പകല്‍ വൈദ്യുത നിയന്ത്രണം അനിശ്ചിത കാലത്തേക്ക് തുടരും

April 12, 2013 കേരളം,പ്രധാന വാര്‍ത്തകള്‍

  • നാഫ്ത ലഭ്യമല്ല; കൊച്ചിയിലെ ബി.എസ്.ഇ.എസ്. കേരള പവര്‍ ലിമിറ്റഡ് നിലയം അടച്ചു

തിരുവനന്തപുരം: സംസ്ഥാനത്തെ പകല്‍ വൈദ്യുത നിയന്ത്രണം അനിശ്ചിത കാലത്തേക്ക് തുടരും. കേന്ദ്രത്തില്‍ നിന്നുള്ള വൈദ്യുതി ലഭ്യതയിലുണ്ടായ കുറവ് പരിഹരിക്കും വരെ പകല്‍ നിയന്ത്രണം തുടരാനാണ് തീരുമാനമായത്. ഇതിനൊപ്പം വൈദ്യുതി ലഭ്യത കൂടുതല്‍ ഇടിഞ്ഞതിനാല്‍ ഇന്ന് രാത്രി അര മണിക്കൂര്‍ അധിക നിയന്ത്രണവും ഏര്‍പ്പെടുത്തി.

സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധി രൂക്ഷമാക്കിക്കൊണ്ട് കൊച്ചിയില്‍ റിലയന്‍സിന്റെ ഉടമസ്ഥതയിലുള്ള ബി.എസ്.ഇ.എസ്. കേരള പവര്‍ ലിമിറ്റഡ് നിലയം അടച്ചു. ഇന്ധനമായ നാഫ്ത ലഭ്യമാകാത്തതാണ് നിലയം പൂട്ടാന്‍ കാരണം. 165 മെഗാവാട്ട് ശേഷിയുള്ള നിലയത്തില്‍ നിന്ന് ഇന്ധനക്ഷാമം നിമിത്തം 100 മെഗാവാട്ട് മാത്രമേ ലഭിക്കുന്നുണ്ടായിരുന്നുള്ളൂ. ഇപ്പോള്‍ അതുകൂടി ഇല്ലാതായതോടെ പ്രതിദിന വൈദ്യുതി ലഭ്യതയില്‍ രണ്ടര ദശലക്ഷം യൂണിറ്റിന്റെ കുറവു വന്നു. ഇതേത്തുടര്‍ന്ന് ഇന്ന് വൈകുന്നേരം അര മണിക്കൂര്‍ അധിക വൈദ്യുതി നിയന്ത്രണം ഏര്‍പ്പെടുത്തി. ഗ്രാമപ്രദേശങ്ങളില്‍ മാത്രമാണ് നിയന്ത്രണം പറഞ്ഞിട്ടുള്ളതെങ്കിലും ഉപയോഗം കൂടിയാല്‍ അത് നഗരപ്രദേശങ്ങളില്‍ കൂടി വ്യാപിപ്പിക്കും.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം