കിന്‍ഫ്ര വ്യവസായ പാര്‍ക്കില്‍ അഗ്നിബാധ; മൂന്നു കോടിയുടെ നഷ്ടം

April 29, 2013 കേരളം,പ്രധാന വാര്‍ത്തകള്‍

കൊച്ചി: നെല്ലാട് കിന്‍ഫ്ര വ്യവസായ പാര്‍ക്കിലുണ്ടായ അഗ്നിബാധയില്‍ കസേര നിര്‍മാണ യൂണിറ്റ് കത്തിനശിച്ചു. മൂന്നു കോടിയോളം രൂപയുടെ നാശനഷ്ടമുണ്ടായതായാണ് പ്രാഥമിക കണക്ക്. ഇന്നലെ രാവിലെ 11 ഓടെ കിന്‍ഫ്ര പാര്‍ക്കിലെ വി. കാമ്പ് പോളി കാര്‍പ്പേഴ്സ് എന്ന സ്ഥാപനത്തിലാണ് വന്‍ അഗ്നിബാധയുണ്ടായത്. ഒന്നര കോടിയോളം രൂപ വിലവരുന്ന വിന്‍സറിന്റെ 650, 550 വിഭാഗത്തില്‍പ്പെട്ട രണ്ടു ഇന്‍ഡക്ഷന്‍ മോള്‍ഡിംഗ് മെഷീന്‍, മൂന്നു കംപ്യുട്ടറുകള്‍, രണ്ടു എസി യൂണിറ്റ്, നിര്‍മാണം പൂര്‍ത്തിയാക്കിയ ആയിരക്കണക്കിനു കസേരകള്‍, കസേര നിര്‍മിക്കാന്‍ ഉപയോഗിക്കുന്ന അസംസ്കൃത വസ്തുക്കള്‍, ഷീറ്റ് മേഞ്ഞ ഷെഡ് എന്നിവ കത്തിയമര്‍ന്നു.

അഗ്നിശമനസേനയുടെ ആറു യൂണിറ്റ് എത്തിയാണ് തീയണച്ചത്. അവധി ദിവസമായിരുന്നതിനാല്‍ ഇന്നലെ ഇവിടെ നിര്‍മാണം നടന്നിരുന്നില്ല. അപകടമുണ്ടാകുമ്പോള്‍ ഏതാനും അന്യസംസ്ഥാന തൊഴിലാളികള്‍ മാത്രമാണു സ്ഥലത്തുണ്ടായിരുന്നത്.

ആറോളം യുവ സംരംഭകര്‍ ചേര്‍ന്നാണ് സ്ഥാപനം നടത്തുന്നത്. കഴിഞ്ഞ ഡിസംബറിലാണ് സ്ഥാപനം പ്രവര്‍ത്തനമാരംഭിച്ചത്. സംഭവമറിഞ്ഞ് പെരുമ്പാവൂരില്‍ നിന്ന് പോലീസ് സംഘവും എത്തിചേര്‍ന്നിരുന്നു. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടുത്തതിന് കാരണമായി ചൂണ്ടിക്കാട്ടുന്നത്.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം