ഉദരദര്‍ശനം

April 16, 2013 സനാതനം

തിരുമാന്ധാംകുന്ന് കേശാദിപാദം (ഭാഗം – 20)
ജഗദ്ഗുരു സ്വാമി സത്യാനന്ദസരസ്വതി തൃപ്പാദങ്ങള്‍

സത്യാനന്ദസുധാ വ്യാഖ്യാനം : ഡോ.പൂജപ്പുര കൃഷ്ണന്‍ നായര്‍

ഗുണമിളിതമമൃതനിധി മൂന്നായ് പകുത്തുള്ളൊ
രതിമൃദുല കുക്ഷിസ്ഥലം കൈതൊഴുന്നേന്‍.

അമൃതനിധി സമുദ്രമാകുന്നു. പണ്ടു പാലാഴി കടഞ്ഞപ്പോഴാണല്ലോ അമൃതം ഉയര്‍ന്നുവന്നത്. പാല്‍ക്കടലാണ് ശിവന്റെ വയറ്. അതു നിര്‍ഗ്ഗുണമല്ല, സഗുണമാണ്. അതിനെ മൂന്നായി പകുത്തിരിക്കുന്നു. ഞൊറിവുകള്‍കൊണ്ട് വയറുമൂന്നായി പകുക്കപ്പെട്ടിരിക്കുന്നതാണ് ഇവിടെ വര്‍ണ്ണിതമായിരിക്കുന്ന ദൃശ്യം.

ഈ മൂന്നു ഖണ്ഡങ്ങള്‍ ഭൂലോക ഭുവര്‍ലോക സ്വര്‍ലോകങ്ങളാകുന്നു. വിരാട് രൂപനായ ഭഗവാനില്‍ ഈ ലോകങ്ങളുടെ സ്ഥാനം ഇതില്‍നിന്നു മനസ്സിലാക്കാം. ഇതില്‍ ഭൂലോകമാണു കര്‍മ്മമണ്ഡലം. ജീവനെ ഉപരിലോകങ്ങളിലേക്കുയര്‍ത്തുകയും താഴെയുള്ളതലങ്ങളിലേക്കു തള്ളിയിടുകയും ചെയ്യുന്നത് ഭൂലോകത്തുവച്ചു ചെയ്യുന്ന പ്രവൃത്തികളാകുന്നുവെന്നു സൂചിപ്പിച്ചുവല്ലോ. ജീവനെ ഉയര്‍ത്തുന്ന പ്രവൃത്തികള്‍ യജ്ഞകര്‍മ്മം. അധഃപതിപ്പിക്കുന്നവ കാമ്യകര്‍മ്മം. ഏതു കര്‍മ്മവും യജ്ഞമായിത്തീരാം.

യജ്ഞഭാവനകര്‍മ്മങ്ങളെ പവിത്രീകരിക്കണമെന്നേയുള്ളൂ. കര്‍മ്മം ഏതെന്നോ ചെയ്യുന്നത് ആരെന്നോ ഉള്ള പ്രശ്‌നം ഇവിടെ ഉദിക്കുന്നേ ഇല്ല. കര്‍മ്മത്തിനു പിന്നിലുള്ള സങ്കല്പമാണ് പ്രധാനം. ലോകനന്മയെമാത്രം ലാക്കാക്കി ചെയ്യുന്നതും ലോകനന്മയില്‍ കലാശിക്കുന്നതുമായ കര്‍മ്മം യജ്ഞമാകുന്നു. അതും സ്വര്‍ഗ്ഗകാമരായി ചെയ്താല്‍ സ്വര്‍ഗ്ഗംവരെ എത്തി അവിടത്തെ സുഖങ്ങളനുഭവിച്ചു തിരിച്ചുപോരാനേ സാധിക്കൂ. അതിനാല്‍ സ്വര്‍ഗ്ഗംപോലും തുച്ഛമാണെന്നറിഞ്ഞ് അതിനെപ്പോലും നിരസിക്കുന്ന മനോഞ്ചലത്തോടെ യജ്ഞം ചെയ്യണമെന്നര്‍ത്ഥം. അതാണു പാലാഴിമഥനം. അതു ദേവലോകവും കടന്ന് പുനരാവൃത്തി ഇല്ലാത്ത അമൃതത്വമുരുളുന്നു. അതാണു കുക്ഷിസ്ഥലത്തിന്റെ മഹത്വം.

കൂടുതല്‍ വാര്‍ത്തകള്‍ - സനാതനം