ഡല്‍ഹി കൂട്ടമാനഭംഗം: പെണ്‍കുട്ടിയെ പീഡിപ്പിച്ച ബസില്‍ ഇല്ലായിരുന്നുവെന്ന് രണ്ട് പ്രതികള്‍

April 11, 2013 പ്രധാന വാര്‍ത്തകള്‍

ന്യൂഡല്‍ഹി: ഡല്‍ഹി കൂട്ടമാനഭംഗക്കേസില്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ച ബസില്‍ സംഭവസമയത്ത് ഇല്ലായിരുന്നുവെന്ന് രണ്ട് പ്രതികള്‍. പ്രതികളായ വിനയ് ശര്‍മയും പവന്‍ ഗുപ്തയുമാണ് ഇക്കാര്യം വ്യക്തമാക്കി അഡീഷണല്‍ സെഷന്‍സ് ജഡ്ജി യോഗേഷ് ഖന്നയ്ക്ക് മുന്‍പാകെ അപേക്ഷ നല്‍കിയത്. അഭിഭാഷകനായ എ.പി സിംഗ് മുഖേനയാണ് വിനയ് കോടതിയില്‍ അപേക്ഷ നല്‍കിയത്. പവന്‍ ഗുപ്തയുമൊന്നിച്ച് വിനയ് ശര്‍മ സൌത്ത് ഡല്‍ഹിയില്‍ നടന്ന ഒരു സംഗീത പരിപാടിയില്‍ പങ്കെടുക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ വിനയ് ശര്‍മയുടെ മൊബൈലില്‍ നിന്ന് ലഭിച്ചതായും ഇതിനാലാണ് കോടതിക്കു മുന്‍പാകെ ഇപ്പോള്‍ ഇങ്ങനൊരു അപേക്ഷ നല്‍കിയതെന്നും അഭിഭാഷകന്‍ വ്യക്തമാക്കി. വിനയ് ശര്‍മയെ കേസിലേക്ക് പോലീസ് വലിച്ചിഴയ്ക്കുകയായിരുന്നുവെന്നും ഇയാള്‍ ആരോപിച്ചു. വീഡിയോ ദൃശ്യങ്ങളുടെ സിഡി കോടതിയില്‍ സമര്‍പ്പിക്കാന്‍ അനുമതി തേടിക്കൊണ്ടാണ് അഭിഭാഷകന്‍ ഇക്കാര്യം വ്യക്തമാക്കിയത്. വീഡിയോ ചിത്രങ്ങള്‍ കൃത്രിമമായി ഉണ്ടാക്കിയതല്ലെന്നും വിനയ് അറസ്റിലായ ശേഷം ഫോണ്‍ പോലീസ് കസ്റഡിയിലായിരുന്നുവെന്നും അഭിഭാഷകന്‍ പറഞ്ഞു. കഴിഞ്ഞ ഡിസംബര്‍ 16 നായിരുന്നു രാജ്യത്തെ ഞെട്ടിച്ച സംഭവം ഡല്‍ഹിയില്‍ നടന്നത്. രാത്രി 8.30 ഓടെ സുഹൃത്തുമൊത്ത് സിനിമ കണ്ടുമടങ്ങിയ 23 കാരിയായ മെഡിക്കല്‍ വിദ്യാര്‍ഥിനിയെ സുഹൃത്തിനെ മര്‍ദ്ദിച്ച ശേഷം പ്രതികള്‍ മാനഭംഗപ്പെടുത്തുകയായിരുന്നു. പ്രായപൂര്‍ത്തിയാകാത്ത ഒരാള്‍ ഉള്‍പ്പെടെ ആറു പ്രതികളാണ് കേസില്‍ ഉള്ളത്.

കൂടുതല്‍ വാര്‍ത്തകള്‍ - പ്രധാന വാര്‍ത്തകള്‍