍! അഹങ്കാരം വര്‍ദ്ധിക്കുമ്പോള്‍ ഈശ്വരചിന്ത കുറയും. തനിക്കൊത്ത ഒരാളില്ലെന്ന വിചാരം കൂടും. ആരേയും എതിര്‍ക്കാന്‍ കൈ തിരിക്കും. ‘പരിലെന്നെയിന്നാരറിയാതവര്‍’ എന്ന ഭാവത്തോടെ ലോകം ചുറ്റും. ഒടുവില്‍ തുല്യ (അധിക) ബലശാലിയോടേറ്റുമുട്ടും പരനോടു തോല്‍ക്കുന്ന പക്ഷം എല്ലാം അടിയറച്ച് കീഴ്‌പ്പെടും. അതാണ് തോല്‍ക്കുന്നയാള്‍ ജേതാവിന്റെ ദാസനാകണെന്ന വ്യവസ്ഥയുടെ വ്യംഗ്യം. കൃഷ്ണാര്‍ജ്ജുന യുദ്ധം പോലെ (തുള്ളലിലെ) ഇരുവരും തോറ്റില്ല. ഗര്‍ഗ്ഗാചാര്യരുടെ മദ്ധ്യസ്ഥതയില്‍ ശംഖ-കംസന്മാര്‍ സഖ്യത്തിലായി. ചേരേണ്ടതില്‍ ചേര്‍ച്ച!

ബലവാനായ ബന്ധുവുണ്ടായാല്‍ സാധാരണക്കാര്‍പ്പോലും മദിക്കും. മദോന്മത്തിന്റെ കാര്യം പറയാനുമില്ല! അവന്‍, മര്യാദ എന്ന പെരുമാറ്റസീമ മറന്നുപോകും. കംസന്‍ സഖിയായതോടെ സംഖചൂഡന്‍ എന്തും ചെയ്യാന്‍ മടിക്കാത്ത ക്രൂരനായി. അതാണ് ശതചന്ദ്രാനനാ ഹരണം! കംസന്നടുക്കല്‍ നിന്നുള്ള മടക്കയാത്രയിലാണല്ലോ രാസഗാനം കേള്‍ക്കാനിടയായത്! ആ ദിവ്യഗീതത്തില്‍ ചരാചരങ്ങള്‍ – അചേതനങ്ങള്‍പോലും – ആനന്ദലയം കൊണ്ടു. പക്ഷേ, ശംഖന് ഗോപികമാരുടെ ഗാനമാധുരിയും രൂപസൗകുമാര്യവുമാണ് അവിടെ അനുഭവിപ്പിക്കാന്‍ ഇടയായത്. ശതചന്ദ്രാനനയുടെ സൗന്ദര്യം അയാളെ മാത്തുപിടിപ്പിച്ചു.

ദുര്‍വ്വാരമായ അഹങ്കാരത്തിന് ദിവ്യത്വത്തോട്, ദേവഭാവത്തിനോട് നേരിട്ടുനില്‍ക്കാന്‍ കഴിയുകയില്ല. അതാണ് ശ്രീകൃഷ്ണനോട് നേരിട്ടെതിര്‍ക്കാതെ ശതചന്ദ്രാനനയേയും കട്ട്, ആ യക്ഷന്‍ ഓടിക്കളഞ്ഞത്. ഗോപികയാകട്ടെ, ഈശ്വരാര്‍പ്പണഭാവത്തോടെ രാസത്തില്‍ മഗ്നയായ ഭക്തയായിരുന്നു. ‘ത്വമേവ ശരണം മമ’ എന്ന ഭാവത്തില്‍ കഴിയുന്ന ഭക്തരെ ‘ഭക്തപരായണനായ നാരായണനേ’ രക്ഷിക്കാന്‍ കഴിയൂ. ‘അഹം ത്വാ സര്‍വപാപേഭ്യോ മോക്ഷയിഷ്യാമി മാ ശുച’ എന്ന വാഗ്ദാനവുമായി നില്‍ക്കുന്ന ഭഗവാന് കണ്ടില്ലെന്നുനടിക്കുവാനാകില്ലല്ലോ? ഭക്തനോടു കാട്ടുന്ന ദുര്‍ന്നീതി ഭഗവാന്‍ പൊറുക്കുകയില്ല. അംബരീക്ഷരക്ഷയ്ക്കായി ദുര്‍വ്വാസാവിനു നേരേ സുദര്‍ശനമയച്ച ഭഗവാനെ ഇവിടെ സ്മരിക്കേണ്ടതാണ്. ‘ഭക്തനാമതിഥിക്കദ്ധ്വശ്രമം കളയുവാന്‍പോലും വ്യഗ്രിതനാകുന്ന ഭഗവാന്‍,’ തന്റെ നേര്‍ഭക്തയ്ക്കുണ്ടായ വിപത്ത് പൊറുക്കുമോ? ഇല്ല, തീര്‍ച്ച! അതിനാലാണ് ശ്രീകൃഷ്ണന്‍ സാലവും പിഴുതെടുത്ത് ശംഖനു പിന്നാലെ ഓടിയത്. ബലവാന്റെ നിശ്ചയദാര്‍ഢ്യം തന്നെയാണ് ആ സാലം! ശത്രുവിനെ നശിപ്പിച്ച് ഭക്തത്രാണപരായണത്വം സാര്‍ഥകമാക്കുമെന്ന ദൃഢനിശ്ചയം!

അസാധാരണയുദ്ധമായിരുന്നു ശംഖചൂഡനും ശ്രീഭഗവാനും തമ്മിലുണ്ടായത്. അതാവിധം മാത്രമേ വരൂ. ശരീരമദം മൂത്ത ഒരാള്‍ തന്റെ ആര്‍ജ്ജിതസുഖം നഷ്ടമാകാതിരിക്കാന്‍ ഏതു മാര്‍ഗ്ഗം സ്വീകരിക്കും. അതുകൊണ്ടാണ് ശംഖന്‍, ഇന്ദ്രിയപ്രീണനാര്‍ത്ഥം താന്‍ അപഹരിച്ച ശതചന്ദ്രാനനയെ വിട്ടുകൊടുത്തത്. ഭഗവാനും മറ്റൊരുതരം വാശിയിലാണ്. ‘അന്യഥാ ശരണം നാസ്തി’ എന്ന ഭാവത്തില്‍ സ്വയം സമര്‍പ്പിതയായ ഭക്തയെ ഉപേക്ഷിക്കുകയില്ലെന്ന വാശി. വന്‍ വിപത്തുവന്നപ്പോള്‍ (ശംഖന്‍ അപഹരിച്ചത്) ചന്ദ്രാനന ‘കൃഷ്ണ കൃഷ്‌ണേതി’ രോദനം ചെയ്യുകയായിരുന്നു. ഇത്തരം സന്ദര്‍ഭങ്ങളില്‍ നാമജപപൂര്‍വ്വം ഭഗവാനെ ശരണം പ്രാപിക്കാനേ ഭക്തര്‍ക്ക് സാധിക്കുകയുള്ളൂ. അപ്പോള്‍പ്പിന്നെ ഭക്തരുടെ യോഗക്ഷേമം വഹിക്കേണ്ട കൃഷ്ണന്‍ ശംഖനെ നശിപ്പിക്കാതിരിക്കുമോ?

അനിച്ഛാപൂര്‍വ്വം സ്പര്‍ശിച്ചാലും അഗ്നി ദഹിപ്പിക്കുമെന്നാണല്ലോ ചൊല്ല്? (അനിച്ഛയാ തു സംസ്പൃഷ്‌ടോ ദഹത്യേവ ഹി പാവകഃ) അപ്രകാരം, ഏതു ഭാവത്തില്‍ സമീപിച്ചാലും, ഈശ്വരന്‍, വ്യക്തിയെ സ്വീകരിക്കുകതന്നെ ചെയ്യും. മാര്‍ഗ്ഗം വ്യത്യസ്തമായിരിക്കുമെന്നുമാത്രം. കൃഷ്ണനാമജാലങ്ങളെ ജപിച്ചുകൊണ്ട്  ദൂരെ നിന്നുവരുന്ന കുചേലനെ, ദൂരെക്കണ്ടപ്പോള്‍ത്തന്നെ, ശ്രീകൃഷ്ണന്‍ ഏഴാം മാളികയില്‍ നിന്നിറങ്ങിച്ചെന്ന് ‘മാറത്തുണ്മയോടു ചേര്‍ത്തു ഗാഢം പുണര്‍ന്നു! മദം ശമിച്ചു, ഹൃദയകുസുമദലങ്ങള്‍ അര്‍പ്പിച്ച്, സമാശ്രയിച്ചപ്പോള്‍ ‘നക്രം ചക്രേണ കൊന്നക്കരിവരന് സായൂജ്യമേകി മുകുന്ദന്‍!’ ഇങ്ങനെയുള്ള  ലീലകലവികള്‍ പലതുണ്ട് ശ്രീനാഥന്. തന്റെ മുമ്പില്‍ നില്‍ക്കാതെ ഓടിയെങ്കിലും, വിപരീതഭാവത്തിലാണെങ്കിലും, തന്നെ സമീപിച്ച സംഖചൂഡനെ വെറുതെ വിടാന്‍ പാടില്ലെന്ന് ഭഗവാന്‍ കരുതി. അത് ഭക്തിയുടെ മറ്റൊരു സവിശേഷമുഖം!

വിദ്വേഷഭാവത്തിലായാലും സാമീപ്യം ക്രമേണ സായൂജ്യത്തിലെത്തിക്കും. ശംഖനെ വധിച്ചപ്പോള്‍ അവന്റെ ഉള്ളില്‍ നിന്ന് പുറപ്പെട്ട ജ്യോതിസ്സ് ഭഗവാനില്‍ ലയിച്ചതായി കഥയിലുണ്ട്. സര്‍വ്വഭൂതാന്തരസ്ഥിതനാണല്ലോ ഈശ്വരന്‍ ! ഭൂതജാലങ്ങളുടെ തത്കാലവസതിയായ ക്ഷേത്രം (ഇദം ശരീരം കൗന്തേയ ക്ഷേത്രമിത്യഭിധീയതേ) വീഴുമ്പോള്‍ ആന്തരശക്തി ഈശ്വരനില്‍ ലയിക്കുകയെന്നത് സ്വാഭാവികം മാത്രം! അതോടെ ഭക്തന്‍ സംസാരമറ്റ് വിലയം പ്രാപിക്കുന്നു. ശംഖന് സംഭവിച്ചതും അതുതന്നെ.

യുദ്ധത്തില്‍ ശംഖനെ അടിച്ചുവീഴ്ത്തിയ കൃഷ്ണന്‍ അവന്റെ ശിരസ്സ് നുള്ളിയെടുത്തു. അപ്പോഴാണ് ശരീരാന്തര്‍ഗ്ഗതതേജസ്സ് ബഹിര്‍ഗ്ഗമിച്ചതും ഭഗവാങ്കല്‍ ലയിച്ചതും. ശിരസ്സിന് ഉത്തമാംഗം എന്നാണു പേര്! ശരീരാവയവങ്ങളില്‍ മുഖ്യമായതും ശിരസ്സാണ്. എല്ലാത്തരം ചിന്തകളും ശിരസ്സിലാണ് നടക്കുന്നത്. ദുഷ്ടമോ ശിഷ്ടമോ ഏതായാലും. ശംഖചൂഡന് അത്, ആദ്യത്തേതുമായിരുന്നു. കാറ്റിനാലഗ്നിയെന്നപോലെ ശരീരമദത്താല്‍ പ്രോജ്ജ്വലത്തായ ദൗഷ്ട്യം അവന് അത്യധികമായിരുന്നു. ഭഗവാനെ വിപരീതഭാവത്തിലണഞ്ഞവനാണെങ്കിലും, ശംഖനെ സ്വധാമം പൂകിക്കാതിരിക്കുവാന്‍ ഭഗവാന് കഴിയുകയില്ല!
—————————————————————————————————————————-
ഗ്രന്ഥകര്‍ത്താവിനെക്കുറിച്ച്:-

ചെങ്കല്‍ സുധാകരന്‍
1950 മാര്‍ച്ച് ഏഴാം തീയതി നെയ്യാറ്റിന്‍കര താലൂക്കിലെ ചെങ്കല്‍ ദേശത്ത് കുറ്ററക്കല്‍ വീട്ടില്‍ ജനനം. പരേതരായ ആര്‍.ഗോവിന്ദപ്പിള്ളയും വി.ഭാര്‍ഗവി അമ്മയും അച്ഛനമ്മമാര്‍. കേരള സര്‍വകലാശാലയില്‍ നിന്നും മലയാളസാഹിത്യത്തില്‍ എം.എ, എം.ഫില്‍, ബിഎഡ് ബിരുദങ്ങള്‍ നേടി. ചേര്‍ത്തല എന്‍.എന്‍.എസ് കോളേജിലും വിവിധ സര്‍ക്കാര്‍ കലാലയങ്ങളിലും ജോലി ചെയ്തു. 2005 മാര്‍ച്ചില്‍ തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജില്‍ അധ്യാപകനായി വിരമിച്ചു. ഇപ്പോള്‍ ഏറ്റുമാനൂരപ്പന്‍ കോളേജിലെ മലയാളവിഭാഗത്തില്‍ ജോലിചെയ്യുന്നു. അഗ്രപൂജ എന്നപേരില്‍ ഒരു കാവ്യം പ്രസിദ്ധീകരിച്ചിട്ടുണ്ട്. മലയാളത്തിലെ ആനുകാലികങ്ങളില്‍ കവിതകളും ലേഖനങ്ങളും പ്രസിദ്ധീകരിച്ചു വരുന്നു.

തിരുവനന്തപുരം സര്‍ക്കാര്‍ കോളേജിലെ ചരിത്രവിഭാഗം അധ്യാപികയായിരുന്ന ഡോ.ആര്‍ .അയിഷ ,ഭാര്യ. മക്കള്‍ : മാധവന്‍ , ഗായത്രി.

വിലാസം: ഗായത്രി, ടി.സി. 6/199 – 7, സൗപര്‍ണ്ണികാ ഗാര്‍ഡന്‍സ്, നേതാജി റോഡ്,വട്ടിയൂര്‍ക്കാവ്, തിരുവനന്തപുരം – 695 013,

മൊബൈല്‍: 9447089049

പ്രസാധകക്കുറിപ്പ്:-
വ്യാസമഹാഭാരതവും മഹാഭാഗവതവും പോലെ അത്ര പ്രചാരമുള്ള ഒരു കൃതിയല്ല ഗര്‍ഗ്ഗഭാഗവതം. ഈ കൃതി ഗര്‍ഗ്ഗാചാര്യനാല്‍ വിരചിതമായി എന്ന് വിശ്വസിക്കപ്പെടുന്നു. ഗര്‍ഗ്ഗഭാഗവതകഥകളും അവയ്ക്കുള്ള ശ്രീ.ചെങ്കല്‍ സുധാകരന്റെ നിരീക്ഷണവുമാണ് ഗര്‍ഗ്ഗഭാഗവതസുധ ഒന്നാംഭാഗം എ്ന്ന ഈ കൃതി. ഞങ്ങള്‍ പ്രസിദ്ധീകരിക്കുന്ന ശ്രീ.ചെങ്കല്‍ സുധാകരന്റെ ആദ്യ കൃതിയാണിത്. ഈ കൃതിയുടെ പാരായണത്താല്‍ ഓരോ ഭക്തന്റെയും മനസ്സ് ശ്രീകൃഷ്ണലീലകളിലൂടെ കടന്ന് അഷ്ടരാഗവിമുക്തനായി പരമാനന്ദമനുഭവിക്കട്ടെ എന്ന് ഞങ്ങള്‍ ആശിക്കുന്നു.

കൃഷ്ണഭക്തകേരളം ഈ കൃതിയേയും അതിന്റെ മൂല്യത്തെപ്രതി സ്വീകരിക്കുമെന്ന പ്രതീക്ഷയോടെ,

മാളുബന്‍ പബ്ലിക്കേഷന്‍സ്

ഗര്‍ഗ്ഗഭാഗവതസുധ -ഭാഗം 1 സമ്പൂര്‍ണ്ണ ഗ്രന്ഥത്തിന് എഴുതുക:-

MaluBen Publications
Arayoor P.O., (via) Amaravila
Thiruvananthapuram – 695 122
Mobile: 98469 98425
email: malubenpublications@gmail.com

കൂടുതല്‍ വാര്‍ത്തകള്‍ - സനാതനം