പള്ളി തകര്‍ന്നുവീണ സംഭവം: രക്ഷാപ്രവര്‍ത്തനം പൂര്‍ത്തിയായി; രണ്ടു മരണം

April 9, 2013 കേരളം,പ്രധാന വാര്‍ത്തകള്‍

ചേര്‍ത്തല: അരൂരില്‍ നിര്‍മാണത്തിലിരുന്ന പള്ളി ഇടിഞ്ഞുവീണ് മരിച്ചവരുടെ എണ്ണം രണ്ടായി. അന്യസംസ്ഥാന തൊഴിലാളികളായ തിരുനല്‍വേദി സ്വദേശി സുരേഷ്, ബിഹാര്‍ സ്വദേശി ബിശ്വനാഥ് എന്നിവരാണ് മരിച്ചത്. സുരേഷിന്റെ മൃതദേഹം ചേര്‍ത്തല താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. അപകടസ്ഥലത്തെ തെരച്ചില്‍ പുലര്‍ച്ചെ നാലുമണിയോടെ പൂര്‍ത്തിയായി. അവശിഷ്ടങ്ങള്‍ക്കിടയില്‍ ആരും കുടുങ്ങികിടപ്പില്ലന്ന് രക്ഷാപ്രവര്‍ത്തകര്‍ അറിയിച്ചു. അരൂര്‍ സെന്റ് അഗസ്റ്റിന്‍സ് പള്ളിയുടെ മേല്‍ത്തട്ട് വാര്‍ക്കുന്നതിനിടെയാണ് അപകടം. ചൊവ്വാഴ്ച വൈകുന്നേരം ആറരയ്ക്കാണ് അപകടമുണ്ടായത്. ഒരു നൂറ്റാണ്ടിലധികം പഴക്കമുള്ളതാണ് അരൂര്‍ സെന്റ് അഗസ്റ്റിന്‍ പള്ളി. ഇതിനു സമീപത്തായാണ് പുതിയ പള്ളി പണിതിരുന്നത്. നിര്‍മാണ പ്രവര്‍ത്തനത്തിന്റെ ഭാഗമായി കോണ്‍ക്രീറ്റ് തൂണ്‍ വാര്‍ക്കുന്നതിനിടെ ഇതിന്റെ ഒരുഭാഗം ഒടിഞ്ഞുവീണാണ് അപകടം. അന്യസംസ്ഥാന തൊഴിലാളികള്‍ക്കൊപ്പം നാട്ടുകാരും നിര്‍മാണ തൊഴിലാളികളായുണ്ടായിരുന്നു. അപകടമറിഞ്ഞ് ഓടിക്കൂടിയ നാട്ടുകാര്‍ പത്തോളം പേരെ പെട്ടെന്നുതന്നെ പുറത്തെടുത്ത് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോകുകയായിരുന്നു. ആശുപത്രിയില്‍ വച്ചാണ് ബിശ്വനാഥ് മരിച്ചത്.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം