പൈപ്പ് പൊട്ടല്‍ അട്ടിമറിയല്ലെന്നു റിപ്പോര്‍ട്ട്

April 23, 2013 കേരളം

തിരുവനന്തപുരം: ആറ്റുകാല്‍ പൊങ്കാലയുടെ തലേന്നാള്‍ തിരുവനന്തപുരത്ത് ഒരേസമയം നാലിടത്ത് പൈപ്പ് പൊട്ടലുണ്ടായതിനു പിന്നില്‍  അട്ടമറിയില്ലെന്ന് റിപ്പോര്‍ട്ട്. ഇതു സംബന്ധിച്ച് അന്വേഷണം നടത്തിയ കെ.ജയകുമാര്‍ കമ്മീഷനാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്. റിപ്പോര്‍ട്ട് ഇന്നു രാവിലെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് കൈമാറി.

റിപ്പോര്‍ട്ടില്‍ ജല അതോറിറ്റി ഉദ്യോഗസ്ഥരുടെ ഏകോപനമില്ലായ്മയെ  രൂക്ഷമായി വിമര്‍ശിച്ചിട്ടുണ്ട്. ജല അതോറിറ്റിയിലെ ഉദ്യോഗസ്ഥരില്‍  വീഴ്ചകള്‍ വരുത്തുന്നവര്‍ക്കെതിരെ ഉചിതമായ നടപടികള്‍ ഉണ്ടാവുന്നില്ലെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. കനക നഗറിലെ പൈപ്പ് ലൈനില്‍ കണ്ട ചെറിയൊരു ചോര്‍ച്ച പരിഹരിക്കാനായി നടത്തിയ അറ്റകുറ്റപ്പണിക്കിടെ വാല്‍വ് പ്രവര്‍ത്തിപ്പിക്കുന്നതില്‍ ജല അതോറിറ്റിയുടെയും ജപ്പാന്‍ കുടിവെള്ള പദ്ധതിയുടെയും ഉദ്യോഗസ്ഥര്‍ തമ്മില്‍ ഏകോപനമുണ്ടായില്ല. ഇതു നിമിത്തം വാല്‍വ് പൂര്‍ണ്ണമായും അടഞ്ഞത് ഈ പ്രശ്‌നത്തിനു കാരണമായതായി റിപ്പോര്‍ട്ടില്‍ പറയുന്നു.

ഫെബ്രുവരി 25ന് വൈകീട്ട് നാലു മണിയോടെയാണ് കരകുളം പാലം, കൂട്ടപ്പാറ, പരവൂര്‍ക്കോണം, പേരുര്‍ക്കട എന്നിവിടങ്ങളില്‍ കുടിവെള്ള പൈപ്പ് ഒരേ സമയം പൊട്ടിയത്.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം