ഭാസ്കര്‍റാവു സ്മാരക മന്ദിരം രാഷ്ട്രത്തിന്‌ സമര്‍പ്പിച്ചു

April 8, 2013 കേരളം

ഭാസ്കര്‍ റാവു സ്മൃതിമന്ദിരം ‘ഭാസ്കരീയം’ ആര്‍.എസ്.എസ് സര്‍സംഘചാലക് ഡോ.മോഹന്‍ ഭാഗവത് ഭദ്രദീപം തെളിച്ച് ഉദ്ഘാടനം ചെയ്യുന്നു.

ഭാസ്കര്‍ റാവു സ്മൃതിമന്ദിരം ‘ഭാസ്കരീയം’ ആര്‍.എസ്.എസ് സര്‍സംഘചാലക് ഡോ.മോഹന്‍ ഭാഗവത് ഭദ്രദീപം തെളിച്ച് ഉദ്ഘാടനം ചെയ്യുന്നു.

കൊച്ചി: ഭാസ്കര്‍ റാവു സ്മാരക മന്ദിരം ‘ഭാസ്കരീയം’ ആര്‍എസ്‌എസ്‌ സര്‍സംഘചാലക്‌ ഡോ.മോഹന്‍ഭാഗവത്‌ രാഷ്ട്രത്തിന്‌ സമര്‍പ്പിച്ചു. എളമക്കരയിലെ ആര്‍എസ്‌എസ്‌ പ്രാന്തകാര്യാലയത്തോട്‌ ചേര്‍ന്ന്‌ പടുത്തുയര്‍ത്തിയിരിക്കുന്ന സ്മൃതിമന്ദിരത്തിന്റെ പ്രൗഢഗംഭീരമായ ഉദ്ഘാടന ചടങ്ങ്‌ വിവിധ തലമുറകളില്‍പ്പെട്ട ആര്‍എസ്‌എസ്‌ പ്രവര്‍ത്തകരുടെ സംഗമവേദിയുമായി. ഹൈന്ദവ നവോത്ഥാനത്തിനു സ്വജീവിതം നിസ്വാര്‍ത്ഥമായി അര്‍പ്പണം ചെയ്ത കേരളത്തിന്റെ പ്രഥമ ആര്‍എസ്‌എസ്‌ പ്രാന്തപ്രചാരക്‌ ആയിരുന്ന സ്വര്‍ഗീയ ഭാസ്കര്‍റാവുവിന്റെ സ്മരണാര്‍ത്ഥം നിര്‍മിച്ച മന്ദിരത്തിന്റെ സമര്‍പ്പണ ചടങ്ങുകള്‍ ആദര്‍ശദീപ്തവും ആധ്യാത്മികത തുളുമ്പുന്നതുമായി.

ഹൈന്ദവസമൂഹവും അതിന്റെ മൂല്യങ്ങളും മുഴുവന്‍ ലോകത്തിനും അനിവാര്യമായിരിക്കയാണെന്ന്‌ ഭാസ്കര്‍ റാവു സ്മാരകമന്ദിരം രാഷ്ട്രത്തിന്‌ സമര്‍പ്പിച്ചുകൊണ്ട്‌ ആര്‍എസ്‌എസ്‌ സര്‍സംഘചാലക്‌ ചൂണ്ടിക്കാട്ടി. ആദ്ധ്യാത്മികതയുടെ അഭാവം, ധാര്‍മികപരമായ ആശങ്കകള്‍, സദാചാര ജീവിതത്തില്‍നിന്നുള്ള വ്യതിചലനം എന്നീ പ്രശ്നങ്ങള്‍ ലോകത്തെ അലട്ടുകയാണ്‌. ലോകം നേരിടുന്ന നീറുന്ന പ്രശ്നങ്ങള്‍ക്ക്‌ ഹൈന്ദവ മൂല്യങ്ങളും ഭാരതീയ ചിന്താഗതികളും പരിഹാരം നിര്‍ദ്ദേശിക്കുന്നു. സ്വന്തം പ്രവര്‍ത്തനശൈലികൊണ്ട്‌ അര്‍പ്പണബോധത്തിന്റെ മഹത്വം പ്രകടമാക്കിയ വ്യക്തിത്വമാണ്‌ സ്വര്‍ഗീയ ഭാസ്കര്‍റാവു. ഹൈന്ദവ സമൂഹത്തിന്റെ ഉന്നമനത്തിന്‌ വേണ്ടി അക്ഷീണം പ്രവര്‍ത്തിച്ച അദ്ദേഹത്തിന്റെ നിസ്വാര്‍ത്ഥവും ലളിതവുമായ ജീവിതവും ദരിദ്ര വിഭാഗങ്ങള്‍ക്കും വനവാസികള്‍ക്കും വേണ്ടി അഹോരാത്രം നടത്തിയ പ്രവര്‍ത്തനങ്ങളുമെല്ലാം സമാനതകളില്ലാത്തവയാണ്‌. എല്ലാവരേയും സഹോദരങ്ങളായി കണ്ട്‌ സ്നേഹിക്കാന്‍ ഭാസ്കര്‍റാവുവിന്‌ കഴിഞ്ഞു. ഒരു ഹിന്ദു എങ്ങനെയൊക്കെ ആയിരിക്കണമെന്നതിന്റെ ഉത്തമ മാതൃകയായിരുന്നു അദ്ദേഹം. ഭാസ്കര്‍റാവു ജീവിച്ചതും പ്രവര്‍ത്തിച്ചതുമായ മൂല്യങ്ങളുടെ പ്രതീകമാണ്‌ ഈ സ്മൃതി മന്ദിരം. ഇതിന്‌ പിന്നില്‍ പ്രവര്‍ത്തിച്ച ഓരോ വ്യക്തിയേയും ഒരു മുന്നറിയിപ്പോടെ സര്‍സംഘചാലക്‌ അഭിനന്ദിച്ചു. വൃത്തിയും വൈദ്യുതിയും കുടിവെള്ളവുമടക്കമുള്ള ഭൗതിക സാഹചര്യങ്ങള്‍ പരിപാലിക്കുന്നതിനൊപ്പം ഭാസ്കര്‍ റാവു ഉയര്‍ത്തിപ്പിടിച്ച മൂല്യങ്ങള്‍ പരിപാലിച്ച്‌ കാത്തുസൂക്ഷിക്കേണ്ട ഉത്തരവാദിത്തവും നമുക്കെല്ലാമുണ്ടെന്ന്‌ മോഹന്‍ ഭാഗവത്‌ വ്യക്തമാക്കി.

അടിസ്ഥാനപരമായ മാനവിക മൂല്യങ്ങളില്‍ ഉറച്ചുവിശ്വസിക്കുന്നുവെങ്കില്‍ മതപരിവര്‍ത്തനത്തെ ഭയക്കേണ്ട കാര്യമില്ലെന്ന്‌ സര്‍സംഘചാലക്‌ വ്യക്തമാക്കി. ഹിന്ദുക്കള്‍ ആരേയും മതപരിവര്‍ത്തനത്തിന്‌ വിധേയമാക്കുമെന്നും ഭയക്കേണ്ടതില്ല. ഹൈന്ദവ സമൂഹം ഒറ്റക്കെട്ടാവുകയും മൂല്യങ്ങളില്‍ അടിയുറച്ചു നില്‍ക്കുകയും ചെയ്യുന്ന ഒരു മഹദ്‌ ദൗത്യത്തിന്‌ ഈ ദിനം തുടക്കമാകട്ടെയെന്നും മോഹന്‍ ഭാഗവത്‌ ആശംസിച്ചു. ഹിന്ദുക്കളുടെ സമഗ്ര പുരോഗതി ലോകത്തിന്റെ തന്നെ നന്മക്ക്‌ വഴിതെളിക്കുമെന്നും അദ്ദേഹം പറഞ്ഞു.

യോഗത്തില്‍ ഐഎസ്‌ആര്‍ഒ മുന്‍ ചെയര്‍മാന്‍ ഡോ.ജി.മാധവന്‍ നായര്‍ അദ്ധ്യക്ഷത വഹിച്ചു. അമ്പലപ്പുഴ വിജയകുമാറിന്റെ സോപാന സംഗീതത്തോടെയായിരുന്നു ചടങ്ങുകള്‍ ആരംഭിച്ചത്‌. ആര്‍എസ്‌എസ്‌ ദക്ഷിണ ക്ഷേത്രീയ സദസ്യന്‍ എ.ആര്‍.മോഹനന്‍ വിശിഷ്ടാതിഥികളെ പരിചയപ്പെടുത്തി.

സ്വാമി ചിദാനന്ദപുരി (കൊളത്തൂര്‍ അദ്വൈതാശ്രമം), സ്വാമി പ്രജ്ഞാനാനന്ദ തീര്‍ത്ഥപാദര്‍ (മഠാധിപതി, വാഴൂര്‍ തീര്‍ത്ഥപാദാശ്രമം), അമൃതാനന്ദമയി മഠം ജനറല്‍ സെക്രട്ടറി സ്വാമി പൂര്‍ണാമൃതാനന്ദപുരി, ചിന്മയാമിഷന്‍ കേരള റീജ്യണല്‍ ഹെഡ്‌ സ്വാമി വിവിക്താനന്ദ സരസ്വതി, വണ്ടിത്താവളം തപോവരിഷ്ടാശ്രമം ആചാര്യന്‍ തഥാതന്‍, വൈറ്റില ശ്രീരാമകൃഷ്ണമഠം മഠാധിപതി സ്വാമി ഭദ്രേശാനന്ദ മഹാരാജ്‌ എന്നിവര്‍ അനുഗ്രഹ പ്രഭാഷണങ്ങള്‍ നടത്തി. പ്രശസ്ത സാഹിത്യകാരന്‍ പ്രൊഫ.എം.കെ.സാനു, ഭാരതീയ വിചാരകേന്ദ്രം ഡയറക്ടര്‍ പി.പരമേശ്വരന്‍, ഹിന്ദു ഐക്യവേദി അധ്യക്ഷ കെ.പി.ശശികല ടീച്ചര്‍ എന്നിവര്‍ ആശംസാ പ്രസംഗങ്ങള്‍ നടത്തി. അശോക്‌ സിംഗാള്‍, ഒ.രാജഗോപാല്‍, ഡോ.എം.ലക്ഷ്മീകുമാരി, ലീലാ മേനോന്‍, കെ.ബി.ശ്രീദേവി, ഡോ.സി.കെ.രാമചന്ദ്രന്‍, ഡോ.പ്രേം നായര്‍, ഡോ.ചിത്രതാര, മേജര്‍ രവി, ജസ്റ്റിസ്‌ എം.രാമചന്ദ്രന്‍, ജസ്റ്റിസ്‌ ടി.എല്‍.വിശ്വനാഥ അയ്യര്‍, കെ.ജി.ജയന്‍, പി.വി.നളിനാക്ഷന്‍ നായര്‍, ജി.ഗോപിനാഥ്‌, ടി.എം.രാജേഷ്‌ ഷേണായ്‌, എസ്‌.രമേശന്‍ നായര്‍, വിശ്വനാഥ ഷേണായ്‌, സൂര്യനാരായണ റാവു, കെ.സി.കണ്ണന്‍, വന്നിയ രാജന്‍, പിഇബി മേനോന്‍, മാരിമുത്തു, ആമേട വാസുദേവന്‍ നമ്പൂതിരി, എസ്‌.രാജേന്ദ്രന്‍, എം.എ.കൃഷ്ണന്‍, കെ.കെ.ബാലറാം, എം.മോഹന്‍ കുക്കിലിയ, രാ.വേണുഗോപാല്‍, കോയമ്പത്തൂര്‍ ആര്യവൈദ്യശാല എംഡി കൃഷ്ണകുമാര്‍, നാരായണ കമ്മത്ത്‌ (ജയലക്ഷ്മി, എറണാകുളം) തുടങ്ങിയ വിശിഷ്ടവ്യക്തികള്‍ വേദിയില്‍ സന്നിഹിതരായിരുന്നു.

ശങ്കരന്‍ നമ്പൂതിരി പ്രാര്‍ത്ഥനാ ഗീതം ആലപിച്ചു. ഭാസ്കര്‍റാവു സ്മാരക മന്ദിരം യാഥാര്‍ത്ഥ്യമാക്കിയ ആര്‍ക്കിടെക്ട്‌ ദാമോദരനേയും കോണ്‍ട്രാക്ടര്‍ വിനയരാജിനേയും സര്‍സംഘചാലക്‌ ആദരിച്ചു. ആര്‍എസ്‌എസ്‌ പ്രാന്തകാര്യവാഹ്‌ പി.ഗോപാലന്‍കുട്ടി മാസ്റ്റര്‍ സ്വാഗതവും രാഷ്ട്രധര്‍മപരിഷത്ത്‌ സെക്രട്ടറി എം.മോഹനന്‍ കൃതജ്ഞതയും പറഞ്ഞു. രാവിലെ 8 ന്‌ ഡോ.മോഹന്‍ഭാഗവത്‌ നിലവിളക്ക്‌ തെളിച്ച്‌ ഗൃഹപ്രവേശം നടത്തി. പ്രാന്ത സംഘചാലക്‌ പിഇബി മേനോന്‍ ഭാസ്കര്‍ റാവുവിന്റെ ചിത്രം അനാച്ഛാദനം ചെയ്തു.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം