ആറന്‍മുളയില്‍ ഇടഞ്ഞ ആനയെ മയക്കുവെടി വെച്ച് തളച്ചു

May 1, 2013 കേരളം

പത്തനംതിട്ട: പത്തനംതിട്ട ആറന്‍മുളയില്‍ ഇടഞ്ഞ ആനയെ മയക്കുവെടി വെച്ച് തളച്ചു. മലയാലപ്പുഴ ക്ഷേത്രം വക ആനയായ രാജന്‍ ആണ് രാവിലെ ഇടഞ്ഞ് പ്രദേശവാസികളെ പരിഭ്രാന്തിയിലാഴ്ത്തിയത്. മദപ്പാട് കണ്ടതിനാല്‍ മൂന്ന് മാസമായി രാജനെ ആറന്‍മുളയില്‍ തളച്ചിരിക്കുകയായിരുന്നു. ഇതിനിടെ രാവിലെ ഒന്നാം പാപ്പാന്‍ ഭക്ഷണം നല്‍കിക്കഴിഞ്ഞപ്പോള്‍ ആന അക്രമാസക്തമാകുകയായിരുന്നു. ഒന്നാം പാപ്പാനെ ആക്രമിക്കാന്‍ ശ്രമിച്ചെങ്കിലും ഒഴിഞ്ഞു മാറിയതിനാല്‍ രക്ഷപെടുകയായിരുന്നു. തൊട്ടടുത്ത പറമ്പിലേക്ക് കയറിയ ആന പിന്നീട് അവിടെ നിലയുറപ്പിച്ചു. ഇതിനിടെ മലയാലപ്പുഴ സ്വദേശികളായ ഒരു സംഘം യുവാക്കളെത്തി ആനയ്ക്ക് ഭക്ഷണം നല്‍കി ശാന്തനാക്കാന്‍ ശ്രമിച്ചെങ്കിലും അല്‍പനേരം കഴിഞ്ഞ് ആന വീണ്ടും അനുസരണക്കേട് കാട്ടിത്തുടങ്ങി. ഒടുവില്‍ അഞ്ച് മണിക്കൂറിന് ശേഷം മയക്കുവെടി വെച്ച് ആനയെ തളയ്ക്കുകയായിരുന്നു.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം