അയോധ്യയില്‍ രാമക്ഷേത്രം മാത്രം: അശോക്‌ സിംഗാള്‍

April 8, 2013 കേരളം,പ്രധാന വാര്‍ത്തകള്‍

അനന്തപുരിയില്‍ ഹിന്ദു ഐക്യവേദിയുടെ വിശാല ഹിന്ദു ഐക്യ സമ്മേളനത്തിന്റെ സമാപന ചടങ്ങ്‌ വിഎച്ച്പി മാര്‍ഗദര്‍ശി അശോക്‌ സിംഗാള്‍ ഉദ്ഘാടനം ചെയ്യുന്നു.

അനന്തപുരിയില്‍ ഹിന്ദു ഐക്യവേദിയുടെ വിശാല ഹിന്ദു ഐക്യ സമ്മേളനത്തിന്റെ സമാപന ചടങ്ങ്‌ വിഎച്ച്പി മാര്‍ഗദര്‍ശി അശോക്‌ സിംഗാള്‍ ഉദ്ഘാടനം ചെയ്യുന്നു.

തിരുവനന്തപുരം: അയോധ്യയില്‍ രാമക്ഷേത്രമല്ലാതെ മറ്റൊരു നിര്‍മ്മാണ പ്രവര്‍ത്തനവും അനുവദിക്കില്ലെന്ന്‌ വിശ്വഹിന്ദുപരിഷത്ത്‌ മാര്‍ഗ്ഗദര്‍ശി അശോക്‌ സിംഗാള്‍. ഹിന്ദുഐക്യവേദിയുടെ പത്താം സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച്‌ നടന്ന വിശാലഹിന്ദു ഐക്യസമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കയായിരുന്നു അദ്ദേഹം.

100 കോടിവരുന്ന ഹൈന്ദവര്‍ അസംഘടിതരായതിനാല്‍ ലോകമെമ്പാടും അവഹേളിക്കപ്പെടുന്നു. പല രാജ്യങ്ങളില്‍ നിന്നും ആട്ടിയോടിക്കപ്പെടുകയാണ്‌. അയോധ്യയിലേത്‌ രാമജന്മഭൂമിയാണോയെന്നറിയാന്‍ 60 വര്‍ഷമെടുത്തിട്ടും കോടതി നടപടി പൂര്‍ത്തിയായില്ല. രാമജന്മഭൂമി വിഷയം പരിഹരിക്കേണ്ടത്‌ കോടതിയല്ല. പാര്‍ലമെന്റാണ്‌. രാമക്ഷേത്രനിര്‍മ്മാണം രാഷ്ട്രീയവിഷയമല്ല. ഹിന്ദുവിന്റെ സംസ്കൃതിയുടെ, അഭിമാനത്തിന്റെ, ധര്‍മ്മത്തിന്റെ വിഷയമാണ്‌. കോടാനുകോടി ഹിന്ദുസമൂഹത്തിന്റെ വികാരം മാനിക്കാന്‍ മുസ്ലീംസമുദായം തയ്യാറാകണമെന്ന്‌ അദ്ദേഹം ആവശ്യപ്പെട്ടു.

കുംഭമേളയില്‍ പങ്കെടുത്ത സന്ന്യാസി സദസ്‌ രാമജന്മഭൂമി പ്രക്ഷോഭവുമായി മുന്നോട്ടുപോകാന്‍ തീരുമാനമെടുത്തിട്ടുണ്ട്‌. അയോധ്യയിലെ 70 ഏക്കര്‍ ഭൂമിയില്‍ മറ്റൊരു ഇസ്ലാമിക സ്ഥാപനമോ കെട്ടിടമോ നിര്‍മ്മിക്കാന്‍ അനുവദിക്കില്ലെന്ന്‌ പ്രഖ്യാപിച്ചിട്ടുമുണ്ട്‌. ഏപ്രില്‍ 11 മുതല്‍ തുടര്‍ച്ചയായി 33 ദിവസം ‘ശ്രീരാമ ജയരാമ ജയജയരാമ’ എന്ന വിജയമഹാമന്ത്രം പ്രതിദിനം കുറഞ്ഞത്‌ 13 ജപമാല ജപിച്ച്‌ ആധ്യാത്മീയ ബലം വര്‍ധിപ്പിക്കാന്‍ ഹിന്ദുസമൂഹത്തോട്‌ ആഹ്വാനം ചെയ്തിട്ടുണ്ട്‌.

ഭാരതത്തിലെ വിഭവശേഷിയുടെ ആദ്യഅധികാരം മുസ്ലീങ്ങള്‍ക്കാണെന്ന പ്രധാനമന്ത്രിയുടെ പരാമര്‍ശം അംഗീകരിക്കാനാവില്ല. വര്‍ഷങ്ങളായി പീഡനങ്ങളും ത്യാഗവുമനുഷ്ഠിച്ചുവരുന്ന വനവാസികള്‍ക്കും പട്ടികജാതി വര്‍ഗ്ഗക്കാര്‍ക്കുമാണ്‌ വിഭവശേഷിയുടെ ആദ്യ അവകാശം. കേരളത്തിലും ഇന്ന്‌ പട്ടികജാതി, പട്ടികവര്‍ഗ്ഗ സമൂഹം അവഗണന അനുഭവിക്കുകയാണ്‌. ഭക്ഷണവും ഭൂമിയും സാമ്പത്തികവുമല്ല. പട്ടികജാതി വര്‍ഗ്ഗത്തിന്റെ 15 ശതമാനം വരുന്ന സംവരണത്തില്‍ നിന്നും അഞ്ച്‌ ശതമാനം പരിവര്‍ത്തിത ക്രിസ്ത്യാനികള്‍ക്ക്‌ പകുത്ത്‌ നല്‍കാനുള്ള രംഗനാഥ കമ്മീഷന്റെ നീക്കം ഭരണഘടനയ്ക്ക്‌ വിരുദ്ധമാണ്‌.

ക്ഷേത്രങ്ങള്‍ ഇന്ന്‌ സര്‍ക്കാര്‍ നിയന്ത്രണത്തിലാണ്‌. ശബരിമലയും ഗുരുവായൂരും അടക്കമുള്ള ക്ഷേത്രങ്ങളുടെ വരുമാനം കൈകാര്യംചെയ്യുന്നത്‌ നിരീശ്വരവാദികളാണ്‌. ഇതിനുമാറ്റം വരണം. കേരളത്തില്‍ ഗോഹത്യ അവസാനിപ്പിക്കണം. ഗോമാംസം ഭക്ഷിക്കുന്നത്‌ ഉപേക്ഷിക്കണം.

ഹിന്ദുസമൂഹം നേരിടുന്ന പ്രശ്നങ്ങള്‍ക്ക്‌ പരിഹാരമുണ്ടാവണമെങ്കില്‍ ഒരു ഹിന്ദു സ്വാഭിമാന പാര്‍ലമെന്റ്‌ ഉണ്ടാവണം. സമ്പൂര്‍ണ്ണ ഹിന്ദുസമാജത്തിന്റെ ക്ഷേമത്തിനുവേണ്ടി ഹിന്ദുവോട്ട്‌ ബാങ്ക്‌ ഉണ്ടാവണമെന്നും അദ്ദേഹം നിര്‍ദ്ദേശിച്ചു.

സ്വാഗതസംഘം അധ്യക്ഷന്‍ മുന്‍ ഐഎസ്‌ആര്‍ഒ ചെയര്‍മാന്‍ ജി.മാധവന്‍നായര്‍ അധ്യക്ഷത വഹിച്ചു. ഹിന്ദുഐക്യവേദിയുടെ പ്രഥമ ഹിന്ദുരത്ന അവാര്‍ഡ്‌ ഡോ.ജി.മാധവന്‍നായര്‍ക്ക്‌ അശോക്സിംഗാള്‍ സമ്മാനിച്ചു. ഉത്രാടം തിരുനാള്‍ മാര്‍ത്താണ്ഡവര്‍മ്മ, സ്വാമി പ്രകാശാനന്ദ, വെങ്കിടാചല ഘനപാഠികള്‍, പി.നാരായണക്കുറുപ്പ്‌, കല്ലേന്‍പൊക്കുടന്‍, കോച്ച്‌ ഒ.എം.നമ്പ്യാര്‍, അശോകന്‍ കുന്നിങ്കല്‍, ഡോ.മാര്‍ത്താണ്ഡന്‍പിള്ള, എന്‍.കെ.ഭാസി, പി.കെ.ഭാസ്കരന്‍, പി.വിശ്വംഭരന്‍, കാലടി മണികണ്ഠന്‍ എന്നിവരെ ചടങ്ങില്‍ ആദരിച്ചു. ഹിന്ദുഐക്യവേദി സംസ്ഥാന ജനറല്‍ സെക്രട്ടറി കുമ്മനംരാജശേഖരന്‍, അധ്യക്ഷ കെ.പി.ശശികല ടീച്ചര്‍, ഒ.രാജഗോപാല്‍ എന്നിവര്‍ പങ്കെടുത്തു. എം.എസ്‌.കുമാര്‍ സ്വാഗതവും കിളിമാനൂര്‍ സുരേഷ്‌ നന്ദിയും പറഞ്ഞു.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം