ഗര്‍ഗ്ഗഭാഗവതസുധ – ഗോവര്‍ദ്ധനോദ്ധാരണം

April 18, 2013 സനാതനം

ചെങ്കല്‍ സുധാകരന്‍
25. ഗോവര്‍ദ്ധനോദ്ധാരണം

ശ്രീകൃഷ്ണഭക്തിവര്‍ദ്ധകവും വിചിത്രവുമായ ഒരു ഭാഗവതകഥയാണ് ഗോവര്‍ദ്ധനോദ്ധാരണം കഥാഘടനയില്‍ വ്യാസഭാഗവതത്തില്‍ നിന്ന് സാരമായ വ്യത്യാസമൊന്നും ഗര്‍ഗ്ഗസംഹിതയിലില്ല. എന്നാല്‍, ഗോവര്‍ദ്ധനോത്പത്തി, വൃന്ദാവനത്തിലേക്ക് ഗോവര്‍ദ്ധനത്തിന്റെ ആഗമനം മുതലായവ വ്യാസഭാഗവതത്തിലില്ലാത്തതും ഗര്‍ഗ്ഗാചാര്യരുടെ സംഭാവനയുമാണ്.

ശ്രീകൃഷ്ണകഥാലോലനായ ബഹുലാശ്വമഹാരാജാവ് നാരദനോട് ചോദിച്ചു: മഹര്‍ഷീശ്വരാ, ശ്രീഭഗവാന്‍ ഗോവര്‍ദ്ധനാദ്രി കൈയിലെടുത്തതെന്തിനാണ്? എങ്ങനെയാണ്? ഒരു കൊച്ചുകട്ടി ഒറ്റക്കൈകൊണ്ട് പര്‍വ്വതമെടുത്തുയര്‍ത്തിയ കഥ കേള്‍ക്കാന്‍ കൗതുകമുണ്ട്. ദയവായി പറഞ്ഞുതന്നാലും!’ ഭഗവത്കഥ പറയുന്നതില്‍ ഉത്സുകനായ നാരദര്‍ഷിക്ക് മഹാരാജാവിന്റെ ചോദ്യം സന്തോഷദായിയായി.  അദ്ദേഹം പറഞ്ഞു: ‘മഹാരാജാവേ, വൃന്ദാവനവാസികള്‍ ദേവേന്ദ്രപ്രീതിക്കായി യാഗം ചെയ്യുക പതിവായിരുന്നു. രാജാവിന് ആണ്ടുതോറും കരം കൊടുക്കുംപോലെ’.

‘ഒരിക്കല്‍ ഗോപന്മാര്‍ ഇന്ദ്രപൂജയ്ക്കായി സംഭാരങ്ങല്‍ പലതും സജ്ജീകരിക്കുന്നതുകണ്ട് ശ്രീകൃഷ്ണന്‍ നന്ദഗോപരോട് ചോദിച്ചു.
‘ശക്രസ്യപൂജനം ഹ്യേതത്
കിംഫലം ചാസ്യ വിദ്യതേ
ലൗകികം വാ വദന്ത്യേതത്
അഥവാ പാലരൗകികം?’

(ഇന്ദ്രപൂജകൊണ്ടെന്താണു ഫലം? ലൗകികമോ അലൗകികമോ ആയ എന്തുനേട്ടമാണ് അതുകൊണ്ടുണ്ടാവുക? പറഞ്ഞാലും) ഇന്ദ്രനെ പൂജിച്ചാല്‍ ഭക്തിയും മുക്തിയും ലഭിക്കുമെന്നും അല്ലെങ്കില്‍ ജനങ്ങല്‍ക്ക് യാതൊരു സുഖവും ഉണ്ടാവുകയില്ലെന്നും നന്ദരാജന്‍ കൃഷ്ണനെ ധരിപ്പിച്ചു.’
ഭഗവാന്‍ അതു സമ്മതിച്ചില്ല. അദ്ദേഹം പറഞ്ഞു: ‘ഇന്ദ്രാദികള്‍പോലും ‘വിശന്തി തേ മര്‍ത്യപദേ ശുഭക്ഷയേ’ (പുണ്യം ക്ഷയിക്കുമ്പോള്‍ മര്‍തൃലോകത്തേക്കു വരുന്നു.) കാലമാണ് പ്രധാനം. ബ്രഹ്മാവിനും കാലത്തെയാണ് ഭയം! ഗോവര്‍ദ്ധനഗിരിയെയാണ് നാം പൂജിക്കേണ്ടത്. അത് ഭഗവാന്റെ ആത്മതേജസ്സാണ്. ഭഗവാന്റെ മാറിടത്തില്‍ നിന്നാണ് അത് ഉദ്ഭവിച്ചത്. അതിനെ കാണുന്നതുപോലും ഭക്തി സന്ദായകമാണ്. ഈശ്വരന്‍ തന്നെയായ ഗോവര്‍ദ്ധനത്തിന്റെ പ്രീതിക്കായി സര്‍വസമര്‍പ്പണം ചെയ്യുകയാണിപ്പോള്‍ ആവശ്യം! അതാണല്ലോ നമ്മുടെ ഗോക്കള്‍ക്ക് പ്രാണദായിയായി വര്‍ത്തിക്കുന്നത്!’

കൃഷ്ണന്റെ വാക്കുകള്‍ നന്ദനും ഉപനന്ദന്‍ തുടങ്ങിയുള്ള പണ്ഡിതന്മാര്‍ക്കും സ്വീകാര്യമായി. അവര്‍ സസന്തോഷം ഗോവര്‍ദ്ധനപൂജാവിധികളേവയെന്ന് ശ്രീകൃഷ്ണനോടുതന്നെ ചോദിച്ചു. ഭഗവാന്‍ നിര്‍ദ്ദേശിച്ചതുപോലെ ഗോപന്മാര്‍ ഗോവര്‍ദ്ധനപൂജ ചെയ്തു. സര്‍വപാപഹമായ ഗിരിരാജപൂജ ഏറ്റവും ശ്ലാഘ്യമായ കര്‍മ്മമാണ്. പൂജകനെ പാപം തീണ്ടുകയില്ല. ലോകത്തിലെ എല്ലാ തീര്‍ത്ഥങ്ങളിലും പൂജചെയ്യുന്ന പുണ്യം ഗോവര്‍ദ്ധനപൂജയില്‍ നിന്നുമാത്രം ലഭിച്ചും. കാരണം, അത് സര്‍വ്വതീര്‍ഥമയമാണ്.
ഗോപന്മാര്‍ ഗോവര്‍ദ്ധനപൂജ ഒരു ഉത്സവമാക്കിമാറ്റി. അതിപാവനവസ്തുക്കല്‍ ഒരുക്കി. വൃന്ദാവനവാസികളെല്ലാം ആ നവോത്സവത്തില്‍ പങ്കാളികളായി. രാമകൃഷ്ണന്മാരും യശോദാരോഹിണിമാരും എത്തി. ഗര്‍ഗ്ഗാചാര്യര്‍ ആദ്യമേ വന്നിട്ടുണ്ടായിരുന്നു. നന്ദോപനന്ദന്മാരും മറ്റു ഗോപശ്രേഷ്ഠന്മാരും പുത്രപൗത്രന്മാരോടൊപ്പം വന്നു. വിവിധഗോപീയൂഥങ്ങളും. സര്‍വ്വദേവന്മാരും പത്‌നീസമേതം ഗിരിരാജോത്സവം കാണാന്‍ സമാഗതരായി. രാജര്‍ഷിമാരും ബ്രഹ്മര്‍ഷിമാരും വിഖ്യാതമുനീന്ദ്രന്മാരും സിദ്ധചാരണ വിദ്യാധരഗന്ധര്‍വ്വ കിംപുരുഷന്മാരും വിശിഷ്ട വിപ്രന്മാരും സപരിവാരം ഗോര്‍ദ്ധനപ്രാന്തത്തില്‍ സന്നിഹിതരായി.

ബ്രാഹ്മണര്‍ ഗിരിവരനെ പൂജിച്ചു. വ്രജേശ്വരനായ നന്ദന്‍ അര്‍ച്ചനാവസ്തുക്കളുമായി അദ്രീശനെ പ്രദക്ഷിണം ചെയ്തു. ഗോപീ-ഗോപന്മാര്‍ ആടിയും പാടിയും ആനന്ദിച്ചു. ദേവന്മാര്‍ പുഷ്പവൃഷ്ടി ചെയ്തു. യാഗാന്തത്തില്‍ ഗോവര്‍ദ്ധനം സാര്‍വ്വഭൗമനെപ്പോലെ വിളങ്ങി. ശ്രീനാഥന്‍ തന്നെ അദ്ഭുതരൂപം ധരച്ച് ശൈലന്ദ്രനില്‍ തല ഉയര്‍ത്തി നിന്നു. നിവേദ്യം സ്വീകരിച്ച് ഏവരേയും അനുഗര്ഹിച്ചു. ഗോപന്മാര്‍ ഭക്തിവിവശരായി. ദിവ്യഗിരിയെ സ്തുതിച്ചു. സുഖക്ഷേമങ്ങള്‍ വരിച്ചു. വൃന്ദാവനവാസികള്‍ അത്യാഹ്ലാദഭരിതരായി.

ഇന്ദ്രപൂജമുടക്കിയതും അദ്രിപൂജ നടത്തിയതുമറിഞ്ഞ് ദേവരാജന്‍ കോപകലുഷിതനായി. ഗോകുലം നശിപ്പിക്കുവാന്‍ കോപ്പുകൂട്ടി. സംവര്‍ത്തകമേഘങ്ങളെ വൃന്ദാവനത്തിലേക്കയച്ചു. അവ തുമ്പിക്കൈവണ്ണത്തില്‍ വര്‍ഷിക്കാന്‍ തുടങ്ങി. മഴയും കൊടുങ്കാറ്റുമുണ്ടായി. വൃക്ഷങ്ങള്‍ കടപുഴകി വീണു. ഇടിയും മിന്നലും ചുഴലിയുമായി വന്ന മഴവ്രജത്തെ പരിഭ്രാന്തിയിലാഴ്ത്തി. ഗോപീ-ഗോപാലന്മാര്‍ ഭവചകിതരായി. സ്പതലോകങ്ങളും ഞെട്ടിവിറച്ചു. അവര്‍ സ്വന്തം കുഞ്ഞുങ്ങളെയും എടുത്തുകൊണ്ട് നന്ദഗൃഹത്തിലെത്തി ആവലാതി പറഞ്ഞു. അഭയം നല്‍കണേ എന്ന് അഭ്യര്‍ത്ഥിച്ചു. വ്യസനഭരിതരായ വ്രജപൗരന്മാരില്‍ ഭഗവാന്‍ കരുണാര്‍ദ്രനായി. മാ ഭൈഷ്ട്യം (ഭയപ്പെടേണ്ട) സകലതുമെടുത്തുകൊണ്ട് ഗോവര്‍ദ്ധന പാര്‍ശ്വത്തിലെത്തുക. അവിടെ രക്ഷകിട്ടും.

കൃഷ്ണന്‍ വൃന്ദാവനവാസികളോടൊത്ത് ഗോവര്‍ദ്ധന പാര്‍ശ്വത്തിലെത്തി. എന്നിട്ട്, അതിനെ അനായാസം പുഴക്കിയെടുത്ത് കൈയില്‍ ധരിച്ചു. പര്‍വ്വതം ഇളക്കിയെടുത്തപ്പോള്‍ കാണായ ഗര്‍ത്തത്തില്‍, ഗോപീഗോപാല ഗോവൃന്ദങ്ങളെ സമ്പാദ്യങ്ങളോടൊപ്പം കയറിക്കൊള്ളുവാന്‍, ശ്രീകൃഷ്ണന്‍ പറഞ്ഞു. ഗോപന്മാര്‍ അതനുസരിച്ചു. സമുദ്രംപോലെ ആര്‍ത്തലച്ചണഞ്ഞ മഴവെള്ളം ഗിരിതടത്തിലൊഴുകിയെത്തി. ജലപ്രവാഹം തടയുവാന്‍ ഭഗവാന്‍, സുദര്‍ശനത്തിനും അനന്തനും ആജ്ഞ നല്‍കി. സുദര്‍ശനം മുകളില്‍ നിന്നുകൊണ്ട് മഴ തടഞ്ഞു. അനന്തന്‍ മണ്ഡലാകൃതിപൂണ്ട് ഗോവര്‍ദ്ധനത്തിനു ചുറ്റുമതിലായി നിന്ന് ഒഴുകിയെത്തിയ ജലം തടഞ്ഞു.

ഈ അവസ്ഥ ഏഴു ദിവസം നീണ്ടു. ഗോപിഷ്ഠനായ ഇന്ദ്രന്‍ നാല്‍ക്കൊമ്പനില്‍ കയറി വൃന്ദാവനത്തിലെത്തി. ഗോപന്മാര്‍ക്കുനേരെ വജ്രായുധം പ്രയോഗിക്കാനാഞ്ഞു. കൃഷ്ണപ്രഭാവത്താല്‍ വര്ജപാണിസ്തബ്ധനായിപ്പോയി. ആയുധമേന്തിയ കൈതന്നെ സ്തംഭിച്ചുപോയി. ആശ്ചര്യചകിതനായ ഇന്ദ്രന്‍ പിന്തിരഞ്ഞോടി. പേമാരി തീര്‍ന്നു. ആകാശം തെളിഞ്ഞു. സൂര്യന്‍ ചണ്ഡകിരണങ്ങള്‍ തൂകി പ്രളയബാധിതഭൂമി ഉണക്കി. പക്ഷികളും മറ്റ് ജീവജാലങ്ങലും ആര്‍ത്തുല്ലസിച്ചു. ഭഗവാന്‍ വ്രജവാസികളോട് പുറത്തേക്കുവരാന്‍ പറഞ്ഞു. എന്നിട്ട്, മഹാപര്‍വ്വതത്തെ യഥാപൂര്‍വ്വം പ്രതിഷ്ഠിച്ചു. ഈ പ്രവൃത്തികണ്ട് ഗോകുലവാസികള്‍  അത്ഭുതപ്പെട്ടു. മുതിര്‍ന്നവര്‍ ശ്രീകൃഷ്ണനെ ആശീര്‍വദിച്ചു. അക്ഷതമിട്ട് അനുഗ്രഹിച്ചു. വാദ്യഘോഷങ്ങളും കീര്‍ത്തനാലാപനങ്ങളും കൊണ്ടു സ്തുതിച്ചു. സര്‍വ്വരും ചേര്‍ന്ന്, ആഘോഷപൂര്‍വ്വം, കൃഷ്ണനെ നന്ദഗൃഹത്തിലെത്തിച്ചു.

നമ്മുടെ പുരാണേതിഹാസങ്ങളിലെയും വേദോപനിഷത്തുകളിലെയും കഥകള്‍ വെറും കഥാഖ്യാനങ്ങളല്ല. സോദ്ദേശ്യരചനകളാണ്. ഏതെങ്കിലും തത്ത്വോന്മീലനമാവശ്യമില്ലെങ്കില്‍ ഋഷികവികള്‍ എഴുത്താണി ചലിപ്പിക്കുകയില്ല. മഹാരാസത്തിലെ പൊരുള്‍ കണ്ടെത്തിയപോലെ ഇക്കഥയും സൂക്ഷ്മനിരീക്ഷണം അര്‍ഹിക്കുന്നു. ജിജ്ഞാസുക്കള്‍ക്ക് അത്യധികം ആനന്ദം നല്‍കുന്ന രചനയാണിത്.

ഇന്ദ്രപൂജ തടയുന്നതാണല്ലോ ആദ്യഭാഗം. ഇന്ദ്രന്‍, ഇന്ദ്രിയാസക്തിയുടെ പ്രതീകമാണ്. ലൗകികാമഗ്നമാണ് ഇന്ദ്രപൂജ! അതില്‍നിന്നു പിന്തിരിയാനും യത്‌നം ഗോവര്‍ദ്ധനത്തിലേക്കുതിരിക്കാനുമാണ് ശ്രീകൃഷ്ണന്‍, ഗോപന്മാരെ ഉപദേശിച്ചത്. ഗോവര്‍ദ്ധനം, ചിത്തശുദ്ധിയുടെയും ദൃഢബുദ്ധിയുടെയും – വിവേകത്തിന്റെയും – പ്രതീകമാണ്. ബാഹ്യമായ സുഖലോലുപത വെടിഞ്ഞ് അന്തശ്ചേതന ഉണര്‍ത്തി വിവേകികളാകാനണ് ഈ ഉപദേശം! ഇന്ദ്രപൂജ വ്യര്‍ത്ഥമാണെന്ന് സ്ഥാപിക്കുകയാണിവിടെ. ഇന്ദ്രപൂജയാല്‍ ഐഹികമോ പാരത്രികമോ ആയ ഒരു നേട്ടവുമില്ലെന്ന്, ഭഗവാന്‍ ഗോപന്മാരോടു പറഞ്ഞതിലെ പൊരുളും ഇതുതന്നെ. വ്യര്‍ത്ഥയത്‌നത്തിനല്ല, അര്‍ത്ഥഥലാഭത്തിനാണ് (പുരുഷാര്‍ത്ഥ പ്രാപ്തിക്കാണ്) മനുഷ്യന്‍ ശ്രമിക്കേണ്ടതെന്നു സാരം!

ഗോക്കളെ വര്‍ദ്ധിപ്പിക്കുന്നത് ഗോവര്‍ധനം. ഗോക്കളെ (ഇന്ദ്രിയങ്ങളെ) സന്മാര്‍ഗത്തിലേക്കു നയിച്ച് വികസിപ്പിക്കുന്നതാണുദ്ദേശ്യം! അതിന്നായുള്ള അഭ്യാസമാണ് ഗോവര്‍ദ്ധനപൂജ! നിതാന്തശ്രദ്ധാലുവായ ജിജ്ഞാസു ഇന്ദ്രിയങ്ങളടക്കി കരണങ്ങള്‍ പൂജാ സജ്ജമാക്കുന്നു. നിരന്തരമായ പൂജ (അഭ്യാസം) ഗോവര്‍ദ്ധനത്തിന്റെ ദിവ്യരൂപദര്‍ശനത്തിലാണവസാനിക്കുന്നത്. വാഗിന്ദ്രിയ ചിത്താദികള്‍ ശുദ്ധമാകുമ്പോള്‍ ഉണ്ടാകുന്ന പരമഫലം വിവേകോദയമാണ്. ഗോവര്‍ദ്ധനം ദിവ്യരൂപത്തില്‍ പ്രത്യക്ഷമായി എന്നു പറഞ്ഞതിലെ പൊരുളിതാണ്. ജിജ്ഞാസു നിരന്തരപരിശ്രമത്തിലൂടെ മനോവാക് കര്‍മ്മാദികലെ ഏകാഗ്രമാക്കി വിവേകമതിയായി മാറി എന്നര്‍ത്ഥം! ഈ തത്ത്വമറിശ്ലാഘ്യകര്‍മ്മമാണെന്ന് അഭിപ്രായപ്പെട്ടത്. ‘വിദ്വാനേവ വിജാനാതി വിദ്വജ്ജന വൈഭവം’ എന്നുണ്ടല്ലോ! വൃന്ദാവനപൂജയ്ക്കു മുമ്പേ എത്തി നേതൃത്വമേറ്റത്, ശ്രീഗര്‍ഗ്ഗനാണ്. ഗോപന്മാരെ (ഭക്തമാരെ = ഇന്ദ്രിയദ്വാരാ ഈശ്വരാമൃതം നുകരുന്നവരെ) അദ്ധ്യാത്മമാര്‍ഗത്തിലേക്കു  ആചാര്യന്‍ നയിച്ചു എന്നാതാണിവിടെ അറിയേണ്ട സത്യം! സര്‍വതീര്‍ത്ഥമയമാണ് ഗോവര്‍ദ്ധനം. വിവേകമാണല്ലോ എല്ലാ സംശുദ്ധകര്‍മ്മങ്ങളുടേയും ആകരം! അതുകൊണ്ട്, ഗോവര്‍ദ്ധനപൂജ (വിവേകിതയാര്‍ന്ന ധര്‍മ്മാചരണം) ജന്മസാഫല്യമുണ്ടാക്കുമെന്നതു നിശ്ചയം! കര്‍മ്മമണ്ഡലമാകെ ശുദ്ധീകരിച്ച് നേരായമാര്‍ഗ്ഗം ചരിക്കാന്‍ ജ്ഞാനിയെ (ഭക്തനെ) സഹായിക്കുന്നത് വിവേകമാണ്. തങ്ങള്‍ പൂജിച്ചിട്ടില്ലാത്ത എന്നാല്‍ സദാ സമീപ സാന്നിധ്യമുള്ള ഗോവര്‍ദ്ധനത്തെ ഏവരും ആരാധിക്കേണ്ടതാണ്!

ഇന്ദ്രകോപവും സംവര്‍ത്തകമേഘങ്ങളുടെ വര്‍ഷവും ജിജ്ഞാസുവിന് മാര്‍ഗമദ്ധ്യേവരുന്ന തടസ്സങ്ങള്‍ മാത്രം ദീര്‍ഘകാലം ആചരിച്ച് ശീലമായിപ്പോയ കര്‍മ്മത്തില്‍ നിന്ന് വ്യതിചലിക്കുമ്പോള്‍ അഭിമുഖീകരിക്കുന്ന വൈഷമ്യം! എങ്ങും തടസ്സും അനുഭവിക്കുന്നു എന്നതാണ് ഘോരമായ മാരി! ഇന്ദ്രിയ മഗ്നനായിരുന്ന ഒരു സാമാന്യമനുഷ്യന്‍ അദ്ധ്യാത്മ വഴിതേടി സഞ്ചരിക്കുമ്പോഴുണ്ടാകുന്ന പതര്‍ച്ചയാണ് ഈ അനുഭവം! അത് തരണം ചെയ്യാനുള്ള ശ്രമമാണടുത്തത്. ഗോപന്മാര്‍ ആവലാതിയുമായി ശ്രീകൃഷ്ണഭഗവാന്റെ മുന്നിലെത്തിയത് ആ ശ്രമമാണ്. ശ്രീകൃഷണോപദേശം സദ്ഗുരു നല്‍കുന്ന മാര്‍ഗനിര്‍ദേശമാണ്. ‘കര്‍ഷയതീതി കൃഷ്ണഃ’ എന്ന നിരുക്തം ‘ആകര്‍ഷിക്കുന്നവന്‍ കൃഷ്ണന്‍’ എന്ന അര്‍ത്ഥമാണ് വ്യക്തമാക്കുന്നത്. ഗോപന്മാരെ തന്നിലേക്കാകര്‍ഷിച്ച് വാഗൈ്വഭവത്താല്‍, ധര്‍മ്മമെന്തെന്ന് ബോധ്യപ്പെടുത്തിയ ഗുരുവാണ് കൃഷ്ണന്‍! വേവലാതിയോടെ ‘യത്‌ശ്രേയഃ സ്യാന്നിശ്ചിതം ബ്രൂഹി’ എന്നപേക്ഷിക്കുന്നവരോട് ‘മാ ഭൈഷ്ട്യം’ എന്നുപറഞ്ഞ് അവര്‍ക്ക് അഭയം നല്‍കാന്‍ സദ്ഗുരുവിനേ കഴിയൂ. സകലരും ഗോവര്‍ദ്ധന പ്രാന്തത്തിലെത്തണമെന്നും അവിടെ അഭയം ലഭിക്കുമെന്നും ആണ് കൃഷ്ണന്‍, ഗോപന്മാരെ സാന്ത്വനിപ്പിച്ചു പറഞ്ഞത്. അജ്ഞാത തിമിരകറ്റി ചക്ഷുസ്സുന്മീലനം ചെയ്യുന്ന ഗുരുധര്‍മ്മമാണിത്.

ശ്രീകൃഷ്ണഭഗവാന്‍ ഗോവര്‍ദ്ധന പര്‍വ്വതം കടപുഴക്കിയെടുത്തുയര്‍ത്തിപ്പിടിച്ച്. സര്‍വ്വരെയും അതിനുകീഴില്‍ നിറുത്തി സംരക്ഷിച്ചു. ഗുരുപദേശം നേടി യത്‌നമാരംഭിക്കുന്ന വ്യക്തി (വ്യക്തികള്‍) ദൃഢമതി (കള്‍) അല്ലെങ്കില്‍ മനോനിയന്ത്രണം സാധിക്കാതെ ഉഴറിപ്പോകും. ഗതിമുട്ടി കരണീയമറിയാതെ സ്തബ്ധനാ/രാകും. ആ ശിഷ്യനെ/ രെ കര്‍മ്മനിരതനാ/രാക്കേണ്ടത് ഗുരുവിന്റെ കടമയാണ്. ‘ക്ലൈബ്യംമാസ്മഗമഃ എന്നു പറഞ്ഞു. ‘ക്ഷുദ്രം ഹൃദയദൗര്‍ബല്യം ത്യക്തോഥന്റെ ചുമതലയാണ്. സര്‍വ്വേശ്വരന്‍, സര്‍വ്വചരാചര ഗുരുവാണ്. അപ്പോള്‍ തന്നെ വിശ്വസിച്ച്, ആശ്രയിച്ച് കര്‍മ്മരംഗത്തിറങ്ങുന്നവരെ സഫലായാത്രികരാക്കാന്‍ മറ്റാരാണ് സഹായിക്കുക?

ഗോവര്‍ദ്ധനം കൈയിലുയര്‍ത്തി ഗോപന്മാരെ രക്ഷിച്ച ഭഗവാന്‍, വിവേകപൂര്‍വ്വം പ്രവര്‍ത്തിക്കുവാനാണ് വ്യന്ദാവനവാസികലെ ഉപദേശിച്ചത്. ഇന്ദ്രിയങ്ങളെയും മനസ്സിനേയും കുഴക്കിയ തടസ്സമാകുന്ന പേമാരിയില്‍ നിന്ന് ഭഗവാന്‍ ഗോകുലത്തെ രക്ഷിച്ചു. പഞ്ചേന്ദ്രിയങ്ങളും മനസ്സും ബുദ്ധിയുമാണ് ആ ഏഴു ദിനങ്ങള്‍! മഴകൊണ്ട് കുഴപ്പമനുഭവിച്ചവ! ഗോവര്‍ദ്ധനമുയര്‍ത്തി നിന്ന ഭഗവാന്‍ വ്രജവാസികളെ രക്ഷിച്ചരീതിയും ശ്രദ്ധിക്കത്തക്കതാണ്. കൃഷ്ണ നിര്‍ദ്ദേശമനുസരിച്ച് സുദര്‍ശനം മഴയെ തടഞ്ഞു. അനന്തന്‍ ചുറ്റുമതിലായി മാറി ജലപ്രവാഹത്തേയും ചെറുത്തു. വിവേകപൂര്‍വ്വമായ ജ്ഞാനതേജസ്സാണ് സുദര്‍ശനം! അതിന്റെ തീവ്രപ്രകാശത്തിനുമുന്നില്‍ ഇന്ദ്രന്റെ – ഇന്ദ്രിയമഗ്നന്റെ-കര്‍മ്മങ്ങള്‍ക്കു ശക്തിയുണ്ടാവില്ല! വിവേകിക്കുണ്ടാകുന്ന ധാര്‍മ്മിക ബലമാണ് മണ്ഡലാകൃതിയില്‍ ചുറ്റുമതിലായി നിന്ന അനന്തന്‍! അനന്തമായ ധര്‍മ്മബലം ഒരു കോട്ടപോലെ വ്യക്തിയെ ഇന്ദ്രിയാസക്തിയില്‍ നിന്ന് രക്ഷിച്ചുകൊണ്ടേയിരിക്കും!

സ്വധര്‍മ്മത്തിലടിയുറച്ച് വിവേകപൂര്‍വ്വം പ്രവര്‍ത്തിക്കുന്ന വ്യക്തിക്ക്/ വ്യക്തികള്‍ക്ക് കര്‍മ്മസാഫല്യത്താല്‍ ആനന്ദം നിറയുന്നു. അവന്‍/അവര്‍ മറ്റെല്ലാം മറക്കുന്നു. ഗുരുവും ശിഷ്യരും സര്‍വ്വം മറന്ന് ആനന്ദനൃത്തം തുടരുന്നു. ഇന്ദ്രിയപരത അടിയറവുപറഞ്ഞ്, അഭയം യാചിച്ച് പിന്മാറുന്നു. ഈ മഹാതത്ത്വമാണ് ഗോവര്‍ധനോദ്ധാരണ കഥയില്‍നിന്ന് സജ്ജനങ്ങള്‍ വായിച്ചെടുക്കേണ്ട സൂക്ഷ്മാര്‍ത്ഥം!
ഭക്തിമാഹാത്മ്യമെന്ന നിലയിലും ഈ കഥയ്ക്കു പ്രാധാന്യമുണ്ട്. ആര്‍ത്തിഹാരിയായ ഭഗവാനെ സമാശ്രയിക്കുന്ന ഭക്തന്റെ/ഭക്തരുടെ ‘യോഗക്ഷേമം വഹിച്ച്’ ‘സര്‍വ്വപാപേഭ്യോ മോക്ഷയിഷ്യാമി മാ ശുച’ എന്ന് അഭയം നല്‍കുന്ന ഭക്തപരായണനായ നാരായണനേയും നമുക്കിതില്‍ കാണാം.
—————————————————————————————————————————-
ഗ്രന്ഥകര്‍ത്താവിനെക്കുറിച്ച്:-

ചെങ്കല്‍ സുധാകരന്‍
1950 മാര്‍ച്ച് ഏഴാം തീയതി നെയ്യാറ്റിന്‍കര താലൂക്കിലെ ചെങ്കല്‍ ദേശത്ത് കുറ്ററക്കല്‍ വീട്ടില്‍ ജനനം. പരേതരായ ആര്‍.ഗോവിന്ദപ്പിള്ളയും വി.ഭാര്‍ഗവി അമ്മയും അച്ഛനമ്മമാര്‍. കേരള സര്‍വകലാശാലയില്‍ നിന്നും മലയാളസാഹിത്യത്തില്‍ എം.എ, എം.ഫില്‍, ബിഎഡ് ബിരുദങ്ങള്‍ നേടി. ചേര്‍ത്തല എന്‍.എന്‍.എസ് കോളേജിലും വിവിധ സര്‍ക്കാര്‍ കലാലയങ്ങളിലും ജോലി ചെയ്തു. 2005 മാര്‍ച്ചില്‍ തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജില്‍ അധ്യാപകനായി വിരമിച്ചു. ഇപ്പോള്‍ ഏറ്റുമാനൂരപ്പന്‍ കോളേജിലെ മലയാളവിഭാഗത്തില്‍ ജോലിചെയ്യുന്നു. അഗ്രപൂജ എന്നപേരില്‍ ഒരു കാവ്യം പ്രസിദ്ധീകരിച്ചിട്ടുണ്ട്. മലയാളത്തിലെ ആനുകാലികങ്ങളില്‍ കവിതകളും ലേഖനങ്ങളും പ്രസിദ്ധീകരിച്ചു വരുന്നു.

തിരുവനന്തപുരം സര്‍ക്കാര്‍ കോളേജിലെ ചരിത്രവിഭാഗം അധ്യാപികയായിരുന്ന ഡോ.ആര്‍ .അയിഷ ,ഭാര്യ. മക്കള്‍ : മാധവന്‍ , ഗായത്രി.

വിലാസം: ഗായത്രി, ടി.സി. 6/199 – 7, സൗപര്‍ണ്ണികാ ഗാര്‍ഡന്‍സ്, നേതാജി റോഡ്,വട്ടിയൂര്‍ക്കാവ്, തിരുവനന്തപുരം – 695 013,

മൊബൈല്‍: 9447089049

പ്രസാധകക്കുറിപ്പ്:-
വ്യാസമഹാഭാരതവും മഹാഭാഗവതവും പോലെ അത്ര പ്രചാരമുള്ള ഒരു കൃതിയല്ല ഗര്‍ഗ്ഗഭാഗവതം. ഈ കൃതി ഗര്‍ഗ്ഗാചാര്യനാല്‍ വിരചിതമായി എന്ന് വിശ്വസിക്കപ്പെടുന്നു. ഗര്‍ഗ്ഗഭാഗവതകഥകളും അവയ്ക്കുള്ള ശ്രീ.ചെങ്കല്‍ സുധാകരന്റെ നിരീക്ഷണവുമാണ് ഗര്‍ഗ്ഗഭാഗവതസുധ ഒന്നാംഭാഗം എ്ന്ന ഈ കൃതി. ഞങ്ങള്‍ പ്രസിദ്ധീകരിക്കുന്ന ശ്രീ.ചെങ്കല്‍ സുധാകരന്റെ ആദ്യ കൃതിയാണിത്. ഈ കൃതിയുടെ പാരായണത്താല്‍ ഓരോ ഭക്തന്റെയും മനസ്സ് ശ്രീകൃഷ്ണലീലകളിലൂടെ കടന്ന് അഷ്ടരാഗവിമുക്തനായി പരമാനന്ദമനുഭവിക്കട്ടെ എന്ന് ഞങ്ങള്‍ ആശിക്കുന്നു.

കൃഷ്ണഭക്തകേരളം ഈ കൃതിയേയും അതിന്റെ മൂല്യത്തെപ്രതി സ്വീകരിക്കുമെന്ന പ്രതീക്ഷയോടെ,

മാളുബന്‍ പബ്ലിക്കേഷന്‍സ്

ഗര്‍ഗ്ഗഭാഗവതസുധ -ഭാഗം 1 സമ്പൂര്‍ണ്ണ ഗ്രന്ഥത്തിന് എഴുതുക:-

MaluBen Publications
Arayoor P.O., (via) Amaravila
Thiruvananthapuram – 695 122
Mobile: 98469 98425
email: malubenpublications@gmail.com

കൂടുതല്‍ വാര്‍ത്തകള്‍ - സനാതനം