ശ്രീരാമലീല സത്യമാണ്

April 15, 2013 സ്വാമിജിയെ അറിയുക

ജഗദ്ഗുരു സ്വാമി സത്യാനന്ദ സരസ്വതി തൃപ്പാദങ്ങളെക്കുറിച്ച് ശ്രീരാമദാസ ആശ്രമം പ്രസിദ്ധീകരിച്ച ശ്രീസത്യാനന്ദവിഭൂതി എന്ന ഗ്രന്ഥത്തില്‍ നിന്ന്.

ഡോ. പൂജപ്പുര കൃഷ്ണന്‍ നായര്‍
ചേങ്കോട്ടുകോണം ശ്രീരാമദാസാശ്രമത്തില്‍ ശ്രീരാമനവമി മഹോത്സവമാരംഭിക്കുന്നത് 1920 മുതല്‍ക്കാണ്. ബ്രഹ്മശ്രീ നീലകണ്ഠഗുരുപാദര്‍ ആശ്രമം സ്ഥാപിച്ചവര്‍ഷവും അതുതന്നെയാകുന്നു. കാലം കടന്നുപോകുന്തോറും ശ്രീരാമനവമി ആഘോഷങ്ങള്‍ വിപുലമായ്‌ക്കൊണ്ടേയിരുന്നു. കൊല്ലൂര്‍ ശ്രീമൂകാംബിക ക്ഷേത്രത്തില്‍ നിന്നാരംഭിക്കുന്ന ശ്രീരാമരഥയാത്രയും അനന്തപുരിയില്‍ പന്ത്രണ്ടുദിവസംകൊണ്ടു പൂര്‍ത്തിയാകുന്ന ശ്രീരാമനവമി ഹിന്ദുമഹാസമ്മേളനവും കൂട്ടിച്ചേര്‍ത്തുകൊണ്ട് 1991ല്‍ ജഗദ്ഗുരു സ്വാമി സത്യാനന്ദസരസ്വതി തൃപ്പാദങ്ങള്‍ ശ്രീരാമനവമി മഹോത്സവത്തില്‍ ബഹുമുഖമായ വൈവിധ്യവൈചിത്ര്യങ്ങളേകി. തിരുവനന്തപുരം നഗരത്തിന്റെ ഹൃദയഭാഗത്തുള്ള പുത്തരിക്കണ്ടം മൈതാനിയില്‍ പ്രത്യേകം സജ്ജീകരിച്ച അയോദ്ധ്യാനഗരിയില്‍ വച്ചാണ് ശ്രീരാമനവമി ഹിന്ദുമഹാസമ്മേളനങ്ങള്‍ നടത്തുന്നത്. 1992ല്‍ അയോദ്ധ്യയിലെ നന്ദിഗ്രാമത്തില്‍ വച്ചു പൂജിച്ചുകൊണ്ടുവന്ന ശ്രീരാമപാദുകങ്ങള്‍ രഥയാത്രയുടെ ഭാഗമായിത്തീര്‍ന്നു. ആ വര്‍ഷത്തെ ഹിന്ദുമഹാസമ്മേളനവേദിയില്‍വച്ച് അടുത്തകൊല്ലം (1993-ല്‍) നടത്താന്‍ പോകുന്ന ചൂഡാരത്‌നായനത്തെപ്പറ്റി സ്വാമിജി പ്രസ്താവനചെയ്തിരുന്നു. അതോടൊപ്പം അനന്തപുരിയില്‍ Swami-Ramaleela-sliderശ്രീരാമലീല ആരംഭിക്കുന്നതിനെക്കുറിച്ചും സ്വാമിജി സംസാരിച്ചു. മൂകാംബികാദേവീക്ഷേത്രസന്നിധിയില്‍നിന്ന് ശ്രീരാമരഥം കടന്നുവരുന്നക്രമത്തില്‍ പട്ടാഭിഷേകം നടക്കുമാറ് കേരളമെമ്പാടും ശ്രീരാമലീല നടത്തണമെന്നതാണ് സ്വാമിതൃപ്പാദങ്ങളുടെ സങ്കല്പം.

രാമായണത്തെക്കുറിച്ച് ജനഹൃദയങ്ങളില്‍ അഗാധമായ അവബോധം സൃഷ്ടിക്കുന്നതിനുംശ്രീരാമനെപ്പോലെ ആയിത്തീരാനുള്ള അഭിവാഞ്ച അങ്കുരിപ്പിച്ച് ധര്‍മ്മമാര്‍ഗ്ഗത്തിലൂടെ ഏവരെയും നയിക്കുന്നതിനുമാണ് രാമലീല സംഘടിപ്പിക്കാന്‍ സ്വാമിജി ആഗ്രഹിച്ചത്. ശ്രീരാമലീല നടക്കുന്ന നഗരത്തെയും ഗ്രാമത്തെയും ആറായി (ആറു രാമായണകാണ്ഡങ്ങളായി) തിരിച്ച് ഓരോ കാണ്ഡത്തിലും ആറു ദിവസങ്ങൡലായി നിശ്ചിത സ്ഥലങ്ങളില്‍ ശ്രീരാമപൂജ, രാമായണപാരായണം, രാമായണപ്രഭാഷണം മുതലായവ നടത്തുന്നത് ശ്രീരാമലീലയുടെ മുഖ്യ അംഗമാണ്. ഇവ കൂടാതെ നാട്ടുകാരെയെല്ലാം പങ്കെടുപ്പിച്ചുകൊമ്ട് ആറു ദിവസങ്ങളിലായി രാമായണത്തിന്റെ കാവ്യാവിഷ്‌കരണവും നടത്തണം. ആറു ദിവസങ്ങളുള്ള ശ്രീരാമലീലയില്‍ ആദ്യദിവസം ബാലകാണ്ഡത്തിലൂടെയുള്ള ശ്രീരാമപരിക്രമണം ആരംഭിക്കുന്നു. അടുത്തദിവസത്തെ പരിക്രമണം അയോദ്ധ്യാകാണ്ഡത്തിലൂടെയാണ്. ഇങ്ങനെ ആറാം ദിവസം യുദ്ധകാണ്ഡത്തിലൂടെയുള്ള പരിക്രമണം പൂര്‍ത്തിയാക്കി പട്ടാഭിഷേകം നടത്തുമ്പോള്‍ (ശ്രീരാമപട്ടാഭിഷേകം ആറു രാമായണകാണ്ഡങ്ങളിലും ഒരേ സമയത്തു നടത്തണം) നാട്ടുകാരെല്ലാം ചേര്‍ന്ന് രാമായണം പൂര്‍ണ്ണമായി അവതരിപ്പിച്ചുകഴിഞ്ഞിരിക്കും. അങ്ങനെ ശ്രീരാമകഥയില്‍ ആമഗ്നമായിക്കഴിഞ്ഞിരിക്കും. സ്വാമിജിയുടെ സങ്കല്പത്തിലുള്ള ശ്രീരാമലീല അത്യുദാത്തവും അതിബൃഹത്തുമായ പൂജാപദ്ധതിയാണ്.

സ്വാമിജിയോടൊപ്പം ശ്രീരാമലീലയെക്കുറിച്ച് ചര്‍ച്ചകള്‍ നടത്തുമ്പോഴെല്ലാം രാമലീല രാമായണാഭിന്നയമെന്നാണ് ഞാന്‍ പറഞ്ഞിരുന്നതും എഴുതിയിരുന്നതും. അതുകേട്ട് എന്നെ തിരുത്തിക്കൊണ്ട് അദ്ദേഹം പറഞ്ഞു. ശ്രീരാമലീല സത്യമാണ്. ഇതു രാമായണത്തിന്റെ അഭിനയമല്ല. രാമായണം വീണ്ടും സംഭവിക്കുന്നതാണ്. ഈ മണ്ഡപത്തില്‍ (ആശ്രമത്തിലെ പ്രതിഷ്ഠാമണ്ഡപത്തില്‍) രാമായണം വായിക്കുമ്പോള്‍ ശ്രീരാമന്റെ ജീവിതം അതേപ്രകാരം സംഭവിക്കുന്നു. അതുതന്നെയാണ് ഈ ശ്രീരാമലീലയുമെന്നറിഞ്ഞോ. അതുകൊണ്ട് ശ്രദ്ധയോടെവേണം ഇതെല്ലാം ചെയ്യാന്‍. ആദ്യാവസാനം പൂജായസങ്കല്പം വേണം. എല്ലാപേരും വ്രതമിരുന്നുവേണം ശ്രീരാമലീല നടത്താന്‍. ശ്രീരാമലീല അഭിനയമല്ല; സത്യമാണ്. വേണമെങ്കില്‍ നീ ഇതു എഴുതിവച്ചോ.

1993മാര്‍ച്ചുമാസം 25ന് വ്യാഴാഴ്ച രാവിലെ തിരുവനന്തപുരത്തു തീര്‍ത്ഥപാദമണ്ഡപത്തില്‍വച്ച് ശ്രീരാമലീലയുടെ ഉദ്ഘാടനകര്‍മ്മം നടന്നു. പൂജപ്പുര മണ്ഡപം, ആറ്റുകാല്‍ ദേവീക്ഷേത്രം, പാല്‍ക്കുളങ്ങര ദേവീക്ഷേത്രം, ഗാന്ധാരി അമ്മന്‍കോവില്‍, ഉദിയന്നൂര്‍ ദേവീക്ഷേത്രം, കേശവദാസപുരം കുന്നുവിള ദേവീക്ഷേത്രം എന്നിവിടങ്ങളിലായിരുന്നു ബാല-അയോദ്ധ്യാ-ആരണ്യ-കിഷ്‌കിന്ധ-സുന്ദര-യുദ്ധകാണ്ഡങ്ങള്‍ അക്കൊല്ലം യഥാക്രമം സജ്ജീകരിച്ചിരുന്നത്. (പിന്നീടുള്ള വര്‍ഷങ്ങളില്‍ ചില സ്ഥലങ്ങള്‍ക്കുമാത്രം മാറ്റം വന്നു.) രാമായണ കാണ്ഡങ്ങളിലൂടെയുള്ള ശ്രീരാമരഥപരിക്രമയ്ക്കും രാമായണദൃശ്യാവിഷ്‌കരണത്തിനുമായി കമനീയമായ ഒരു ശ്രീരാമരഥം പ്രത്യേകം തയ്യാറാക്കിയിരുന്നു. ശ്രീരാമന്‍, സീതാദേവീ, ലക്ഷ്മണന്‍, ഹനുമാന്‍ എന്നിവരുടെ കമനീയമായ വിഗ്രഹങ്ങള്‍ രഥത്തില്‍ പ്രതിഷ്ഠിച്ച് പൂജകഴിച്ചു. ബ്രഹ്മശ്രീ നീലകണ്ഠഗുരുപാദരുടെ സമാധിക്ഷേത്രത്തില്‍നിന്നു സ്വാമിജികൊളുത്തി പ്രതിഷ്ഠിച്ച വാടാവിളക്ക് വിഗ്രഹങ്ങളില്‍ പ്രകാശം ചൊരിഞ്ഞു. അന്നേദിവസം വൈകുന്നേരം ആറുമണിയോടെ തീര്‍ത്ഥപാദമണ്ഡപത്തില്‍ വിദ്യാധിരാജ ചട്ടമ്പിസ്വാമികളുടെ ഛായാചിത്രത്തിനുമുന്നില്‍വച്ച് ശ്രീരാമായണത്തിന്റെ ആദ്യഭാഗം – എഴുത്തച്ഛന്‍ ശാരികപൈതലിനോട് രാമകഥ ആലപിക്കാന്‍ അഭ്യര്‍ത്ഥിക്കുന്നതുമുതല്‍ വിശ്വാമിത്രന്‍ യാഗരക്ഷയ്ക്കായി ശ്രീരാമലക്ഷ്മണന്‍മാരെ കൂട്ടുക്കൊണ്ടുപോകുന്നതുവരെയുള്ള രംഗങ്ങള്‍ – ദൃശ്യമായി സ്വാമിജിയുടെ തിരുസാന്നിധ്യത്തില്‍ അവതരിപ്പിച്ചു. ശ്രീ പൂജപ്പുര രാമചന്ദ്രന്റെയും ശ്രീ നെയ്യാറ്റിന്‍കര പുരുഷോത്തമന്റെയും മേല്‍നോട്ടത്തില്‍ പരിശീലനം നേടിയ കലാകാരന്മാരായിരുന്നു അത് നിര്‍വഹിച്ചത്. തുടര്‍ന്ന് മേട്ടുക്കടയില്‍വച്ച് താടകാവധവും ജഗതിയില്‍ യാഗരക്ഷയും അനന്തരം അഹല്യാമോക്ഷവും പൂജപ്പുരമണ്ഡപത്തില്‍ സീതാസ്വയംവരവും നടന്നതോടെ ബാലകാണ്ഡത്തിന്റെ ദൃശ്യാവിഷ്‌കരണം അന്നു പൂര്‍ണ്ണമായി. സ്വാമിജിയും ആബാലവൃദ്ധം ജനങ്ങളും ശ്രീരാമലീലയില്‍ പങ്കെടുത്തു.

അടുത്തദിവസം (മാര്‍ച്ച് 26നു വെള്ളിയാഴ്ച) പൂജപ്പുര മണ്ഡപത്തില്‍നിന്നു ആറ്റുകാല്‍ അമ്പലത്തിലേക്ക് അയോദ്ധ്യാകാണ്ഡത്തിലൂടെയുള്ള ശ്രീരാമപരിക്രമ നടക്കുകയായിരുന്നു. ആശ്രമത്തിലുള്ള തിരക്കുകള്‍ പുരസ്‌കരിച്ച് സ്വാമിജി അന്ന് രഥപരിക്രമയില്‍ പങ്കെടുത്തിരുന്നില്ല. അതിനാല്‍ ആശ്രമത്തിലേക്കു ഫോണ്‍ചെയ്ത് ചോദിച്ചതിനുശേഷമായിരുന്നു രഥയാത്ര ആരംഭിച്ചതുപോലും. ശ്രീരാമരഥയാത്ര കരമന എത്തിയപ്പോള്‍ ശ്രീ ഭഗവത്ദാസ് എന്നോടു ചോദിച്ചു നാളെ (മാര്‍ച്ച് 27) ശ്രീലങ്കയില്‍നിന്നു ചൂഡാരത്‌നം കൊണ്ടുവരുകയല്ലേ? എയര്‍പോര്‍ട്ടില്‍ സ്വീകരണത്തിനുപോകുമ്പോള്‍ ഈ രഥം കൂടി കൊണ്ടുപോയാലോ? ഹനുമാന്‍ ശ്രീലങ്കയില്‍പോയി ദേവിയെ കണ്ടുവന്നതിന്റെ സ്മൃതി പുതുക്കിക്കൊണ്ട് ശ്രീലങ്കയില്‍നിന്നു സ്വാമിജി ചൂഡാരത്‌നം കൊണ്ടുവരുന്നത്. അടുത്തദിവസം (മാര്‍ച്ച് 27 ശനിയാഴ്ച ആയിരുന്നു. ശ്രീലങ്കയില്‍ സീത ഇരുന്ന അശോകവനത്തില്‍ അതിപ്രാചീനമായ സീതാദേവീക്ഷേത്രമുണ്ട്. സീത കുളിച്ച നദി അതിനടുത്തുകൂടി ഒഴുകുന്നുണ്ട്. രാമായണത്തെവീണ്ടും അതേപ്രകാരം സംഭവിപ്പിച്ച് കലിയുഗത്തിന്റെ നടുവിലും ത്രേതായുഗത്തെ ആനയിക്കുന്ന സ്വാമിജി ചൂഡാരത്‌നം കൊണ്ടുവരാന്‍ ഡോക്ടര്‍സ്വാമിയെ അയച്ചിരിക്കുകയാണ്. അന്നു ഹനുമാന്‍ തിരിച്ചുവന്നത് ആകാശമാര്‍ഗ്ഗേയായിരുന്നു എന്നു പ്രസിദ്ധമാണല്ലോ. അതിനാല്‍ സീതാദേവിക്ഷേത്രത്തില്‍ പൂജിച്ച ചൂഡാരത്‌നം കൊണ്ടുവരുന്നത് വിമാനത്തിലായിരുന്നു. അതു മദ്ധ്യാഹ്നത്തില്‍ തിരുവനന്തപുരം എയര്‍പോര്‍ട്ടിലെത്തും. സ്വാമിജി അതു ഏറ്റുവാങ്ങും. അതിഗംഭീരമായ സ്വീകരണാഘോഷങ്ങളോടെ ആശ്രമത്തിലേക്കാനയിച്ച് അവിടെ ശ്രീരാമക്ഷേത്രത്തില്‍ സമര്‍പ്പിക്കുകയും ചെയ്യും. അതിനു ശ്രീരാമലീലാരഥം കൂടികൊണ്ടുപോകുന്ന കാര്യമാണ് ദാസ് എന്നോട് പറഞ്ഞത്. ഞാന്‍ ഒന്നാലോചിച്ചു എന്നിട്ടുപറഞ്ഞു ശ്രീരാമലീല സത്യമാണെന്നു സ്വാമിജി പറഞ്ഞതാണ്. ശ്രീരാമലീലപരിക്രമണം ഇപ്പോള്‍ അയോദ്ധ്യാകാണ്ഡത്തിലെത്തിയിട്ടേയുള്ളൂ. നാളെ രാമന്‍ ആരണ്യകാണ്ഡത്തില്‍ പരിക്രമണം നടത്തണം. ചൂഡാരത്‌നം കൊണ്ടുവരുന്ന സംഭവം സുന്ദരകാണ്ഡത്തിലേതാണ്. അതിനാല്‍ ഈ രഥം കൊണ്ടുപോകുന്നതു ശരിയാകുമോ എന്നു സംശയമാണ്. ഏതായാലും സ്വാമിജിയോട് ചോദിച്ച് തീരുമാനിക്കാം.

ശ്രീരാമലീല പരിക്രമണം ആറ്റുകാല്‍ദേവീക്ഷേത്രത്തിലെത്തിയ ഉടന്‍ അതറിയിക്കാനും (അറയിക്കാതെതന്നെ സ്വാമിജിക്ക് അതറിയാമെങ്കിലും) ശ്രീ.ദാസ് പറഞ്ഞകാര്യം ചോദിക്കാനുമായി ആശ്രമത്തിലേക്ക് ഫോണ്‍ചെയ്തു. അങ്ങേത്തലയ്ക്കല്‍ ഫോണെടുക്കുന്ന ശബ്ദംകേട്ട് ജയ് സീതാറാമെന്നു ഞാന്‍ പറഞ്ഞതേയുള്ളൂ. ആറ്റുകാലെത്തി അല്ലേ? ഒരു കാര്യം ചെയ്യ്. ചൂഡാരത്‌നത്തെ എതിരേല്‍ക്കാന്‍ നാളെ രഥവുംകൊണ്ട് എയര്‍പോര്‍ട്ടിലേക്കുപോരെ എന്നു സ്വാമിജിയുടെ നിര്‍ദ്ദേശവും ലഭിച്ചു. ഇന്നു ശ്രീരാമദാസമിഷനില്‍ പ്രസിഡന്റായിരിക്കുന്ന ബ്രഹ്മചാരി ബ്രഹ്മചൈതന്യയാണ് സാധാരണ അക്കാലങ്ങളില്‍ ഫോണെടുക്കാറ്. സ്വാമിജി നേരിട്ട് ഫോണെടുക്കാറുണ്ടായിരുന്നില്ല. എന്നെ അദ്ഭുതപ്പെടുത്തിക്കൊണ്ട് സ്വാമിജിയായിരുന്നു അന്ന് ഫോണെടുത്തത്. പോരാത്തതിനു ചോദിക്കാതെ തന്നെ സംശയം തീര്‍ക്കുകയും ചെയ്തു.

