ബോസ്റ്റണ്‍ മാരത്തണിനിടെ സ്‌ഫോടനം: മൂന്നു മരണം

April 16, 2013 പ്രധാന വാര്‍ത്തകള്‍

  • അമേരിക്കയില്‍ ജാഗ്രതാ നിര്‍ദ്ദേശം

explosion-sliderബോസ്റ്റണ്‍ (യുഎസ്): ലോകത്തിലെ ഏറ്റവും വലിയ മാരത്തണുകളിലൊന്നായ ബോസ്റ്റണ്‍ മാരത്തണിന്റെ ഫിനിഷിങ് ലൈനിനു സമീപമുണ്ടായ ഇരട്ട സ്‌ഫോടനത്തില്‍ മൂന്നു പേര്‍ മരിച്ചു. ആദ്യസ്ഥാനക്കാര്‍ ഫിനിഷിങ് ലൈന്‍ പിന്നിട്ട് മൂന്നു മണിക്കൂറിനു ശേഷമാണ് സ്‌ഫോടനമുണ്ടായത്.

പ്രധാന കായികതാരങ്ങള്‍ നേരത്തേ ഫിനിഷ് ചെയ്തിരുന്നതിനാല്‍ അവര്‍ അപകടത്തില്‍പ്പെട്ടില്ലെന്നാണ് പ്രാഥമികവിവരം. എങ്കിലും ആയിരത്തിലധികം പേര്‍ ഓട്ടം പൂര്‍ത്തിയാക്കാനുണ്ടായിരുന്നു. ഫിനിഷിങ് ലൈനിനു സമീപം കാഴ്ചക്കാര്‍ ഉള്‍പ്പെടെ വലിയ ജനക്കൂട്ടത്തിനിടെയാണ് സ്‌ഫോടനം നടന്നത്. ഇന്ത്യന്‍ സമയം രാത്രി പന്ത്രണ്ടരയോടെയാണ് ആദ്യസ്‌ഫോടനമുണ്ടായത്. പത്തു സെക്കന്‍ഡിനു ശേഷം അടുത്ത സ്‌ഫോടനമുണ്ടായി.

ഒട്ടേറെ പേര്‍ക്കു പരുക്കേറ്റിട്ടുണ്ട്. ഇതില്‍ ആറുപേരുടെ നില ഗുരുതരമാണ്. പൊട്ടാത്ത രണ്ടു ബോംബുകളും പൊലീസ് പിന്നീട് നടത്തിയ പരിശോധനയില്‍ കണ്ടെടുത്തു. ഫിനിഷിങ് ലൈനിനു സമീപം രണ്ടിടത്തായാണ് സ്‌ഫോടനമുണ്ടായതെന്നു ദൃക്‌സാക്ഷികള്‍ പറഞ്ഞു.

ഭീകരാക്രമണമാണിതെന്നു സംശയിക്കുന്നതായി പൊലീസ് പറഞ്ഞു. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള കാല്‍ലക്ഷത്തോളം പേര്‍ പങ്കെടുക്കുന്ന ബോസ്റ്റണ്‍ മാരത്തണ്‍ 1897ലാണ് തുടങ്ങിയത്. സ്‌ഫോടനത്തെ തുടര്‍ന്ന് വാഷിങ്ടണ്‍ ഉള്‍പ്പടെയുള്ള പ്രമുഖ നഗരങ്ങളില്‍ ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

കൂടുതല്‍ വാര്‍ത്തകള്‍ - പ്രധാന വാര്‍ത്തകള്‍