അയ്യപ്പ സേവാ സമാജം ആരംഭിച്ചു

November 17, 2010 കേരളം,മറ്റുവാര്‍ത്തകള്‍

പത്തനംതിട്ട: ശബരിമല അയ്യപ്പ സേവാ സമാജത്തിന്റെ ആഭിമുഖ്യത്തില്‍ തീര്‍ത്ഥാടനപാതയിലെ പെരുനാട്‌ കൂനംകരയില്‍ അയ്യപ്പ സേവാകേന്ദ്രം പ്രവര്‍ത്തനം ആരംഭിച്ചു. ഇന്നലെ രാവിലെ 10.30ന്‌ ശബരിമലയിലെ പുതിയ മേല്‍ശാന്തി എഴീക്കാട്‌ ശശിനമ്പൂതിരി സേവാകേന്ദ്രത്തില്‍ ഭദ്രദീപം തെളിയിച്ചു. അയ്യപ്പസേവാസമാജം അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി കുമ്മനം രാജശേഖരന്‍ മുഖ്യപ്രഭാഷണം നടത്തി.
നാടിന്റെ നാനാഭാഗങ്ങളില്‍നിന്നും സന്നിധാനത്തേക്ക്‌ എത്തുന്ന അയ്യപ്പഭക്തര്‍ക്ക്‌ സൗജന്യമായി ഭക്ഷണം നല്‍കുന്നതിനുള്ള അന്നദാന കേന്ദ്രത്തിന്റെ പ്രവര്‍ത്തനവും ആരംഭിച്ചു. ശബരിമല തീര്‍ത്ഥാടകര്‍ക്ക്‌ താമസം,വിശ്രമം, പ്രാഥമിക കൃത്യങ്ങള്‍ നിര്‍വഹിക്കുന്നതിനുള്ള സൗകര്യം, കുടിവെള്ളം, ചികിത്സ, തുടങ്ങിയ സംവിധാനങ്ങളും ഈ സേവാകേന്ദ്രത്തില്‍ ഒരുക്കിയിട്ടുണ്ട്‌.
ഉദ്ഘാടന ചടങ്ങില്‍ സേവാ സമാജം ട്രഷറര്‍ വി.പി. മന്മഥന്‍ നായര്‍ അദ്ധ്യക്ഷത വഹിച്ചു. ക്ഷേത്ര സംരക്ഷണ സമിതി സംസ്ഥാന ഉപാദ്ധ്യക്ഷന്‍ പി.എന്‍. ഗോപാലകൃഷ്ണന്‍, ഗ്രാമസേവാ പ്രമുഖ്‌ കെ. കൃഷ്ണന്‍കുട്ടി, പെരുനാട്‌ ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്‌ പ്രസാദ്‌, വാര്‍ഡ്‌ അംഗങ്ങളായ റോസമ്മ തോമസ്‌, ശ്രീകല, ഗ്രാമപഞ്ചായത്ത്‌ മുന്‍പ്രസിഡന്റ്‌ രമണിക്കുട്ടിയമ്മാള്‍, സ്വദേശി ശാസ്ത്ര പ്രസ്ഥാനം ഉപാദ്ധ്യക്ഷന്‍ കരിങ്കുന്നം രാമചന്ദ്രന്‍, ആര്‍എസ്‌എസ്‌ വിഭാഗ്‌ കാര്യവാഹ്‌ എന്‍.ജി. രവീന്ദ്രന്‍, സ്വദേശീ ജാഗരണ്‍ മഞ്ച്‌ സംസ്ഥാന കണ്‍വീനര്‍ കെ. ജനാര്‍ദ്ദനന്‍ നായര്‍, തുടങ്ങിയവര്‍ സംസാരിച്ചു. അയ്യപ്പ സേവാസമാജം സംസ്ഥാന ജനറല്‍ സെക്രട്ടറി സ്വാമി അയ്യപ്പ ദാസ്‌ സ്വാഗതവും, ധര്‍മ്മജാഗരണ്‍ പ്രമുഖ്‌ വി.കെ. വിശ്വനാഥന്‍ നന്ദിയും പറഞ്ഞു.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം