കൊല്ലവര്‍ഷ കലണ്ടര്‍ പ്രകാശനം ചെയ്തു

April 27, 2013 കേരളം

തിരുവനന്തപുരം: സ്വാമി വിവേകാനന്ദന്റെ 150-ാം ജന്മവാര്‍ഷികത്തോടനുബന്ധിച്ച് ഇന്‍ഫര്‍മേഷന്‍ പബ്ളിക് റിലേഷന്‍സ് വകുപ്പ് തയ്യാറാക്കിയ കൊല്ലവര്‍ഷ കലണ്ടര്‍ 1188-89 പ്രകാശനം ചെയ്തു. പി.ആര്‍. ചേമ്പറില്‍ നടന്ന ചടങ്ങില്‍ മന്ത്രി കെ.സി. ജോസഫ്  ഉസ്താദ് അംജദ് അലിഖാന് നല്‍കിയാണ് കലണ്ടര്‍ പ്രകാശിപ്പിച്ചത്.

2013 ജനുവരി മുതല്‍ 2014 മാര്‍ച്ച് വരെയുള്ള ഇംഗ്ളീഷ് മാസങ്ങള്‍ അടിസ്ഥാനപ്പെടുത്തി 1188 ധനു മുതല്‍ 1189 കുംഭം വരെയുള്ള മലയാള മാസങ്ങള്‍ ക്രമീകരിച്ചാണ് കലണ്ടര്‍ രൂപകല്പന ചെയ്തിരിക്കുന്നത്. ഓരോ പേജിലും വലിയ അക്കങ്ങള്‍ മലയാള മാസങ്ങളെയും വലതുഭാഗത്ത് ചുവടെയുള്ള അക്കങ്ങള്‍ ഇംഗ്ളീഷ് മാസങ്ങളേയും സൂചിപ്പിക്കുന്നു. എല്ലാ പേജിലും സ്വാമി വിവേകാനന്ദന്റെ വര്‍ണ്ണചിത്രങ്ങളുമുണ്ട്. ഇംഗ്ളീഷ് മാസങ്ങള്‍ ഓരോ പേജിലും പ്രത്യേകം അടയാളപ്പെടുത്തിയിട്ടുണ്ട്. വിശേഷദിവസങ്ങളും മറ്റു പ്രധാന സംഭവങ്ങളും ചുവടെ നല്‍കിയിരിക്കുന്നു.

സ്വാമി വിവേകാനന്ദന്റെജന്മവാര്‍ഷികത്തോടനുബന്ധിച്ച് സംസ്ഥാന സര്‍ക്കാര്‍ സംഘടിപ്പിക്കുന്ന ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന പരിപാടികളുടെ ഭാഗമായാണ് കൊല്ലവര്‍ഷ കലണ്ടര്‍ പുറത്തിറക്കിയത്.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം