തൃശൂര്‍ പൂരം: ആനകളെ നിരീക്ഷിക്കാന്‍ പ്രത്യേക സ്ക്വാഡ്

April 16, 2013 കേരളം

തൃശ്ശൂര്‍: തൃശൂര്‍ പൂരത്തിന് അണിനിരക്കുന്ന ഗജവീരന്മാരെ നിരീക്ഷിക്കുന്നതിനായി പ്രത്യേക സ്ക്വാഡ്  രൂപീകരികരിക്കും. പോലീസിന്റെയും എലിഫന്റ് സ്‌ക്വാഡിന്റെയും നേതൃത്വത്തില്‍ പൂരം സുരക്ഷ ഉറപ്പുവരുത്താനായി ചേര്‍ന്ന പ്രത്യേക യോഗത്തിലാണ് ഈ തീരുമാനം. അസി. കമ്മീഷണര്‍ ചന്ദന്‍ ചൗധരി യോഗത്തിനു നേതൃത്വം നല്‍കി.

സംസ്ഥാന എലിഫന്റ് ഒണേഴ്‌സ് ഫെഡറേഷന്‍, എലിഫന്റ് ഓണേഴ്‌സ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി എന്നീ സംഘടനകളുടെ കീഴില്‍ ആനകളെ നിരീക്ഷിക്കാന്‍ രണ്ട് പ്രത്യേക സ്‌ക്വാഡുകളെ ഒരുക്കിയിട്ടുണ്ട്. യൂണിഫോമും തിരിച്ചറിയല്‍ കാര്‍ഡും ധരിച്ച അന്‍പതു പേരടങ്ങുന്ന സംഘമാണ് ആനകളെ നിരീക്ഷിക്കാനായി എലിഫന്റ് സ്‌ക്വാഡിലുണ്ടാകുക. സ്‌ക്വാഡിനെ തിരുവമ്പാടി-പാറമേക്കാവ് വിഭാഗത്തിനായി പകുത്തു നല്‍കും. പൂരപ്പറമ്പില്‍ ആനകള്‍ക്ക് അലോസരമുണ്ടാക്കുന്ന ഉയര്‍ന്ന ശബ്ദ തീവ്രതയിലുള്ള  വിസിലുകള്‍ നിരോധിച്ചുകൊണ്ട് കളക്ടര്‍ ഉത്തരവിറക്കി.

അടിയന്തര ഘട്ടത്തില്‍ ഉപയോഗിക്കാനായി മയക്കുവെടി, ചങ്ങല, കയര്‍, മറ്റു ഉപനിയന്ത്രണ ഉപകരണങ്ങള്‍ എന്നിവ ഉള്‍പ്പെട്ട രണ്ട്‌വാഹനങ്ങള്‍ എലിഫന്റ് സ്‌ക്വാഡിന്റെതായി പൂരപ്പറമ്പിലുണ്ടാകും.  വെറ്ററിനറി കോളേജ് അസി. പ്രൊഫ. ഡോ. ടി.എസ് രാജീവിനാണ് സ്‌ക്വാഡുകളുടെ മേല്‍നോട്ട ചുമതല.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം