ബാലസാഹിത്യ പുരസ്കാരം പ്രഖ്യാപിച്ചു

April 26, 2013 കേരളം

തിരുവനന്തപുരം: സംസ്ഥാന ബാലസാഹിത്യ ഇന്‍സ്റിറ്റ്യൂട്ടിന്റെ 2012-ലെ ബാലസാഹിത്യ പുരസ്കാരങ്ങള്‍ സാംസ്കാരിക വകുപ്പ് മന്ത്രി കെ.സി. ജോസഫ് പ്രഖ്യാപിച്ചു. കഥ/നോവല്‍ വിഭാഗത്തില്‍ പി.പി. രാമചന്ദ്രന്‍ രചിച്ച പാതാളവും കവിത വിഭാഗത്തില്‍ ഡോ. അമ്പലപ്പുഴ ഗോപകുമാര്‍ രചിച്ച രാപ്പാടിയും ശാസ്ത്രവിഭാഗത്തില്‍ ഡോ. അബ്ദുള്ള പാലേരി രചിച്ച വരൂ നമുക്ക് പൂമ്പാറ്റകളെ നിരീക്ഷിക്കാം എന്ന പുസ്തകവും വൈജ്ഞാനിക വിഭാഗത്തില്‍ എന്‍.പി. ഹാഫിസ് മുഹമ്മദ് രചിച്ച കുട്ടിപ്പട്ടാളത്തിന്റെ കേരളപര്യടനം എന്ന പുസ്തകവുമാണ് പുരസ്കാരത്തിനര്‍ഹമായത്.

ജീവചരിത്രവിഭാഗത്തില്‍ പ്രൊഫ. എം.കെ. സാനു എഴുതിയ ശ്രീനാരായണഗുരു എന്ന പുസ്തകത്തിനും വിവര്‍ത്തന വിഭാഗത്തില്‍ ഭവാനി ചീരാത്ത്-രാജഗോപാലന്‍ വിവര്‍ത്തനം ചെയ്ത ഗോസായിപ്പറമ്പിലെ ഭൂതം എന്ന നോവലിനുമാണ് പുരസ്കാരം ലഭിച്ചിരിക്കുന്നത്. കൊറ്റിയും കൊതുകും മരങ്കൊത്തിയും ഉപ്പുവിറ്റ കഥ എന്ന പുസ്തകത്തിന്റെ ചിത്രീകരണം നിര്‍വഹിച്ച ടി.ആര്‍. രാജേഷിന് ചിത്രീകരണ വിഭാഗത്തില്‍ അവാര്‍ഡു ലഭിച്ചു. കുട്ടികള്‍ക്കുള്ള 21 നാടന്‍ പാട്ടുകള്‍ എന്ന ചിത്രപുസ്തകത്തിന്റെ ചിത്രീകരണം നടത്തിയ ജയേന്ദ്രന് ചിത്രപുസ്തകവിഭാഗത്തില്‍ അവാര്‍ഡു ലഭിച്ചു. മാനത്തെ കാഴ്ചകള്‍ എന്ന പുസ്തകത്തിന്റെ രൂപകല്പന നിര്‍വഹിച്ച പ്രദീപ് പി. ഡിസൈന്‍ വിഭാഗത്തിലുള്ള പുരസ്കാരത്തിന് അര്‍ഹനായി. പതിനായിരം രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്നതാണ് ഓരോ പുരസ്കാരവും.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം