ഗുരുവായൂര്‍ ഏകാദശി ഇന്ന്‌

November 17, 2010 കേരളം,മറ്റുവാര്‍ത്തകള്‍

ഗുരുവായൂര്‍: ഗുരുവായൂര്‍ ഏകാദശി ഇന്ന്‌. പീലിയും മാലയും ഗോപിക്കുറിയും കുടക്കടുക്കനും പൊന്‍വളയും പുലിനഖമോതിരവും പൊന്നേലസ്സും പൊന്‍ചിലമ്പുമണിഞ്ഞ ഭഗവദ്‌ വിഗ്രഹ ദര്‍ശന സുകൃതം തേടി ഏകാദശി വ്രതം അനുഷ്ഠിച്ച്‌ പതിനായിരങ്ങള്‍ ഇന്ന്‌ ഗുരുവായൂരിലെത്തും.
രാവിലെ മേളത്തോടെ കാഴ്ചശീവേലിക്ക്‌ ശേഷം പഞ്ചവാദ്യത്തോടെ പാര്‍ത്ഥസാരഥി ക്ഷേത്രത്തിലേക്ക്‌ എഴുന്നള്ളിപ്പ്‌ മടങ്ങിവരുമ്പോഴേക്കും ക്ഷേത്രത്തില്‍ ഉദയാസ്തമന പൂജാ ചടങ്ങുകള്‍ ആരംഭിച്ചിരിക്കും. സന്ധ്യക്ക്‌ ദീപാലങ്കാരം, നിറമാല, നാഗസ്വരം, കേളി, മദ്ദളപ്പറ്റ്‌, തായമ്പക എന്നിവയുണ്ടായിരിക്കും. ക്ഷേത്രം കൂത്തമ്പലത്തില്‍ ഗീതാ പാരായണവും പ്രഭാഷണവും നടക്കും. രാത്രി അത്താഴപൂജക്കു ശേഷം ശീവേലിയും തുടര്‍ന്ന്‌ ഏകാദശി വിളക്കും ആരംഭിക്കും.
ഗജരാജന്‍ കേശവന്‍ അനുസ്മരണം ഇന്നലെ നടന്നു. തിരുവെങ്കിടാചലപതി ക്ഷേത്രത്തില്‍ നിന്നുള്ള ഗജഘോഷയാത്രയോടെയാണ്‌ അനുസ്മരണ ചടങ്ങുകള്‍ ആരംഭിച്ചത്‌. ഗുരുവായൂര്‍ പത്മനാഭന്‍ കേശവന്റെയും വലിയകേശവന്‍ ഗുരുവായൂരപ്പന്റെയും ഛായാചിത്രങ്ങള്‍ വഹിച്ച്‌ മുന്നില്‍ നീങ്ങി. ആനത്താവളത്തിലെ 30 ഓളം ആനകള്‍ ഘോഷയാത്രയില്‍ പങ്കെടുത്തു. ഘോഷയാത്ര ശ്രീവത്സം ഗസ്റ്റ്‌ ഹൗസ്‌ വളപ്പില്‍ കേശവന്‍ ചെരിഞ്ഞയിടത്ത്‌ സ്ഥാപിച്ച പ്രതിമക്ക്‌ മുന്നിലെത്തി. കേശവന്റെ സ്മരണ പുതുക്കി പത്മനാഭനും വലിയ കേശവനും, ഇന്ദ്രസെനും പ്രതിമയുടെ മണ്ഡപത്തില്‍ കയറി പ്രണാമമര്‍പ്പിച്ചു. ദേവസ്വം ചെയര്‍മാന്‍ തോട്ടത്തില്‍ രവീന്ദ്രന്‍, അഡ്മിനിസ്ട്രേറ്റര്‍ കെ.എം.രഘുരാമന്‍, ദേവസ്വം ഭരണസമിതി അംഗങ്ങളായ എ.വി.ചന്ദ്രന്‍, പ്രൊഫ.ടി.ആര്‍.ഹാരി, അഡ്വ.വി.കെ.ബാബു, ഡെപ്യൂട്ടി അഡ്മിനിസ്ട്രേറ്റര്‍ ടി.വി.സോമന്‍ എന്നിവരും ചടങ്ങില്‍ പങ്കെടുത്തു.
ഇതിനിടെ, ചെമ്പൈ സംഗീത മണ്ഡപത്തില്‍ പഞ്ചരത്നകീര്‍ത്തനാലാപനം അമൃതധാരയായി പെയ്തിറങ്ങി. നൂറോളം പ്രഗത്ഭ സംഗീതജ്ഞരും സംഗീതത്തിന്‌ സ്വയം സമര്‍പ്പിച്ച ആയിരക്കണക്കിന്‌ ആസ്വാദകരും ഒത്തുചേര്‍ന്നപ്പോള്‍ ശുദ്ധ സംഗീതത്തിന്റെ സൗന്ദര്യ ലഹരിയിലായി കൃഷ്ണനഗരി. നാട്ടരാഗത്തിലെ ‘ജഗദാനന്ദകാരക’, ഗൗളരാഗത്തിലെ ‘ദുഡുക്കുഗ’, ആരഭിയില്‍ ‘സാധിഞ്ചനേ’, വരാളിയില്‍ ‘കനകനാരുചിതാ’, ശ്രീരാഗത്തിലെ ‘എന്തൊരു മഹാനുഭാവലു’ എന്നീ ത്യാഗരാജ കീര്‍ത്തനങ്ങളാണ്‌ പഞ്ചരത്നകീര്‍ത്തനത്തില്‍ ആലപിച്ചത്‌. ടി.വി.ഗോപാലകൃഷ്ണന്‍, മങ്ങാട്‌ കെ.നടേശന്‍, പി.ആര്‍.കുമാരകേരള വര്‍മ, എന്‍.പി.രാമസ്വാമി, ചേപ്പാട്‌ എ.ഇ.വാമനന്‍ നമ്പൂതിരി, മണ്ണൂര്‍ രാജകുമാരനുണ്ണി, പാലാ സി.കെ.രാമചന്ദ്രന്‍, അരൂര്‍ പി.കെ.മോഹനന്‍, ഡോ.ഓമനക്കുട്ടി, മാലിനി ഹരിഹരന്‍, രഞ്ജിനി വര്‍മ തുടങ്ങിയവര്‍ കച്ചേരിക്ക്‌ നേതൃത്വം നല്‍കി.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം