സംയോജിത മത്സ്യവികസന പദ്ധതിയ്ക്ക് 28.15 കോടി അനുവദിച്ചു

April 4, 2013 കേരളം

തിരുവനന്തപുരം: കേരള സര്‍ക്കാര്‍ ദേശീയ സഹകരണ വികസന കോര്‍പ്പറേഷന്റെ (എന്‍.സി.ഡി.സി.) ധനസഹായത്തോടെ മത്സ്യഫെഡു വഴി നടപ്പിലാക്കുന്ന സംയോജിത മത്സ്യ വികസന പദ്ധതിയിലെ, 31.34 കോടി രൂപ അടങ്കല്‍ തുകയുളള പദ്ധതിയ്ക്ക് സര്‍ക്കാര്‍ വിഹിതമായ 28.15 കോടി രൂപ അനുവദിച്ചതായി ഫിഷറീസ്-തുറമുഖ മന്ത്രി കെ.ബാബു അറിയിച്ചു.

മത്സ്യതൊഴിലാളി സഹകരണ സംഘങ്ങളിലെ അംഗങ്ങളായ മത്സ്യതൊഴിലാളികള്‍ക്ക് മത്സ്യബന്ധനോപകരണങ്ങള്‍, ഉപകരണ സുരക്ഷ പ്രീമിയം, സംഘങ്ങള്‍ക്ക് മത്സ്യലേലത്തിന് പ്രവര്‍ത്തന മൂലധനം പ്രാഥമിക സംഘത്തിനും മത്സ്യഫെഡു ജില്ലാ ഓഫീസുകള്‍ക്കും-ഓഫീസിനും ഗോഡൌണിനുമുളള ധനസഹായം പുരുഷ മത്സ്യക്കച്ചവടക്കാര്‍ക്ക് മത്സ്യകച്ചവട വായ്പ, എക്സ്റന്‍ഷനും ട്രെയിനിംഗും, പദ്ധതി നിര്‍വ്വഹണം എന്നിവയാണ് ഈ പദ്ധതിയുടെ ഘടകങ്ങള്‍. ആകെ 31.34 കോടി രൂപാ അടങ്കല്‍ തുകയുളള പദ്ധതിയ്ക്ക് സര്‍ക്കാര്‍ വിഹിതമായി 16.33 കോടി രൂപ വായ്പയും 6.87 കോടി രൂപ സബ്സിഡിയും 4.95 കോടി രൂപ ഓഹരിയിനത്തിലുമായി ആകെ 28.15 കോടി രൂപയാണ് അനുവദിച്ചത്.

ഈ പദ്ധതി നടപ്പിലാക്കുന്നതു വഴി ഏകദേശം 4000 ത്തോളം പരമ്പരാഗത മത്സ്യതൊഴിലാളികള്‍ക്ക് ധനസഹായം ലഭിക്കുമെന്ന് മന്ത്രി കെ.ബാബു അറിയിച്ചു.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം