ഗണേഷ് പരസ്യമായി ഖേദം പ്രകടനം നടത്തി

April 10, 2013 കേരളം

ganesh kumar1തിരുവനന്തപുരം: മുന്‍ മന്ത്രി ഗണേഷ്‌കുമാര്‍ ഭാര്യ യാമിനിക്കും കുട്ടികള്‍ക്കുമുണ്ടായ മാനഹാനിയില്‍ പരസ്യമായി ഖേദ പ്രകടനം നടത്തി. ചൊവ്വാഴ്ച രാത്രി 10ന് നടത്തിയ പത്രസമ്മേളനത്തിലാണ് എഴുതി തയാറാക്കിയ ഖേദ പ്രകടനം ഗണേഷ്കുമാര്‍ വായിച്ചത്. ഇതിന് മുമ്പ് സംവിധായകന്‍ ഷാജി കൈലാസ് ഇത് യാമിനിയെ വായിച്ചു കേള്‍പ്പിച്ച് അംഗീകാരം വാങ്ങിയിരുന്നു.

കുടുംബ ജീവിതത്തിന്റെ സ്വാകാര്യത എന്റെ ഭാഗത്ത് നിന്ന് പരസ്യമായത് തെറ്റായിപ്പോയി. പരസ്യമായ വിവാദങ്ങളും തര്‍ക്കങ്ങളും യാമിനിയുടെയും കുട്ടികളുടെയും ഭാവിയെ ബാധിക്കുമെന്നുള്ളത് കൊണ്ടാണ് പരസ്യമായി ഖേദപ്രകടനം നടത്തുന്നത്. മാര്‍ച്ച് 30 ന് നടപ്പാക്കേണ്ട കരാറില്‍ നിന്ന് പിന്‍മാറി കോടതിയിലും പോലീസിലും ആദ്യമായി കേസ് ഫയല്‍ ചെയ്തതിന് ഖേദം പ്രകടിപ്പിക്കുന്നു. പരാതിയില്‍ പറഞ്ഞിരുന്ന കാര്യങ്ങള്‍ പരസ്യമായതോടെ ഭാര്യക്കും കുട്ടികള്‍ക്കും മാനഹാനിയുണ്ടായി. കൊടുത്ത കേസുകളെല്ലാം പിന്‍വലിക്കും. ഞാനും എന്റെ സഹപ്രവര്‍ത്തകരും യാമിനെയു കുറിച്ച് പറഞ്ഞതെല്ലാം തെറ്റാണ്. വനം മാഫിയയില്‍ നിന്ന് യാമിനി കോടികള്‍ കൈപ്പറ്റി എന്ന ആരോപണം ശരിയല്ല.

കരാറിന്‍പ്രകാരം വീടും തുകയും സന്തോഷപൂര്‍വം മക്കള്‍ക്കും ഭാര്യക്കും കൈമാറും. കുട്ടികളെ പരിപാലിക്കാനും സംരക്ഷിക്കാനും ഇത് ആവശ്യമാണ്. കുട്ടികളെ നല്ലരീതിയില്‍ വളര്‍ത്തുന്നതിന് വേണ്ടി ഞാനും അത്മാര്‍ഥമായി പ്രവര്‍ത്തിക്കും. മാനുഷികപരിഗണനയോടെ കരാര്‍ നടപ്പാക്കാന്‍ സഹായിച്ച മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, മന്ത്രി ഷിബു ബേബി ജോണ്‍, പി.ബാലകൃഷ്ണന്‍, ആര്‍.ജയപ്രകാശ്, കെ.എസ്.ബാലഗോപാല്‍ എന്നിവരോടും മറ്റ് സുഹൃത്തുകളോടും ഉള്ള കടപ്പാട് വാക്കുകള്‍ക്കതീതമാണ്. കേസിന്റെ തുടക്കത്തില്‍ തന്നെ ഇത് ഒത്തു തീര്‍പ്പാക്കാന്‍ സമയം അനുവദിച്ച കോടതിയോടും നന്ദിയുണ്ട്.
ഇനി ഇത് സംബന്ധിച്ച് വാര്‍ത്തകളും വിവാദങ്ങളും തര്‍ക്കങ്ങളും ഉണ്ടാക്കരുതെന്നും അദ്ദേഹം മാധ്യമങ്ങളോട് അഭ്യര്‍ഥിച്ചു.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം