ജാത്യന്തരപരിണാമം

April 11, 2013 ഗുരുവാരം,പാദപൂജ

ഗുരുനാഥനായ ബ്രഹ്മശ്രീ നീലകണ്ഠഗുരുപാദരെക്കുറിച്ച് ജഗദ്ഗുരു സ്വാമി സത്യാനന്ദ സരസ്വതി തൃപ്പാദങ്ങള്‍ രചിച്ച പാദപൂജ എന്ന ഗ്രന്ഥത്തില്‍ നിന്ന്.

ജീവാത്മാക്കളെല്ലാമം മഹാകല്പകാല പരിണാമത്തില്‍ ശാശ്വത പരമാണുവായ ഈശ്വരനില്‍വിലയം പ്രാപിക്കുന്നു. അങ്ങനെ ജീവാത്മാവ് ഈശ്വരബീജമാണെന്ന് പറയുന്നതില്‍ തെറ്റില്ല. ഈ ജീവാത്മാവില്‍ അന്തര്‍ലീനങ്ങളായിക്കിടക്കുന്ന സംസ്‌കാരമാണ് അനന്തര കാലത്തെ സൃഷ്ടിയായി പരിണമിക്കുന്നത്. പ്രകൃതിയില്‍ സംഭവിക്കുന്ന ജാത്യന്തര പരിണാമശ്രമം കല്പകാലത്തിന് മുമ്പുതന്നെ ജീവന്‍സമാര്‍ജിച്ച ചിത്തപരമാണുക്കളെ അഥവാ വാസനാബീജത്തെ ആശ്രയിച്ചാണ് നിലനില്ക്കുന്നത്. മൗലികമായ എല്ലാ പ്രകൃതിവ്യവസ്ഥകളും ഈശ്വരസങ്കല്പത്തെ ആശ്രയിക്കാതെ സംഭവിക്കുന്നില്ല. ജഡവസ്തുക്കളുടെ പരിണാമമോ രാസപരിവര്‍ത്തനമോ കൊണ്ട് ഇച്ഛ, ക്രിയ എന്നിവ സംഭവിക്കാവുന്നതല്ല. അഥവാ അവ പരിസരപരിണാമമാണെന്ന് പ്രകൃതിശാസ്ത്രജ്ഞന്മാര്‍ വിധിച്ചാല്‍ ജഡവസ്തുവിന് പരിണാമം കൊണ്ട് സുഖദുഃഖാനുഭവമുള്ളതായിത്തീരുവാന്‍ കാരണം കാണുന്നില്ല.

പ്രകൃതിപരിണാമത്തില്‍ സ്വാഭാവികമായി സംഭവിക്കുന്ന രൂപനാമഭേദങ്ങള്‍ ഏതായാലും അവയെല്ലാം ഓരോ വര്‍ഗത്തിലമന്തര്‍ലീനമായിരിക്കുന്ന ജാത്യന്തരപരിണാമത്തിലൂടെയാണ് സംഭവിക്കുന്നത്. ജീവന്‍ ഏതെങ്കിലും ഒരു വര്‍ഗത്തിലോ വര്‍ഗാനുസൃതമായ രൂപത്തിലോ ബന്ധപ്പെടുമ്പോള്‍ മേല്‍പറഞ്ഞ വര്‍ഗത്തിലും രൂപത്തിലും നിന്നാര്‍ജിച്ച സംസ്‌കാരം അവശേഷിക്കുന്നു. ഇങ്ങനെ അവശേഷിക്കുന്ന സംസ്‌കാരത്തില്‍ ഈഷത് വ്യത്യാസങ്ങള്‍ സംഭവിക്കുന്നതുപോലും അനന്തരജന്മത്തിലെ രൂപനാമഗുണഭേദങ്ങള്‍ക്ക് അടിസ്ഥാനമാകുന്നു. ഇന്ദ്രിയങ്ങള്‍ക്കിത് പ്രത്യക്ഷത്തില്‍ വിഷമല്ല. ജന്മാന്തരമുള്ള വര്‍ത്തമാന പരിസരവുമായി ബന്ധപ്പെട്ട് വീണ്ടും സമാനസ്വഭാവമുള്ളതും വ്യത്യസ്ത സ്വഭാവമുള്ളതുമായ സംസ്‌കാരവിശേഷങ്ങള്‍ ജീവന്‍ സമാര്‍ജിക്കുന്നു. ഇങ്ങനെയുള്ള ജാത്യാന്തരപരിണാമങ്ങളുടെ സൂക്ഷ്മവും സ്ഥൂലവുമായ വ്യത്യാസം നിര്‍ണയിക്കുന്നതിന് പ്രത്യേകമാര്‍ഗങ്ങളില്ല. പ്രകൃതിയില്‍ കാണുന്ന സൃഷ്ടിവൈഭവങ്ങളെല്ലാം മേല്‍പറഞ്ഞ പരിണാമസംസ്‌കാരത്തിന്റെ ഉല്‍പന്നങ്ങളും ഉപാധികളുമാണ്. സ്വാഭാവികമായി തിര്യക്കുകളിലും വൃക്ഷലതാദികളിലും സ്വേദജ, അണ്ഡജ, ഉദ്ഭിജ ക്രമത്തില്‍ അതുസംഭവിച്ചിരിക്കുന്നു. എന്നാല്‍ ജരായുജത്തിലെ ഉന്നതപരിണാമമായ മനുഷ്യന്‍ തനിക്കുസംഭവിച്ച പരിണാമവ്യവസ്ഥകളെ വേര്‍തിരിച്ചറിയുവാനുമുള്ള മസ്തിഷ്‌കത്തോടും മനസ്സോടും കൂടിയവനാണ്. അതായത് പ്രകൃതിയില്‍ സ്വേദജാണ്ഡജ ഉദ്ഭിജങ്ങളിലൂടെ സംഭവിക്കുന്ന ജാത്യന്തര പരിണാമം അനേകകോടിജന്മങ്ങളെ ആശ്രയിച്ചുനില്ക്കുമ്പോള്‍ മനുഷ്യന് ഇവയുടെ ഗതിവേഗത തന്നില്‍തന്നെ നിക്ഷിപ്തമായിരിക്കുന്നു. ധര്‍മത്തിന്റെ ആവിഷ്‌കരണശക്തിയുടെയും തിരസ്‌കരണശക്തിയുടെയും വേഗത വര്‍ധിപ്പിക്കുന്നതിന വിവധ യോഗമാര്‍ഗത്തിലുള്ള പരിശീലനം കൊണ്ട് കഴിയുന്നു. അനേക ജന്മാവകാശങ്ങളെ തരണം ചെയ്യാനും സാധ്യമാകുന്നു. സാധകനായ ഒരുവനില്‍ നിക്ഷിപ്തമായിരിക്കുന്ന ചിത്താണുക്കളില്‍ വരുത്താന്‍ കഴിയുന്ന പരിശുദ്ധിയും പരിവര്‍ത്തനവുമാണിതിന് കാരണമാകുന്നത്. ചിത്താണുവിന്റെ വേഗത കൂടുന്നതിനാവശ്യമായ പരിശീലനങ്ങളാണ് അനേകജന്മങ്ങളെ തരണം ചെയ്യുന്നതിനാവശ്യമായ സംസ്‌കാരങ്ങളെ സൃഷ്ടിക്കുന്നത്. ഈ പരിശുദ്ധിയും പരിണാമവും ത്വരിതപ്പെടുത്തുന്നതിനുള്ള കഴിവ് ശാസ്ത്രമല്ലെന്നോ പ്രായോഗികമല്ലെന്നോ വിധിയെഴുതുന്നത് പരിണാമപ്രക്രിയയുടെ അപക്വമായ പരിവര്‍ത്തനഘട്ടം ആണെന്നേ പറയുവാനുള്ളൂ.

ബാഹ്യപ്രകൃതിയില്‍ സ്ഥൂലശരീരത്തിനുസംഭവിക്കുന്ന രൂപഭേദങ്ങളെ ആസ്പദമാക്കി ജീവിയുടെ പരമ്പരയില്‍ ജാത്യാന്തര പരിണാമം സംഭവിക്കുന്നില്ല. ശാസ്ത്രജ്ഞന്മാരുടെ പരീക്ഷണങ്ങള്‍ തന്നെ ഇതിന് തെളിവാണ്. ഇരുപത്തൊന്ന് തലമുറ വാലുമുറിച്ചു ജനിപ്പിച്ച എലികളില്‍ ആദ്യത്തെ തലമുറയിലെപ്പോലെതന്നെ ഒടുവിലും വാലുണ്ടായിരുന്നു. പട്ടികളിലെ വാലുമുറിച്ചാല്‍ ആ പട്ടിക്കുണ്ടാകുന്ന കുട്ടികള്‍ വാല്‍ നഷ്ടപ്പെട്ടവരായിരിക്കില്ല. കുരുടനോ മുടന്തനോ ജനിക്കുന്നകുട്ടി കുരുടനോ മുടന്തനോ ആകണമെന്നില്ല. പരമ്പരയില്‍ ഇങ്ങനെ നോക്കുമ്പോള്‍ സ്ഥൂലരൂപസൃഷ്ടിയില്‍വരുന്ന മാറ്റങ്ങളൊന്നും ജാത്യന്തരപരിണാമത്തിന്റെ മാറ്റത്തിന് വിധേയമല്ലെന്ന് തെളിയുന്നു. ശിതോഷ്ണാദി കാലാവസ്ഥകള്‍, ശത്രുമിത്രഭേദങ്ങള്‍, ദാരിദ്ര്യം, സമ്പന്നത തുടങ്ങിയ വിരുദ്ധാവസ്ഥകളൊന്നുംതന്നെ ജാത്യന്തരപരിണാമത്തിന്റെ  ബീജാവാപികളല്ല. ജീവാത്മാവിനെ കേന്ദ്രീകരിക്കാത്ത ജഡവസ്തുസങ്കല്പം പ്രകൃതിയുടെ ഉല്പത്തിക്കടിസ്ഥാനമല്ലെന്നിതുകൊണ്ടു തെളിയിക്കാം. പരിസരങ്ങളുടെ അനുകൂലമോ പ്രതികൂലമോ ആയ അവസ്ഥകള്‍ ഒന്നും തന്നെ മേല്‍പറഞ്ഞ അടിസ്ഥാന പരിണാമവ്യവസ്ഥയ്ക്ക് ബാധകമാകുന്നില്ല.

ഡാര്‍വിന്റെ പരിണാമസിദ്ധാന്തം കുറിക്കുന്ന വാദഗതികളെല്ലാം സിദ്ധാന്തപരമായി സത്യമാണെന്ന് നിര്‍വചിക്കുന്നതു ശരിയാവില്ല. ജാത്യന്തരപരിണാമദശയില്‍ ബീജം മുതല്‍ തുടങ്ങുന്ന വാസനാവ്യത്യാസം സംസ്‌കാരദിശയിലേക്ക് വളര്‍ന്നെത്തുമ്പോള്‍ അതിനാവശ്യമായ പ്രകൃത്യവസ്ഥയും അതിലുളവാക്കുന്ന ഉത്പന്നങ്ങളും ആവശ്യമായി വരുന്നു. പ്രകൃതിയില്‍ കാലാവസ്ഥയ്ക്ക് അനുസൃതമായ ഉത്പന്നങ്ങള്‍ മാത്രമേ നിലനില്ക്കുന്നുള്ളു. ഉത്പന്നങ്ങളുടെ നിലനില്പിനും കാലാവസ്ഥയുടെ ക്രമീകരണത്തിനും ആവശ്യമായ ഒ    രടിസ്ഥാനസത്ത കൂടിയേതീരൂ. ജീവരാശികളുടെ നിലനില്പും ആണവസിദ്ധാന്തപരമായ പരിണാമങ്ങളും ഈ അടിസ്ഥാനസത്തയെ ആശ്രയിച്ചിരിക്കുന്നു. ജീവന്റെ വസ്തുസങ്കലനവ്യവസ്ഥയില്‍ തുടങ്ങി വര്‍ദ്ധിച്ചുവരുന്ന സ്വഭാവമാണ് ആഹാരാദിപദാര്‍ത്ഥങ്ങള്‍ക്കും വീണ്ടും അതിലൂടെ ശരീരപോഷണത്തിനും സഹായിക്കുന്നത്. ശരീരപോഷണം സംഭവിക്കുന്നതോടുകൂടിത്തന്നെ ജീവസംസ്‌കാരത്തിന് യോജിക്കാത്തവയെ ജീവന്‍ തന്നെ തിരസ്‌കരിക്കുകയും ചെയ്യുന്നു. ആരോഗ്യവും അനാരോഗ്യവും സംഭവിക്കുന്നത് ഇപ്രകാരമാണ്. ആവിഷ്‌കരിക്കുവാനും തിരസ്‌കരിക്കുവാനുമുള്ള ശക്തി ഓരോ വസ്തുവിലും അതാതിന്റെ ജീവാണുക്കളില്‍ തന്നെ അടങ്ങിയിരിക്കുന്നു. ഒരു വസ്തുവിന്റെ ശരീരോത്പത്തിക്കാവശ്യമായ വസ്തുക്കളുടെ തിരസ്‌കാരം തന്നെയാണ് അതിന്റെ നാശത്തിനും കാരണമായിരിക്കുന്നത്. വസ്തുവിനെ സ്വീകരിക്കുന്നതിലും തിരസ്‌കരിക്കുന്നതിലും ജീവന്‍ സമ്പാദിച്ച പൂര്‍വസംസ്‌കാരവും വര്‍ത്തമാനകാലത്തെ ദേശകാലപരിതസ്ഥിതികള്‍ കൊണ്ട് ലഭിക്കുന്ന സംസ്‌കാരവും പ്രേരകങ്ങളായിത്തീരുന്നു. ആവിഷ്‌കരണവും തിരസ്‌കരണവും ജീവന്റെ ഉഭയകര്‍മങ്ങളാണ്. ഇവ തമ്മിലുള്ള വ്യത്യാസം  സൃഷ്ടിക്കുന്ന അനുഭവമാണ് കാലം. ഈ കാലസങ്കല്പത്തിന്റെ സ്ഥൂലാവസ്ഥയിലാണ് സ്ഥിതിയെന്ന അവസ്ഥാഭേദം ജീവന് അനുഭവപ്പെടുന്നത്. യഥാര്‍ത്ഥത്തില്‍ സൃഷ്ടിക്കും സ്ഥിതിക്കും തിരസ്‌കരണത്തിനും അടിസ്ഥാനമായ ശക്തിവിശേഷം ഒന്നുതന്നെയാണ്.

ജീവാത്മാവിനെ സംബന്ധിച്ച് സ്വീകരിക്കുന്നതിനുമുമ്പ് അനുഭവമുണ്ടാകുന്നില്ല. സ്വീകരിക്കുന്നതുമുതല്‍ അനുഭവം, വസ്തുവും, ജീവനും തമ്മിലുള്ള ബന്ധത്തില്‍നിന്ന് ഉണ്ടായിവരുന്നു. തിരസ്‌കരണാവസ്ഥയില്‍ അപ്രത്യക്ഷമായ വസ്തുതന്നെയാണ് ആവിഷ്‌ക്കരണസ്വഭാവത്തില്‍ പ്രത്യക്ഷമായിത്തീരുന്നതും. അതിനാലാണ് ആവിഷ്‌കരണത്തിനും തിരസ്‌കരണത്തിനും ശക്തി ഒന്നാണെന്ന് പറഞ്ഞത്.

കൂടുതല്‍ വാര്‍ത്തകള്‍ - ഗുരുവാരം