സംസ്ഥാന വികസനത്തിനൊപ്പം തൊഴിലാളികളുടെ ഉന്നമനത്തിനും സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധം: മന്ത്രി അടൂര്‍ പ്രകാശ്

April 11, 2013 കേരളം

adoor-prakashതിരുവനന്തപുരം: സംസ്ഥാന വികസനത്തിനൊപ്പം പാവപ്പെട്ട തൊഴിലാളികളുടെ ഉന്നമനത്തിനും സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമെന്ന് കയര്‍ വകുപ്പു മന്ത്രി അടൂര്‍ പ്രകാശ്. തിരുവനന്തപുരം വട്ടിയൂര്‍ക്കാവ് കുലശേഖരത്ത് പ്രവര്‍ത്തനമാരംഭിച്ച ഫോംമാറ്റിക്സ് ഇന്ത്യയുടെ ഗ്രാമീണ കയറുത്പന്ന വിതരണ ശൃംഖലയായ ഫ്രാഞ്ചൈസി ഷോപ്പിയുടെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.

കയര്‍ തൊഴിലാളികളുടെ അധ്വാന ശേഷിക്കനുസരിച്ച് വേതനത്തില്‍ വര്‍ധനവുണ്ടാകണം.ഫോംമാറ്റിക്സ് ഉള്‍പ്പെടെയുള്ള കയര്‍ മേഖലയുടെ പ്രവര്‍ത്തനങ്ങള്‍ വഴി സര്‍ക്കാര്‍ ഇതിനുള്ള സാഹചര്യമൊരുക്കും.കയര്‍മേഖല വികസിപ്പിക്കാനുള്ള പ്രവര്‍ത്തനങ്ങളുമായി സര്‍ക്കാര്‍ മുന്നോട്ട് നീങ്ങുകയാണ്.മൂന്നേമുക്കാല്‍ ലക്ഷത്തോളം പേര്‍ ജോലി നോക്കുന്ന കയര്‍ മേഖലയില്‍ 80 ശതമാനവും സ്ത്രീ തൊഴിലാളികളാണ് .മേഖലയുടെ പുനരുദ്ധാരണത്തോടൊപ്പം കയര്‍-പരമ്പരാഗത വ്യവസായ തൊഴിലാളികളുടെ പുരോഗതിയും സര്‍ക്കാര്‍ നടപ്പാക്കും.പാവപ്പെട്ട തൊഴിലാളികളുടെ സാമൂഹ്യ-സാമ്പത്തിക ഉന്നമനം സാധ്യമാക്കുന്നതിനുള്ള പദ്ധതികള്‍ സര്‍ക്കാര്‍ ആവിഷ്്ക്കരിച്ചു വരുന്നതായും മന്ത്രി അടൂര്‍ പ്രകാശ് പറഞ്ഞു. ഏഴര കോടിയോളം വരുന്ന ഇടപാടുകള്‍ക്ക് ഫോംമാറ്റിക്സിനു കഴിഞ്ഞിട്ടുണ്ട്.98 ലക്ഷം രൂപയുടെ കയറ്റുമതി ലക്ഷ്യത്തിലുമെത്തിക്കഴിഞ്ഞു.ഒരു കോടി രൂപയുടെ കയറ്റുമതി ലക്ഷ്യം വച്ചു കൊണ്ടുള്ള പ്രവര്‍ത്തനമാണ് വകുപ്പു നടത്തി വരുന്നതെന്നും മന്ത്രി വ്യക്തമാക്കി.സ്വകാര്യമേഖലയുള്‍പ്പെടെ മത്സരത്തിനുള്ള കയര്‍ വ്യവസായത്തില്‍ 1500 കോടി രൂപയ്ക്ക് മേലാണ് കയറ്റുമതി നടക്കുന്നത്.ഈ കിടമത്സരത്തിനിടയിലും ഫോംമാറ്റിക്സിന് 98 ലക്ഷം രൂപയുടെ കയറ്റുമതി നേടാനായെന്നത് പുരോഗതി തന്നെയാണ്.നഷ്ടത്തില്‍ നിന്നും കര കയറി വരാന്‍ ഫോംമാറ്റിക്സിനു കഴിഞ്ഞത് തൊഴിലാളികളുടെ കഠിന പ്രയത്നവും സഹകരണവും കൊണ്ടു കൂടിയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

കയറ്റുമതിക്കൊപ്പം ആഭ്യന്തര വിപണിയും വളരണം.അതിനാണ് സര്‍ക്കാര്‍ ഈ വര്‍ഷം പ്രാധാന്യം നല്‍കുന്നതെന്നും മന്ത്രി ചൂണ്ടിക്കാട്ടി.ഇത്തരമൊരു ലക്ഷ്യത്തോടെയാണ് കഴിഞ്ഞ ഫെബ്രുവരിയില്‍ ആലപ്പുഴയില്‍ കയര്‍ കേരള നടത്തിയത്.ഇതിനൊപ്പം കയറ്റുമതിയും വര്‍ധിപ്പിക്കാനുള്ള ശ്രമത്തിലാണ് സര്‍ക്കാര്‍.ഇതിന്റെ ഭാഗമായി 101 ഫ്രാഞ്ചൈസികള്‍ ആരംഭിക്കുകയാണ്.അതിന്റെ തുടക്കമാണ് വട്ടിയൂര്‍ക്കാവില്‍ ഉദ്ഘാടനം ചെയ്യുന്നതെന്നും മന്ത്രി പറഞ്ഞു.കൂടുതല്‍ ഷോപ്പുകള്‍ കണ്ടെത്തി ആഭ്യന്തര വിപണിക്ക് ഊര്‍ജ്ജം പകരുകയും വിപണി വര്‍ധിപ്പിക്കുക വഴി സംസ്ഥാന വികസനത്തിനും തൊഴിലാളികള്‍ക്ക് വരുമാനവും ഉറപ്പാക്കുന്നതിനാണ് സര്‍ക്കാര്‍ ശ്രമമെന്നും അ്ദദേഹം പറഞ്ഞു.

കെ.മുരളീധരന്‍ എംഎല്‍എ അധ്യക്ഷനായിരുന്നു.ഫോംമാറ്റിക്സ് ചെയര്‍മാന്‍ സി.വേണുഗോപാലന്‍നായര്‍ ആദ്യ വില്‍പന നടത്തി.കയര്‍ വകുപ്പു സെക്രട്ടറി റാണി ജോര്‍ജ്, ഫോംമാറ്റിക്സ് മാനേജിംഗ് ഡയറക്ടര്‍ മുഞ്ഞിനാട് രാമചന്ദ്രന്‍, കയര്‍ വകുപ്പു ഡയറക്ടര്‍ കെ.മദനന്‍, ഫോമില്‍ ഡയറക്ടര്‍ ബോര്‍ഡംഗം മണ്‍വിള രാധാകൃഷ്ണന്‍, എന്‍സിആര്‍എംഎ ഡയറക്ടര്‍ അനില്‍, കൌണ്‍സിലര്‍ ജി.എസ്.ഷീന, ഫ്രാഞ്ചൈസ്ി കെ.പി.എസ്.കുമാര്‍ എന്നിവര്‍ പങ്കെടുത്തു.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം