പോലീസിനെ ജനകീയമാക്കാന്‍ കൂടുതല്‍ നടപടികള്‍: മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍

April 8, 2013 പ്രധാന വാര്‍ത്തകള്‍

തൃശൂര്‍: ജനങ്ങള്‍ക്ക് സുരക്ഷയും അത്യാവശ്യ ഘട്ടങ്ങളില്‍ അവര്‍ക്ക് വേണ്ട സേവനങ്ങളും നല്‍കുന്ന വിഭാഗമായി പോലീസ് സേനയേ മാറ്റുന്നതിനുള്ള കൂടുതല്‍ നടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കുമെന്ന് ആഭ്യന്തര -വിജിലന്‍സ് വകുപ്പ് മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പറഞ്ഞു. നിയമവാഴ്ച ഉറപ്പാക്കുന്നതിനോടൊപ്പം ജനങ്ങള്‍ നേരിടുന്ന പ്രശ്നങ്ങളില്‍ അവര്‍ക്കൊപ്പം നിന്ന് അവരെ സഹായിക്കുന്ന സേനയാക്കി പോലീസിനെ മാറ്റുന്നതിനുവേണ്ടി സര്‍ക്കാര്‍ നടപ്പാക്കിയ പദ്ധതികള്‍ വിജയം കൈവരിച്ചതായി അദ്ദേഹംപറഞ്ഞു.

മുതിര്‍ന്ന പൌരന്‍മാരുടെ സുരക്ഷക്കും സഹായത്തിനുമായി സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കിയ കെയര്‍ പദ്ധതി സംബന്ധിച്ച് പുറത്തിറക്കിയ കൈപ്പുസ്തകത്തിന്റെ പ്രകാശനം ടൌണ്‍ഹാളില്‍ നിര്‍വ്വഹിച്ച് സംസാരിക്കുക യായിരുന്നു അദ്ദേഹം. മുതിര്‍ന്ന പൌരന്‍മാരുടെ ടെലിഫോണിലൂടെയുള്ള പരാതികള്‍പോലും രജിസ്റര്‍ ചെയ്ത് നടപടി സ്വീകരിക്കണമെന്ന് പോലീസിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. കൂടാതെ സുരക്ഷ ഉറപ്പാക്കു ന്നതിനായി അതത് പ്രദേശങ്ങളിലെ മുതിര്‍ന്ന പൌരന്മാരുടെ വിവരങ്ങള്‍ ശേഖരിക്കാനും നടപടി സ്വീകരിച്ചു വരികയാണ്. ജനങ്ങളുടെ ജീവനും സ്വത്തിനും സുരക്ഷ ഉറപ്പുവരുത്താന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണ്. സംസ്ഥാനത്ത് ജോലി ചെയ്യുന്ന ഇതര സംസ്ഥാന തൊഴിലാളികളുടെ വിവരങ്ങള്‍ ശേഖരിക്കാന്‍ പോലീസിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. അവരുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിനും അവരിലൂടെ നുഴഞ്ഞ് കയറുന്ന സാമൂഹ്യ വിരുദ്ധ ശക്തികളെ നിയന്ത്രിക്കുന്നതിനും ഇത് സഹായകമാകും. പൂരത്തോടനുബന്ധിച്ച സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി തൃശൂര്‍ നഗരത്തില്‍ ഒന്‍പത് പ്രധാന ഭാഗങ്ങളില്‍ ക്യാമറകള്‍ സ്ഥാപിക്കുമെന്നും അദ്ദേഹം അറിയിച്ചു.

തേറമ്പില്‍ രാമകൃഷ്ണന്‍ എം.എല്‍.എ. അധ്യക്ഷനായിരുന്നു. പി.സി. ചാക്കോ എം.പി. മേയര്‍ ഐ.പി. പോള്‍ , പി.എ. മാധവന്‍, എം.എല്‍.എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. വി. ദാസന്‍ , ഐ.ജി. എസ്. ഗോപിനാഥ്, വാര്‍ഡ് കൌണ്‍സിലര്‍ പ്രൊഫ. അന്നം ജോണ്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

കൂടുതല്‍ വാര്‍ത്തകള്‍ - പ്രധാന വാര്‍ത്തകള്‍