ഭൂതപരിവര്‍ത്തനം

April 5, 2013 ഗുരുവാരം,പാദപൂജ

ഗുരുനാഥനായ ബ്രഹ്മശ്രീ നീലകണ്ഠഗുരുപാദരെക്കുറിച്ച് ജഗദ്ഗുരു സ്വാമി സത്യാനന്ദ സരസ്വതി തൃപ്പാദങ്ങള്‍ രചിച്ച പാദപൂജ എന്ന ഗ്രന്ഥത്തില്‍ നിന്ന്.

ഈശ്വരന്റെ ബ്രാഹ്മിയെന്നറിയപ്പെടുന്ന വിക്ഷേപശക്തി അനന്തമായ അവ്യക്തഭൂതങ്ങളെയും മഹദ്ഭൂതങ്ങളെയും സൃഷ്ടിക്കുന്നു. അപ്പോള്‍ അവയുടെ സൂക്ഷ്മമാത്രകളിലേയ്ക്ക് ഈശ്വരന്റെ വൈഷ്ണവീശക്തിപ്രവഹിക്കും. വൈഷ്ണവീശക്തിയാണ് മഹാഭൂതമാത്രകളെ സംയോജിപ്പിക്കുന്നത്. മഹാഭൂതമാത്രകളാല്‍ വൈഷ്ണവീശക്തി ആവരണം ചെയ്യപ്പെടുന്നതിനാലാണ് ഇതിനെ ആവരണശക്തി എന്നു പറയുന്നത്. വൈഷ്ണവീശക്തിയുടെ ബന്ധംകൊണ്ട് ഭൂതമാത്രകള്‍ ചൈതന്യവത്തായിത്തീരുന്നു. ജീവാത്മാവിന്റെ ശരീരരൂപീകരണത്തിന് ഈ ഭൂതമാത്രകളാണ് ഉപയുക്തമാകുന്നത്. ജീവാത്മാവിന്റെ വികാരാനുസൃതമായ സ്പന്ദനങ്ങള്‍കൊണ്ടാണ് ശരീരരൂപീകരണം സംഭവിക്കുന്നത്. വൈഷ്ണവീശക്തിയുമായി താദാത്മ്യം പ്രാപിച്ചു കിടക്കുന്ന ഭൂതമാത്രാ സഞ്ചയത്തെയാണ് തത്ത്വമെന്നു വിളിക്കുന്നത്. ഭൂതമാത്രകളില്‍ പ്രവേശിക്കുന്ന വൈഷ്ണവീശക്തി ഒരു മഹാമന്വന്തരകാലഘട്ടത്തിനുശേഷം മാത്രമേ അതിലും സ്ഥൂലമായ അടുത്ത ഭൂതമാത്രകളില്‍ പ്രവേശിക്കുകയുള്ളു. വൈഷ്ണവീശക്തി തേജോഭൂതമാത്രകളില്‍ പ്രവര്‍ത്തിക്കുന്നതുവരെ തത്ത്വമെന്നുവിളിക്കപ്പെടുന്ന ഭൂതമാത്രാസഞ്ചയം സര്‍വപ്രപഞ്ചവ്യൂഹങ്ങൡും സാമാന്യങ്ങളായി (ഓരോന്നിനും പ്രത്യേകം പ്രത്യേകം വാസനാശക്തിവിശേഷമില്ലാതെ) വര്‍ത്തിക്കുന്നു.

