വ്യാസന്റെ നീതിപീഠത്തിനു മുന്നില്‍ – അശ്വത്ഥാമാവേ നിനക്കു മാപ്പ് – ഭാഗം 3

April 12, 2013 സനാതനം

ഡോ. അദിതി
സ്ഥാനമാനങ്ങള്‍ മോഹിച്ചിരുന്ന അശ്വത്ഥാമാവിന് ദുര്യോധനന്റെ പതനം ഒരു അനാഥാവസ്ഥ ഉണ്ടാക്കിയേക്കാം. ഈ അനാഥാവസ്ഥ ഒരു പകപോക്കലിന്റെ ഭാവം പൂണ്ടതാണ്. കൂടാരത്തിലെ കൊലപാതകങ്ങളിലെ നിര്‍ദ്ദയത്വം അശ്വത്ഥാമാവിലെ നിരാശയുടെ ആഴവും പരപ്പും സൂചിപ്പിക്കുന്നു. നഷ്ടബോധത്തില്‍ നിന്ന് ഉടലെടുത്ത ഈ വൈരനിര്യാതനത്തിന് ദുര്യോധനപ്രേമം ഒരു മറയാക്കി എന്നുമാത്രം.

വസ്തുനിഷ്ഠമായി പരിശോധിച്ചാല്‍ അശ്വത്ഥാമാവ് ദുര്യോധനനോട് കാണിച്ച ഈ സ്‌നേഹം കള്ളമാണെന്നു മനസ്സിലാക്കും. കൃഷ്ണന്‍ നോക്കി നില്‍ക്കെ പാണ്ഡവരെ കൊല്ലുമെന്നല്ലേ അശ്വത്ഥാമാവ് പറഞ്ഞത്. എന്നാല്‍ സംഭവിച്ചതോ? ഉറങ്ങിക്കിടക്കിടന്നിരുന്ന നിര്‍ദ്ദോഷികളെ വെട്ടിക്കൊന്നു.

ഇതില്‍ എന്താണ് ദുര്യോധനനു ലാഭം? പാണ്ഡവരെയോ അല്ലെങ്കില്‍ അതില്‍ ഒരാളെയെങ്കിലുമോ കൊന്നിരുന്നുവെങ്കില്‍ ദുര്യോധനന്‍ ചിരിച്ചുകൊണ്ടു മരിച്ചേനേ. വാസ്തവത്തില്‍ അശ്വത്ഥാമാവ് ഈ ചതി കാണിക്കുമെന്നറിഞ്ഞിരുന്നെങ്കില്‍ ദുര്യോധനന്‍ അയാളെ സേനനായകനായി അഭിഷേകം ചെയ്യുമായിരുന്നില്ല.

ഈ കൊലയില്‍ അശ്വത്ഥാമാവ് എന്തുനേടി? പാണ്ഡവര്‍ക്ക് ഒരു നഷ്ടമുണ്ടാക്കി സ്വയം തൃപ്തിപ്പെട്ടു. സ്വന്തം തൃപ്തിയായിരുന്നു ഉദ്ദേശ്യമെങ്കില്‍ മരിക്കാന്‍ കിടക്കുന്ന ദുര്യോധനന്റെ അടുത്ത് ഓടി വന്നു പറഞ്ഞതെന്തിന്? തന്റെ സുഹൃത്തിനെ സന്തോഷിപ്പിക്കുവാനും സാന്ത്വനപ്പെടുത്തുവാനും അല്ലേ? ഒരു പക്ഷേ അല്ല. സ്വയം ചെയ്ത ഒരു കാര്യത്തില്‍ ഒരുവന്‍ തൃപ്തി അടയുന്നത് അത് അന്യരെ ധരിപ്പിക്കുമ്പോള്‍ മാത്രമാണ്, പ്രത്യേകിച്ചും തന്നെ അഭിനന്ദിക്കും എന്നു തോന്നുന്നവനുമുന്നില്‍ ഇവിടെ അത് കേള്‍ക്കുന്നവന്റെ സന്തോഷമല്ല ഉദ്ദേശിക്കുന്നത്. മറിച്ച് അത് കേള്‍ക്കുന്നവനെ സന്തോഷിപ്പിക്കുന്നു എന്ന മറവില്‍ സ്വയം നിര്‍വൃതി കണ്ടെത്തുന്നതാണ്.

ഒരു പൊതു താത്പര്യം കൂടി ഇത്തരം സന്ദര്‍ഭങ്ങളില്‍ ചികഞ്ഞെടുക്കാന്‍ സാധിക്കുമെങ്കില്‍ ഇക്കൂട്ടര്‍ വിജയിച്ചതു തന്നെ. സ്വന്തം താല്‍പര്യം ശരിക്കും ഇവര്‍ക്ക് മറച്ചുവയ്ക്കാന്‍ കഴിയുന്നു. ഇവര്‍ ധര്‍മ്മിഷ്ഠന്‍മാരായ പരോപകാരികളായും സമൂഹത്തില്‍ പ്രത്യക്ഷപ്പെടാറുണ്ട്. ഇവിടെ അശ്വത്ഥാമാവ് ദുര്യോധനന്റെ അടുക്കലേക്ക് ഓടിപ്പോയത് സ്വന്തം നഷ്ടബോധംകൊണ്ടുള്ള പ്രതികാരാവഞ്ഛയില്‍ നടത്തിയ ക്രൂരമായ നരഹത്യ, ദുര്യോധനനുവേണ്ടിയുള്ളതാണെന്ന് വരുത്തിതീര്‍ക്കാനുള്ള ഹീനതന്ത്രം മൂലമാണ്.

ഇവിടെ സംഭവിച്ചത് സമനിലതെറ്റിയ ഒരു മാനസികരോഗി കാട്ടിക്കൂട്ടിയ ഹിനമായ കൊലയാണ്. വാസ്തവത്തില്‍ മരണം മാടിവിളിച്ചിട്ടും അതിനു വഴങ്ങാതെ പാണ്ഡവരെ കൊന്ന വാര്‍ത്തകേള്‍ക്കാന്‍വേണ്ടിമാത്രമാണ് ദുര്യോധനന്റെ ഹൃദയം തുടിച്ചുകൊണ്ടിരുന്നത്. അത് സംഭവിച്ചില്ല എന്ന് അറിഞ്ഞ ഉടനെ ആ തുടിപ്പുനിന്നു. ഒരു പക്ഷേ അശ്വത്ഥാമാവ് പറഞ്ഞപോലെ നടന്നിരുന്നെങ്കില്‍ മരണത്തെ മരിപ്പിച്ചുകൊണ്ട് ദുര്യോധനന്‍ ഉയര്‍ത്തെഴുന്നേല്‍ക്കുമായിരുന്നു.

കൊടുംപാപത്തിന്റെയും ക്രൂരതയുടെയും കഥകള്‍ മഹാഭാരതത്തില്‍ ഏറെ കണ്ടെന്നുവരാം. എന്നാല്‍ ഇതുപോലൊരു സംഭവം മഹാഭാരതത്തില്‍ വേറെയില്ല. അതുകൊണ്ട് അശ്വത്ഥാമാവിന് കല്പിച്ചുകൊടുത്ത ശാപശിക്ഷയും ഭയാനകം തന്നെ.

ഇവിടെ വ്യാസന്‍ കാണിച്ച ഒരു കൗശലം പ്രത്യേകം ശ്രദ്ധേയമാണ്. ബ്രഹ്മാസ്ത്രം ഉത്തരയുടെ ഗര്‍ഭത്തില്‍ തിരിച്ചുവിടുന്നതിനെ വ്യാസന്‍ ആദ്യം എതിര്‍ത്തില്ല. പാണ്ഡവര്‍ക്കു ശേഷം അനന്തരാവകാശികളായ പാഞ്ചാലരെ വെട്ടിക്കൊന്നതിലും വ്യാസന്‍ ദുഃഖിച്ചതായി കണ്ടില്ല.

അധികാരത്തിനു വേണ്ടിയുള്ള വടംവലിയില്‍ ആയിരമായിരം പേര്‍ ഹോമിക്കപ്പെട്ടത് വ്യാസന്‍ നേരിട്ടുകണ്ടതാണ്. അത്തരത്തിലുള്ളവരുടെ വംശം നിലനിന്നാല്‍ ഭാവിയില്‍ എത്രയെത്ര മഹാഭാരതയുദ്ധങ്ങള്‍ ഉണ്ടാകും!

ഒരുപക്ഷേ അശ്വത്ഥാമാവ് പാഞ്ചാലരെ വധിച്ചതിലും ഉത്തരയുടെ ഗര്‍ഭത്തിലേക്ക് ബ്രഹ്മാസ്ത്രം തിരിച്ചുവിട്ടതിലും ഇവന്മാരുടെ വംശം ഇനി ഇവിടെ വേണ്ട എന്ന ഒരു കാര്യം കൂടി വ്യാസന്‍ ഉള്‍ക്കൊണ്ടിരുന്നോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. അങ്ങനെയാണെങ്കില്‍ അശ്വത്ഥാമാവേ നിനക്ക് മാപ്പ്.

കൂടുതല്‍ വാര്‍ത്തകള്‍ - സനാതനം