പാദപൂജ – ഗുരുമഹിമ

November 18, 2010 സനാതനം

അധ്യായം – 1

ജഗദ്‌ഗുരു സ്വാമി സത്യാനന്ദ സരസ്വതി

(തുടര്‍ച്ച)

ഉപനിഷത്തുകളില്‍ കാണുന്ന ഗുരുസങ്കല്‌പം ബ്രഹ്മസങ്കല്‌പത്തെ ആസ്‌പദിച്ച്‌ ആദരിക്കപ്പെടുന്നതാണ്‌. ഗുരുവാക്യത്തെ നിരാകരിക്കുന്ന പ്രസ്‌താവങ്ങളൊന്നും അധ്യാത്മികഗ്രന്ഥങ്ങളില്‍ കാണുകയില്ല.മദനപവനോ ദ്ധൂതമോഹോര്‍മികള്‍ നിറഞ്ഞ സംസാരസാഗരത്തെ തരണം ചെയ്യുന്നതിന്‌ സാധകനേയും മോക്ഷേച്ഛുക്കളേയും തയ്യാറാക്കുകയും നയിക്കുകയും ചെയ്യുന്ന ഗുരുസങ്കല്‌പം സമൂഹത്തിലെ എല്ലാ തലങ്ങളിലും അര്‍ഹമായ നിലയില്‍ സ്വാധീനം ചെലുത്തിയിട്ടുണ്ട്‌. ഗുരുസങ്കല്‌പംകൊണ്ടു നിയന്ത്രിതവും സുസജ്ജവും സുസംഘടിതവുമായ ഒരു സമൂഹം ഭാരതത്തിനുണ്ടായിരുന്നു. ഭരണീയരും ഭരണകര്‍ത്താക്കളും തമ്മിലുള്ള ബന്ധത്തിലും ഗുരുവിന്റെ സങ്കല്‌പവും നിയന്ത്രണവും അധര്‍മത്തിന്‌ വിരാമമിട്ടിരുന്നു. ഗുരുകുലവിദ്യാഭ്യാസം തൊട്ടുതുടങ്ങി വളര്‍ന്നു വികസിച്ച സമൂഹത്തിലെ വിദ്യാഭ്യാസസങ്കല്‌പം ആശ്രമങ്ങളിലൊതുങ്ങിയത്‌ അംഗസംഖ്യ കുറവായതുകൊണ്ടാണെന്നൊരു തെറ്റിദ്ധാരണയുണ്ട്‌. `കുലപതി’ എന്ന നാമത്തില്‍ അറിയപ്പെടുന്ന മഹാത്മാവിന്റെ നിയന്ത്രണത്തില്‍ പതിനായിരത്തില്‍പരം കുട്ടികള്‍ ശിക്ഷണം നേടിയിരുന്നു. മാതാപിതാക്കളോടൊത്ത്‌ വസിക്കുമ്പോഴുള്ള സ്വാതന്ത്ര്യവും നിയന്ത്രണങ്ങളും സൗകര്യവും മാത്രമല്ല അവര്‍ക്കു ലഭിച്ചിരുന്നത്‌. അതിലുപരി ശിഷ്യന്റെ പ്രത്യേക കഴിവുകളേയും സിദ്ധികളേയും അറിഞ്ഞ്‌ വികസിപ്പിക്കുന്നതിനാവശ്യമായ സമ്പ്രദായപഠനങ്ങളും കുലപതിയുടെ ശിക്ഷണത്തില്‍ നടന്നിരുന്നു. സ്വഭാവരൂപവല്‍കരണം വിദ്യാഭ്യാസത്തിന്റെ ജീവശക്തിയായി കരുതിയിരുന്നു. സമൂഹത്തില്‍ സ്വസ്ഥനില പാലിക്കുന്നതിനും പുരുഷാര്‍ത്ഥങ്ങള്‍ എന്നു പ്രസിദ്ധമായ ധര്‍മാര്‍ത്ഥകാമമോക്ഷങ്ങളെ അനുസരിക്കുന്ന അനുഷ്‌ഠാനക്രമങ്ങള്‍ അവലംബിക്കുന്നതിനും യോഗ്യമായ വിദ്യാഭ്യാസമാണ്‌ കുലഗുരുക്കന്മാര്‍കൂടിയായ കുലപതികളില്‍നിന്ന്‌ ലഭിച്ചു കൊണ്ടിരുന്നത്‌.
ഗര്‍ഭസ്ഥശിശുവിന്‌ പ്രയോജനപ്പെടത്തക്ക മന്ത്രതന്ത്രങ്ങളാലുള്ള ശമപ്രധാനമായ വിദ്യാഭ്യാസസമ്പ്രദായങ്ങള്‍ തൊട്ട്‌ തുടങ്ങി. മോക്ഷകാംക്ഷിയും നിസ്സംഗനുമായ ഒരു പൗരനെ വാര്‍ത്തെടുക്കുന്നതിനുതകുന്നരീതിയിലുള്ള വിദ്യാഭ്യാസമാണ്‌ അന്ന്‌ ലഭിച്ചിരുന്നത്‌. മോക്ഷോപാധിയായി ലോകത്തെ കാണുന്നതിനുള്ള ശിക്ഷണം അതിമോഹികളെയും അക്രമികളെയും സൃഷ്‌ടിക്കാതെയുള്ള ഒരു സാമൂഹ്യവ്യവസ്ഥക്ക്‌ പ്രായേണ പ്രയോജനപ്പെട്ടിരുന്നു. സാങ്കേതിക വൈജ്ഞാനികനേട്ടങ്ങള്‍ സൃഷ്‌ടിക്കുന്ന കോട്ടങ്ങളെപ്പറ്റി വിവേകപൂര്‍വ്വം ചിന്തിക്കാനും പരിഹാരം കണ്ടെത്താനും അവര്‍ക്ക്‌ കഴിഞ്ഞിരുന്നു. ഒരു പ്രത്യേക കാലപരിഗണനയില്‍പ്പെട്ട്‌ നട്ടംതിരിയുന്ന ജീവിതത്തിന്റെ അര്‍ത്ഥവും അനര്‍ത്ഥവും വിവേചിച്ചറിയുവാനും അവര്‍ക്ക്‌ സാധിച്ചു. അതിന്റെ ഫലമായി വ്യക്തികളുടെ വികാസവും നിയന്ത്രണവും സമൂഹത്തിന്റെ സ്വസ്ഥവൃത്തമായി പരിണമിച്ചു. വികാരോദ്ദീപകമായ ആധുനികജീവിതത്തിന്റെ സാങ്കേതികസംജ്ഞാസങ്കല്‌പങ്ങള്‍ സാമ്പത്തികസാംസ്‌കാരിക രംഗങ്ങളില്‍ സൃഷ്‌ടിക്കുന്ന കൊടുങ്കാറ്റും ചുഴലികളും സമൂഹത്തിന്‌ ലോകാടിസ്ഥാനത്തില്‍ വരുത്തിവയ്‌ക്കുന്ന വിന നിസ്സാരമല്ല. നാളെയുടെ നഗ്നചിത്രങ്ങള്‍ വരച്ചുകാട്ടി പുരോഗതിയുടെ മൂടുപടത്തിനുള്ളില്‍ ശ്വാസംമുട്ടി നിരൂപണദൗത്യം നിര്‍വഹിക്കുന്ന കര്‍മദോഷികളെ സൃഷ്‌ടിക്കാതിരിക്കാന്‍ ലക്ഷ്യബോധമുണ്ടായിരുന്ന അന്നത്തെ വിദ്യാഭ്യാസത്തിന്‌ കഴിഞ്ഞിരുന്നു. ഗുരുസങ്കല്‌പത്തിന്റെ മേന്മയെ അനുസരിക്കുകയും അംഗീകരിക്കുകയും ചെയ്‌ത സമൂഹമാണ്‌ ഇതിന്‌ കളമൊരുക്കിയത്‌. ഇന്ന്‌ ഗുരുസങ്കല്‌പം ശുഷ്‌കിച്ച്‌ മരവിച്ച്‌ അജ്ഞതയുടെ ശൈത്യകന്ദരങ്ങളില്‍ മൃതപ്രായമായി പരിശേഷിക്കുന്നു.
“ `ഗു’ശബ്‌ദസ്‌ത്വന്ധകാരസ്സ്യാദ്‌ `രു’ശബ്‌ദസ്‌തന്നിരോധകഃ
അന്ധകാരനിരോധിത്വാദ്‌ ഗുരുരിത്യഭിധീയതേ”.
`ഗു’ ശബ്‌ദം അന്ധകാരത്തെയും `രു’ ശബ്‌ദം അന്ധകാരനിരോധനത്തെയും (പ്രകാശം) കാണിക്കുന്നു. അതിനാല്‍ അന്ധകാരത്തെ ദൂരീകരിക്കുന്ന പ്രകാശരൂപനെന്നാണ്‌ ഗുരുവിന്‌ അര്‍ഥം ലഭിക്കുന്നത്‌. പരബ്രഹ്മവും പരമഗതിയും പരാവിദ്യയും ഗുരുതന്നെയാണെന്ന്‌ ഉപനിഷത്ത്‌ ഉദ്‌ഘോഷിക്കുന്നു. പരമധനവും പരാകാഷ്‌ഠയുമായി വര്‍ണിക്കപ്പെടുന്ന ഗുരു ഉപദേഷ്‌ടാവായതുകൊണ്ട്‌ ശ്രേഷ്‌ഠരിലും ശ്രേഷ്‌ഠമാണ്‌ എന്ന പരമരഹസ്യം അധ്യാത്മഗ്രന്ഥങ്ങളിലും സാധനാമാര്‍ഗങ്ങളിലും സമുജ്ജ്വിച്ചു നില്‍ക്കുന്നു.

(തുടരും)

കൂടുതല്‍ വാര്‍ത്തകള്‍ - സനാതനം