മംഗലശ്ശേരി രവീന്ദ്രന്‍ നായരും ഭഗവത്ദാസും ഞാനും രാവിലെതന്നെ ആറ്റുകാല്‍ അമ്പലത്തിലെത്തി. ശ്രീരാമലീലാരഥമലങ്കരിച്ചു. രഥത്തിലെ പൂജകള്‍ യഥാവിധി നടത്തി. പഴവങ്ങാടി ഗണപതിക്ഷേത്രത്തിനു മുന്നിലെത്തി. ശ്രീരാമദാസമിഷന്‍ പ്രവര്‍ത്തകര്‍ മുന്‍നിശ്ചയപ്രകാരം വാഹനങ്ങളുമായി അപ്പോഴേക്കും അവിടെ എത്തിച്ചേര്‍ന്നു. വര്‍ണ്ണാഭമായ ഘോഷയാത്രയുടെ പ്രതീതിയുണര്‍ത്തിക്കൊണ്ട് ഞങ്ങള്‍ എയര്‍പോര്‍ട്ടില്‍ എത്തിച്ചേര്‍ന്നു. ഘോഷയാത്രയില്‍ പങ്കെടുക്കാനെത്തിയ അനേകം വാഹനങ്ങള്‍ വെളിയില്‍ അണിയിട്ടുകിടന്നിരുന്നു. അവിടെ ഭക്തജനങ്ങളുടെ വന്‍തിരക്കായിരുന്നു. എല്ലാപേരുടെയും കണ്ണുകള്‍ സ്വാമിജിയിലായിരുന്നു. വിമാനം പറന്നിറങ്ങി. ചൂഡാരത്‌നവുമായി ഡോക്ടര്‍സ്വാമി പുറത്തുവന്നു. സ്വാമിജി ചൂഡാരത്‌നവുമായി സ്വാമിജിശ്രീരാമലീലാരഥത്തിലെത്തി. ശ്രീരാമസീതാവിഗ്രഹങ്ങള്‍ക്കുമുന്നില്‍ അലങ്കരിച്ച പീഠത്തില്‍ അതുപ്രതിഷ്ഠിച്ചു. ചൂഡാരത്‌നം ശ്രീരാമരഥത്തില്‍ പ്രതിഷ്ഠിക്കുമെന്ന് ഞങ്ങള്‍ക്കറിയില്ലായിരുന്നു. അതിനുവേണ്ടുന്ന സംവിധാനങ്ങളും തന്മൂലം ചെയ്തിരുന്നില്ല. സ്വാമിതൃപ്പാദങ്ങളുടെ നിര്‍ദ്ദേശപ്രകാരം എല്ലാം പെട്ടെന്ന് ഒരുക്കിയതായിരുന്നു. രഥമോടുമ്പോള്‍ ചൂഡാരത്‌നപേടകം വീണുപോകാതിരിപ്പാനായി സ്വാമിജിയുടെ നിര്‍ദ്ദേശപ്രകാരം ഞാനും ഇലങ്കത്തറ വിജയകുമാറും ഇരുവശങ്ങളിലായിരുന്ന് അത് പിടിച്ചിരുന്നു. റീഗല്‍ അമ്മയെന്ന് ബഹുമാനപൂര്‍വ്വം ഞങ്ങളെല്ലാം പറയുന്ന ശ്രീമതി കമലാക്ഷീ ഗോവിന്ദനും മംഗലശ്ശേരി രവീന്ദ്രന്‍ നായരും ശ്രീ.കെ.എന്‍.ദാസേട്ടനും രഥത്തിലിരുന്നു. തുടര്‍ന്ന് രഥയാത്ര ആരംഭിച്ചു. ഏറ്റവും മുന്നില്‍ സ്‌കൂട്ടറില്‍ വഴികാട്ടികൊണ്ട് ഭഗവാന്‍ദാസ്. പിന്നാലെ അനൗണ്‍സ്‌മെന്റ് വാഹനം. അതിനുപിന്നില്‍ ചൂഡാരത്‌നം പ്രതിഷ്ഠിച്ച ശ്രീരാമലീലാരഥം. തൊട്ടുപിന്നില്‍ സ്വാമിജി സഞ്ചരിക്കുന്ന വാഹനം. അതിനുപിന്നില്‍ 300ഓളം വാഹനങ്ങള്‍. ഈ ക്രമത്തില്‍ രഥയാത്ര ക്രമേണ മുന്നോട്ടു മെല്ലെ നീങ്ങിത്തുടങ്ങി. രഥത്തിന്റെ ദര്‍ശനം പുറകോട്ടായതുകൊണ്ട് രഥത്തിലിരിക്കുന്ന ഞങ്ങള്‍ക്ക് സ്വാമിജിയേയും സ്വാമിജിക്ക് രഥത്തിലിരിക്കുന്നവരെയും നന്നായികാണാമായിരുന്നു. രഥം എയര്‍പോര്‍ട്ടിനുപുറത്തുവന്നതേയുള്ളൂ. തികച്ചും ആകസ്മികമായി അതുസംഭവിച്ചു. രഥത്തില്‍ സ്ഥിരമായി പ്രതിഷ്ഠിച്ചിരുന്ന സീതാവിഗ്രഹം പീഠത്തില്‍നിന്നിളകി വീണു. എന്റെ കൈയ്യിലേക്കായിരുന്നു വീണത്. പൊടുന്നനെ എന്തോ വീഴുന്നതുപോലെ തോന്നിയിട്ട് നിലത്തുവീഴാതെ ഞാന്‍ പിടിച്ചതായിരുന്നു. നോക്കുമ്പോള്‍ സീതാവിഗ്രഹം. ഞാന്‍ ആകെ തകര്‍ന്നുപോയി. എല്ലാം ഇരുളടഞ്ഞപോലെ. ഏറ്റവും മംഗളകരമായ ഒരു പൂജാകര്‍മ്മം നടക്കുമ്പോള്‍ സീതാവിഗ്രഹം (ആദിപരാശക്തിയുടെ വിഗ്രഹം) ഇളകിവീഴുന്നതില്‍പരം അമംഗളം മറ്റെന്തുണ്ട്? ഈ ചിന്തയാണ് എന്നെ കുഴക്കിയത്. ഇളകിവീഴാന്‍ യാതൊരു കാരണവുമുണ്ടായിരുന്നില്ല. റീഗല്‍അമ്മ എന്റെ കൈയില്‍നിന്നും വിഗ്രഹം വാങ്ങി സൂക്ഷിച്ചു. അത് നന്നായി എന്ന് എനിക്ക് പിന്നീട് തോന്നി. സീതാദേവി ഇരിക്കേണ്ടത് അമ്മയുടെ കൈയിലാണല്ലോ. വിഗ്രഹം ഇളകിവീഴുന്നതുകണ്ട് സ്വാമിജി ചിരിച്ചെന്ന് ജീപ്പ് ഓടിച്ചുകൊണ്ടിരുന്ന ബ്രഹ്മചാരി സുധര്‍മ്മജി പറഞ്ഞ് അറിഞ്ഞതും പിന്നീടായിരുന്നു.

സ്വീകരണങ്ങളുടെ ആധിക്യം കാരണം പ്രതീക്ഷിച്ചതില്‍നിന്നും വ്യത്യസ്തമായി അല്പം താമസിച്ചാണ് ഘോഷയാത്ര ആശ്രമനടയിലെത്തിയത്. വിമാനവും അല്പം വൈകിയിരുന്നു. സ്വാമിജി രഥത്തിനുമുന്നിലെത്തി. ആകാശത്തെ ഇളക്കിമറിക്കുന്ന ജയ്‌സീതാറാം വിളികള്‍ക്കിടയില്‍ ചൂഡാരത്‌നവുമായി ആശ്രമത്തിനുള്ളിലേക്ക് സ്വാമിജി പ്രവേശിച്ചു. ആശ്രമമണ്ഡപത്തില്‍ രാമായണം വായിച്ചുകൊണ്ടിരുന്ന ശ്രീമാന്‍ ചന്ദ്രശേഖരപിള്ള അവര്‍കളുടെ ശബ്ദം അപ്പോള്‍ ഉച്ചഭാഷിണിയിലൂടെ ഉയര്‍ന്നുകേള്‍ക്കുന്നുണ്ടായിരുന്നു.

‘കനിവിനോടുകണ്ടേനഹം ദേവിയെത്തത്ര
കര്‍ബ്ബുരേന്ദ്രാലയേ സങ്കടമെന്നിയേ….’

ചൂഡാരത്‌നവുമായി രാമസവിധത്തിലെത്തിയ ഹനുമാന്റെ വാക്യമാണിത്. ആശ്രമത്തിലെ രീതിയനുസരിച്ച് വൈകുന്നേരം അഞ്ചുമണികഴിയും ഈ ഭാഗത്തുവായന എത്തുമ്പോള്‍. രഥയാത്ര ആശ്രമത്തിലെത്തുന്ന സമയം ആശ്രമത്തിലുണ്ടായിരുന്നവര്‍ക്ക് കൃത്യമായി അറിഞ്ഞുകൂടാതിരിക്കെ, എയര്‍പോര്‍ട്ടില്‍നിന്നു പുറപ്പെട്ടസമയംപോലും അവിടെ അറിയിക്കാതിരിക്കെ (ഇന്നത്തെപോലെ മൊബൈല്‍ഫോണ്‍ ഇല്ലാതിരുന്ന കാലം) ബാല-അയോദ്ധ്യാ-ആരണ്യ-കിഷ്‌കിന്ധകാണ്ഡങ്ങള്‍ പൂര്‍ത്തിയാക്കി വൈകുന്നേരം 3 മണിയോടെ സുന്ദരകാണ്ഡത്തിലെ ഈ ഭാഗമായത് ആകസ്മികമോ, മുന്‍പദ്ധതിപ്രകാമുള്ളതോ അല്ലെന്നു പ്രസ്തുത രഥയാത്രയുടെ ചുമതലവഹിച്ചിരുന്ന ഞങ്ങള്‍ക്കറിവുള്ളതാണ്. മണ്ഡപത്തില്‍ രാമായണം വായിക്കുമ്പോള്‍ രാമായണം സംഭവിക്കുകയാണെന്നു സ്വാമിജി പറഞ്ഞിട്ടുള്ളതിന്റെ പൊരുള്‍ വ്യക്തമാകുന്നത് ഇത്തരം സന്ദര്‍ഭങ്ങളിലൂടെയാണ്.

ശ്രീരാമസന്നിധിയില്‍ സ്വാമിജി ചൂഡാരത്‌നം സമര്‍പ്പിച്ചു. അഭൂതപൂര്‍വ്വമായ ഭക്തജനതിരക്കായിരുന്നു അപ്പോള്‍ അനുഭവപ്പെട്ടത്. ഉള്ളിലേക്ക് പ്രവേശിക്കാന്‍ കഴിയാതെ ധാരാളമാളുകള്‍ റോഡില്‍ കൂടിനില്‍ക്കുന്ന സാഹചര്യം. ദുഃഖമോ ദേഷ്യമോ നിരാശയോ എന്താണെന്നു പറയാനറിയില്ല; ഞാന്‍ എല്ലാം മടുത്തപോലെ ആശ്രമത്തിനുപുറത്ത് ആല്‍ത്തറയില്‍ കുത്തിയിരിക്കുകയായിരുന്നു. ശ്രദ്ധവേണമെന്ന് സ്വാമിജി ആദ്യമേ പറഞ്ഞിരുന്നതാണ്. എനിക്കെവിടെയോ തെറ്റുപറ്റി. അതാണല്ലോ വിഗ്രഹം ഇളകിവീണത്. ചൂഡാരത്‌നസമര്‍പ്പണം കഴിഞ്ഞ് ശ്രീകോവിലിനുപുറത്തിറങ്ങിവന്ന സ്വാമിജി അവനെവിടെ, വിളിച്ചോണ്ടുവാ എന്ന് ദാസിനോട് പറഞ്ഞു. അതറിഞ്ഞ് ഞാന്‍ തിരിക്കിനിടയിലൂടെ ഉള്ളില്‍ചെല്ലുമ്പോള്‍ സ്വാമിജി മണ്ഡപത്തില്‍ത്തന്നെ നില്‍ക്കുന്നുണ്ടായിരുന്നു. അദ്ദേഹം വളരെ സന്തോഷവാനായിരുന്നു. വന്ദിച്ചുനിന്ന എന്നോട് അദ്ദേഹം ചിരിച്ചുകൊണ്ടുചോദിച്ചു; ഇപ്പോള്‍ ബോധ്യമായോ ശ്രീരാമലീല സത്യമാണെന്ന്. ചൂഡാരത്‌നവുമായി ഹനുമാന്‍ജി വരുമ്പോള്‍ സീതയ്ക്കു രാമന്റെ അടുത്തുനില്‍ക്കാനാവുകയില്ല. സീതലങ്കയിലാണ്. അതാണ് വിഗ്രഹം ഇളകിവീണത്. നിന്റെ സങ്കടമെല്ലാം കള. എന്നിട്ട് ഒരു കാര്യം ചെയ്യ്. ഒരു കൊച്ചുകമ്പികൊണ്ടുകെട്ടിവച്ചേരെ. അത് ഇരുന്നോളും. ഇനി വീഴൂല്ല. ചൂഡാരത്‌നസമര്‍പ്പണംകഴിഞ്ഞാല്‍ ധര്‍മ്മയുദ്ധമാണ്. പിന്നെ ശ്രീരാമപട്ടാഭിഷേകവും. അധികം താമസിയാതെ അയോദ്ധ്യയില്‍ ശ്രീരാമപട്ടാഭിഷേകം നടത്തും. അപ്പോള്‍ ആശ്രമം ഓഫീസില്‍ ഫോണ്‍ബെല്ലടിച്ചുതുടങ്ങി.

ശ്രീരാമലീല അഭിനയമല്ല സത്യമാണെന്നു പഠിപ്പിക്കാന്‍ വേണ്ടിയായിരുന്നു രഥംകൊണ്ടുവരാന്‍ പറഞ്ഞതെന്ന് അപ്പോള്‍ എനിക്ക് മനസ്സിലായി. എന്റെ വിഷമങ്ങളെല്ലാം പമ്പകടന്നു. സീതാവിഗ്രഹത്തെ യഥാസ്ഥാനത്തുറപ്പിച്ചു. റിട്ട: എഞ്ചിനീയര്‍ ശ്രീധരന്‍തമ്പിസാറാണ് കനംകുറഞ്ഞ ഒരു ചെറിയകമ്പികൊണ്ടുവന്ന് അത്‌കെട്ടിവച്ചത്. ശ്രീരാമന്‍, സീത, ലക്ഷ്മണന്‍, ഹനുമാന്‍ എന്നീവിഗ്രഹങ്ങളില്‍ സീതാവിഗ്രഹമല്ലാതെ മറ്റൊന്നും ഇളകിയില്ല. അതു ചൂഡാരത്‌നം രഥത്തില്‍ പ്രതിഷ്ഠിച്ചു നിമിഷങ്ങള്‍ കഴിഞ്ഞപ്പോള്‍. അതു വീഴാന്‍ മറ്റുയാതൊരു കാരണവുമുണ്ടായിരുന്നില്ല. വീഴ്ചയ്ക്കിടയില്‍ അത് നിലത്തുതൊട്ടില്ല. വീഴുമ്പോള്‍ അതിനുതെല്ലുപോലും കേടുപാടു സംഭവിച്ചിരുന്നുമില്ല. നേര്‍ത്ത ഒരു കൊച്ചുകഷ്ണം കമ്പിമാത്രമേ വേണ്ടിവന്നുള്ളൂ പിന്നീട് അതിനെ ഉറപ്പിക്കാന്‍. ഏപ്രില്‍ 11നു ഞായറാഴ്ച ആറാട്ടുകഴിഞ്ഞ് ശ്രീരാമനവമി ഹിന്ദുമഹാസമ്മേളനം തീരുന്നതുവരെ പ്രസ്തുത രഥം തിരുവനന്തപുരത്ത് തലങ്ങുംവിലങ്ങുമോടി. ദിവസവും പുതിയ അരളിഹാരം ചാര്‍ത്തിക്കുന്ന വിഗ്രഹത്തിന് യാതൊരു ഇളക്കവും സംഭവിച്ചില്ല. ശ്രീരാമലീല സത്യമാണെന്നതിന് ഇതില്‍പരം മറ്റെന്തുതെളിവുവേണം?

കൂടുതല്‍ വാര്‍ത്തകള്‍ - സ്വാമിജിയെ അറിയുക