വി. ദക്ഷിണാമൂര്‍ത്തിക്ക് സ്വാതി തിരുനാള്‍ പുരസ്‌കാരം

April 23, 2013 പ്രധാന വാര്‍ത്തകള്‍

തിരുവനന്തപുരം:  പ്രമുഖ സംഗീതജ്ഞന്‍ വി.ദക്ഷിണാമൂര്‍ത്തിക്ക് സംഗീത രംഗത്തെ സമഗ്ര സംഭാവനയ്ക്കുള്ള സ്വാതി തിരുനാള്‍ പുരസ്‌കാരം സമ്മാനിക്കും. സ്വാതിതിരുനാള്‍ മഹാരാജാവിന്റെ 200-ാം ജന്മവാര്‍ഷികദിനമായ ഏപ്രില്‍ 26 ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പുരസ്‌കാരം സമ്മാനിക്കുമെന്ന് സാംസ്‌കാരിക മന്ത്രി കെ.സി.ജോസഫ് അറിയിച്ചു.

ദര്‍ബാര്‍ ഹാളില്‍ നടക്കുന്ന സ്വാതി പുരസ്‌കാരദാന ചടങ്ങില്‍ പ്രസിദ്ധ സരോദ് വിദഗ്ധന്‍ അംജത് അലിഖാന്‍ മുഖ്യപ്രഭാഷണം നടത്തും.

ഏപ്രില്‍ 26 മുതല്‍ 29 വരെ വൈകിട്ട് 6.45 ന് കോ-ബാങ്ക് ടവേഴ്‌സില്‍ നടക്കുന്ന നൃത്തസംഗീതോത്സവത്തില്‍ 26 ന് ഉസ്താദ് അംജത്അലിഖാന്റെ മക്കളായ അമാന്‍ അലിഖാന്‍, അയാന്‍ അലിഖാന്‍ എന്നിവര്‍ ചേര്‍ന്ന് സ്വാതി സ്മൃതി സരോദ് കച്ചേരിയും 27 ന് ലക്ഷ്മി ഗോപാലസ്വാമിയുടെ സ്വാതി നൃത്താഞ്ജലിയും അവതരിപ്പിക്കും. 28 ന് ഈ വര്‍ഷത്തെ സംഗീത നാടക അക്കാദമി അവാര്‍ഡ് ജേതാക്കളായ തിരുവനന്തപുരം കൃഷ്ണകുമാര്‍, ബിന്നി കൃഷ്ണകുമാര്‍ ദമ്പതിമാരുടെ കര്‍ണാടക സംഗീതക്കച്ചേരി നടക്കും.

തമിഴ്, മലയാളം, ഹിന്ദി ഭാഷകളിലായി 859 ഗാനങ്ങള്‍ക്ക് ദക്ഷിണാമൂര്‍ത്തി സംഗീതസംവിധാനം നിര്‍വഹിച്ചിട്ടുണ്ട്.  1971 ല്‍ സംഗീത സംവിധാനത്തിനുള്ള സര്‍ക്കാര്‍ അവാര്‍ഡും  1998 ല്‍ ജെ.സി.ഡാനിയല്‍ പുരസ്‌കാരവും  ലഭിച്ചിട്ടുണ്ട്. ഒരുലക്ഷം രൂപയും പ്രശസ്തിപത്രവും അടങ്ങുന്നതാണ് അവാര്‍ഡ്.

കൂടുതല്‍ വാര്‍ത്തകള്‍ - പ്രധാന വാര്‍ത്തകള്‍