വൈഷ്ണവീശക്തിയുടെ പ്രവേശത്തോടുകൂടി മാത്രമേ ജഡഭൂതങ്ങള്‍ ചൈതന്യവത്താകുന്നുള്ളു. ഓരോ രസാഭൂതമാത്ര (തത്ത്വം) യിലും വൈഷ്ണവീശകത്തി പ്രത്യേകം പ്രവര്‍ത്തിക്കുന്നു. പൃത്ഥീരസാഭൂതത്തില്‍ (തത്ത്വത്തില്‍) കൂടി പ്രവര്‍ത്തിക്കുമ്പോള്‍ മുകളില്‍നിന്ന് ക്രമേണ താഴോട്ട് കടന്നുവരുമ്പോഴുള്ള രസാഭൂതങ്ങളുടെ ഭൂതമാത്രാവരണങ്ങള്‍കൊണ്ട് വരുന്ന മാറ്റത്തെയാണ് ധാതുവര്‍ഘ (സപ്തധാതുക്കള്‍) മെന്ന് വിളിക്കുന്നത്. ധാതു വര്‍ഗം വരെയുള്ള ഈശ്വരചൈതന്യപ്രവാഹം ”അര്‍വാക്‌സ്രോതസ്സ്” എന്ന് പറയപ്പെടുന്നു. ഈ വൈഷ്ണവീശക്തി ധാതുവര്‍ഗ്ഗത്തില്‍നിന്ന് നിവര്‍ത്തിച്ച് സസ്യവര്‍ഗമായും സസ്യവര്‍ഗത്തില്‍നിന്ന് തിര്യക്‌വര്‍ഗമായും രൂപപ്പെടുന്നു. ഈ രണ്ടുവര്‍ഗങ്ങള്‍ ചേര്‍ന്ന ചൈതന്യത്തെയാണ് ”തിര്യക്‌സ്രോതസ്സ്” എന്ന് ശാസ്ത്രം ഘോഷിക്കുന്നത്. ധാതുവര്‍ഗം മുതല്‍ക്കാണ് ശരീരസൃഷ്ടി ആരംഭിക്കുന്നത്. ധാതുവര്‍ഗത്തില്‍ പ്രാണമയ കോശവും സസ്യവര്‍ഗത്തില്‍ കാമമയകോശവും തിര്യക്‌വര്‍ഗത്തില്‍ മനോമയകോശവും പ്രാരംഭമായി സംഭവിക്കുന്നു. എന്നാല്‍ ഈ ശരീരങ്ങളെല്ലാം മനുഷ്യവര്‍ഗത്തിലാണ് സമ്പന്നങ്ങളായി ഭവിക്കുന്നത്.

ആദ്യത്തെ മൂന്നുവര്‍ഗ്ഗങ്ങള്‍ക്കും പ്രത്യേകം കാരണശരീരമില്ല. അതുകൊണ്ട് വ്യക്ത്യനുസൃതമായ പുനര്‍ജന്മവുമില്ല. എന്നാല്‍ ഇവര്‍ക്കെല്ലാംകൂടി പൊതുവില്‍ സമഷ്ടിയായ സൂക്ഷ്മശരീരമുണ്ടായിരിക്കും. വൃഷ്ടികളിലുണ്ടാകുന്ന അനുഭവങ്ങള്‍ മേല്‍പറഞ്ഞ സമഷ്ടി സൂക്ഷ്മശരീരത്തിലെ വാസനകളായി അവശേഷിക്കുന്നു. വൃക്ഷമായായലും ജന്തുക്കളായാലും അവയുടെ അനുഭവങ്ങള്‍ മേല്‍പറഞ്ഞ സമഷ്ടി ശരീരത്തിലെ വാസനകളായി സംസ്‌കരിക്കപ്പെടും. മേല്‍പ്രസ്താവിച്ച ജാതികളുടേയോ സ്വഭാവമുള്ളതായി ലഭിക്കുന്നു. അല്ലാതെ ആ പ്രത്യേകവൃക്ഷത്തിനോ പ്രത്യേകമൃഗത്തിനോ പുനര്‍ജന്മം ലഭിക്കുകയല്ല ചെയ്യുന്നത്. കൂട്ടുകുടുംബസ്വത്ത് കുടുംബാംഗങ്ങള്‍ക്ക് ലഭിക്കുന്നതു പോലെയാണിത്. നേരത്തേ സൂചിപ്പിച്ച സമഷ്ടി സൂക്ഷ്മശരീരത്തില്‍ പ്രവര്‍ത്തിക്കുന്ന ചൈതന്യത്തെ ”ജീവകൂടം” എന്നാണ് വിളിക്കുന്നത്. സൂക്ഷ്മ പൃഥ്വിതത്ത്വങ്ങള്‍ സസ്യവര്‍ഗത്തിന്റെ ‘ജീവകൂട’ ങ്ങളായും അഗ്നിസൂക്ഷ്മതത്ത്വങ്ങള്‍ തിര്യക്കുകളുടെ ”ജീവകൂട” ങ്ങളായും നിര്‍മിക്കപ്പെടുന്നു. എന്നാല്‍ ജന്മാന്തരമുണ്ടാകുന്ന ദേശകാലവൈവിധ്യങ്ങളും പരിതസ്ഥിതികളുടെ വ്യത്യാസങ്ങളും കൊണ്ട് ജീവകൂടങ്ങളിലോരോന്നിലും പ്രത്യേകഗുണങ്ങളോടുകൂടിയ സ്പന്ദനഭേദങ്ങള്‍ സംഭവിക്കുന്നു. അതുകൊണ്ടാണ് ജീവകൂടങ്ങള്‍ വ്യത്യസ്തങ്ങളായി ഭാഗിക്കപ്പെടുന്നത്. മേല്‍പറഞ്ഞ മൂന്നു വര്‍ഗങ്ങളുടെ വ്യഷ്ടികള്‍ ഉന്നതിയിലേക്ക് പരിണാമം പ്രാപിക്കുമ്പോള്‍ ജീവകൂടത്തിന്റെ വ്യഷ്ടിരൂപങ്ങളുടെ എണ്ണം കുറഞ്ഞുകുറഞ്ഞു വരുന്നു. വീടുകളില്‍ വളര്‍ത്തപ്പെടുന്ന മൃഗങ്ങള്‍ക്ക് മനുഷ്യസംസര്‍ഗം കൊണ്ട് പ്രത്യേക വൈശിഷ്ട്യങ്ങള്‍ സംഭവിച്ചാല്‍ (ഇച്ഛാക്രിയാജ്ഞാനശക്തികള്‍ കൂടുതലുണ്ടായാല്‍) അവയുടെ വിഭാഗത്തില്‍നിന്നന്യമായ വര്‍ഗോല്‍ക്കര്‍ഷം പ്രാപിക്കുകയും പ്രജ്ഞാവികാസത്തിന് കാരണമാവുകയും ചെയ്യുന്നു. അങ്ങനെയുള്ള ഉന്നതി സംഭവിക്കുമ്പോള്‍ ”പ്രാജ്ഞി” (പ്രജ്ഞയെ സംബന്ധിക്കുന്നത്) എന്ന മഹേശ്വരീശക്തി ശാശ്വതാണുക്കളുമായി ബന്ധപ്പെട്ട് മറ്റ് മൃഗങ്ങളില്‍നിന്ന് വ്യത്യസ്തമായരീതിയില്‍ ആ മൃഗത്തിന് കാരണശരീരമുണ്ടാക്കുന്നു. അത്തരത്തിലുള്ള മൃഗങ്ങള്‍ ലോകത്തില്‍ ജീവിക്കുമ്പോള്‍തന്നെ അതിന് മനുഷ്യത്വത്തിന് തുല്യമായ അര്‍ഹത ഗുണംകൊണ്ട് സംഭവിക്കും.

മനുഷ്യജന്മമാണതിനടുത്തതായി ലഭിക്കുന്നത്. അനന്തരം അതിമാനുഷനായിത്തീരുന്നതുവരെ പുനര്‍ജന്മഘട്ടങ്ങള്‍ ആവര്‍ത്തിച്ചുകൊണ്ടേയിരിക്കും. ബ്രാഹ്മീശക്തിയില്‍ ഉത്പന്നമാകുന്ന ഭൂതമാത്രകളില്‍ വൈഷ്ണവീശക്തി പ്രവേശിക്കുകയും അനന്തരം മഹേശ്വരീശക്തി ഇച്ഛാക്രിയാജ്ഞാനശക്തിരൂപങ്ങളായി പ്രവര്‍ത്തിക്കുകയും ചെയ്യുന്നു. സ്ഥൂലസൂക്ഷ്മരൂപത്തിലുള്ള ഈ  ഭൂതപരിവര്‍ത്തനം ജീവാത്മാവിന്റെ ആഗ്രഹസമ്പൂര്‍ത്തിക്കുവേണ്ടിയാണെന്ന് ഇതിലൂടെ അറിയേണ്ടതാണ്.

കൂടുതല്‍ വാര്‍ത്തകള്‍ - ഗുരുവാരം