എന്‍എസ്എസ് തള്ളിയാല്‍ രമേശ് തെക്കുവടക്കു നടക്കേണ്ടി വരും: സുകുമാരന്‍ നായര്‍

April 27, 2013 കേരളം

P.-sukumaran-nairചങ്ങനാശേരി: യുഡിഎഫ് സര്‍ക്കാര്‍ ഭൂരിപക്ഷ സമുദായങ്ങളെ അവഗണിക്കുകയാണെന്നും ന്യൂനപക്ഷ സംരക്ഷണത്തിനുള്ള ഭരണമാണ് ഇപ്പോള്‍ നടക്കുന്നതെന്നും ആരോപിച്ച് ജി. സുകുമാരന്‍ നായര്‍-വെള്ളാപ്പള്ളി നടേശന്‍ സംഗമം. പെരുന്ന എന്‍എസ്എസ് ആസ്ഥാനത്ത് എത്തിയാണ് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ എന്‍എസ്എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍നായരെ കണ്ടത്. ചര്‍ച്ചകള്‍ക്കു ശേഷം മാധ്യമപ്രവര്‍ത്തകരോടു സംസാരിക്കവേ ഇരുവരും കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തലയെ രൂക്ഷമായി വിമര്‍ശിച്ചു.

ചെന്നിത്തല തന്നെയോ എന്‍എസ്എസിനെയോ തള്ളിയാല്‍ തങ്ങള്‍ക്ക് ഒന്നും വരാനില്ല. എന്നാല്‍, എന്‍എസ്എസ് തള്ളിയാല്‍ രമേശിനു തെക്കു വടക്കു നടക്കേണ്ടി വരും. രമേശിനെ ഞങ്ങള്‍ കൈവിട്ടു. ഇനി ആരെയെങ്കിലും മന്ത്രിയാക്കണമെന്നോ താക്കോല്‍സ്ഥാനം നല്കണമെന്നോ എന്‍എസ്എസ് ഈ സര്‍ക്കാരിനോടാവശ്യപ്പെടില്ല. സാമൂഹ്യനീതിയും രാജ്യനന്മയും സംരക്ഷിക്കുന്നതിനും വേണ്ടിവന്നാല്‍ സമദൂര നയം ഉപേക്ഷിക്കുമെന്നും സുകുമാരന്‍ നായര്‍ പറഞ്ഞു.

എന്‍എസ്എസ്-എസ്എന്‍ഡിപി ഐക്യം കണ്ട് ആരും ഭയപ്പെടേണ്ടതില്ല. ഒരു ബട്ടണിട്ടാല്‍ സംഘടനയുടെ താഴേക്കിടയില്‍ വരെ ചലനങ്ങള്‍ സൃഷ്ടിക്കുന്ന തരത്തിലുള്ള സംവിധാനമാണ് ഇരുസംഘടനകള്‍ക്കുമുള്ളത്. ഏതു രാഷ്ട്രീയക്കാരെയും ചലിപ്പിക്കാന്‍ കഴിയുന്ന ആര്‍ജവമുള്ള നേതാക്കളാണു തങ്ങളെന്നും സുകുമാരന്‍ നായരും വെള്ളാപ്പള്ളിയും പറഞ്ഞു.

പ്രതിരോധമന്ത്രി എ.കെ. ആന്റണിയോടു തങ്ങള്‍ക്കു ബഹുമാനമുണ്ട്. ആന്റണിയെ അനുസരിക്കാത്ത കോണ്‍ഗ്രസ് നേതാക്കളാണു കേരളത്തിലുള്ളത്. എന്‍എസ്എസും കോണ്‍ഗ്രസുമായി നിലനില്ക്കുന്ന പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ആന്റണി ഇടപെട്ടാല്‍ അപ്പോള്‍ ആലോചിക്കുമെന്നും സുകുമാരന്‍ നായര്‍ പറഞ്ഞു. ഗണേഷ് കുമാറിനെ മന്ത്രിയാക്കുന്ന കാര്യത്തില്‍ തനിക്ക് എതിര്‍പ്പില്ല. ഗണേഷിനെ മന്ത്രിയാക്കുന്ന കാര്യത്തില്‍ എന്‍എസ്എസാണ് ഇടപെട്ടത്. ഗണേഷിന്റെ ഭരണത്തില്‍ ന്യൂനതകളുണ്ടായതായും വെള്ളാപ്പള്ളി കുറ്റപ്പെടുത്തി.അതേസമയം, എന്‍എസ്എസിന്റെയും എസ്എന്‍ഡിപിയുടെയും വിമര്‍ശനങ്ങളോടു പ്രതികരിക്കാന്‍ രമേശ് ചെന്നിത്തല തയാറായില്ല.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം